Follow Us On

07

May

2021

Friday

ഏപ്രിൽ 14: വിശുദ്ധരായ ടിബുർട്ടിയൂസും, വലേരിയനും, മാക്‌സിമസും

ഏപ്രിൽ 14: വിശുദ്ധരായ ടിബുർട്ടിയൂസും, വലേരിയനും, മാക്‌സിമസും

ആദ്ധ്യാത്മികതയ്ക്കു ജീവിതത്തിൽഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തൻറെ വിവാഹ ദിനമായപ്പോൾ അതിഥികളിൽ നിന്നും ബന്ധുക്കളിൽ നിന്നും മാറി സ്വകാര്യതയിൽ ഇരുന്നു കൊണ്ട് പ്രാർത്ഥനയിൽ മുഴുകി. വിവാഹചടങ്ങിനു ശേഷം അതിഥികൾ പോയി കഴിഞ്ഞപ്പോൾ, താൻ പ്രേമിക്കുന്ന ഒരാൾ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാൽ കന്യകയായി തന്നെ തുടരുവാനാണ് തന്റെ അഭിലാഷമെന്നും തന്റെ ഭർത്താവായിരുന്ന വലേരിയനെ, അവൾ ധരിപ്പിച്ചു. സംശയവും, ഭയവും, ദേഷ്യവും കൊണ്ട് പരിഭ്രാന്തനായ വലേരിയൻ അവളോടു പറഞ്ഞു: ‘നീ പറഞ്ഞ മാലാഖയെ എനിക്ക് കാണിച്ചുതരിക, അവൻ ദൈവത്തിൽ നിന്നാണെങ്കിൽ ഞാൻ ഉറപ്പായും നിന്റെ ആഗ്രഹത്തിനു സമ്മതിക്കാം, അതല്ല അവനൊരു മനുഷ്യ കാമുകനാണെങ്കിൽ നിങ്ങൾ രണ്ടുപേരും ഉറപ്പായും മരിക്കും.’
സിസിലിയയുടെ മറുപടി ഇപ്രകാരമായിരിന്നു, ‘ജീവിച്ചിരിക്കുന്നവനുമായ ഏകദൈവത്തിൽ വിശ്വസിക്കുകയും, മാമോദീസ വെള്ളം നിന്റെ തലയിൽ വീഴുകയും ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നീ ആ മാലാഖയെ കാണും’, വലേരിയൻ അതിനു സമ്മതിക്കുകയും മതപീഡന കാലമായിരുന്നതിനാൽ തന്റെ ഭാര്യയുടെ നിർദ്ദേശമനുസരിച്ച്, രക്തസാക്ഷികളുടെ കല്ലറകളിൽ ഒളിവിൽ പാർത്തിരുന്ന ഉർബൻ എന്ന് പേരായ മെത്രാനെ അന്വോഷിച്ചു പോകുകയും ചെയ്തു. തുടർന്ന് വലേരിയൻ വിശ്വാസമാർഗ്ഗം സ്വീകരിക്കുകയും മെത്രാൻ അദ്ദേഹത്തെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു.
യുവാവായ വലേരിയൻ തിരികെ എത്തിയപ്പോൾ തന്റെ ഭാര്യയായ സെസിലിയായുടെ സമീപം ജ്വലിക്കുന്ന ചിറകുകളുമായി ഒരു മാലാഖ നിൽക്കുന്നതായി കണ്ടു. ആ മാലാഖ റോസാപുഷ്പങ്ങളും, ലില്ലിപുഷ്പങ്ങളും കൊണ്ടുള്ള മാല അവരുടെ ശിരസ്സിൽ അണിയിച്ചു. വലേരിയന്റെ സഹോദരനായിരുന്ന ടിബുർട്ടിയൂസും മാമോദീസയിലൂടെ ക്രിസ്തുവിൻറെ അനുയായി ആയി മാറി; ജ്ഞാനസ്‌നാന സ്വീകരണത്തിനു ശേഷം അദേഹവും നിരവധി അത്ഭുതങ്ങൾ ദർശിക്കുവാനിടയായിട്ടുണ്ട്. ക്രിസ്തീയസമൂഹത്തിനു വേണ്ടി ധാരാളം പ്രവർത്തികൾ ചെയ്യുവാൻ വലേരിയനും, ടിബുർട്ടിയൂസും തങ്ങളുടെ ജീവിതം പൂർണ്ണമായും സമർപ്പിച്ചു. മുഖ്യനായിരുന്ന അൽമാച്ചിയൂസിന്റെ ഉത്തരവിനാൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ, യഥാവിധി അടക്കം ചെയ്യുന്നത് തങ്ങളുടെ പ്രത്യേക ഉത്തരവാദിത്വമായി അവർ കരുതി.
ഇതിനിടെ ജൂപ്പീറ്ററിനു വിഗ്രഹാരാധന നടത്താൻ വിസമ്മതിച്ചതിനാൽ ഈ രണ്ടു സഹോദരൻമാരേയും ഭരണാധികാരി വധശിക്ഷക്ക് വിധിച്ചു. അവരുടെ വധശിക്ഷയുടെ മേൽനോട്ടം മാക്‌സിമസ് എന്ന് പേരായ റോമൻ ഉദ്യോഗസ്ഥനായിരുന്നു. അവരുടെ അവസാന മണിക്കൂറിൽ മാക്‌സിമസിനുണ്ടായ ഒരു ദർശനം നിമിത്തം, മാക്‌സിമസ് മാൻസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി മാറി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം വെളിപ്പെടുത്തിയ മാക്‌സിമസും രക്തസാക്ഷിയാവുകയാണ് ഉണ്ടായത്. ദു:ഖാർത്തയായ സെസിലിയായായിരുന്നു ഈ മൂന്നുപേരേയും അടക്കം ചെയതത്, അധികം വൈകാതെ തന്നെ അവളും ധീര രക്തസാക്ഷിത്വം വഹിച്ചു സ്വർഗ്ഗം പുൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?