Follow Us On

20

October

2020

Tuesday

ചില കയ്പുള്ള സത്യങ്ങൾ

ചില കയ്പുള്ള സത്യങ്ങൾ

ചില കയ്പുള്ള സത്യങ്ങൾ
അടുത്തകാലത്ത് മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട ചില യാഥാർത്ഥ്യങ്ങളും നിരീക്ഷണങ്ങളും ചുവടെ;
അമേരിക്കൻ ഡോക്ടേഴ്‌സ് അസ്സോസിയേഷൻ ഈയിടെ കാൻസറിന് കാരണമാകുന്ന ചില കണ്ടെത്തലുകളെ കുറിച്ച് വിശദീകരിച്ചിരുന്നു.
> പ്രധാനമായും ചൂടുള്ള ചായയോ കാപ്പിയോ പ്ലാസ്റ്റിക് കപ്പിൽ കുടിക്കരുത്.
> പ്ലാസ്റ്റിക് ബാഗുകളിൽ ചൂടായിരിക്കുന്ന ഒന്നും കഴിക്കരുത്
>പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒരു കാരണവശാലും മൈക്രോ വേവ് ഓവനിൽ ഭക്ഷണം ചൂടാക്കി കഴിക്കരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്ന വിവിധ കെമിക്കലുകൾ ഉണ്ടാകുമത്രേ,്യുഅവ 52 തരം വിവിധ കാൻസറുകൾക്കു കാരണം ആകുമെന്ന് അവർ പറയുന്നു…
താപനിലയും അപകടങ്ങളും
താപനില ഉയർന്ന സാഹചര്യത്തിൽ വലിയൊരപകടമുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി. സിലിണ്ടറിൽ മർദം കൂടുകയും അതൊരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതിനാൽ രാവിലെ ഒമ്പതിന് മുമ്പ് പാചക കാര്യങ്ങൾ പൂർത്തിയാക്കുകയും നനഞ്ഞ ചാക്കോ തുണിയോ സിലിണ്ടറിന് ചൂട് ഏൽക്കാതെ ഇടുകയും വേണം. കൂടാതെ, സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. രാവിലെ പത്ത് മുതൽ വൈകുന്നരം നാലുവരെ അടുക്കള പരിസരത്ത് നിന്നും മാറി നിൽക്കുക. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. കൂടാതെ, ഇലക്ട്രിക്കൽ ഷോർട് സർക്യൂട്ട് മൂലവും അപകട സാധ്യത ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറിംഗ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. പലരും ഫാൻ, ടെലിവിഷൻ, എ.സി, അയൺ ബോക്‌സ് മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. ഇത്തരം ചൂട് പ്രവഹിക്കപ്പെടുന്ന ഉപകരണങ്ങൾ അപകടം വിളിച്ച് വരുത്താം. കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല. ശ്രദ്ധിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഓർക്കേണ്ട പ്രധാന വസ്തുത ഒരു തീപിടുത്തം സംഭവിച്ചാൽ അത് അണയ്ക്കാൻ നദിയിലോ കിണറുകളിലോ കുളങ്ങളിലോ വെള്ളം ആവശ്യത്തിന് ഇല്ല എന്നതാണ്. ഫയർ എഞ്ചിൻ പ്രതീക്ഷിച്ചു കാത്തുനിന്നാൽ അപകടത്തിന് ആക്കം കൂടാം. അതിനാൽ ഇക്കാര്യത്തിൽ ബോധവൽക്കരണമാണ് ആവശ്യം.
യാചകരുടെ കയ്യിലെ കുഞ്ഞുങ്ങൾ
ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിക്കപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗിൽ നിന്നുള്ളതാണ്. ആരാണിത് തയ്യാറാക്കിയതെന്ന് അറിയില്ല. എങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയിൽ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയിൽ കിടത്തി ഒരു സ്ത്രീ നിശ്ചലയായി ഇരിക്കുന്നതാണ് ഇത് തയ്യാറാക്കിയ വ്യക്തി കാണുന്നത്. സ്ത്രീയുടെ പാത്രത്തിലേക്ക് ആളുകൾ നാണയത്തുട്ടുകൾ എറിഞ്ഞു കൊടുക്കുന്നു. ഇതൊരു സാധാരണ കാഴ്ചയാണല്ലോ നമുക്ക്. എന്നാൽ ഇദേഹം ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചു വരുമ്പോഴും അതേ കാഴ്ച. ഉറങ്ങുന്ന കുഞ്ഞും അമ്മയും അതേ ഇരുപ്പ്.
എല്ലാ ദിവസവും ഈ കാഴ്ച്ച മാറ്റമില്ലാതെ തുടരുന്നതിൽ ദുരൂഹതയുണ്ടെന്നു അദ്ദേഹത്തിന് തോന്നിത്തുടങ്ങി. കുഞ്ഞുങ്ങളുടെ പ്രകൃതമനുസരിച്ച് ഒരു മണിക്കൂർ പോലും അവർക്ക് തുടർച്ചയായി ഉറങ്ങാനാവില്ല. ബഹളം നിറഞ്ഞ നഗരമധ്യത്തിൽ പ്രത്യേകിച്ചും. അതേസമയം ഈ കുഞ്ഞാകട്ടെ ഒരിക്കലും ഉണർന്നിരിക്കുന്നത് അദ്ദേഹം കണ്ടിട്ടുമില്ല. ഇനി എന്താണ് സംഭവിച്ചതെന്ന് ആ യാത്രക്കാരൻ പറയുന്നു.
”അങ്ങനെ ഒരിക്കൽ ഞാൻ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന് ചോദിച്ചു: ‘കുഞ്ഞ് എന്തുകൊണ്ടാണ് എല്ലാ സമയത്തും ഇങ്ങനെ ഉറങ്ങുന്നത്?’
മറുപടിക്ക് പകരം അവർ തല തിരിച്ചു കളയുകയാണ് ചെയ്തത്. എന്റെ ചോദ്യം ഉച്ചത്തിൽ ആയപ്പോഴും അവർ പ്രതികരിച്ചില്ല. ചോദ്യം തുടരുമ്പോൾ പിന്നിൽ നിന്ന് എന്റെ ചുമലിൽ ഒരു കൈ സ്പർശിച്ചു. ഒരു മധ്യവയസ്‌കനാണ്. ”നിങ്ങൾക്ക് ഈ യാചക സ്ത്രീയിൽ നിന്ന് എന്താണ് വേണ്ടത്? എന്തിനാണ് ഇങ്ങനെ പാവങ്ങളെ ഉപദ്രവിക്കുന്നത്?’ അങ്ങനെയായിരുന്നു അയാളുടെ ചോദ്യം.
എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാൾ നടന്നു പോവുകയും ചെയ്തു. പിറ്റേന്ന് തൊട്ടടുത്തൊരു കെട്ടിടത്തിൽ ഒരു സുഹൃത്തിന്റെ മുറിയിൽ നിന്നും ഞാൻ രംഗം വീക്ഷിക്കാൻ തീരുമാനിച്ചു. രംഗം പഴയതു പോലെ തന്നെ. ഒരു മാറ്റവുമില്ല. അവിടെ നിന്ന് ഇതേ ചേദ്യം പല തവണ ഉച്ചത്തിൽ ചോദിച്ചപ്പോൾ ആളുകൾ ചുറ്റും കൂടി.
എന്റെ ഉദ്ദേശം എന്തെന്ന് കേൾക്കാനോ, എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല. അതിനു മുമ്പ് ആളുകൾ ശകാരിച്ചുകൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേക്ക് തള്ളിക്കൊണ്ടുപോയി.
പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി. പോലീസിനു ഫോൺ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷരായി. സ്ഥലത്തെ കൂട്ടുകാരനുമായി ഈ വിഷയം സംസാരിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.
കുഞ്ഞുങ്ങൾ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ് ചെയ്യുന്നത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് ഭിക്ഷ യാചന ഒരു ബിസിനസായി നടത്തുന്ന റാക്കറ്റിന്റെ കണ്ണി മാത്രമാണ് ഞാൻ കണ്ടത്. കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നൽകുകയാണത്രേ. ഇങ്ങനെ ഒരു പകൽ മുഴുവൻ ഉറങ്ങുന്നതിനിടയിൽ തന്നെ കുഞ്ഞുങ്ങൾ പലപ്പോഴും മരണപ്പെട്ടു പോവുന്നത് സാധാരണം. അങ്ങനെ മരണമടഞ്ഞാലും, വൈകും വരെയുള്ള അന്നത്തെ യാചന ആ മൃതശരീരം വെച്ച് തന്നെ നടക്കും. പിറ്റേന്ന് വേറെ കുഞ്ഞുവരും. ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക് നമ്മൾ എറിഞ്ഞു കൊടുക്കുന്ന നാണയ തുട്ടുകൾ ആണ് ഭീകരമായ ഈ ബിസിനസിന് പിന്നിൽ.
നമ്മൾ എറിയുന്ന തുട്ടുകൾ കുഞ്ഞുങ്ങളുടെ ജീവൻ എടുക്കുകയാണ്. അവരെ സംരക്ഷിക്കുകയല്ല. അതിനാൽ ഇതുപോലുള്ള യാചകരെ കാണുമ്പോൾ ദയാവായ്‌പ്പോടെ പോക്കറ്റിൽ നിന്നും നാണയം എടുക്കാൻ വരട്ടെ. ഒന്ന് ചിന്തിച്ച് നോക്കുക. നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിർത്തുകയാണോ ചെയ്യുന്നതെന്ന്.
ഇത്തരത്തിലുള്ള റാക്കറ്റുകൾ മൂലം പലപ്പോഴും സഹായം അർഹിക്കപ്പെടുന്നവർക്കുപോലും തിരസ്‌കരണം നേരിടേണ്ടി വരുന്നുവെന്നതും യാഥാർഥ്യം.
റോഡ് വക്കിൽ കണ്ട ജീവി
ഫ്രഞ്ച് സേനയിലെ സാധാരണഭടൻ മാത്രമായിരുന്നു മാർട്ടിൻ. പക്ഷേ, സമർപ്പിതമായ അദ്ദേഹത്തിന്റെ സൈനികസേവനം വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു.
ഒരിക്കൽ മാർട്ടിൻ തന്റെ വാസസ്ഥലത്തേക്കു സൈനികവേഷത്തിൽ വരികയായിരുന്നു. അസാധാരണമായ രീതിയിൽ മഞ്ഞു വീണിരുന്നതുമൂലം സ്ഥിരം സഞ്ചരിക്കുന്ന ആ വഴി ഹിമവലയത്തിനുളളിലായിരുന്നു.
അപ്പോഴാണ് റോഡുവക്കിൽ ഏതോ ജീവി കിടക്കുന്നത് അദ്ദേഹം കണ്ടത്. അതെന്തെന്നറിയുവാനുളള ആകാംക്ഷയോടെ മാർട്ടിൻ അവിടേക്കു നടന്നു. തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് അതൊരു മനുഷ്യജീവനാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തിനു മനസ്സിലായത്. അതിശൈത്യം മൂലം വഴിയിൽ വീണുപോയ വൃദ്ധനായിരുന്നു അത്. മാർട്ടിൻ അയാളെ വലിച്ചുയർത്തി. ആശ്വാസത്തോടെ വൃദ്ധൻ മാർട്ടിനെ സൂക്ഷിച്ചുനോക്കി. ആ കണ്ണുകളിലെ ദയനീയഭാവം മാർട്ടിൻ തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ രോമക്കുപ്പായം നടുവേകീറി വൃദ്ധനെ ധരിപ്പിച്ചുകൊണ്ടു സുരക്ഷിതമായൊരു സ്ഥലത്തെത്തിച്ചു. നന്ദി നിറഞ്ഞ ഹൃദയത്തോടെ വൃദ്ധൻ മാർട്ടിനു മുന്നിൽ കരങ്ങൾ കൂപ്പി.
അന്നു രാത്രി പാതിരാ കഴിഞ്ഞപ്പോൾ ഒരു പ്രകാശവലയം മാർട്ടിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അമ്പരപ്പോടെ ശിരസ്സുയർത്തിയ മാർട്ടിനു മുന്നിലതാ പുഞ്ചിരിക്കുന്ന യേശുവിന്റെ രൂപം. ആ സൈനികൻ യേശുവിനെ സൂക്ഷിച്ചുനോക്കി. താൻ പകൽസമയം വൃദ്ധനു നൽകിയ രോമക്കുപ്പായത്തിന്റെ പകുതിയാണ് യേശു ധരിച്ചിരിക്കുന്നത്. ഒന്നും മനസ്സിലാകാതെ നിന്ന മാർട്ടിനോട് യേശു പറഞ്ഞു:
”മകനേ, നീ സാധുവായ ആ സഹോദരനെ സഹായിച്ചപ്പോൾ എന്നെത്തന്നെയാണ് സഹായിച്ചത്.””
അതൊരു പുതിയ വെളിപാടായിത്തീരുകയായിരുന്നു മാർട്ടിന്. അദ്ദേഹം തന്റെ പാതയേതെന്നു തിരിച്ചറിഞ്ഞു. സൈനിക സേവനത്തെക്കാൾ ദൈവികസേവനമാണ് തന്റെ വിളിയെന്ന് അദ്ദേഹം കണ്ടെത്തി. യേശുവിന്റെ വിളിക്കു മാർട്ടിൻ പ്രത്യുത്തരം നൽകി. ഈ മാർട്ടിനാണ് പിന്നീടു സഭയിലെ വിഖ്യാതനായ വിശുദ്ധനും ഫ്രാൻസിന്റെ മധ്യസ്ഥനുമായിത്തീർന്ന ടൂർസിലെ വിശുദ്ധ മാർട്ടിൻ.
‘എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുവിൻ.”(എഫേ. 5.20)
പ്രധാന സാമ്യം
ചരിത്രക്ലാസിൽ വേണ്ടവിധം ശ്രദ്ധിക്കാതിരുന്ന ഉണ്ണിക്കുട്ടനോട് ക്ലാസ്ടീച്ചർ ചോദിച്ചു.
”ഉണ്ണിക്കുട്ടാ.. ”ഗാന്ധി, ക്രിസ്തു, കൃഷ്ണൻ ഇവർക്കെല്ലാമുള്ള പ്രധാന സാമ്യമെന്താണെന്ന് പറയൂ..”
ഉണ്ണി: ”സർ.. ഇവരെല്ലാം ജനിച്ച ദിവസം ഭാരതത്തിന് അവധിയായിരുന്നു..”
ജയ്‌മോൻ കുമരകം
@ആൾക്കൂട്ടത്തിൽ തനിയെ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?