Follow Us On

23

November

2020

Monday

അമ്മ എന്റെ പ്രിയപ്പെട്ട അമ്മ

അമ്മ എന്റെ പ്രിയപ്പെട്ട അമ്മ

എന്റേത് ഒരു കടലോരഗ്രാമമാണ്. തീരത്ത് ആകാശങ്ങളിലേക്കു കരങ്ങൾ കൂപ്പി നില്ക്കുന്ന ദേവാലയം. ദേവാലയത്തിലെ മുഖപ്രതിഷ്ഠ മറിയത്തിന്റേതാണ്. ബാല്യത്തിന്റെ കൊച്ചുദു:ഖങ്ങൾ മെഴുകുതിരികളായി എരിഞ്ഞുകത്തിയത് സൗമ്യദീപ്തമായ അവളുടെ രൂപത്തിനു മുമ്പിലാണ്. അന്തിയിൽ ചില്ലുജാലകത്തിലൂടെ പതിക്കുന്ന പോക്കുവെയിലിന്റെ പൊന്നിൽ പുഞ്ചിരിക്കുന്ന മറിയത്തിന്റെ തേജസുറ്റ മുഖം, ജീവിതം സമ്മാനിച്ച കൈവിരലിലെണ്ണാവുന്ന സ്വപ്നസദൃശ്യമായ ദൃശ്യങ്ങളിലൊന്നാണ്. തീരത്തിനു മുഴുവൻ ഉത്സവമായി മാറുന്ന തിരുനാൾ സന്ധ്യയിൽ അവളുടെ രൂപം തീരത്തിലേക്കെടുക്കപ്പെടുന്നു. കടലിനെയവൾ കനിവോടെ നോക്കുന്നു. എന്റെയീ മക്കളെ വേദനിപ്പിക്കരുതെന്നയൊരു ശാസനയുമപ്പോൾ ആ മിഴികളിൽ ഉണ്ടായിരിക്കാം. എന്റെ കുഞ്ഞുമനസ്സിനെ വിസ്മയിപ്പിച്ചത് മറ്റൊന്നാണ്. ഗ്രാമീണതയുടെ പരുക്കൻ ഭാവങ്ങളണിഞ്ഞ കരുത്തരായ പുരുഷന്മാർ തണ്ടു വലിച്ച് തഴമ്പിച്ച കൈകൾ നെഞ്ചത്തടിച്ച് കണ്ണീരോടെ ഉറക്കെ തേങ്ങുന്നത്, അമ്മേയമ്മേയെന്നു വിലപിക്കുന്നത്…ജീവിതത്തിന്റെയിത്തരം മൃദുലതലങ്ങൾ ഇവരിത്രയുംനാൾ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്…?അമ്മേയെന്നു വിളിച്ചു കൊതിതീരാത്ത ഒരു കുട്ടി എല്ലാവരിലുമുണ്ട്. അമ്മയുടെ കൈവിട്ടുപോയ ഒരു കുഞ്ഞ് അമ്മയെ തിരക്കുകയാണ്.
എല്ലാം പൂർത്തിയായെന്ന് മൊഴി മുഴങ്ങുംമുമ്പ് കുരിശിൽ തറയ്ക്കപ്പെട്ട ഗുരുവിന് ചില കടങ്ങൾ വീട്ടാനുണ്ടായിരുന്നു. ദൂരെ മാറി നെഞ്ചിൽ കനലോടെ നിൽക്കുന്നയൊറ്റപ്പെട്ട അനാഥനായൊരു മുതിർന്നകുട്ടി. വ്യാകുലസമുദ്രത്തിൽ പ്രത്യാശയുടെ യാനപാത്രങ്ങൾക്കായി പ്രാർത്ഥനാപൂർവ്വം കാത്തുനില്ക്കുന്നൊരമ്മയെചാരെ വിളിച്ചവൻ പറഞ്ഞു: അമ്മേ, ഇവൻ ഇനിമുതൽ നിന്റെ പുത്രനാണ്. അമ്മേയെന്ന് വിളിച്ച് കൊതി തീരാത്തവർക്കും ജീവിതത്തിന്റെയേതോ ഇടനാഴിയിൽ അമ്മയെ അവഗണിച്ചതിന്റെ കനൽ കൊണ്ടുനടക്കുന്നവർക്കും വേണ്ടി കാലത്തിനതീതമായ ഗുരുവിന്റെ സദ്‌വാർത്ത.
ഭാഷയിൽ ഈറൻ നിലാവ് എന്നൊരു കല്പനയുണ്ട്. നിലാവുള്ള രാവുകളിൽ പെയ്യുന്ന മഴയാണ് പരാമർശം. പെയ്തിറങ്ങുന്ന മഴയുടെ പിന്നിൽ സൗമ്യമായി തെളിയുന്ന വെളിച്ചത്തിന്റെ വദനം. മറിയമെന്നെ ഓർമ്മിപ്പിക്കുന്നത് ഈ ദൃശ്യോത്സവമാണ്. കണ്ണീർ പെയ്തതിനു പിന്നിൽ തെളിയുന്നൊരമ്മയുടെ കനിവിന്റെ മുഖം. ഇത് എല്ലാ അമ്മമാരുടെയും പവിത്രനിയോഗമാണ്. നിന്റെയമ്മയുടെ ചിത്രം ഈ ഫോട്ടോയിൽ വ്യക്തമല്ല എന്നെഴുതിയ കൂട്ടുകാരിക്കൊരുവൻ എഴുതി: സാരമില്ല ഭൂമിയിലെ എല്ലാ അമ്മമാർക്കും ഒരേ മുഖമാണല്ലോ. ചിത്തരോഗാശുപത്രിയോടടുത്തു നിന്നിരുന്ന ദശാസന്ധികളുടെ നാളുകളിൽ രാത്രിയിലെപ്പോഴോ മുഷിഞ്ഞ വസ്ത്രങ്ങളുമായി കയറിവരുന്ന മകനായി വാതിൽ തുറന്ന് കുഞ്ഞേയെന്നൊരു വിളിയിൽ ഒരു വ്യാകുലസമുദ്രമൊളിപ്പിച്ചു നില്ക്കുന്നൊരമ്മ…ഒത്തിരി ദുരത്തുനിന്ന് ഫോണിലൂടെ ഓമനമകളു ടെ വിതുമ്പൽ ഉയരുമ്പോ ൾ അവളെയണച്ചുപിടിക്കാൻ വാക്കുകളില്ലാതെ കുഴയുന്ന മറ്റൊരമ്മ, എല്ലാവർ ക്കും ഒരേ മുഖം തന്നെയാണ്.
ജന്മം നല്കുന്നതുവഴി ഇന്നോളമാരും അമ്മയായിട്ടില്ല. പാതയോരങ്ങളിലെത്രയോ കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുന്നുണ്ട്. അവർക്ക് ജന്മം നല്കിയവരാരും ആ കുഞ്ഞുങ്ങളുടെ അമ്മമാരാകുന്നില്ലല്ലോ. എന്നാൽ പ്രഭാതത്തിൽ പണിക്കുപോകുന്ന ഒരു ചെറുപ്പക്കാരൻ ഈ കുഞ്ഞുങ്ങളിലൊന്നിനെ കണ്ടെത്തി തന്റെ നെഞ്ചോട് അണച്ചുപിടിക്കുമ്പോൾ അമ്മയായി രൂപാന്തരപ്പെടുന്നു. ഹൃദയരക്തം മുലപ്പാലായി മാറുന്നു. ജന്മം നല്കിയതുകൊണ്ടു മാത്രമല്ല മറിയം അമ്മയാകുന്നത്. മറിച്ച് കർമ്മം കൊണ്ടാണ്. ക്രിസ്തുവിന്റെ മുറിവുകൾ നല്ലൊരനുപാതത്തിൽ സ്വന്തം നെഞ്ചിലേറ്റുവാങ്ങിയതുകൊണ്ട് ക്രിസ്തു കടന്നുപോയ പീഡനവഴികളിലൂടെയെല്ലാം സ്വയം നടന്നുകൊണ്ട് എങ്ങുമെത്താത്തയവന്റെ യാത്രയിൽ സ്‌നേഹത്തിന്റെ വഴിച്ചോറ് പൊതിഞ്ഞുകെട്ടി നല്കിയതുകൊണ്ട്…
കണ്ണീർപാടങ്ങളിലൂടെ അലയാൻ വിധിക്കപ്പെട്ട എല്ലാ അമ്മമാരുടെയും ആദിരൂപമാണിവൾ. ദൈവത്തിന്റെ വെളിപാടുകളോട് അതേയെന്ന് പറയുമ്പോൾ, അവളെല്ലാ നൊമ്പരങ്ങൾക്കും കൂടി ശിരസ്സു കുനിക്കുകയായിരുന്നു. ആരൊക്കെ ദൈവത്തെ അന്വേഷിക്കുന്നുവോ അവരൊക്കെ ദൈവത്തെ കണ്ടെത്തുന്നു. കണ്ടെത്തുന്നവരൊക്കെ അവനെ സ്‌നേഹിക്കുന്നു, അവനാകട്ടെ, സ്‌നേഹിക്കുന്നവരെ ചിതറിക്കുന്നുവെന്ന് കസൻദ്‌സാക്കിസ് എഴുതിയത് മറിയത്തിന്റെ കാര്യത്തിൽ പൂർണ്ണമാകുന്നു. സംശയിക്കപ്പെടുന്ന ഉദരത്തിലെ കുഞ്ഞ്, എല്ലാ സത്രങ്ങളും കൊട്ടിയടക്കപ്പെടുന്ന രാവിൽ ഈ മാതാവിന്റെ വേദനയെക്കാൾ തീവ്രമായ തിരസ്‌ക്കരണത്തിന്റെ നോവ്, ഒരു കുരുന്നു ജീവനെ രക്ഷിക്കാൻ അടിമത്വത്തിന്റെ നാട്ടിലേക്ക് പാലായനം, നെഞ്ചു പിളർക്കുന്ന വാളിനെക്കുറിച്ച് ശിമയോനെന്ന ജ്ഞാനവൃദ്ധന്റെ പ്രവചനം. പിന്നെയാ പ്രവചനമെന്ന തലമുടിനാരിലെ വാളിന് ശിഷ്ടകാലം. (ദുരന്തം സംഭവിക്കുന്നതല്ല, മറിച്ച് ഒരു ദുരന്തം നിങ്ങൾ ക്കായി കാത്തിരിക്കുന്നുവെന്നുള്ള അവബോധമാണ് ജീവിതത്തെ വിഷാദപൂർണ്ണമാക്കുന്നത്). വർണ്ണങ്ങളുടെയും ആരവങ്ങളുടെയും ഉത്സവഭൂമിയിൽ കൈവിട്ടുപോകുന്ന ബാലൻ, ജോസഫിന്റെ മരണം, വീടുവിട്ടറങ്ങിപ്പോകുന്ന പുത്രൻ, അവനെക്കുറിച്ചു കേൾക്കുന്ന അശുഭകരമായ കാര്യങ്ങൾ. (നഗരങ്ങൾ അവനെ തിരസ്‌ക്കരിക്കുന്നു, സിനഗോഗുകൾ അവനുവേണ്ടി കെണികളൊരുക്കുന്നു, രാത്രി ഉറക്കത്തിന് വഞ്ചിയുടെ അമരങ്ങൾ, അത്താഴത്തിന് കവർ ന്നെടുത്ത കതിർമണികൾ) കുരിശിന്റെ വഴി, ഒടുവിൽ തലയോടിന്റെ ഇടം-പിയെത്താ. ഓരോ അമ്മയ്ക്കും ഓരോ സ്വപ്നമുണ്ട്. തന്റെ പുത്രന്റെ കൈകളിൽ കിടന്നു മരിക്കുക എന്ന സ്വപ്നം. അതും അമ്മയ്ക്കും നിഷേധിക്കപ്പെടുന്നു. സുവിശേഷം അങ്ങനെ ഒരമ്മയുടെ കണ്ണീരിൽ നനഞ്ഞ അക്ഷരക്കൂട്ടം കൂടിയാവുന്നു.
നൊമ്പരങ്ങൾ ഉള്ളിലൊതുക്കി പുത്രന്റെ നിയോഗങ്ങൾക്ക് കരുത്ത് നല്കിയെന്നതിലാണ് മറിയത്തെ വെളിപ്പെട്ടു കിട്ടുക. കാനായിലെ കല്യാണനാളിൽ വീഞ്ഞ് തീർന്ന് പോയെന്ന് മറിയം ആകുലപ്പെടുമ്പോൾ, എന്റെ സമയമിനിയുമായിട്ടില്ലെന്നാണ് പുത്രൻ അമ്മയോട് പറയുന്നത്. സമയമെന്നതിന്റെ ക്രിസ്തുശൈലിയിലെ അർത്ഥം മരണവുമായി ബന്ധപ്പെട്ടതാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. അപ്രതീക്ഷിതമായ ഈ അത്ഭുതം വഴി ഞാൻ മരണത്തോട് കുറെക്കൂടി നേരത്തെ അടുക്കണമോയെന്നാണ് പുത്രന്റെ ചോദ്യം. മറിയത്തിനറിയാം, ഇവൻ തന്റെ ഓമന ഉണ്ണി മാത്രമല്ല, സമസ്ത ലോകത്തിന്റെ സ്വപ്നങ്ങൾക്കായി കുരുതികൊടുക്കേണ്ട ബലിക്കുഞ്ഞാടുകൂടിയാണെന്ന്. ഒരു മാത്രയിലും ഞാനിവനെ തടഞ്ഞുകൂടാ…കണ്ണീരോടെ അമ്മ വഴിമാറുകയാണ്. അവൾ സേവകരെ വിളിച്ചു പറഞ്ഞു. അവൻ പറയുന്നതുപോലെ ചെയ്യുക… സ്‌നേഹം നൊമ്പരമാണെന്നാണ് ഈ അമ്മ പഠിപ്പിക്കുന്നത്. ഈ അമ്മ മാത്രമല്ല, ഭൂമിയിലെ സമസ്ത അമ്മമാരും. സ്‌നേഹവാത്സല്യങ്ങളുടെ ഈ അടയാത്ത നടയിൽ നമ്രശീർഷനായി, മിഴികൾപൂട്ടി പ്രാർത്ഥനാപൂർവ്വം നില്ക്കുമ്പോൾ കരഞ്ഞുപോകുന്നത് ഒടുങ്ങാത്ത നന്ദികൊണ്ടാണ്. എത്ര ജന്മംകൊണ്ടീ കടങ്ങൾ വീട്ടാനാവുമെന്ന വ്യഥകൊണ്ടാണ്.
ഫാ. ബോബി ജോസ് കപ്പൂച്ചിൻ

1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

  • Dhannya joseph
    May 14, 2016, 6:39 pm

    Very good article about mother mary..thank you father

    REPLY

Latest Postss

Don’t want to skip an update or a post?