Follow Us On

28

March

2024

Thursday

ക്രൈസ്തവർക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?

ക്രൈസ്തവർക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?

സൃഷ്ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ൽ ചാൾസ് ഡാർവിൻ Origin of Species  (വർഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതൽ ആരംഭിച്ചതാണ്. ഭൗതികശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതൽ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്ടിവിവരണം തെറ്റാണ് എന്ന് ഡാർ വിന്റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടർന്നുള്ള പ്രചരണങ്ങൾ. എന്നാൽ ഡാർവിൻ ബൈബിൾ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് സ്ഥായീഭാവമുണ്ട് എന്ന നിഗമനം; തെറ്റാണെന്ന് തെളിയിക്കാനാണ് ഡാർവിൻ ശ്രമിച്ചത്. മനുഷ്യ ന് ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന് ഡാർവിൻ വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്ത്രവസ്തുതകൾ പരിശോധിക്കും മുമ്പേ എന്താണ് ഡാർവിൻ പരിണാമസിദ്ധാന്തത്തിലൂടെ ല ക്ഷ്യമാക്കിയത് എന്ന് ഗ്രഹിക്കേണ്ടതുണ്ട്.
പരിണാമസിദ്ധാന്തങ്ങൾ ഡാർവിനുമുമ്പും രൂപമെടുത്തിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അനക്‌സിമാണ്ടർ എന്ന തത്വചിന്തകൻ കടൽ മത്സ്യങ്ങളിൽനിന്ന് സൂര്യതാപത്തിൽ ഉയരുന്ന നീരാവിയിലൂടെയാണ് കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത് എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതൽ ജൈവപരിണാമം എന്ന ആശയം വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങളിൽ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടിൽ മനുഷ്യന്റെ ഉൽപത്തിയെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിരുന്നു. 1829-ൽ ഫിലിപ്പ് ചാൾസ് ഷ്‌മെർലിംഗ് എന്ന ശാസ്ത്രജ്ഞൻ ബെൽജിയത്തെ എൻഗിസിൽ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളിൽ നടത്തിയ നിരീക്ഷണങ്ങളാണ് മനുഷ്യന്റെ മുൻഗാമികളെക്കുറിച്ചുള്ള നിഗമനത്തിലേക്ക് ആദ്യമായി വെളിച്ചം വീശിയത്. 1856-ൽ ജർമനിയിലെ നെയാന്തർതാളിൽനിന്നു കണ്ടെടുത്ത മനുഷ്യഫോസിലുകളിൽ നടത്തിയ നിരീക്ഷണത്തിലൂടെ ഹെർമൻ ഷാഫ്ഹൗസൻ എന്ന ശാസ്ത്രജ്ഞൻ മനുഷ്യന് മുൻഗാമികളായി ആൾക്കുരങ്ങുകളോടു സാദൃശ്യമുള്ള ജീവികൾ ജീവിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തി. സദൃശമായ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ നിഗമനങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനനിഗമനങ്ങൾ താഴെപ്പറയുന്നവയാണ്.
1) മൂന്നര ബില്യൻ വർഷങ്ങൾക്കു മുമ്പുള്ള ഏകകോശജീവിയായാണ് ഭൂമിയിൽ ജീവൻ ആരംഭിക്കുന്നത്. ഇന്നു ഭൂമിയിലുള്ള 20 ദശലക്ഷം ജൈവവർഗ്ഗങ്ങളും ഈ ഏകകോശജീവിയുടെ പരിണാമഫലമായി രൂപം കൊണ്ടതാണ്.
2) പരിണാമത്തിനു കാരണമാകുന്ന ആദ്യഘടകം ജീവികളുടെ പരമ്പരാഗത ജീനുകളിൽ വരുന്ന മാറ്റമാണ് (mutation). ഈ ജനിതക മാറ്റംമൂലം പ്രസ്തുത ജീവിയുടെ തൊലിയുടെ നിറവും ശരീരഘടനയും സാവകാശത്തിൽ രൂപാന്തരപ്പെടുന്നു. ഇത്തരം ജനിതകമാറ്റം പ്രകൃതിയിൽ അവിചാരിതമായി എന്നാൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
3) ജൈവലോകത്തെ നിലനില്പിനു വേണ്ടിയുള്ള സമരത്തിൽ വിജയിക്കുന്നത് ഏറ്റവും കരുത്തറ്റവയാണ് (natural selection). ഉദാഹരണമായി വരണ്ട ഭൂമിയിൽ നില്ക്കുന്ന വൃക്ഷങ്ങളിൽ കരുത്തു ള്ളവ വേര് ആഴത്തിലിറക്കി ജലം വലിച്ചെടുക്കുകയും ആഴത്തിൽ വേരിറക്കാൻ കഴിവുള്ള മരങ്ങളുടെ വിത്ത് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കാലാന്തരത്തിൽ മറ്റുമരങ്ങൾ നശിക്കുകയും ഇത്തരം വൃക്ഷം ഭൂമിയിൽ നിറയുകയും ചെയ്യും.
4) ഒരു ജൈവവിഭാഗത്തിലെ ഏതാനും അംഗങ്ങൾ പലവർഷങ്ങളായി തങ്ങളുടെ മുഖ്യ വിഭാഗവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞാൽ അവ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും ജനിതകമാറ്റം മൂലവും തികച്ചും ഭിന്നമായ ജൈവവിഭാഗമായി രൂപപ്പെടാം (Isolation of species).
5) മനുഷ്യൻ വലിയ കുരങ്ങുകളുടെ വർഗ്ഗത്തിൽ (ഗറില്ല, ചിമ്പാൻസി, ഒറാങ്ങൂട്ടാൻ) പെടുന്നു. ഈ വിഭാഗത്തിൽ നിന്ന് 16 മില്യൺ വർഷങ്ങൾക്കുമുമ്പ് ഒറാങ്ങൂട്ടാൻ വിഭാഗം ഒറ്റപ്പെട്ടുപോയി. 10 മില്യൺ വർഷങ്ങൾക്കു മുൻപ് ഗറില്ലകളും ഈ വിഭാഗത്തിൽനിന്ന് ഒറ്റപ്പെട്ടുപോയി. ശേഷിച്ച ചിമ്പാൻസി വിഭാഗത്തിനും മനുഷ്യർക്കും ഒരേ പൂർവ്വികരാണുണ്ടായിരുന്നത്. ചിമ്പാൻസിയിൽ നിന്നും അസ്ട്രലോപിതേക്കസ് എന്ന വിഭാഗം കുരങ്ങുകൾ രൂപം കൊണ്ടെന്നും ഇവയ്ക്കു മനുഷ്യനോടു സദൃശ്യമായ ശരീരഘടനയും ബുദ്ധി വികാസവുമുണ്ടായിരുന്നത്രേ. ഇവയിൽ നിന്ന് കൈകുത്തി നടക്കുന്ന നാൽക്കാലി മനുഷ്യനും(homohabilis), നിവർന്നു നടക്കുന്ന മനുഷ്യനും(Homo erectus),  ചിന്തിക്കാൻ കഴിവുള്ള ആധുനിക മനുഷ്യനും(homo sapiens)  പരിണമിച്ചുവന്നു. ചിന്താശേഷിയുള്ള മനുഷ്യന്റെ ഉത്ഭവം എഴുപത്തായ്യായിരം വർഷങ്ങൾക്കു മുമ്പാണ് സംഭവിച്ചത്. ഇവയുടെ ഫോസിലുകളാണത്രേ ജർമ്മനിയിലെ നെയാന്തർതാൾ താഴ്‌വരയിൽ കണ്ടെത്തിയത്. ആധുനിക മനുഷ്യൻ ഉത്ഭവിച്ചത് കേവലം 40000 വർഷങ്ങൾക്കു മുൻപുമാത്രമാണത്രേ.
ഡാർവിന്റെ സിദ്ധാന്തത്തിന് തെളിവായി അനേകം ഫോസിൽ പഠനങ്ങൾ (paleo anthropology) അവതരിപ്പിക്കുകയുണ്ടായി.DNA യുടെ ഘടന പരിശോധിച്ചാൽ സകല ജീവജാലങ്ങളുടെയും DNA നിർമ്മിതമായിരിക്കുന്ന ഘടകങ്ങൾ ഒന്നുതന്നെയാണെന്ന് വ്യക്തമാകും [A(അഡേനിൻ), G(ഗ്വാനൈൻ), C (സിറ്റോഡിൻ), T(തൈമൈൻ)പ മനുഷ്യന് ചിമ്പാൻസിയുമായി 98.4%വും എലികളുമായി 75% വും ഉചഅ പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്ര ദൃഷ്ടിയിലെ വിലയിരുത്തൽ പരിണാമസിദ്ധാന്തത്തെ ശാസ്ത്രലോകമൊന്നാകെ സർവ്വാത്മനാ സ്വാഗതം ചെയ്തു എന്നു കരുതരുത്. പരിണാമസിദ്ധാന്തം ശാസ്ത്രീയ അടിസ്ഥാനങ്ങളേക്കാൾ സാങ്കല്പിക നിഗമനങ്ങളെയാണ് ആധാരമാക്കുന്നത് എന്ന കാരണത്താലാണ് ശാസ്ത്രലോകം പരിണാമസിദ്ധാന്തത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്. (1) ജീവികളിലെ പരിണാമത്തിനു കാരണമാകുന്ന ജനിതകമാറ്റം എങ്ങനെ, എപ്പോൾ സംഭവിക്കുന്നു എന്നു ശാസ്ത്രീയമായി വിശദീകരിക്കാൻ പരിണാമസിദ്ധാന്തത്തിനു കഴിയുന്നില്ല. (2) മൂന്നര ബില്യൻ വർഷങ്ങൾക്കു മുൻപ് ജീവൻ എപ്രകാരം ഉത്ഭവിച്ചു എന്നതും പരിണാമസിദ്ധാന്തത്തിന് വിശദീകരിക്കാൻ കഴിഞ്ഞില്ല. (3) പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവായി പറയപ്പെടുന്ന ഫോസിലുകൾ വളരെ പരിമിതമായതിനാൽ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ഫോസലുകളിലൂടെ തെളിവു നൽകാൻ ഡാർവിനു കഴിഞ്ഞില്ല. (4) മനുഷ്യകുലത്തിന്റെ ഉത്ഭവം 40000 വർഷങ്ങൾ മാത്രം മുൻപാണെന്ന നിഗമനം പൂർണ്ണമായും തെറ്റാണ്. കാരണം അനേക ലക്ഷം വർഷങ്ങൾക്കു മുൻപേ മനുഷ്യൻ ഭൂമിയിൽ വസിച്ചിരുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. (5) 1987-ൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റി നടത്തിയ ജനിതക പഠനത്തിന്റെ വെളിച്ചത്തിൽ മനുഷ്യകുലം ഉത്ഭവിച്ചത് 200,000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഏകമാതാവിൽനിന്നാണ്. 2002-ൽ ്യ ക്രോമസോമുകളുടെ DNA യിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്‌പെൻസർ വെൽസ് എന്ന ശാസ്ത്രജ്ഞൻ മനുഷ്യോല്പത്തി ആഫ്രിക്കൻ പിതാവിൽ നിന്നാണെന്നു കണ്ടെത്തുകയുണ്ടായി. ഈ രണ്ടു ഗവേഷണങ്ങളും മനുഷ്യനു പൂർവ്വികരായി വർത്തിച്ചത് കുരങ്ങാണ് എന്ന നിഗമനത്തെ നിരാകരിക്കുകയാണു ചെയ്തത്. അതായത് ശാസ്ത്രീയ ഗവേഷണങ്ങൾ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല എന്നു വ്യക്തമാണ്. (6) ചിമ്പാൻസികൾക്ക് മനുഷ്യനെപ്പോലെ ഭാഷ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ബുദ്ധിശക്തിയുണ്ടെന്ന് പരിണാമവാദികൾ വാദിച്ചിരുന്നു. എന്നാൽ ഈ അവകാശവാദം അസ്ഥാനത്താണെന്ന് ഇന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. (7) പുരാതന ഫോസിലുകളിൽ നിന്നു ലഭിക്കുന്ന വിവരണങ്ങളെ പരിണാമവാദികളായ ഗവേഷകർ തങ്ങളുടെ വ്യക്തി താല്പര്യങ്ങൾക്കനുസൃതമായി വളച്ചൊടിക്കുകയും തെറ്റായ നിഗമനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എൽ. തോംപ്‌സണും മൈക്കിൾ ക്രാമോയും ചേർന്നുനടത്തിയ ഫോസിൽ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. (Forbidden Archacology).
ശാസ്ത്രം തന്നെ അംഗീകരിക്കാത്ത ഈ സിദ്ധാന്തത്തിന് ഇത്രമേൽ പ്രചാരം കിട്ടാൻ കാരണം 19-ാം നൂറ്റാണ്ടിൽ വളർ ന്നുവന്ന മതവിരുദ്ധചിന്താധാരയാണ്. സാമ്പത്തികരംഗത്ത് മാർക്‌സും മനശാസ്ത്രമേഖലയിൽ ഫ്രോയിഡും താത്വികമേഖലയിൽ സാർത്രും നീഷേയും ഒക്കെ ദൈവനിഷേധം പ്രചരിപ്പിച്ചിരുന്ന കാലത്താണ് പരിണാമസിദ്ധാന്തവും രംഗപ്രവേശം ചെയ്തത്. ക്രിസ്തുമതത്തെ ആ ക്രമിക്കാനുള്ള വടി എന്ന നിലയിലാണ് പലരും പരിണാമസിദ്ധാന്തത്തെ പ്രചരിപ്പിച്ചത്. തത്ഫലമായി അതിന്റെ ശാസ് ത്രീയമായ അടിസ്ഥാനരാഹിത്യവും തെളിവുകളുടെ അഭാവവും വിസ്മരിച്ച് പരിണാമസിദ്ധാന്തത്തിന് പ്രചുരപ്രചാരം നൽ കാൻ പലരും മത്സരിക്കുകയായിരുന്നു.
ഉൽപത്തി 1:1-2:25 ലെ രണ്ടു സൃഷ്ടിവിവരണങ്ങളെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കണമെന്ന് സഭ ആവശ്യപ്പെടുന്നില്ല. 1909 ജൂൺ 30ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച പ്രബോധന രേഖയിൽ ബൈബിളിലെ സൃഷ്ടിവിവരണങ്ങളുടെ വ്യാഖ്യാനത്തിൽ നിർബന്ധമായും അംഗീകരിക്കപ്പെടേണ്ട നാലു സത്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്: 1. സമയത്തിന്റെ ആരംഭത്തിൽ ദൈവത്തിന്റെ ഇടപെടലിലൂടെയാണ് പ്രപഞ്ചവും അതിലുള്ളവയും സൃഷ്ടിക്കപ്പെട്ടത്. 2. സൃഷ്ടിയുടെ മകുടമായ മനുഷ്യന് പ്രപഞ്ചത്തിൽ പ്രത്യേക സ്ഥാനമുണ്ട്. 3. ആദി സ്ത്രീയുടെ ഉത്ഭവം ആദിപുരുഷനിൽ നിന്നായതിനാൽ സ്ത്രീ-പുരുഷ പാരസ്പര്യം സുപ്രധാനമാണ്. 4. ഏകദൈവത്തിന്റെ സൃഷ്ടികളാകയാൽ സകലമനുഷ്യരും സാഹോദര്യത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്. ഈ അടിസ്ഥാനസത്യങ്ങൾക്ക് ഭംഗംവരാതെ ബൈബിളിലെ സൃഷ്ടിവിവരണത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ അംഗീകരിക്കുന്നു.
പരിണാമ സിദ്ധാന്തവും ബൈബിൾ ദർശനവും സംഘർഷാത്മകമാണെന്ന നിലപാട് ശക്തിപ്പെട്ടതോടെ അവയുടെ അനുരഞ്ജനത്തിനായി പല സിദ്ധാന്തങ്ങളും രൂപം കൊണ്ടുതുടങ്ങി. അവയിൽ പ്രധാനമായവ ചുവടെ പരാമർശിക്കുന്നു.
> പരിണാമത്തിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത്. എന്നാൽ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ദൈവം നിർണ്ണായകമായി ഇടപെട്ടിരുന്നു. തന്മൂലം ദൈവസൃഷ്ടിയും പരിണാമവും ഭിന്നയാഥാർത്ഥ്യങ്ങളല്ല എന്ന നിഗമനത്തെ (Theistic evolution)  ചാൾസ് ബാബേജ്, റൊനാൾഡ് ഫിഷർ എന്നിവർ പിന്തുണച്ചു.
> ദൈവം പ്രപഞ്ച സൃഷ്ടി നടത്തി പ്രകൃതിനിയമങ്ങൾ നൽകി പിൻവാങ്ങിയെന്നും പിന്നീടു പ്രപഞ്ചത്തിൽ സംഭവിക്കുന്ന പരിണാമങ്ങളിലും സംഭവങ്ങളിലുമൊന്നും ദൈവം ഇടപെടുന്നില്ല എന്ന വാദവും  (Deism) മതത്തെയും ശാസ്ത്രത്തെയും അനുരഞ്ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
> ബൈബിളിലെ ഏഴു ദിവസത്തെ സൃഷ്ടിവിവരങ്ങളെ ഏഴു യുഗങ്ങളായി കരുതി വിശദീകരിക്കുന്ന ശൈലിയും(Progressive Creationism) ഇക്കാലത്തു നിലവിൽ വന്നതാണ്. ഏഴുയുഗങ്ങളിലായി പ്രപഞ്ചം പരിണാമവിധേയമായി എന്നവാദമാണ് ഇക്കൂട്ടർ നിരത്തിയത്.
> സൃഷ്ടികർമ്മം പൂർത്തിയാക്കാൻ ദൈവം ഉപയോഗിച്ച മാർഗ്ഗമാണ് പരിണാമം എന്നതാണ് മറ്റൊരു വാദം (Evolutionary Creationism). തെയ്യാർദ് ഷാർദാൻ ഈ വാദത്തിന്റെ വക്താവാണ്.
എന്നാൽ പരിണാമസിദ്ധാന്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ കാര്യമായി വിജയിച്ചില്ല. മതവും ശാസ്ത്രവും വിരുദ്ധചേരിയിലാണെന്ന തെറ്റായ ചിന്താഗതിയും പരിണാമസിദ്ധാന്തം ബൈബിളിനെയും വിശ്വാസത്തെയും തകർക്കുമെന്ന ഭയവും ഇതിനുകാരണമായി. തന്നെയുമല്ല പരിണാമസിദ്ധാന്തത്തെ ഗഹനമായി പഠിക്കാൻ പലരും തയ്യാറായതുമില്ല. പരിണാമം അംഗീകരിക്കുന്നത് മനുഷ്യമഹത്വത്തിന് ഹാനികരവും മനുഷ്യനെ മൃഗതലത്തിലേക്ക് താഴ്ത്തുന്നതുമാണെന്നും വിലയിരുത്തപ്പെട്ടു. സകലതും പരിണാമവിധേയമായ പ്രപഞ്ചക്രമത്തിൽ ധാർമ്മികതയുടെ സനാതനതത്വങ്ങൾ അപ്രസക്തമാകുമെന്നും പണ്ഡിതന്മാർ വിലയിരുത്തി. എന്നാൽ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട് കൂടുതൽ ഭാവാത്മകമായിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വിലയിരുത്തലുകൾ ചുവടെ ചേർക്കുന്നു.
1. ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷം ഒരു ദശകം കഴിഞ്ഞുചേർന്ന ഒന്നാം വത്തിക്കാൻ കൗൺസിൽ പരിണാമസിദ്ധാന്തത്തെയോ ഡാർവിനെയോ പേരെടുത്തു പരാമർശിച്ചില്ല. എന്നാൽ സഭയുടെ വിശ്വാസസത്യങ്ങൾക്കു വിരുദ്ധമായ ശാസ്ത്രതത്വങ്ങൾ നിരാകരിക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു (ND 133135). ശരിയായ ശാസ്ത്രതത്വങ്ങളും വിശ്വാസസത്യങ്ങളും തമ്മിൽ വൈരുധ്യം ഉണ്ടാകില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
2. 1893 നവംബർ 18നു പ്രസിദ്ധീകരിച്ച ‘പ്രൊവിദെന്തീസിമൂസ് ദേവൂസ്’ എന്ന പ്രമാണരേഖയിൽ ലെയോ പതിമൂന്നാമൻ മാർപാപ്പ, ബൈബിളിനു വിരുദ്ധമായി പ്രചരിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങളുടെ അസ്ഥിരതയെയും അടിസ്ഥാനരാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചെങ്കിലും പരിണാമസിദ്ധാന്തത്തെ നേരിട്ട് പരാമർശിച്ചില്ല.
3. പന്ത്രണ്ടാം പീയൂസ്പാപ്പായുടെ ‘ഹുമാനി ജെനേരിസ്’ എന്ന ചാക്രിക ലേഖനമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠനം നടത്തുന്ന ആദ്യ സഭാപ്രബോധനം. ദൈവിക വെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട് കത്തോലിക്കർക്ക് മനുഷ്യോൽപത്തിയെക്കുറിച്ച് പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ അവകാശമുണ്ടെന്ന് മാർപാപ്പാ വിലയിരുത്തി. എന്നാൽ മനുഷ്യാത്മാവ് ദൈവത്താൽ നേരിട്ട് സൃഷ്ടിക്കപ്പെട്ടതാണെന്നും എല്ലാ മനുഷ്യരും ആദത്തിൽനിന്നുത്ഭവിച്ചവരാണെന്നും വിശ്വസിക്കണമെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ, മനുഷ്യോല്പത്തിക്കുമുമ്പുണ്ടായിരുന്നവയിൽ നിന്നാണ് മനുഷ്യ ശരീരം ഉത്ഭവിച്ചത് എന്നു കരുതുന്നത് വിശ്വാസവിരുദ്ധമല്ലെന്ന് മാർപാപ്പ അംഗീകരിച്ചു.
4. 1996 ഒക്‌ടോബർ 22 ന് ശാസ്ത്രകാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയിൽ നടത്തിയ പ്രഭാഷണത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഒരുപടികൂടി കടന്ന് പരിണാമസിദ്ധാന്തം ആധുനിക ശാസ്ത്രമേഖലയിൽ വരുത്തിയ ഭാവാത്മക ചലനങ്ങളെ ശ്ലാഘിച്ചു. ആധുനിക ഗവേഷണങ്ങൾ പരിണാമസിദ്ധാന്തത്തിന്റെ പല നിഗമനങ്ങളും ശരിവയ്ക്കുന്നതായി മാർപാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ ദൈവസൃഷ്ടിയായ മനുഷ്യാത്മാ വ് പരിണാമത്തിലൂടെ രൂപംകൊണ്ടതാണെന്ന വാ ദത്തെ മാർപാപ്പ അസന്ദിഗ്ദ്ധമായി നിഷേധിച്ചു.
5. പരിണാമ സിദ്ധാന്തത്തിന്റെ 150-ാം വാർഷികം പ്രമാണിച്ച് ബനഡിക്ട് 16-ാമൻ മാർപാപ്പ 2009 മാർച്ചുമാസത്തിൽ അഞ്ചു ദിവസങ്ങൾ നീണ്ട ഒരു ശാസ്ത്ര സമ്മേളനം വിളിച്ചുകൂട്ടി. കത്തോലിക്കാ ദൈവശാസ്ത്രവും പരിണാമസിദ്ധാന്തവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ ഈ സമ്മേളനം സമ്യക്കായി വിലയിരുത്തി. പ്രപഞ്ചത്തിൽ ജീവൻ ഉത്ഭവിച്ചതും വളർന്നതും ക്രമാനുഗതമായാണ് (gradual) എന്ന ശാസ്ത്രനിഗമനത്തെ സഭ അംഗീകരിച്ചു. എന്നാൽ ഭൂമിയുടെ പഴക്കത്തെക്കുറിച്ചുള്ള ശാസ്ത്രനിഗമനങ്ങളും ഫോസിലുകളുടെ വെളിച്ചത്തിൽ നടത്തുന്ന അപൂർണ്ണമായ നിഗമനങ്ങളെയും കൂടുതൽ പഠനം ആവശ്യമുള്ളതിനാൽ അംഗീകരിക്കാൻ സഭ തയ്യാറായില്ല. ബനഡിക്ട് പതിനാറാമൻ പാപ്പാ രചിച്ച ഉല്പത്തിഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ (In the Beginning)  സൃഷ്ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. 2006 സെപ്തംബർ 3ന് പാപ്പായുടെ വേനൽക്കാല വസതിയിൽ ചേർന്ന സമ്മേളനത്തിന്റെ വിഷയം ‘സൃഷ്ടിയും പരിണാമവും’ എന്നതായിരുന്നു. പ്രസ്തുത സമ്മേളനത്തിൽ പാപ്പ നടത്തിയ പ്രസംഗം ഇത്തരുണത്തിൽ ഏറെ ശ്രദ്ധേയമാണ്. ശാസ്ത്ര നിഗമനങ്ങളെ സമ്പൂർണ്ണമായും നിരസിക്കുന്ന തീവ്രനിലപാടായ സൃഷ്ടിവാദം (Creationism)  ഒരുവശത്തും തെളിവുകളുടെ അപര്യാപ്തതകളെ സൗകര്യപൂർവ്വം വിസ്മരിക്കുകയും ശാസ്ത്രതത്വങ്ങൾക്കു വെളിയിലുള്ള സത്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പരിണാമസിദ്ധാന്തം മറുവശത്തും നിലകൊള്ളുന്ന വൈരുധ്യാത്മകതയായി മത-ശാസ്ത്ര നിഗമനങ്ങളെ വിലയിരുത്തുന്നത് ശരിയല്ല(Shopfung and Evolution). പരിണാമസിദ്ധാന്തത്തിൽ ശാസ്ത്രത്തിനു വെളിയിലുള്ള പലതാത്വിക നിഗമനങ്ങളും വിശ്വാസസംഹിതകളും ഉൾക്കൊള്ളുന്നതായും മാർപാപ്പാ ചൂണ്ടിക്കാട്ടി.മേൽ പ്രസ്താവിച്ച വസ്തുതകളിൽ നിന്ന് ചില അടിസ്ഥാന നിഗമനങ്ങളിൽ എത്തിച്ചേരാം.
> പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമല്ല. ശാസ്ത്രീയ തെളിവുകളേക്കാൾ താത്വികവും കാല്പനികവുമായ നിഗമനങ്ങളെയാണ് പരിണാമസിദ്ധാന്തം അവലംബമാക്കുന്നത്.
> മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട് എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാൽ മനുഷ്യാത്മാവ് ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടതാണ്.
> ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവിവരണം അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. സകലത്തിന്റെയും സ്രഷ്ടാവ് ദൈവമാണെന്നും മനുഷ്യന് സൃഷ്ടിയിൽ സമുന്നതസ്ഥാനമുണ്ടെന്നും ആദിമാതാപിതാക്കളുമായി സകല മനുഷ്യർക്കും ജനിതകബന്ധമുണ്ടെന്നുമുള്ള അടിസ്ഥാന സത്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഈ വചനഭാഗങ്ങളെ വ്യാഖ്യാനിക്കുന്നതാണ്.
> മതവും ശാസ്ത്രവും വിശ്വാസവും യുക്തിയും തമ്മിൽ വൈരുധ്യമുണ്ടെന്നുള്ള നിലപാട് തിരുത്തണം.
ഫാ. ജോസഫ് പാംബ്ലാനി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?