Follow Us On

19

April

2024

Friday

ഏപ്രിൽ 10: വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ്

ഏപ്രിൽ 10: വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ്

1591ൽ സ്‌പെയിനിലെ കാറ്റലോണിയയിലാണ് വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോൾ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താൻ ഒരു സന്യാസിയാകുവാൻ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ വലിയ തോതിൽതന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കൽ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, അസാധാരണമായ ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധൻ തുടർന്നിരുന്നത്.
1603ൽ അദ്ദേഹം ബാഴ്‌സിലോണയിലെ ട്രിനിറ്റാരിയൻ ഫ്രിയാർസ് സഭയിൽ ചേരുകയും, 1607ൽ സർഗോസയിലെ വിശുദ്ധ ലാംബെർട്ടിന്റെ ആശ്രമത്തിൽ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു.  സെവില്ലേയിലും, സലാമാൻകായിലുമായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ, പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, രണ്ടു പ്രാവശ്യം വല്ലഡോളിഡിലെ ആശ്രമത്തിലെ സുപ്പീരിയർ ആയി സേവനം ചെയ്യുകയും ചെയ്തു.
വിശുദ്ധ കുർബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും, വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന വേളയിൽ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണർവ് മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മൈക്കലിനെ പരിഗണിച്ചിരുന്നത്. 1625 ഏപ്രിൽ 10 ന് തന്റെ 35മത്തെ വയസ്സിൽ വിശുദ്ധൻ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു. 1862ൽ പിയൂസ് ഒമ്പതാമൻ പാപ്പാ മൈക്കൽ ഡി സാൻക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ പേരിൽ നിരവധി ആത്ഭുതങ്ങൾ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.
റോമൻ രക്തസാക്ഷി പട്ടികയിൽ വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസിനെ ‘അസാമാന്യമായ നിഷ്‌കളങ്ക ജീവിതത്തിന്റെ ഉടമ, അതിശയിപ്പിക്കുന്ന അനുതാപി, ദൈവസ്‌നേഹത്തിൻറെ ഉദാത്ത മാതൃക’ എന്നാണു പരമർശിച്ചിട്ടുള്ളത്. അപാരമായ വിശുദ്ധിയോട് കൂടിയ ജീവിതം നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിന്നു അദ്ദേഹമെന്ന കാര്യം വിശുദ്ധൻറെ ജീവിതത്തിലെ ആദ്യകാലങ്ങളിൽ തന്നെ മനസ്സിലാക്കാവുന്നതാണ്.
ദൈവത്തോടുള്ള തന്റെ സ്‌നേഹത്തേയോ, തന്റെ ദൈവനിയോഗത്തേയോ പ്രതി വിശുദ്ധൻ ഒരിക്കലും ചഞ്ചലചിത്തനായിരുന്നില്ല. നമ്മുടെ യുവജനത ഒരു മാർഗ്ഗദർശിത്വത്തിനായി ഉഴറുന്ന ഈ ലോകത്ത്, വിശുദ്ധ മൈക്കൽ, യുവാക്കൾക്കും, പ്രായമായവർക്കും ഒരുപോലെ അനുകരണത്തിനും, പ്രാർത്ഥനക്കും പറ്റിയ ഏറ്റവും ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?