Follow Us On

29

November

2020

Sunday

സീറോ മലബാർ സഭയുടെ വളർച്ചാവഴികൾ

സീറോ മലബാർ സഭയുടെ വളർച്ചാവഴികൾ

തെക്ക് പമ്പയാറും വടക്ക് ഭാരതപ്പുഴയും അതിരിടുന്ന സമതലപ്രദേശത്ത് ഒതുങ്ങിനിന്ന സീറോ മലബാർ സഭ ‘ആഗോളസഭ’യായി മാറാനുള്ള ആത്മീയവും ഭൗതികവുമായ കാരണങ്ങൾ നിരവധിയാണ്. അതിരുകൾ അതിശയകരമാംവിധം ഭേദിക്കുന്ന കുടിയേറ്റ പാരമ്പര്യം തന്നെ അടിസ്ഥാന കാരണം. കേരളചരിത്രത്തിലെ സുപ്രധാന ഏടായ മലബാർ ഹൈറേഞ്ച് കുടിയേറ്റത്തിന്റെ നായകരായിരുന്നല്ലോ മധ്യതിരുവിതാംകൂറിൽനിന്നുള്ള നസ്രാണികൾ വിശിഷ്യാ, സുറിയാനി ക്രൈസ്തവർ. കുടിയേറ്റ പാരമ്പര്യം രക്തത്തിൽ അലിഞ്ഞുചേർന്ന സീറോ മലബാർ സഭാംഗങ്ങൾ പുതിയ ഭൂമികൾതേടി കേരളത്തിന് വെളിയിലേക്കും പിന്നീട് ഭാരതത്തിന് പുറത്തേക്കും പുറപ്പാട് തുടർന്നപ്പോൾ പുതിയ അജപാലന പ്രദേശങ്ങൾക്കുള്ള സാധ്യതകൾ വീണ്ടും തെളിയുകയായിരുന്നു. പ്രവാസി സഭാംഗങ്ങളെ സംഘടിപ്പിക്കുന്നതിലും തനത് ആരാധനക്രമത്തിലുള്ള തിരുക്കർമങ്ങൾ അവർക്ക് ഉറപ്പാക്കുന്നതിലും സഭാനേതൃത്വം പ്രകടിപ്പിക്കുന്ന താൽപര്യം സീറോ മലബാർ സഭയുടെ കേരളത്തിനപ്പുറത്തേക്കുള്ള വളർച്ചയിൽ നിർണായകമാണെന്ന് സഭാവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പറയുന്നു.“
‘ചാന്ദ’യുടെ സാക്ഷ്യം
സീറോ മലബാർ സഭയുടെ പ്രേഷിത തീക്ഷ്ണതയ്ക്കുള്ള സുപ്രധാന സാക്ഷ്യമാണ് മഹാരാഷ്ട്രയിലെ ചാന്ദാ രൂപത. കേരളത്തിന് വെളിയിൽ ആദ്യമായി സ്ഥാപിതമായ സീറോ മലബാർ മിഷനും (1962) രൂപതയുമാണ് (1977) ചാന്ദ. ഇന്ന് ആഗോളസഭയിൽത്തന്നെ ചർച്ചചെയ്യപ്പെടുന്ന സീറോ മലബാർ മിഷൻ പ്രയാണത്തിന്റെ അടിസ്ഥാനമാണ് ചാന്ദായുടെ ജനനവും വളർച്ചയും. നാഗ്പൂർ ആർച്ച്ബിഷപ്പായിരുന്ന ഡോ. യൂജിൻ ഡിസൂസയുടെ ഇടപെടലാണ് 1962 ആഗസ്റ്റ് 15ന് ചാന്ദാ മിഷൻ ജന്മംകൊള്ളാൻ കാരണം. തന്റെ അതിരൂപതയിൽ അതുവരെയും യാതൊന്നും ചെയ്യാതെ കിടന്ന വിസ്തൃതമായ പ്രദേശങ്ങളിൽനിന്നും സി.എം.ഐക്കാർക്ക് സ്വന്തം റീത്തിൽ പ്രവർത്തിക്കാൻവേണ്ട പ്രദേശം വിട്ടുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിപ്ലവാത്മകമായിരുന്നു.
നാഗ്പൂർ ആർച്ച് ബിഷപ് സ്വീകരിച്ച ആ തീരുമാനത്തിനു പിന്നിൽ സവിശേഷമായ ചില കാരണങ്ങളുണ്ട്. ആർച്ച് ബിഷപ് ഡോ. യൂജിൻ ഡിസൂസ കൈക്കൊണ്ട തീരുമാനം ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചു. 1968 ജൂലൈ 29-ന് അപ്പോസ്‌തോലിക്ക് എക്‌സാർക്കേറ്റ് പദവി ലഭിച്ച മിഷൻകേന്ദ്രത്തെ 1977 ഫെബ്രുവരി 26-ന് പോൾ ആറാമൻ പാപ്പ രൂപതയായി ഉയർത്തി. പിന്നീട്, ആദിലാബാദ് കേന്ദ്രമായ പുതിയ രൂപതയ്ക്ക് ജന്മമേകുന്നതുവരെയെത്തി ചാന്ദായുടെ വളർച്ച. ഉജ്ജയിൻ, സാത്‌ന, സാഗർ, രാജ്‌കോട്ട്, കല്ല്യാൺ, ഗോരഖ്പൂർ, ജഗ്ദൽപൂർ, ബിജ്‌നോർ, ഫരിദാബാദ്എന്നിങ്ങനെ 11 രൂപതകളാണ് സഭയ്ക്കിന്ന് ഉത്തരേന്ത്യയിലുള്ളത്. ബെൽത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, രാമനാഥപുരം, തക്കല, എന്നീ രൂപതകളിലൂടെ ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ട് സഭയ്ക്ക് അജപാലന സംവിധാനം.
‘ചിക്കാഗോ’ വിജയഗാഥ
ഭാരതത്തിന് വെളിയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ രൂപത എന്ന നിലയിൽ ചിക്കാഗോ സെന്റ് തോമസ് രൂപതയ്ക്കും (2001) ആഗോളതലത്തിലേക്കുള്ള സീറോ മലബാർ സഭയുടെ വളർച്ചയിൽ നിർണായക സ്ഥാനമുണ്ട്. ചിക്കാഗോ കേന്ദ്രീകരിച്ച് പുതിയ രൂപത സ്ഥാപിക്കുന്നു എന്ന വാർത്ത പലരിലും സൃഷ്ടിച്ചത് ഒരു ചോദ്യമാണ്: അമേരിക്കയിൽ ലാറ്റിൻ രൂപതകൾ നിരവധിയുള്ളപ്പോൾ സീറോ മലബാർ രൂപതയുടെ പ്രസക്തിയെന്ത്? എന്നാൽ, സെന്റ് തോമസ് രൂപത 15 വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന്റെ അപ്രസക്തി ജനം സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് 36 ഇടവകകളും 37 മിഷൻ സ്റ്റേഷനുകളുമായി വളർന്ന രൂപത അമേരിക്കയിൽ ജനിച്ചുവളരുന്ന പുതുതലമുറയുടെ ആത്മീയപോഷണത്തിൽ വഹിക്കുന്ന പങ്കുമാത്രം അറിഞ്ഞാൽമതി തനത് ആരാധനക്രമത്തിൽ വിദേശ രാജ്യങ്ങളിൽ രൂപത സ്ഥാപിതമാകേണ്ടതിന്റെ പ്രസക്തി വ്യക്തമാകാൻ.
“സ്വന്തം രൂപത വന്നതിന്റെ ഏറ്റം വലിയ നേട്ടമായി ഞാൻ കാണുന്നത് കുടുംബങ്ങളുടെ ഭദ്രത, കെട്ടുറപ്പ് എന്നിവ വർധിച്ചു എന്നതാണ്. ഞാൻ ഏറ്റം കൂടുതൽ സമയം നീക്കിവെക്കുന്നതും ഇക്കാര്യത്തിനുതന്നെ. എല്ലാ വീടുകളിലുംതന്നെ പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പഴയതുപോലെ അവയൊന്നും പൊട്ടിത്തെറികളിലേക്ക് വളരുന്നില്ല; ചിക്കാഗോ സെന്റ് തോമസ് ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് പറയുന്നു. ”മലയാളഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരവ് കൂടി എന്നതാണ് മറ്റൊരു മെച്ചം. ആദ്യമൊക്കെ, സായിപ്പിന്റെ നാട്ടിലെത്തിയാൽ സായിപ്പായി ജീവിക്കണമെന്നായിരുന്നു പലരുടെയും ചിന്ത. അതിന്റെ കുഴപ്പങ്ങൾ വൈകാതെ പുറത്തുവന്നു. കുടുംബങ്ങൾ തകർച്ചയിലേക്കു നീങ്ങി. ഇന്ന് മാതൃഭാഷ, സ്വന്തം സംസ്‌കാരം, സ്വന്തം ആരാധനാക്രമം ഒക്കെ അമേരിക്കൻ മലയാളികൾക്ക് അഭിമാനവിഷയങ്ങളാണ്.””മാർ ജേക്കബ് അങ്ങാടിയത്ത് ചൂണ്ടിക്കാട്ടുന്നു. 2013ൽ ഓസ്‌ട്രേലിയയിലും 2015ൽ കാനഡയിലും ഇപ്പോൾ യു.കെയിലും സ്വന്തം രൂപതാസംവിധാനം യാഥാർത്ഥ്യമാക്കാൻ പ്രചോദനമായത് ചിക്കാഗോ നൽകിയ വിജയഗാഥയാണെന്ന് വ്യക്തമാകാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട. ഇതോടൊപ്പം എടുത്തുപറയേണ്ട കാര്യമാണ് അപ്പസ്‌തോലിക് വിസിറ്റേറ്റർമാരായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെയും മാർ റാഫേൽ തട്ടിലിന്റെയും നിയമനങ്ങൾ. ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കു പുറത്തുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും വേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററാണ് മാർ ചിറപ്പണത്ത്. കേരളത്തിന് പുറത്ത് സീറോ മലബാർ സംവിധാനങ്ങളില്ലാത്ത ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങൾക്കും വേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററാണ് മാർ തട്ടിൽ.
പാശ്ചാത്യസഭയുടെ സൗഹൃദമനോഭാവം
തനത് ആരാധനക്രമത്തിൽ വളരാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡിക്രിയും മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ പദവിയും സീറോ മലബാർ രൂപതകളുടെ വ്യാപനത്തിന് സഹായകമായി. എങ്കിലും പ്രാദേശികസഭയുടെ അനുവാദവും വത്തിക്കാന്റെ അംഗീകാരവുമാണ് മിഷൻ രൂപതകളുടെ രൂപീകരണത്തിൽ പരമപ്രധാനം. ‘ഛാന്ദ’മുതൽ ‘ഗ്രേറ്റ് ബ്രിട്ടൻ’ വരെയുള്ള രൂപതകൾ യാഥാർത്ഥ്യമായതിൽ ലാറ്റിൻ സഭകളുടെ സൗഹൃദപരമായ ഇടപെടലുകൾക്കും പിന്തുണയ്ക്കും നിർണായക സ്ഥാനമുണ്ടെന്ന് സാരം.
ഛാന്ദാ രൂപതയുടെ രൂപീകരണത്തിന് കാരണമായ സാഹചര്യങ്ങൾകൂടി പറഞ്ഞാലേ ചരിത്രം പൂർണമാകൂ. മഹാരാഷ്ട്രയിലെ ഛാന്ദയിലല്ല, മധ്യപ്രദേശിലെ സർഗുജയിലാണ് സീറോ മലബാർ സഭ മിഷണറി പ്രവർത്തനം ആരംഭിച്ചത്. ആ ചരിത്രം ഇപ്രകാരം സംഗ്രഹിക്കാം: സ്വന്തം മിഷൻ എന്ന ആശയം 1950-കളിലാണ് സീറോ മലബാർ സഭയിൽ ചൂടുപിടിക്കുന്നത്. റാഞ്ചി അതിരൂപത വിഭജിച്ച് ഛത്തിസ്ഗഡിൽ (അന്നു മധ്യപ്രദേശ്) സ്ഥാപിച്ച റായ്ഗഡ് അംബികാപൂർ രൂപതയിൽ സേവനം ചെയ്യാൻ വൈദികരെ തേടി ബിഷപ് ഡോ. ഓസ്‌ക്കാർ സെവ്‌റാൻ എസ്.ജെ കേരളത്തിലെത്തിയത് ആയിടയ്ക്കാണ്. ആവശ്യമുന്നയിച്ച് സി.എം.ഐ പ്രിയോർ ജനറൽ ഫാ. മാവുരൂസിനെ അദ്ദേഹം സമീപിച്ചു. മിഷനുവേണ്ടി വൈദികരെ അയക്കാമെന്ന ഫാ. മാവരൂസിന്റെ വാഗ്ദാനവും കാലക്രമേണ റായ്ഗഡ് രൂപതയുടെ ഒരു ഭാഗം (സർഗുജ ജില്ല) സുറിയാനി റീത്തിലുള്ള മിഷനായി സി.എം.ഐക്കാർക്കു വിട്ടുതരാമെന്ന ബിഷപ്പിന്റെ വാഗ്ദാനവുമായിരുന്നു കൂടിക്കാഴ്ചയുടെ ഫലം. തീരുമാനം കടമ്പകൾ കടന്ന് 1955-ൽ പ്രവൃത്തിപഥത്തിലേക്ക് നീങ്ങി. 1959 ആയപ്പോഴും 15 സി.എം.ഐക്കാർ റായ്ഗഡിൽ പ്രേഷിതപ്രവർത്തനങ്ങളിൽ വ്യാപൃതരായിക്കഴിഞ്ഞു.
ബിഷപ് സെവ്‌റാൻ വിരമിച്ചതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. സർഗുജ ജില്ല വേർതിരിച്ച് കൊടുക്കാം എന്ന ബിഷപ് സെവ്‌റിന്റെ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മനസിലാക്കിയ സാഹചര്യത്തിലായിരുന്നു നാഗ്പൂർ ആർച്ച്ബിഷപ്പിന്റെ രംഗപ്രവേശനവും ചാന്ദാ മിഷൻ രൂപീകരണവും. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായാലും വിദേശത്തായാലും മിഷൻ രൂപതകൾ ആരംഭിക്കാനും വളർത്താനും ലാറ്റിൻ സഭകൾ പിന്തുണ നൽകിയിട്ടുണ്ട്. ചിക്കാഗോ സീറോ മലബാർ രൂപതയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് സൺഡേ ശാലോമിന് അനുവദിച്ച അഭിമുഖത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞ വാക്കുകൾ അതിന് തെളിവാണ്:
“”സ്വസമുദായത്തിനു പുറത്തുനിന്ന് മിഷനുകൾക്കു കിട്ടിയ, കിട്ടിക്കൊണ്ടിരിക്കുന്ന സഹായസഹകരണങ്ങൾ വിസ്മരിച്ചുകൂടാ. ഞാൻ അംഗമായ യു.എസ്. ബിഷപ്‌സ് കോൺഫറൻസ് വലിയ സഹായമാണ് ചെയ്യുന്നത്. ഏതാണ്ട് 340 ബിഷപ്പുമാർ അംഗമായ ആ സമിതിയുടെയും ചിക്കാഗോ അതിരൂപതയുടെയും സഹകരണം ഇല്ലായിരുന്നുവെങ്കിൽ ചിക്കാഗോ സീറോ മലബാർ രൂപതതന്നെ ഉണ്ടാകുമായിരുന്നില്ല. പ്രാദേശിക പിരിവിനുപരി പുറമേനിന്നു ലഭിച്ച ഏക സാമ്പത്തികസഹായവും യു.എസ്. ബിഷപ്‌സ് കോൺഫറൻസിന്റേതാണ്.””
മെൽബൺ സീറോ മലബാർ രൂപതയുടെ പ്രവർത്തനത്തിന് ലാറ്റിൻ സഭ നൽകുന്ന പിന്തുണയെക്കുറിച്ച് മാർ ബോസ്‌ക്കോ പുത്തൂർ പറയുന്ന വാക്കുകളും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്: നിലവിലെ സാഹചര്യത്തിൽ കേരളത്തിൽനിന്ന് കൂടുതൽ വൈദികരെ കൊണ്ടുവരിക സാമ്പത്തികമായി സാധ്യമല്ല. ഇതിന് പരിഹാരംകാണാനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് ഓസ്‌ട്രേലിയയിലെ സഭാ പിതാക്കന്മാരിൽനിന്ന് ലഭിക്കുന്നത്. സീറോ മലബാർ സാന്നിധ്യം കൂടുതലുള്ള പ്രദേശത്തെ സഭാനേതൃത്വത്തെ ഇതിനായി സമീപിച്ചിരുന്നു. അതത് രൂപതകളിലെ സേവനത്തിനൊപ്പം സീറോ മലബാർ സമൂഹത്തിനുവേണ്ടിയും ശുശ്രൂഷചെയ്യാൻ കേരളത്തിൽനിന്ന് 12 വൈദികരെ അവർ സ്‌പോൺസർ ചെയ്യാമെന്നേറ്റത് നന്ദിയോടെ ഓർക്കുന്നു.”
റായ്ഗഡ് രൂപതയിലെ സർഗുജ ജില്ല സ്വന്തം മിഷനായി ലഭിക്കാത്ത കാരണങ്ങൾ പറയുമ്പോൾ സുപ്രധാനമായ ഒരു വിവരംകൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്. സുറിയാനി റീത്തിനോട് യാതൊരു മുൻവിധിയോ വിദ്വേഷമോ ഉണ്ടായിട്ടല്ല, ആ റീത്ത് ഈ പ്രദേശത്തെ നൂതന സഭയിൽ ആരംഭിച്ചാൽ ഉദ്ദേശിക്കുന്ന നന്മയെക്കാൾ കൂടുതലായി ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്ന ഭയമായിരുന്നു ‘സർഗുജ’ അനുവദിക്കാത്തതിന് കാരണമായത്. ആർച്ച്ബിഷപ്പ് ഡോ. യൂജിൻ ഡിസൂസ ഡൽഹിയിലെ നൂൺഷ്യോ മുഖാന്തിരം വത്തിക്കാന് എഴുതിയ കത്താണ് ഇക്കാര്യം സാക്ഷിക്കുന്നത്.
ആശയക്കുഴപ്പം തീർന്നപ്പോൾ അത്ഭുതം!
വിശ്വാസപരമായ വെല്ലുവിളികൾ നേരിടുന്ന പാശ്ചാത്യ നാടുകളിൽ വിശ്വാസവളർച്ചയ്ക്ക് കരുത്തേകാൻ ഇന്ത്യയിൽനിന്നെത്തിയ സഭയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ സഭാനേതൃത്വം. വൈദികരുടെയും വിശ്വാസികളുടെയും എണ്ണത്തിലൂണ്ടായ കുറവുമൂലം അടച്ചുപൂട്ടിയിരുന്ന ദൈവാലയങ്ങൾ ഇന്ത്യയിൽനിന്നെത്തിയ സഭകൾക്ക് വിട്ടുകൊടുത്ത സാഹചര്യംകൂടി പരിഗണിക്കുമ്പോൾ പാശ്ചാത്യ നാടുകളിലെ സഭാനേതൃത്വത്തിന്റെ പ്രതീക്ഷ മറയില്ലാതെ വ്യക്തമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന ദൈവാലയമായി ഉയർത്തപ്പെടുന്ന സെന്റ് അൽഫോൻസാ കത്തീഡ്രൽ ലങ്കാസ്റ്റർ രൂപത വിട്ടുകൊടുത്ത സെന്റ് ഇഗ്‌നേഷ്യസ് ദൈവാലയമാണെന്നതും ശ്രദ്ധിക്കണം.
സീറോ മലബാർ സമൂഹത്തോട് ഇംഗ്ലീഷ് സമൂഹം കാട്ടുന്ന വിശേഷാൽ പരിഗണനയ്ക്കുള്ള ഒരു സാക്ഷ്യം കാനഡയിലെ മിസിസാഗ എക്‌സാർക്കേറ്റ് ബിഷപ് മാർ ജോസ് കല്ലുവേലിലിന് പങ്കുവെക്കാനുണ്ട്:“ലാറ്റിൻ ബിഷപ്പിന്റെ സ്വകാര്യ ചാപ്പൽ സീറോ മലബാർ സമൂഹത്തിന്റെ ആരാധനയ്ക്കായി വിട്ടുകൊടുത്തു എന്ന പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അജപാലന യാത്രയ്ക്കിടയിൽ അപ്രകാരം ഒരു കാഴ്ചയും കാണാനിടയായി. ഫോർട്ട് മക്മറിയിലെ സെന്റ് പോൾ രൂപതാകേന്ദ്രത്തിലാണ് ആ അത്ഭുതം!”കേരളത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് സീറോ മലബാർ സഭ പ്രയാണമാരംഭിച്ച നാളുകളി ൽ ഉത്തരേന്ത്യയിൽ സ്ഥാപിതമായ രൂപതകളും പിന്നീടിങ്ങോട്ട് നിലവിൽവന്ന രൂപതകളും തമ്മിലുള്ള വ്യത്യാസത്തെ ഇപ്രകാരം വിലയിരുത്താം: ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായിരുന്നു ആദ്യകാല രൂപതകളെങ്കിൽ പ്രവാസികളെമാത്രം ലക്ഷ്യംവെക്കുന്നു സമകാലീന രൂപതകൾ. ‘ഗ്രേറ്റ് ബ്രിട്ടണി’ലൂടെ ഭാരതത്തിന് വെളിയിൽ നാലാമത്തെ രൂപത ഉയർന്നത് സ്വന്തം രൂപത സ്വപ്‌നം കാണുന്ന പ്രവാസികൂട്ടായ്മകൾക്ക് വലിയ ഉണർവേകും.
ആന്റണി ജോസഫ്
 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?