Follow Us On

02

December

2023

Saturday

ഹൈറേഞ്ചിലെ അനുഭവങ്ങൾ…

ഹൈറേഞ്ചിലെ അനുഭവങ്ങൾ…

വാർധക്യത്തിന്റെ അവശതകളെ കണക്കിലെടുക്കാതെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് തൊണ്ണൂറാം വയസിലും സിസ്റ്റർ സ്റ്റെല്ല എസ്.എം.സി. സമൂഹത്തിൽ വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവരുടെ വേദനകളെ സ്വന്തമായി കണ്ട് അവരുടെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിലായിരുന്നു സിസ്റ്റർ സ്റ്റെല്ലയുടെ സമർപ്പണജീവിതത്തിന്റെ അധികസമയവും ചെലവിട്ടത്.
പാലായുടെ മണ്ണിൽ ആരംഭിച്ച് ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ച സെന്റ് മർത്താസ് സന്യാസിനീ സമൂഹത്തിന്റെ സാമൂഹ്യ സേവന പ്രതിബദ്ധതയുടെയും കരുതലിന്റെയും ഭാഗമായിത്തീരുകയായിരുന്നു സിസ്റ്റർ സ്റ്റെല്ലാമ്മ. മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ ഗ്രാമത്തിൽ വർക്കി-റോസ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ ആളായിട്ടാണ് സ്റ്റെല്ലയുടെ ജനനം.
അത്ഭുതകരമായ രക്ഷപ്പെടലുകൾ
ബാല്യംമുതൽ രോഗപീഡകളിലൂടെയും നിരവധിയായ അപകടങ്ങളിൽനിന്നുള്ള അത്ഭുതകരമായ രക്ഷപെടലുകളുടെയും അനുഭവങ്ങൾ സിസ്റ്ററിന് സ്വന്തം. അപസ്മാരരോഗം കീഴ്‌പ്പെടുത്തിയത്, അതിൽനിന്നുള്ള വിടുതൽ, സ്വന്തം ഇടവകയായ ആരക്കുഴ ദൈവാലയ തിരുനാളിന് പോയ അവസരത്തിൽ ദൈവാലയമുറ്റത്തുനിന്ന് ചെങ്കുത്തായ താഴ്ന്ന പ്രദേശത്തേക്ക് കാൽവഴുതി വീണിട്ടും നിസാര പരിക്കുകളോടെയുള്ള രക്ഷപെടൽ, പത്താം വയസിൽ സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിൽ വെള്ളം കോരാൻ പോയപ്പോൾ മൂന്നു തവണ വീണിട്ടും അത്ഭുതകരമായ രക്ഷപെടൽ, പന്ത്രണ്ടാം വയസിൽ ടൈഫോയ്ഡ് പിടിപെട്ട് മൂന്നുമാസം രോഗാവസ്ഥയിൽ കിടന്നത് തുടങ്ങി നിരവധി ദൈവാനുഗ്രഹങ്ങളുടെ പട്ടിക സിസ്റ്ററിന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു. പന്ത്രണ്ടാം വയസിൽ ഉണ്ടായ പിതാവിന്റെ അകാലവിയോഗം മറ്റൊരു വേദനയായിരുന്നു. എങ്കിലും സന്യാസജീവിതത്തിന്റെ അഭൗമസൗന്ദര്യം സിസ്റ്റർ സ്റ്റെല്ലാമ്മയെ അതിലേക്കടുപ്പിച്ചു.
1929 മാർച്ച് അഞ്ചിന് ജനിച്ച സിസ്റ്റർ 42-ാം വയസിൽ 1971 മെയ് ഏഴിനാണ് പാലായിലുള്ള സെന്റ് മർത്താസ് കോൺവെന്റിൽ ചേർന്നത്. 1982 നവംബർ ഏഴിന് സഭാവസ്ത്രം സ്വീകരിച്ചു. 42-ാം വയസിലാണ് മഠത്തിലെത്തിയതെങ്കിലും ചെറുപ്പക്കാരികളായ അർത്ഥിനികൾക്കൊപ്പം ചുറുചുറുക്കോടെ പഠിച്ച് പരീക്ഷകളെല്ലാം ജയിച്ചാണ് സഭാവസ്ത്രം സ്വീകരിച്ചത്.
സന്യാസിനി ആയതിനുശേഷം ആദ്യത്തെ നിയമനം ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിലായിരുന്നു. ദുർഘടം പിടിച്ച മലമ്പാതയിലൂടെ ഒന്നുമില്ലായ്മയിൽ നട്ടംതിരിയുന്ന മഠത്തിലേക്കാണ് സിസ്റ്റർ എത്തിയത്. പിന്നീട് നീണ്ട 16 വർഷങ്ങൾ അവിടെയായിരുന്നു. ആ കാലങ്ങളിൽ പണിക്കാരോടൊപ്പം കൃഷിയിടത്തിൽ അധ്വാനിക്കുവാൻ സിസ്റ്റർ പതിവായി ഇറങ്ങുമായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഭവനസന്ദർശനം ആദ്യകാലം മുതലുള്ള പതിവാണ്. അങ്ങനെയാണ് പാവപ്പെട്ടവരുടെ ദൈന്യാവസ്ഥ മനസിലാക്കി അവർക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉണ്ടായത്. മഠത്തിലുള്ള കാർഷിക ഉല്പന്നങ്ങളും ബന്ധുക്കളോടും പരിചയക്കാരോടും കൈനീട്ടി വാങ്ങിയ പണവും സാധന സാമഗ്രികളും അനേകരുടെ പട്ടിണിയകറ്റി.
മനസിൽ തങ്ങിനില്ക്കുന്ന ഓർമകൾ
തന്റെ ഭവനസന്ദർശനാവസരത്തിൽ നൂറുകണക്കിനാളുകളെ കൈപിടിച്ചുയർത്തിയ അനുഭവങ്ങൾ സിസ്റ്ററിന്റെ ഓർമയിലുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ യാത്രകളിൽ പണം അല്ലെങ്കിൽ സാധന സാമഗ്രികളാണ് കൊണ്ടുപോയിരുന്നത്. അന്ന് ഒരു ചുവട് കപ്പയുമായാണ് സിസ്റ്റർ മഠത്തിൽനിന്നും ഇറങ്ങിയത്. ദുർഘടം പിടിച്ച വഴിയിലൂടെ നടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ ചെറിയൊരു കുടിൽ. ഗൃഹനാഥനെ അവിടെ കണ്ടില്ല. പൂർണ ഗർഭിണിയായ സ്ത്രീയും രണ്ട് കുട്ടികളും അവിടെ ഉണ്ടായിരുന്നു. ചെന്നപാടെ കുശലാന്വേഷണം കഴിഞ്ഞ് ഒറ്റമുറി കുടിലിലെ അടുപ്പിൻ ചുവട്ടിലേക്ക് നോക്കി, തീ പുകഞ്ഞിട്ടില്ല എന്ന് ഒറ്റനോട്ടത്തിൽ മനസിലായി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആ സ്ത്രീ അവരുടെ ദുരവസ്ഥ വിവരിച്ചു. ഗൃഹനാഥൻ അകലെ ഒരിടത്ത് പണിക്ക് പോയിരിക്കുകയാണ്. രണ്ടാഴ്ച കൂടുമ്പോഴേ വരുകയുള്ളൂ. മദ്യപാനിയായതുകൊണ്ട് വീട്ടിൽ കാര്യമായൊന്നും നൽകാറില്ല. സിസ്റ്റർ തന്റെ കൈയിലിരുന്ന കപ്പ കൊടുത്തു. ധൃതിയിൽ തിരിച്ച് മഠത്തിൽ ചെന്ന് അവിടെനിന്ന് സിസ്റ്റേഴ്‌സിന് അത്യാവശ്യം വേണ്ട അരിയും മറ്റ് സാധനങ്ങളും വച്ചിട്ട് ബാക്കിയുള്ളതെല്ലാം ആ കുടുംബത്തിന് കൊടുത്തു. ഹൈന്ദവരായ അവരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്‌നേഹമാകാൻ കഴിഞ്ഞതിൽ മനംനിറഞ്ഞ് തിരികെ മഠത്തിലേക്ക്. ഇങ്ങനെ എത്രയെത്ര ഓർമകൾ…
മുരിക്കാശേരിയിൽനിന്നും ഇരട്ടയാറിനടുത്ത് ശാന്തിഗ്രാമത്തിലെ മഠത്തിലേക്കായിരുന്നു സിസ്റ്ററിന്റെ അടുത്ത ദൗത്യം. അവിടെയും കോൺവെന്റിന്റെ ശൈശവദശയിലായിരുന്നു. 90-കളുടെ ആദ്യപാദത്തിൽ ശാന്തിഗ്രാമിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. തന്റെ ഭവനസന്ദർശനവേളയിലെ മറ്റൊരനുഭവം സിസ്റ്റർ ഓർമിക്കുന്നു: ടാർപോളിൻ വലിച്ചുകെട്ടിയ വീട്. ഗൃഹനാഥൻ രോഗിയായി കിടക്കുന്നു. കുടുംബനാഥയുടെ വരുമാനത്തിൽ ആശ്രയിച്ചാണ് കുടുംബം നീങ്ങുന്നത്. അഞ്ച് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം തീർത്തും വൃത്തിഹീനമായ, സുരക്ഷിതത്വമില്ലാത്ത രീതിയിൽ ജീവിക്കുന്നത് സിസ്റ്ററിന് വലിയ വേദനയായി. മഠത്തിലെത്തി ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ കരഞ്ഞ് പ്രാർത്ഥിച്ചു. ‘ധൈര്യമായി മുന്നോട്ട് നീങ്ങുക’ എന്നൊരു ശബ്ദം കാതുകളിൽ മുഴങ്ങുന്നതായി സിസ്റ്ററിന് തോന്നി. ഒരു ഭവനം ആ കുടുംബത്തിനായി പണിയുന്നതിനുവേണ്ടി പലരിൽനിന്നും പണവും സാധന സാമഗ്രികളും ദാനമായി സ്വീകരിച്ചു. ചിലർ കളിയാക്കി, കുറ്റപ്പെടുത്തി. മദറും സഹോദരിമാരും പ്രാർത്ഥനയിൽ തന്നോടൊത്തായിരുന്നത് സിസ്റ്റർ സ്റ്റെല്ലാമ്മ കൃതജ്ഞതയോടെ ഓർമിക്കുന്നു. നിരവധി സുമനസുകളുടെ സഹായത്തോടെ അവർക്ക് വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചു. പണിക്കാരോടൊപ്പം കല്ലും മണ്ണും ചുമക്കാൻ സിസ്റ്ററും കൂടെയുണ്ടായിരുന്നു. ഗൃഹനാഥന് രോഗശയ്യയിൽ താക്കോൽ കൈമാറിയ നിറകണ്ണുകൾ സിസ്റ്ററിപ്പോഴും ഓർമിക്കുന്നു.
പതിനാല് വർഷത്തിനുശേഷം 2001 ജനുവരി പത്തിന് മൂലമറ്റത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു. അധികാരികളോടുള്ള വിധേയത്വം സിസ്റ്റർ സ്റ്റെല്ലാമ്മയിൽനിന്ന് പഠിക്കണമെന്ന് സഹപ്രവർത്തകർ ഏകസ്വരത്തിൽ പറയുന്നു. മദറും മറ്റ് ഉന്നതസ്ഥാനീയരും പറയുന്നതിൽനിന്ന് അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വമാണ് സിസ്റ്ററിന്റേതെന്ന് അവരുടെ നേർസാക്ഷ്യം. മൂലമറ്റത്ത് എത്തിയപ്പോഴും ഭവനസന്ദർശനത്തിന് മുടക്കം വരുത്തിയില്ല. ഇപ്പോൾ കുറച്ചുനാളായി അനാരോഗ്യം കാരണം മദർ വിലക്കിയിരിക്കുന്നതിനാൽ പോകുന്നില്ല. 2002 തുടങ്ങി ശാലോമിന്റെ ഏജൻസി എടുത്ത് ദൈവവചനം അനേകരിലേക്ക് എത്തിക്കുന്ന മറ്റൊരു ആത്മീയ ശുശ്രൂഷകൂടി സിസ്റ്റർ ആരംഭിച്ചു. പ്രാർത്ഥനാസഹായവുമായി എത്തുന്നവരുടെ അർത്ഥനകൾ ദിവ്യകാരുണ്യ സന്നിധിയിലെത്തിച്ചും തന്നാൽ കഴിയുംവിധം ഇപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നു. ഈ മാസം ഒമ്പതിന് സിസ്റ്ററിന് 90 വയസ് തികയും.
ജോബി മാത്യു തെക്കേതിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?