Follow Us On

05

December

2023

Tuesday

സ്വർഗവും നരകവും…

സ്വർഗവും നരകവും…

മാർട്ടിൻ ലൂഥർ പറഞ്ഞൊരു കഥ.
മനുഷ്യർ മാനസാന്തരപ്പെടാത്തതിന്റെ കാരണത്തെക്കുറിച്ച് മാർട്ടിൻ ലൂഥർ ഒരു കഥ പറഞ്ഞു. ഒരിക്കൽ പിശാചുക്കൾ നരകത്തിൽ ഒന്നിച്ച് കൂടി. ഭൂമിയിലെ ക്രിസ്ത്യാനികളെ ‘വകവരുത്തിയ’ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അവർ. ഒരു പിശാച് പറഞ്ഞു. ”ഞാൻ ക്രിസ്ത്യാനികൾക്ക് നേരെ വന്യമൃഗങ്ങളെ ഓടിച്ചുവിട്ടു. ആ മൃഗങ്ങൾ അവരെ കൊന്നുതിന്നു. അങ്ങനെ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു.”
”അതുകൊണ്ടെന്ത്?” ലൂസിഫർ നെറ്റിചുളിച്ചു.
”അവരുടെ ആത്മാക്കളെല്ലാം സ്വർഗത്തിലെത്തിയില്ലേ?”
മറ്റൊരു പിശാച് എണീറ്റു. ”ഞാൻ പടിഞ്ഞാറൻ കാറ്റിനെ അവർക്കുമേൽ അയച്ചു. കപ്പൽ മുങ്ങി ഒരു കൂട്ടർ മരിച്ചു.”
”അതുകൊണ്ടെന്ത്?” ലൂസിഫർ രോഷത്തോടെ പറഞ്ഞു.
”അവരുടെ ആത്മാക്കളും സ്വർഗത്തിലെത്തിയിട്ടുണ്ട്.”
പിന്നീട് പലരും റിപ്പോർട്ട് അവതരിപ്പിച്ചെങ്കിലും ആരുടെയും മറുപടി ലൂസിഫറിന് തൃപ്തികരമായി തോന്നിയില്ല. ഒടുവിൽ ഒരു കുട്ടിപ്പിശാച് എണീറ്റു.
”ഞാൻ പത്തുവർഷം പരിശ്രമിച്ചു. ഫലം കിട്ടി.”
”എന്ത്?”എല്ലാവരും ഉത്ക്കണ്ഠയോടെ അവനെ നോക്കി.
”ഒരു മനുഷ്യന്റെ ആത്മാവിനോട് നീ പശ്ചാത്തപിക്കരുത്. മാനസാന്തരപ്പെടരുത് എന്നിങ്ങനെ പത്ത് കൊല്ലം ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ അവൻ നമ്മോടൊപ്പമെത്തി. അവനെന്റെ കൂടെ വന്നിട്ടുണ്ട്.”
പിശാചുക്കൾ ആവേശത്തോടെ കൈയ്യടിച്ചു ആ റിപ്പോർട്ട് സ്വാഗതം ചെയ്തു. ഇന്നും പിശാചിന്റെ കയ്യിലെ ഏക തന്ത്രവും ഇതുതന്നെ. മനുഷ്യന്റെ മാനസാന്തരം നാളേക്ക് നീട്ടിവെയ്ക്കുക. നാളെയാവട്ടെ, നാളെ. അവനൊരിക്കലും മാനസാന്തരപ്പെടില്ല.
മനുഷ്യന്റെ മാനസാന്തരം ഇല്ലാതാക്കാനുള്ള ഏകവഴിയാണ് സ്വർഗവും നരകവുമൊന്നുമില്ലെന്നുള്ള പഠനങ്ങൾ. സൃഷ്ടിയുടെ ലക്ഷ്യമാണ് സ്വർഗം. ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കായി സജ്ജീകരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കുമെന്ന് (1 കോറി 2:9) വിശുദ്ധ പൗലോസ് ശ്ലീഹ സ്വർഗത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അതിനാൽ ഈ സ്വർഗമായിരിക്കണം നാം ലക്ഷ്യമാക്കേണ്ടത്.
എന്നാൽ നരകം എന്നാൽ ദൈവത്തിൽ നിന്നു നിത്യമായി വേർപെട്ടിരിക്കുന്ന അവസ്ഥയാണ്. ദൈവത്തിന്റെ കരുതലുള്ള സ്‌നേഹം അനുഭവിച്ചിട്ടും അത് ഗ്രഹിക്കാതെ ജീവിക്കുന്നവർക്കുള്ള മരണാനന്തര വാസസ്ഥലമാണ് നരകം. നിത്യനരകം യാഥാർത്ഥ്യമാണെന്നും മാരകപാപത്തിൽ മരിക്കുന്നവരുടെ ആത്മാക്കൾ നരകത്തിലേക്ക് പോകുമെന്നുമാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. എന്നാൽ നരകം എന്നത് ഒരു സ്ഥലമല്ലെന്നും അവിടെ നരകത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ആലങ്കാരികമായി പറയുന്ന അഗ്‌നി എന്നത് അക്ഷരാർത്ഥത്തിൽ മനസിലാക്കേണ്ടതല്ലെന്നും സഭ ചൂണ്ടിക്കാട്ടുന്നുണ്ട്. നരകം ഒരു അവസ്ഥയാണ്. ദൈവത്തിൽ എത്തിച്ചേരുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മാരകപാപം മൂലം ദൈവത്തെ ദർശിക്കാൻ അപ്രാപ്യനാവുകയാൽ അതിനെപ്രതി അനുഭവിക്കേണ്ടി വരുന്ന കഠിനവും തീവ്രവുമായ ഇച്ഛാഭംഗവും മനോവേദനയുമാണ് നരകം എന്ന അവസ്ഥ സൃഷ്ടിക്കുന്നത്. അത് തീയിലകപ്പെട്ടാലെന്ന പോലെ പൊള്ളിക്കുന്ന അനുഭവമാണെന്ന് സഭാപഠനങ്ങൾ ഓർമിപ്പിക്കുന്നു.
സന്തോഷം, സമാധാനം, സാന്ത്വനം, സ്‌നേഹം എന്നിവ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന എല്ലാറ്റിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയാണ് നരകം. ഇത് ഇവിടെ പറയാൻ കാരണം, നരകമില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായൊരു വാർത്ത കാട്ടുതീ പോലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിശുദ്ധ വാരത്തിൽ പടർന്നത്്. ചില ഓൺലൈൻ പത്രങ്ങളാണ് ഈ കുപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. നരകമില്ലെങ്കിൽ സ്വർഗവുമില്ലെന്ന് പാപ്പ പറഞ്ഞിട്ടുണ്ടാകും. ഈ രീതിയിലുള്ള കുപ്രചരണങ്ങൾ പിന്നീട് ധാരാളം പെരുകി. അതായത് ക്രൈസ്തവവിശ്വാസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുപോയി എന്ന നിലയിലായിരുന്നു പ്രചാരണം. അപ്പോഴാണ് മാനന്തവാടി രൂപതാംഗമായ ഫാ. നോബിൾ തോമസ് പാറക്കൽ കൃത്യമായ മറുപടിയുമായി എത്തുന്നത്. അദേഹം ഫേസ്ബുക്കിലിട്ട മറുപടി പെട്ടെന്ന് വൈറലായി മാറി.
എവുജീനിയോ സ്‌കൾഫാരി എന്ന നിരീശ്വരവാദിയായ പത്രപ്രവർത്തകനാണ് തനിക്ക് നൽകിയ അഭിമുഖത്തിൽ മാർപാപ്പ നരകമില്ലെന്ന് പറഞ്ഞുവെന്ന് സ്ഥാപിച്ചത്. എന്നാൽ മാർപാപ്പ ഈ പത്രപ്രവർത്തകന് ഇന്റർവ്യൂ നൽകുക പോലുമുണ്ടായിട്ടില്ലെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തുകയും ചെയ്തു.
സ്‌കൾഫാരി, മാർപാപ്പയുടെ പേരിൽ വ്യാജവാർത്തകളുണ്ടാക്കുന്നത് ഇത് ആദ്യമല്ല. മാർപാപ്പ അത് പറഞ്ഞു, ഇതു പറഞ്ഞു എന്നൊക്കെ സ്ഥാപിച്ച് സഭാകൂട്ടായ്മയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് അദേഹത്തിന്റെ ശൈലിയാണത്രേ.
സ്‌കൾഫാരിയുമായി മാർപാപ്പ ഒരു സ്വകാര്യസംഭാഷണം നടത്തിയെന്ന് കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അതൊരിക്കലും ഔദ്യോഗികമായ അഭിമുഖമല്ല. ‘പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനെ ഈസ്റ്റർ പ്രമാണിച്ച് ഒരു സ്വകാര്യ കൂടികാഴ്ച്ചക്കായി സ്വീകരിച്ചിരുന്നു. പക്ഷേ അഭിമുഖം നൽകിയിരുന്നില്ല. പത്രത്തിൽ റിപ്പോർട്ട് ചെയ്ത ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനർസൃഷ്ട്ടിയാണ്. അതിൽ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ അതേ പടി നൽകിയിട്ടില്ല. അതിനാൽ അതിൽ പറഞ്ഞിരിക്കുന്ന ഉദ്ധരണികൾ ഒന്നും പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ യോഗ്യമായ രേഖയായി കരുതരുത്’. വത്തിക്കാൻ നൽകിയ പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാൽ അതേസമയം നരകത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നൽകാൻ ശ്രമിക്കുന്ന വ്യക്തികൂടിയാണ് പരിശുദ്ധ പിതാവ്. അടുത്തകാലത്ത് നരകത്തെക്കുറിച്ച് കൂടുതൽ വ്യക്തതയോടെ സംസാരിച്ചിട്ടുള്ള മാർപാപ്പാമാരിൽ ഒരാളാണ് ഫ്രാൻസിസ് പാപ്പ. കത്തോലിക്കാസഭയുടെ വിശ്വാസത്തിൽ വെളിപാടുകളിലൂടെ സ്ഥാപിക്കപ്പെട്ട വിശ്വാസ സത്യങ്ങളിൽ പെട്ടതാണ് സ്വർഗവും നരകവുമെല്ലാം.
ഓൺലൈൻ വാർത്തകൾ പലതും അസത്യങ്ങളോ അർദ്ധ സത്യങ്ങളോ ആയിരിക്കും. കേട്ടപാതി തന്നെ ചാടിക്കയറി വാർത്ത നൽകുന്നവരായിരിക്കും പലരും. അതിനാൽ വിശ്വാസവഞ്ചകരായ മാധ്യമങ്ങളെ വിശ്വസിക്കാതിരിക്കുക. തീയിൽ നിന്നെന്ന പോലെ അവയിൽ നിന്ന് ഓടി രക്ഷപ്പെട്ടുകൊള്ളുക.
ട്രോൾ എവിടെ? സത്യമെവിടെ?
വിശുദ്ധവാര സമയത്ത് ധാരാളം പരിഹസിക്കപ്പെടുകയും അന്തമില്ലാതെ ട്രോളുകൾ ഉരുളുകയും ചെയ്‌തൊരു ചിത്രമാണ് കഴുതപ്പുറത്ത് ദൈവാലയത്തിലേക്ക് വരുന്ന ഒരു പുരോഹിതന്റെ ചിത്രം. ഇങ്ങനെയൊരു അടിക്കുറിപ്പും കാണാം. ”ഓശാനനാളിൽ ഇങ്ങനെയാണെങ്കിൽ ദുഃഖവെള്ളിയാഴ്ചത്തെ അവസ്ഥ എന്തായിരിക്കും?” ട്രോളുകൾ ഇങ്ങനെ ഉരുളുന്നതിനിടയിലാണ് അതിന്റെ യാഥാർത്ഥ്യം പുറത്ത് വന്നത്. അടുത്ത കാലത്ത് ഒത്തിരി വിശ്വാസ പീഡനങ്ങൾ അരങ്ങേറിയൊരു സ്ഥലമാണ് മധ്യപ്രദേശിലെ ഇൻഡോർ. അവിടെയാണത്രേ ഈ ദൃശ്യാവിഷ്‌ക്കരണം നടന്നത്. ഈ മിഷൻ പ്രദേശത്ത് ഫാ. തോമസ് രാജമാണിക്യം എന്ന വികാരിയാണ് ഇങ്ങനെ ഓശാന ആവിഷ്‌ക്കരിച്ചത്. നാട്ടുകാർ ഏറെ താല്പര്യത്തോടെയാണിത് സ്വീകരിച്ചതും. വിഴുപ്പു ചുമക്കാനും ഇഷ്ടികയും മണ്ണും ചുമക്കാനും മാത്രം ഉപയോഗിക്കുന്ന കഴുതയുടെ പുറത്ത് അവിടങ്ങളിൽ ആരും സഞ്ചരിക്കാറില്ല. അറപ്പോടും വെറുപ്പോടും കൂടിയാണ് കഴുതയെ നോക്കുന്നത്. അപൂർവ്വം ചില ഗ്രാമീണർ മാത്രമാണ് കഴുതപ്പുറത്ത് യാത്ര ചെയ്യുന്നത്.
അതിനാൽത്തന്നെ, കഴുതപ്പുറത്തേറി വൈദികൻ ദൈവാലയത്തിലേക്ക് വരുന്ന ദൃശ്യം ആദ്യം കാഴ്ചക്കാരിൽ അത്ഭുതം പടർത്തി. പക്ഷേ, പിന്നീട് യേശുവിന്റെ യാത്രയെക്കുറിച്ച് കൂടുതൽ യാഥാർത്ഥ്യബോധത്തോടെ മനസിലാക്കി. ‘സ്വയം എളിമപ്പെടുത്താൻ സാധിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ കഴുതപ്പുറത്ത് കയറാൻ പറ്റൂ’ ഇങ്ങനെയാണ് കുമ്‌റാവത് എന്ന സ്ത്രീ പ്രതികരിച്ചതെന്ന് യൂകാൻ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ദൈവ വിശ്വാസം അനേകരിൽ വർധിപ്പിക്കുകയാണ് ഈ സംഭവത്തിലൂടെ നടന്നതെന്ന് നാട്ടുകാർ പറയുന്നു. അപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വാർത്തകളും ട്രോളുകളുമെല്ലാം സത്യത്തിൽ നിന്നും എത്രയോ ദൂരത്തിലാണ്. ഒരുപക്ഷേ നമ്മളിത് ഷെയർ ചെയ്യുമ്പോഴെല്ലാം സഭയിൽനിന്നും അകന്നുപോവുകയല്ലേയെന്നും ചിന്തിക്കണം.
സ്‌നേഹം നിറഞ്ഞ വാക്കുകളുമായി ശബ്‌ന….
വാട്‌സാപ്പിൽ ശബ്‌ന പൊന്നാടിന്റെ മെസേജ് കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. ഏറെനേരം ആ വാക്കുകൾ മനസിൽ തങ്ങിനിന്നു. ശബ്‌നയെ അറിയാത്തവർ ഇന്ന് കേരളത്തിലുണ്ടാവില്ല. കാലുകൾ തളർന്ന് പോയിട്ടും അതിനെ അതിജീവിച്ച് പഠിച്ചുയർന്നവൾ. ഇന്ന് നല്ലൊരു എഴുത്തുകാരിയായി അവൾ തിളങ്ങിയിരിക്കുന്നു. ഒരു സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. അടുത്ത നാളിൽ മാതൃഭൂമി ഷീ ന്യൂസ് പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ് ശബ്‌ന പിന്നെയും മാധ്യമ ശ്രദ്ധ നേടുന്നത്. ആദ്യറൗണ്ട് മുതൽ അവസാന റൗണ്ട് വരെ ശബ്‌ന മുന്നിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ, അവസാന റൗണ്ടിൽ രണ്ടാമതായി. വയനാട് കാരിയായ കുംഭയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും വിജയിയെ ഹൃദയം തുറന്ന് അഭിനന്ദിച്ചു കൊണ്ട് ഷബ്‌ന തയാറാക്കിയ സ്‌നേഹദൂത് ആരുടെയും മനസിനെ സ്പർശിക്കുന്നതാണ്. കാരണം അതിൽ സ്‌നേഹവും ആദരവും മാത്രമാണുള്ളത്. മത്സരങ്ങളുടെ ഇക്കാലത്ത് നമുക്കില്ലാതെ പോകുന്നതും അതാണല്ലോ. ഷബ്‌നയുടെ കത്ത് ചുവടെ…
”സ്‌നേഹം നിറഞ്ഞവരേ,
വളരെയധികം സന്തോഷത്തോടെയാണ് ഇത് എഴുതുന്നത്. മാതൃഭൂമി ഷീ ന്യൂസ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ. കുംഭ വയനാട് ആണ് ജേതാവ്. 68-ാം വയസിലും വയനാടൻ മണ്ണിനോട് പടവെട്ടി വിജയം കൈവരിച്ച കർഷകയാണ് കുംഭ. മൂന്നാം വയസിൽ അരയ്ക്കു താഴെ തളർന്നിട്ടും പരാശ്രയം കൂടാതെ കാലുകളുടെ കരുത്ത് കൈകളിലേക്ക് ആവാഹിച്ച് മണ്ണിൽ പൊന്നു വിളയിച്ച പോരാളിയെന്ന് പറയാം. എന്തുകൊണ്ടും അർഹതപ്പെട്ട കൈകളിലേക്ക് തന്നെയാണ് ഷീ ന്യൂസ് പുരസ്‌കാരം എത്തിച്ചേർന്നത്.
ഒത്തിരിയൊത്തിരി സന്തോഷത്തോടെ കുംഭാമ്മയെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തിക്കൊണ്ട് ഒരായിരം തവണ ഞാൻ അഭിനന്ദിക്കുന്നു. ഇതിൽ പങ്കെടുത്ത 19 പേരും എടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടവർ തന്നെയാണ്. സമൂഹത്തിനും സഹജീവികൾക്കും വേണ്ടി നന്മയുടെ പ്രകാശം പരത്തി അവശതയനുഭവിക്കുന്നവരുടെ കണ്ണുനീരൊപ്പി ആശ്വാസമായി സാന്ത്വനമായി കൂടെ നിൽക്കുന്ന അവർ നമുക്കെന്നും മാതൃകയും പ്രചോദനവുമാണ്. അവരുടെ കാരുണ്യത്തിന്റെ, സഹനത്തിന്റെ വഴികളിൽ നന്മകൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ടവരോടുള്ള നന്ദിയും കടപ്പാടും വരികളിലോ മൊഴികളിലോ ഒതുങ്ങുന്നതല്ല. ഈ ഇരുപത് പേരിൽ നിന്നും ഞാൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകളും പിന്തുണയും സ്‌നേഹവുമാണ്. നിങ്ങളാണ് എനിക്ക് ഈ സന്തോഷം പകർന്നു തന്നതും. എല്ലാവരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് എനിക്ക് രണ്ടാം സ്ഥാനം എന്ന വിജയം കൈവരിക്കാൻ സാധിച്ചത്. എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തർക്കും ഒരു നൂറായിരം നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ സഹകരണവും സ്‌നേഹവും ഉണ്ടാകണം. നന്മകൾ നേർന്നു കൊണ്ട്, സ്‌നേഹപൂർവം നിങ്ങളുടെ സ്വന്തം ഷബ്‌ന പൊന്നാട്.
നന്മയുടെ പ്രകാശം നമ്മുടെ ചുറ്റും പടർന്ന് പന്തലിക്കട്ടെ. സഹജനെ ചേർത്ത് പിടിക്കുന്നതാണ് യഥാർത്ഥ വിജയം. ശബ്‌ന കാട്ടിത്തന്നതും അതാണ്.
 
ജയ്‌മോൻ കുമരകം
കുട്ടപ്പന്റെ പഴിചാരൽ
എന്തിനും വികാരിയച്ചനെ കുറ്റം പറയുന്ന കുട്ടപ്പൻ പള്ളികമ്മിറ്റി സമയത്ത് എണീറ്റ് നിന്ന് പറഞ്ഞു.
”അച്ചൻ എന്തു ധൂർത്താണ് നടത്തുന്നത്. വെറും ഒരു കയർ പള്ളിയിൽനിന്നും കൊണ്ടുപോകാൻ ഇങ്ങേര് രണ്ടു ലോറി വിളിച്ചു..”
ചിരിച്ചുകൊണ്ട് അച്ചൻ മറുപടി പറഞ്ഞു. ”അതു കുട്ടപ്പാ, കയർ കൊണ്ടുപോകാൻ ലോറി വിളിച്ചതല്ല. ഒരു ലോറി കേടായതിനാൽ അതിന്റെ ഉടമ മറ്റൊരു ലോറി ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുപോയതാ..”
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?