Follow Us On

18

April

2024

Thursday

കൊളോസിയം വീണ്ടും ചുവപ്പണിയുമ്പോൾ…

കൊളോസിയം വീണ്ടും ചുവപ്പണിയുമ്പോൾ…

ബൊക്കോ ഹറാം എന്ന കൊടുംഭീകരരുടെ തടവിൽ രണ്ടുവർഷം പീഡനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയിട്ടും വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച റെബേക്ക ബിട്രസ് കുരിശിന്റെ വഴിയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ്. 2014-ലാണ് ബോക്കോ ഹറാം തീവ്രവാദികൾ റെബേക്കയും ഭർത്താവും അഞ്ചുവയസുകാരനായ സക്കറിയായും മൂന്നുവയസ്സുകാരനായ ജോഷ്വായും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഗ്രാമം വളഞ്ഞത്. അവർ താമസിച്ചിരുന്ന ഭവനം അടിച്ചുതകർത്ത ഭീകരർ ഗർഭിണിയായിരുന്ന റെബേക്കയെയും മക്കളെയും പിടിച്ചുകൊണ്ടുപൊയി കൊടുംവനത്തിലെ ക്യാമ്പിലാണ് പാർപ്പിച്ചത്.
ഭീകരരുടെ ക്യാമ്പിൽ അനുഭവിച്ച സമ്മർദ്ദത്തിന്റെയും നിർബന്ധിത ജോലിയുടെയും ഫലമായി അവളുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് വിശ്വാസത്യാഗം ചെയ്യണമെന്ന ഭീകരരുടെ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മൂന്നുവയസുകാരനായ ജോഷ്വായെ അവളുടെ കൺമുമ്പിൽവച്ച് ഭീകരർ നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തോടെ അവൾ ആകെ തകർന്നു. പിന്നീട് അവർ പറഞ്ഞതുപോലെ അവൾ അഭിനയിച്ചു. അവരുടെ പ്രാർത്ഥനകൾ ചെല്ലാൻ നിർബന്ധിച്ചപ്പോൾ അവൾ മനസിൽ ജപമാല ചൊല്ലി. ഈ ഭീകരരുടെ കരങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെയെന്ന് അവൾ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ഒരു ഭീകരന് നിർബന്ധിച്ച് വിവാഹം കഴിച്ചുകൊടുത്തു. ഒരു ഡിസംബർ 25-ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. അവനെ അവൾ ക്രിസ്റ്റഫർ എന്നു വിളിച്ചു.
രണ്ടുവർഷം തടവിൽ കഴിഞ്ഞ അവൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞത് നൈജീരിയൻ പട്ടാളം ഭീകരരെ തുരത്താൻ എത്തിയപ്പോഴാണ്. അവൾ തന്റെ മൂത്ത മകനെയും ആറുമാസം പ്രായമുളള ക്രിസ്റ്റഫറിനെയും എടുത്ത് കാട്ടിലേക്ക് ഓടി. ഒരു മാസത്തോളം വനത്തിൽ അലഞ്ഞുനടന്നു. ഒടുവിൽ പട്ടാളക്കാരുടെ മുമ്പിലെത്തി. ബൊക്കോ ഹറാമിന്റെ ചാവേറാണ് എന്ന് അവർ തെറ്റിദ്ധരിച്ചു. അവിടെയും പ്രാർത്ഥന അവൾക്ക് കൂട്ടായി. തനിക്കറിയാവുന്ന പ്രാർത്ഥനകളെല്ലാം അവൾ പട്ടാളക്കാരെ ചൊല്ലികേൾപ്പിച്ചു. അതോടെ അവളെ അവർ വിശ്വസിച്ചു. ഏതാനും നാളുകൾക്കുശേഷം മെദുഗുരിയിലെ സ്വന്തം ഭവനത്തിലെത്തിയപ്പോൾ കൊല്ലപ്പെട്ടുവന്നെ കരുതിയ ഭർത്താവതാ മുമ്പിൽ. രണ്ടും പേരും കരുതിയിരുന്നത് ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്നായിരുന്നു.
വീണ്ടും ഭർത്താവിന്റെ സ്‌നേഹത്തണലിലെത്തിയെങ്കിലും പീഡനങ്ങളുടെ ഓർമപ്പെടുത്തലായി ഭീകരരുടെ ക്യാമ്പിൽ പിറന്ന ക്രിസ്റ്റഫർ മാറി. ഇടയ്‌ക്കൊക്കെ മനസ്സ് കലങ്ങി. പക്ഷേ, മെദുഗുരി ബിഷപ് ഒലിവർ ഡാഷെ ഡോമിന്റെ വാക്കുകൾ ആ കുടുംബത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു- ‘ആ കുഞ്ഞിനെ നീ സ്വീകരിക്കുക, അവനെ സ്‌നേഹിക്കുക. ഒരിക്കൽ അവൻ വലിയവനായി മാറും. ഒരു പക്ഷേ ഭാവിയിൽ അവന്റെ സഹായം എനിക്ക് ആവശ്യമായി വരും.’ കുരിശിൽ കിടന്നുകൊണ്ട് തന്നെ പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഈശോയുടെ ചിത്രം റെബേക്കായുടെ മനസ്സിലേയ്ക്ക് ഓടിയെത്തി. അതോടെ അവളുടെ പ്രതികാരചിന്തകളെല്ലാം മാറി. അവൾ സ്വന്തം കുഞ്ഞായി ക്രിസ്റ്റഫറിനെ ഹൃദയത്തിലും സ്വീകരിച്ചു. സ്വകാര്യ കൂടിക്കാഴ്ചയിൽ തന്റെ ജീവിതകഥ മാർപാപ്പയുമായി പങ്കുവയ്ക്കുവാനും ബിട്രസിന് അവസരം ലഭിച്ചു. ബിട്രസിനെ കൂടാതെ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റാരോപിതയായി വധശിക്ഷ നേരിടുന്ന അസിയ ബീബിയുടെ ഭർത്താവും മകളും എത്തിയിരുന്നു.
ജോർജ് കൊമ്മറ്റം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?