Follow Us On

23

November

2020

Monday

മക്കളേ, ജപമാല ഒരിക്കലും കൈവിടരുത്

മക്കളേ, ജപമാല ഒരിക്കലും കൈവിടരുത്

? മാതാവിനോടുള്ള ഭക്തി കുറെക്കൂടി തീവ്രമാക്കാനുള്ള നിർദേശങ്ങൾ.
മാതൃഭക്തി കുടുംബത്തിൽ നിന്നുതന്നെയാണ് ഉണ്ടാകേണ്ടത്. മാതാപിതാക്കളുടെ പ്രാർത്ഥനയിലൂടെയും മാതൃകയിലൂടെയുമാണ് കുട്ടികളിലേക്ക് വിന്യസിക്കേണ്ടത്. വീടുകളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്തിയോടും തീക്ഷ്ണതയോടും കൂടി ജപമാല ചൊല്ലണം. ഇന്നത്തെ കാലത്ത് തിരക്കിന്റെ പേര് പറഞ്ഞ് പ്രാർത്ഥന ഒഴിവാക്കുകയാണ്. പ്രത്യേകിച്ച് കൊന്ത നമസ്‌കാരം. ടിവിയുടെയും കുടുംബകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെയും ഒഴിവുസമയങ്ങളിൽ അധരവ്യായാമമായി കൊന്ത അവസാനിക്കാറുണ്ട്. ജപമാലയിൽ ഉച്ചരിക്കുന്ന വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെയാണ് പലരും ചൊല്ലുന്നത്.
ഒക്ടോബർ മാസം മാത്രമല്ല എല്ലാ ദിവസവും കൊന്ത ചൊല്ലുന്ന ശീലം ദേവാലയങ്ങളിൽ ഉണ്ടാക്കിയെടുക്കുക. മതബോധനക്ലാസുകളിൽ ജപമാലയുടെ പ്രാധാന്യവും ജപമാല ഉണ്ടാകാനുണ്ടായ കാരണവും വിവിധ കാലഘട്ടങ്ങളിൽ മാതാവ് പ്രത്യക്ഷപ്പെട്ട് ജപമാലയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കി കൊടുക്കുക. ഓരോ പ്രതിസന്ധി ഘട്ടത്തിലും ജപമാല എങ്ങനെ അനുഭവപ്രദമായി എന്ന് പരിചയപ്പെടുത്തിക്കൊടുക്കുക. ക്രിസ്തുവിന്റെ ജീവിതത്തിൽ, സഭയുടെ വളർച്ചയിൽ മാതാവിനുണ്ടായിരുന്ന സ്ഥാനവും വിശദീകരിക്കണം.
? ജപമാല പ്രാർത്ഥനയിൽ നിന്നും പിന്തിരിയുന്ന യുവജനങ്ങളോട് എന്താണ് പറയാനുള്ളത്.
യുവജനങ്ങൾ ജപമാലപ്രാർത്ഥന ആവർത്തനവിരസമെന്ന് പറയുന്നു. എന്നാൽ ‘നന്മ നിറഞ്ഞ മറിയവും’ ‘സ്വർഗസ്ഥനായ പിതാവേ’ തുടങ്ങിയ പ്രാർത്ഥനകളും ആവർത്തിച്ച് ചൊല്ലുന്നതിന്റെ കാരണം അവരെ ബോധ്യപ്പെടുത്തണം. പലർക്കും പ്രാർത്ഥനയുടെ പ്രാധാന്യം ചെറുപ്പത്തിലേ ലഭിച്ചിട്ടില്ല. ഇന്ന് കാണുന്ന ഈ ഭൗതികസൗകര്യങ്ങൾക്ക് അപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് അവരറിയണം. ഭൗതിക ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ മാത്രം ദൈവത്തെ വിളിക്കുന്ന സ്ഥിതിവിശേഷം നിർത്തുക. ജപമാലയുടെ ശക്തി ലോകത്തെ മാറ്റിമറിക്കുവാൻ കഴിയുന്നതാണെന്ന് ഉദാഹരണസഹിതം യുവജനങ്ങളെ ബോധ്യപ്പെടുത്തുക.
? മാതാവ് കൃപ നൽകുന്നവളാണ് എന്ന് ഉദാഹരിക്കുന്നതിനുള്ള അനുഭവം.
കൃപനിറഞ്ഞവളാണ് എന്ന് ഗബ്രിയേൽ ദൈവദൂതനിലൂടെ പിതാവായ ദൈവം സംസാരിച്ചതുതന്നെ വിശുദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു. മാതാവ് കൃപനിറഞ്ഞവളായതുകൊണ്ടാണ് കാലിത്തൊഴുത്തുമുതൽ കാൽവരിവരെ ക്രിസ്തുവിനെ അനുധാവനം ചെയ്യാൻ കഴിഞ്ഞത്. കൃപയുണ്ടായിരുന്നത് കൊണ്ടാണ് മാതാവിന് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് ഉണ്ടായത്. കഴിവുകളെ കൃപകളാക്കി മാറ്റണം. എങ്കിലേ വിശുദ്ധിയിൽ ജീവിക്കാൻ കഴിയൂ. യേശു മാതാവിന്റെ ഉദരത്തിൽ ജനിച്ചതുതന്നെ നന്മ നിറഞ്ഞവളായതുകൊണ്ടാണ്.
എന്റെ ഒരു അനുഭവം പറയാം. ഒരു ദിവസം ഡോക്ടറുടെ അടുത്തുപോയിട്ട് തിരികെ വീട്ടിൽ വന്നപ്പോൾ വീട്ടിലുള്ള ചാപ്പലിൽ ധാരാളം ആൾക്കാർ പ്രാർത്ഥിക്കുന്നത് കണ്ടു. അതിൽ പുറകിലത്തെ സീറ്റിൽ പാൻറ്‌സും ഷർട്ടും ഇട്ട് ഇരുന്ന ഒരാൾ എഴുന്നേറ്റ് വന്നു. അദ്ദേഹത്തിന്റെ പ്രകൃതത്തിൽ വൈദികനാണെന്ന് മനസ്സിലായപ്പോൾ സ്തുതിചൊല്ലി. അപ്പോൾ അദ്ദേഹം പറഞ്ഞു.
രണ്ടുദിവസം കൂടിയേ ഉണ്ടാകുകയുള്ളൂ അതുകഴിഞ്ഞാൽ ഞാനും ഒരു അല്മായനാകും. ഇതുകേട്ടപ്പോൾ വിഷമം തോന്നി. സഭയിൽ ഒരു അഭിഷിക്തനെക്കൂടി നഷ്ടപ്പെടാൻ പോകുന്നു എന്നായിരുന്നു എന്റെ ചിന്ത. തീരെ സുഖമില്ലെങ്കിലും അച്ചനോട് ഒന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, സംസാരിക്കാൻ അദ്ദേഹം ഒട്ടും താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് സംസാരിച്ചു. ഒടുവിൽ അച്ചനോട് പറഞ്ഞു. സഭാവസ്ത്രം വേണ്ടെന്നുവെക്കണമെങ്കിൽ അങ്ങനെ ചെയ്‌തോ. പക്ഷേ ഒരു വ്യക്തിയോട് ചോദിച്ചിട്ട് മതി അത്. അതിന് അച്ചൻ തയ്യാറായി. ആ വ്യക്തിയാരെന്നറിയാൻ അദ്ദേഹം ഫോൺനമ്പർ ചോദിച്ചു. 53 അക്കങ്ങളുള്ളതുകൊണ്ട് കുറിച്ചെടുക്കാൻ പറ്റില്ല.
നമ്മുക്കൊരുമിച്ച് വിളിക്കാം എന്ന് പറഞ്ഞ് അച്ചനെയും കൂട്ടി 53 മണി ജപമാല ചൊല്ലി. ധ്യാനത്തോടും സങ്കടത്തോടും കൂടി ചെയ്ത ആ ജപമാലയിൽ അച്ചന്റെ വിഷമങ്ങളും നിയോഗങ്ങളും മാതാവിന് സമർപ്പിച്ചു. അതിനുശേഷം അച്ചൻ തന്റെ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു. അതിൽ അച്ചൻ ബിഷപ്പിന് കൊടുക്കുവാനുള്ള രാജിക്കത്തായിരുന്നു. ഞങ്ങൾ മാതാവിന്റെ രൂപത്തിനുമുമ്പിൽ മുന്നിൽവച്ച് അത് കീറിക്കളഞ്ഞു. ഇന്ന് ആ വൈദികൻ ഏറെ തീക്ഷ്ണതയോടും ചുറുചുറുക്കോടും തന്റെ ശുശ്രൂഷകൾ നടത്തുന്നു.
മറ്റൊന്ന് ജപമാല കഴുത്തിൽ അണിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് അത് വിഫലമായി. മാത്രമല്ല, അവന്റെ കഴുത്തിൽ കിടക്കുന്ന ജപമാലയാണ് അതിന് കാരണം എന്ന ബോധ്യത്തിൽ അവന് അത് ഊരാൻ കഴിയാതെ എന്റെ അടുത്തുവന്നു. അയാളോടും വിവരങ്ങൾ ആരാഞ്ഞ് അയാളെ സമർപ്പിച്ച് കൊന്ത ചൊല്ലി, ആത്മഹത്യചെയ്യാനുള്ള തീരുമാനത്തിൽ നിന്നും അവൻ പിന്മാറി. ഇങ്ങനെ നിരവധിയായ സംഭവങ്ങൾ ഉണ്ട്. മാതാവ് കൃപ നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാനായിലെ കല്യാണം.
? വണക്കമാസപ്രാർത്ഥന, ഉത്തരീയം, മാതൃസ്തുതി ഗീതങ്ങൾ ഇവയൊക്ക പുതിയ തലമുറയ്ക്ക് അജ്ഞാതമായിരിക്കുന്നു
ശരിയാണ്. വണക്കമാസപ്രാർത്ഥനകൾ ഇന്ന് കുടുംബങ്ങളിലും ദേവാലയങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വണക്കമാസപ്രാർത്ഥനകൾ ആഘോഷമായി നടത്തുകയും അതിന്റെ പ്രാധാന്യം കുഞ്ഞുമനസ്സുകളിലേക്ക് പകർന്നുകൊടുക്കുകയും അവരെക്കൊണ്ട് ചെയ്യിക്കുകയുമാണ് വേണ്ടത്. ഇന്നത്തെ കുട്ടികൾ വണക്കമാസത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. അതിന്റെ കാരണക്കാർ മാതാപിതാക്കളല്ലാതെ മറ്റാരാണ്
ഉത്തരീയം മാതൃഭക്തിയുടെ ഭാഗമാണ്. നിത്യരക്ഷയുടെ അച്ചാരമാണ്. അത് ധരിച്ച് മരിക്കുന്നവർ സ്വർഗത്തിനവകാശികളായി തീരും. ഉത്തരീയം ധരിക്കുന്നവർ വിശുദ്ധിയിൽ ജീവിക്കുവാൻ നിർബന്ധിതരാകുന്നു. ജപമാലയും ഉത്തരീയവും ക്രിസ്തുവിശ്വാസിയുടെ രണ്ട് ആയുധങ്ങളാണ്. അവ ധരിച്ചവർ മറ്റ് ലൗകികമായ പ്രലോഭനങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യതയില്ല. ആ ബോധ്യം കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കണം. മാതാപിതാക്കളും മതാധ്യാപകരും അതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കണം. വിവാഹത്തിന് മുമ്പുള്ള പ്രീ കാന കോഴ്‌സുകളിൽ ഉത്തരീയം, ജപമാല, മാതൃഭക്തി എന്നിവയുടെ പ്രാധാന്യം ഉൾപ്പെടുത്തണം.
ജപമാല ഇന്ന് ഗാനരൂപത്തിൽ ആകുമ്പോൾ ഭക്തി നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ ചില ഗാനങ്ങൾ നാം ചൊല്ലുന്ന പ്രാർത്ഥന പൂർണമായി ഉൾക്കൊള്ളുന്നില്ല. അവ വിവേചിച്ച് അറിയുകയും ആവശ്യമായ നിർദേശങ്ങൾ സഭാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും വേണം. കൂടാതെ പ്രാർത്ഥനയോടൊപ്പം കുടുംബങ്ങളിൽ സുകൃതജപം ചൊല്ലുന്ന പതിവും തീരെയില്ലാതായി.
മിഷൻ ലീഗ് പോലെയുള്ള സംഘടനകൾ ഇത് നിർദേശിക്കുന്നുണ്ടെങ്കിലും കുട്ടികൾ എത്രമാത്രം ചെയ്യുന്നു എന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. സന്ധ്യാപ്രാർത്ഥനയിൽ എല്ലാവരും ചേർന്ന് സുകൃതജപം ചൊല്ലുക. ഈ ലോകത്തിലെ ഭൗതികസുഖങ്ങളെക്കുറിച്ച് മാത്രമേ നാം ചിന്തിക്കുന്നുള്ളൂ. അതിനപ്പുറത്ത് നിത്യമായ ഒരു ലോകം ഉണ്ടെന്ന് ചിന്തിച്ചാൽ പ്രാർത്ഥിക്കുവാൻ എല്ലാവർക്കും സമയമുണ്ടാകും.
റാണി ജോൺ: 20 വർഷമായി വചനശുശ്രൂഷയും പ്രാർത്ഥനാശുശ്രൂഷയും നടത്തുന്നു. 33 മരിയൻ ധ്യാനങ്ങൾ നടത്തി. 25 തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. നിരന്തരമായി ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭർത്താവ് ജോൺ (വിനു). മകൾ: സ്‌നേഹ.

1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

  • Lissy Abraham
    May 15, 2016, 4:54 am

    എന്തുനല്ലമ്മ എന്നുടെയമ്മ എനിക്കും ഈശോയ്ക്കും ഒരേയമ്മ

    REPLY

Latest Postss

Don’t want to skip an update or a post?