Follow Us On

29

November

2020

Sunday

ക്രിസ്തീയ ധാർമികത

ക്രിസ്തീയ  ധാർമികത

എവിടെയും എല്ലാവരും ഓമനിക്കുന്ന വിചാരമാണ് ധാർമികത. അങ്ങാടിയിലും മാധ്യമങ്ങളിലും നീതിപീഠങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയം. കൗതുകവും ഉത്സാഹവും ഒപ്പം ഭീതിയും ജനിപ്പിക്കുന്ന സംവാദം. ധാർമികതയുടെ മാർഗത്തിൽ ചരിക്കുക ശ്രമകരമാണ്. മനുഷ്യമനസിനെ ആകർഷിക്കുകയും ജീവിതത്തെ പോഷിപ്പിക്കുകയും പുഷ്പിക്കുകയും ഫലമണിയിക്കുകയും ചെയ്യുന്ന സുന്ദര ദർശനം. കാഴ്ചപ്പാടിൽനിന്നും ഉരുത്തിരിയുന്ന മനോഹരമാർഗവും ജീവിതവ്യവഹാരങ്ങളും ധാർമികതയുടെ അച്ചുതണ്ടിലാകണം. ധർമത്തിൽനിന്ന് ധാർമികത ചിറകു വിരിക്കുന്നു. ധർമത്തിന്റെ മൂലാർത്ഥം ഉദ്ധരിക്കുക, താങ്ങിനിർത്തുക, ഒന്നായി നിർത്തുക, കൂട്ടിയിണക്കുക, നിലനിർത്തുക എന്നാണ്. മനുഷ്യരെ താങ്ങിനിർത്തുന്ന, നിലനിർത്തുന്ന ചൈതന്യത്തെ ധാർമികതയായി കാണാം.
സത്യത്തിന്റെ സൗന്ദര്യം
വിശ്വാസികളെ താങ്ങിനിർത്തുകയും കോർത്തിണക്കുകയും ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് സത്യവും ജീവനും മാർഗവുമായ ഈശോമിശിഹായാണ്; അവിടുന്നിലുള്ള വിശ്വാസമാണ്. ഈശോയിൽ ഒന്നാകുമ്പോൾ മിശിഹാദർശനം വിശ്വാസികളുടെ മാർഗദീപമാകുന്നു. അതുവഴി മിശിഹായിൽ ചരിക്കുവാൻ, അവിടുത്തെപ്പോലെ വിചാരിക്കുവാൻ, വിചാരവിനിമയം ചെയ്യുവാൻ ജീവിതവഴികളിൽ പ്രകാശവും പ്രചോദനവും പ്രോത്സാഹനവും സംലഭ്യമാകുന്നു. ഈശോ ദർശനം മിശിഹായിൽ ദീപ്തമായ ജീവിതചര്യയിലേക്ക് നയിക്കുന്നു. മിശിഹാദർശനം – മിശിഹാനുഭവം – ക്രിസ്തീയ ധാർമികതയുടെ ആധാരവും ആദർശവുമാണ്. ‘അനുഭവം’ എന്ന സംജ്ഞ സൂചിപ്പിക്കുന്നതുപോലെ വിശ്വാസംവഴി വിശുദ്ധരായിത്തീരുന്ന പ്രക്രിയയാണ്; രൂപാന്തരീകരണമാണ് ധാർമികത. ഈശോമിശിഹായിലേക്ക് രൂപാന്തരീകരിക്കുവാനുള്ള മാർഗമാണ് ക്രിസ്തീയ ധാർമികത. ധാർമികതയെ വിശകലനം ചെയ്യുന്ന സാർവത്രികസഭയുടെ വേദോപദേശത്തിന്റെ മൂന്നാം ഭാഗത്തിന് ‘മിശിഹായിലുള്ള ജീവിതം’ എന്ന ശീർഷകമാണ് കൊടുത്തിരിക്കുന്നത്.
‘സത്യത്തിന്റെ സൗന്ദര്യ’മെന്ന ചാക്രികലേഖനത്തിൽ ജോൺ പോൾ മാർപാപ്പ ധാർമികചോദ്യങ്ങളുടെ ഉത്തരത്തിനായി മിശിഹായിലേക്ക് തിരിയുവിൻ എന്ന ആഹ്വാനവും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ മിശിഹാരഹസ്യവുമായുള്ള സജീവ ബന്ധത്തിലൂടെ ധാർമിക ശാസ്ത്രത്തെ നവീകരിക്കുവാനുള്ള പ്രബോധനവും കൂട്ടിവായിക്കുമ്പോൾ ക്രിസ്തീയ ധാർമികതയുടെ പൊരുൾ ഈശോമിശിഹായിലുള്ള ജീവിതമാണെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. ഈശോമിശിഹായിൽ അധിഷ്ഠിതമായ ക്രൈസ്തവ ധാർമികതയെ സമീപിക്കുമ്പോൾ വിവിധങ്ങളായ മുഖഭാവങ്ങൾ ശ്രദ്ധേയമാകുന്നു.
ക്രിസ്തീയ ധാർമികത ഈശോയുടെ ജീവിതത്തിൽ വേരൂന്നിയും മിശിഹാരഹസ്യത്തിൽനിന്നും ഉടലെടുക്കുന്ന മിശിഹായിൽ സംലഭ്യമായ നവജീവിതത്തെ ആസ്പദമാക്കിയുള്ള ജീവന്റെ ആഘോഷമാണ്. ഈശോയിലുള്ള വിശ്വാസത്തിലൂടെ – മാമോദീസയിലൂടെ – സംജാതമാകുന്ന നവമായ അസ്തിത്വത്തെ അവതരിപ്പിക്കുന്നു. മിശിഹായിലുള്ള പുതുജീവന്റെ മാർഗമാണിത്. മരണത്തിലൂടെ ജീവനിലേക്ക് പ്രവേശിച്ച പെസഹാ പ്രയാണമാണത്. മരണോത്ഥാന രഹസ്യത്തിന്റെ പ്രകാശനമാണ്. സത്യത്തിന്, നന്മയ്ക്ക്, സൗന്ദര്യത്തിനുള്ള ആമേൻ ചൊല്ലുന്നതാണത്. പിതാവായ ദൈവത്തിന്റെ ഇഷ്ടം ആരായുകയും അതിനനുസരിച്ച് ആചരിക്കുകയും ചെയ്ത നമ്മുടെ കർത്താവായ ഈശോമിശിഹായിലും മിശിഹായെപ്പോലെയുമുള്ള, അവിടുത്തെ പ്രബോധനത്തിനനുസൃതമായുള്ള ദിനചര്യയും ജീവിതശൈലിയുമാണ് ക്രിസ്തീയ ധാർമികതകൊണ്ട് വിവക്ഷിക്കുന്നത്. ഗോതമ്പുമണി നിലത്ത് വീണഴിഞ്ഞ് സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതുപോലെ പുതിയ മനുഷ്യരാകാനുള്ള വിളിയാണ് ക്രൈസ്തവ ധാർമികതയുടെ സ്വരൂപം. ഈശോയുടെ മനോഭാവം – ദൈവമഹത്വത്തിനായ്, ലോകരക്ഷയ്ക്കായ് – സ്വയം ശൂന്യവത്ക്കരിക്കുന്ന കർമപദ്ധതിയാണ് ക്രിസ്തീയ ധാർമികതയുടെ കാതൽ. ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന – സേവക സമാനമായ – ശുശ്രൂഷയുടെ ചക്രവാളമാണ് ധാർമികതയുടെ അടിസ്ഥാനം. ചുരുക്കി പറഞ്ഞാൽ, മിശിഹായിലും ഈശോയെപോലെയുമുള്ള ജീവിതചര്യയാണ് – ജീവന്റെ ആഘോഷമാണ് – ക്രിസ്തീയ ധാർമികതയുടെ മർമം.
പൗലോസ് ശ്ലീഹായുടെ പ്രബോധനത്തിൽ വേരൂന്നിയ പുതിയ സൃഷ്ടിയുടെ മഹോന്നത ദർശനത്തിന്റെ സുന്ദരസാക്ഷ്യമാണ് മിശിഹായിലുള്ള ധാർമികത. മിശിഹായിൽ ആയിരിക്കുന്നതും അവിടുന്നിൽ ചരിക്കുന്നതുമായ ധാർമികതയാണത്; ആയിത്തീരുന്ന സംഭവബഹുലമായ തീർത്ഥയാത്രയാണത്. യഥാമിശിഹാ, തഥാ മിശിഹാനുയായി. ഇതാണതിന്റെ സാരം.
കാരുണ്യം
ക്രിസ്തീയ ധാർമികതയുടെ അവിഭാജ്യ ഘടകമാണ് മിശിഹായിലുള്ളതും അവിടുത്തെ അഭിലാഷത്തിനനുസൃതവുമായ സന്തോഷം അല്ലെങ്കിൽ ആനന്ദം. യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ ശിഷ്യരോട് അരുൾചെയ്യുന്ന വചനം അതു വ്യക്തമാക്കുന്നുണ്ട്. ”ഇത് ഞാൻ നിങ്ങളോട് പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളുവാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്” (യോഹ. 15:11). ക്രിസ്തീയ ധാർമികത ദൈവിക ആനന്ദത്തിൽനിന്ന് ഉത്ഭൂതമാകുന്നതും അതിലുള്ള പൂർണതയുടെ പ്രവാഹവുമാണ്. പലപ്പോഴും ധാർമികതയെ ചിത്രീകരിക്കുന്നത് നിയന്ത്രണങ്ങളുടെയും വിലക്കുകളുടെയും നിഷേധാത്മകമായ പ്രതിപാദനമായാണ്. നിയന്ത്രണങ്ങളും ചിട്ടപ്പെടുത്തലുകളും വളയങ്ങളും ധാർമികതയുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് സംശയമില്ല. പക്ഷേ, അവയെല്ലാം ആനന്ദത്തിലും ആനന്ദത്തിനുമായുള്ള ആത്മാർത്ഥവും സ്വതന്ത്രവുമായ അഭ്യാസങ്ങളായി മനസിലാക്കാം. ഈശോ ലോകത്തിന് സമ്മാനിച്ച ആനന്ദം ഒളിമങ്ങാതെ ജീവിതയാത്രയിൽ അനുഭവിക്കുവാനും അവതരിപ്പിക്കുവാനുമുള്ള സൗഭാഗ്യമാണ് ക്രിസ്തീയ ധാർമികത. കുരിശിലെ വേദനയുടെ നെടുവീർപ്പിലും ദൈവേഷ്ടത്തിന് ആത്മാർത്ഥമായി ആനന്ദത്തോടെ ആമേൻ പറയുന്ന മനോഹര സമർപ്പണമാണ് ക്രിസ്തീയ ധാർമികതയുടെ വേദവാക്യം. ‘സുവിശേഷത്തിന്റെ സന്തോഷ’മെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പഠനത്തിൽ അന്തർലീനമായിരിക്കുന്ന ചൈതന്യവും വേറൊന്നല്ല.
ക്രിസ്തീയ ധാർമികതയുടെ പ്രായോഗികവും ആകർഷകവുമായ ചിത്രം ഈശോയുടെ കാരുണ്യമാണ്. ‘അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ” (മത്താ. 5:48). ഈ പൂർണതയുടെ അർത്ഥവും വ്യാപ്തിയും വ്യക്തമാക്കുന്നത് അതിനുമുമ്പുള്ള ഉപമയിലൂടെയാണ്. ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന പിതാവിന്റെ വ്യവസ്ഥകൾ ഇല്ലാത്ത കാരുണ്യമാണ് മിശിഹാനുയായികൾക്കുള്ള മാർഗരേഖ. അതുകൊണ്ട് ലൂക്കാ സുവിശേഷകൻ ”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” എന്ന് ഉദ്‌ബോധിപ്പിക്കുന്നു. ഈശോയുടെ ജീവിതദർശനവും മാതൃകയും ഓരോ ക്രിസ്ത്യാനിയുടെയും കർമപഥമാണ്.
കാരുണ്യത്തിന്റെ ജീവിക്കുന്ന ഭവനങ്ങളും ശുശ്രൂഷാസാന്നിധ്യവുമാകാനുള്ള ആഹ്വാനമാണ് ക്രിസ്തീയ ധാർമികതയുടെ മുഖമുദ്ര. കർത്താവ് കാരുണ്യവാനാണ്, അവിടുന്നിൽ കാരുണ്യനിർഝരിയുണ്ട്. കാരുണ്യത്തിന്റെ തീരങ്ങളിൽനിന്നും ആവോളം നുകർന്നു സമൃദ്ധമായി പകരുവാനുള്ള ദൈവികപദ്ധതിയാണ് ആ ധാർമികതയുടെ മൂർത്തരൂപം. യഥാ കാരുണ്യം, തഥാ കർമപഥം. കർത്താവിന്റെ കാരുണ്യത്തിന്റെ മുഖമെന്ന പ്രബോധനത്തിൽ നിഴലിക്കുന്ന ചിന്താധാരയും ദിവ്യകാരുണ്യ പ്രചോദിതമായ ധാർമികതയാണ്. അതാണ് ക്രിസ്തീയ ധാർമികതയുടെ മുഖമുദ്രയും.
ഈശോമിശിഹായിലുള്ള ജീവിതത്തിലും അവിടുത്തെ മനോഭാവത്തിലും ഇഴകിച്ചേർന്നു മനഃസാക്ഷിയുടെ നിയന്ത്രണത്തിനനുസൃതമായി തിരുഹിതം നിറവേറ്റണം. അപ്പോഴാണ് ജീവന്റെ സമൃദ്ധി കൊണ്ടാടാനാകുക. ജീവിത യാഥാർത്ഥ്യങ്ങളുടെ നടുവിൽ അത് പ്രതിഫലിക്കണം. ഈശോയുടെ മാർഗത്തെ – കാരുണ്യത്തെ – അവതരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ് ക്രിസ്തീയ ധാർമികത.
മിശിഹായുടെ കാരുണ്യത്തിന്റെ നീരുറവയായി, ആനന്ദത്തിന്റെ നറുമലരായി, സൗരഭ്യം പരത്തി ലോകത്തിന് സമാധാനവും പ്രത്യാശയും നൽകുന്ന സുവിശേഷസാക്ഷ്യമാണ് ക്രിസ്തീയ ധാർമികതയുടെ അടിസ്ഥാനം.
പോളച്ചൻ കോച്ചാപ്പിള്ളി CMI
 
 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?