Follow Us On

20

March

2023

Monday

ശാസ്ത്രലോകത്തുനിന്ന് ബലിവേദിയിലേക്ക്

ശാസ്ത്രലോകത്തുനിന്ന് ബലിവേദിയിലേക്ക്

മേരിക്കയിലെ പ്രസിദ്ധമായ ഓക്‌റിഡ്ജ് നാഷണൽ ലബോറട്ടറി എന്ന ഗവേഷണശാലയിൽ നിന്ന് പ്രഗത്ഭനായൊരു യുവശാസ്ത്രജ്ഞൻ രാജിവയ്ക്കുന്നു എന്നറിഞ്ഞ ഡോ. പ്രെഡ്രാഗ് ക്ര്സ്റ്റിക് അമ്പരന്നു. അതും അയാൾ പോകുന്നത് കത്തോലിക്കാ സഭയിലെ പുരോഹിതനാകാൻ! തന്റെ കീഴിൽ ഗവേഷണം നടത്തിയിട്ടുള്ളവരിൽ ഏറ്റവും മിടുക്കനായ പോസ്റ്റ് ഡോക്ടറൽ ഫെലോ. നാനോ ടെക്‌നോളജിയിൽ ഒരു പ്രധാനപ്പെട്ട പ്രബന്ധം സമർപ്പിച്ചു കഴിഞ്ഞ ഉടനെയാണീ പോക്ക്. അയാളുടെ കണ്ടെത്തലുകൾ ലോകത്തിലെ ഒന്നാം നമ്പർ ശാസ്ത്രമാസികയായ ‘സയൻസ്’ മാഗസിനിൽ വൈകാതെ പ്രസിദ്ധീകരിക്കും. ഒരു ശാസ്ത്രജ്ഞനു ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി. പണം, പ്രശസ്തി, പേര്… അങ്ങനെ വിശാലമായ ഒരു ലോകം തന്റെ മുമ്പിൽ ഇങ്ങനെ തുറന്നു കിടക്കുമ്പോൾ എല്ലാം വലിച്ചെറിഞ്ഞ് ഈ ചെറുപ്പക്കാരൻ എന്ത് മണ്ടത്തരമാണീ കാണിക്കുന്നത്?
ദൈവവിശ്വാസിയല്ലാത്ത ഡോക്ടർ പ്രെഡ്രാഗിന് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതു കൊണ്ട് വിവരമറിഞ്ഞ അന്നുമുതൽ ഡോ. സോണി ജോസഫ് എന്ന ആ മലയാളി ഗവേഷകനെ അദ്ദേഹം അടുത്തിരുത്തി ഉപദേശിക്കാൻ തുടങ്ങി. നിന്റെ ജീവിതമെന്തിനാണ് ഇങ്ങനെ പാഴാക്കുന്നത്? അതുകൊണ്ട് നല്ലതുപോലെ ആലോചിച്ചിട്ടുമതി…” അങ്ങനെ തുടർച്ചയായി മൂന്നുദിവസം അദ്ദേഹം അവനെ ഉപദേശിച്ച് ‘നേരെ’യാക്കാൻ നോക്കി. പക്ഷേ, ഭൗതികമേഖലയിലെ വിസ്മയങ്ങളിലേക്ക് ബുദ്ധിയും മനസും ഏകാഗ്രമാക്കുമ്പോൾ അതേ ഏകാഗ്രതയോടും തീവ്രതയോടുകൂടി മറ്റൊരന്വേഷണവും ആ ചെറുപ്പക്കാരന്റെയുള്ളിൽ നടക്കുന്നുണ്ടായിരുന്നു. ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം. അതുകൊണ്ട് അവൻ തന്റെ ബോസിനോടു പറഞ്ഞു: ”സയൻസ്- അത് ഭൗതികമേഖലയിൽ ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യമാണ്. അതെനിക്ക് അവസാനിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ, പൗരോഹിത്യം. അതെന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. അതെനിക്കു തടയാനാവില്ല.” അതോടെ അദ്ദേഹത്തിന് മനസിലായി, തടഞ്ഞിട്ടു കാര്യമില്ലെന്ന്. നല്ലൊരു യാത്രയയപ്പ് നൽകിയാണ് ഡോ. സോണിയെ അദ്ദേഹം പറഞ്ഞയച്ചത്.
കഴിഞ്ഞവർഷം ഡിസംബർ 27-ന് പാലാ ചേർപ്പുങ്കൽ ദൈവാലയത്തിൽ വച്ച് എറണാകുളം അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച ഫാ. സോണി കടൂക്കുന്നേലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആ ഇടവകയിലെ കടൂക്കുന്നേൽ ജോസഫിന്റെയും കാർമലിന്റെയും (കഴിഞ്ഞവർഷം മരണമടഞ്ഞു) മൂന്നുമക്കളിൽ മൂത്തയാളാണ് സോണി. പിതാവ് ജോസഫ് തുമ്പ ഐ.എസ്.ആർ.ഒ. യിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ എഞ്ചിനീയറായിരുന്നു. മുംബൈ ഐ.ഐ.ടി.യിൽ മെക്കാനിക് എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ സോണി അതിന്റെ മാസ്റ്റേഴ്‌സ് ബിരുദം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സിലാണു ചെയ്തത്. അതിനിടയിലാണ് നാനോ ടെക്‌നോളജി എന്ന പഠനശാഖയിൽ പ്രവേശിക്കുന്നതും നാനോ ഫ്‌ളൂയിഡിക്‌സിൽ (Nano fluidics)െ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുന്നതും. പിന്നീട് അതേ വിഷയത്തിൽത്തന്നെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി തുടരുന്നതും.
എന്താണ് നാനോ ടെക്‌നോളജി?
നാനോടെക്‌നോളജി എന്താണെന്ന് കൃത്യമായി അറിയില്ലാത്തവർക്കുവേണ്ടി ചെറിയൊരു വിശദീകരണം തരാം. നമുക്കറിയാം ഒരു മില്ലീമീറ്റർ എന്നു പറഞ്ഞാൽ ഒരു മീറ്ററിന്റെ ആയിരത്തിലൊന്നാണ്. ഒരു മൈക്രോ മീറ്റർ എന്നാൽ, ഒരു മില്ലിമിറ്റിന്റെ ആയിരത്തിലൊന്ന്. എന്നാൽ, ഒരു നാനോമീറ്റർ എന്നു പറഞ്ഞാൽ മൈക്രോമീറ്ററിന്റെ ആയിരത്തിലൊന്ന്. ഒരു മൈക്രോമീറ്റർ സൈസിലുള്ള വസ്തുക്കൾവരെയേ നമുക്കു മൈക്രോസ്‌ക്കോപ്പിലൂടെ കാണാനാകൂ.
അതിലും സൈസ് താഴെയുള്ള വസ്തുക്കൾ കാ ണാൻ പറ്റില്ല. അതായത് നാനോമീറ്റർസ്‌കെയിലിലുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്‌നോളജി. കണ്ണുകൊണ്ടു കാ ണാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടാക്കുകയാണിവിടെ. ശാസ്ത്രത്തിന്റെ എല്ലാ മേഖലയിലും ഇന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ എത്താവുന്ന തിന്റെ ഏറ്റവും ഉന്നത നിലയിൽ നില്ക്കുമ്പോഴാണ് ക്രിസ്തുവിനെപ്രതി അതെല്ലാം നഷ്ടമായി കണക്കാക്കി വളരെ കൂളായി ഡോ. സോണി ആത്മീയ തയിലേക്ക് ഇറങ്ങിപ്പോരുന്നത്. സോണിയെ വളരെ അടുത്തറിയാവുന്ന വീട്ടുകാർക്കിത് ഷോക്കായിരുന്നില്ല. എന്നെങ്കിലും ഒരു ദിവസം ഈയൊരു തീരുമാനം തങ്ങളുടെ മകനിൽനിന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ആ തീരുമാനത്തിൽ എത്തുന്നിടത്തോളം മനസിൽ നടന്ന ആ പരിണാമ കഥയിലേക്ക്.
സയൻസ് ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വല്യമ്മച്ചിയുടെ കൂടെ ഡിവൈനിൽ ധ്യാനിക്കുവാൻ പോയ അനുഭവം മുതലാണ് ദൈവത്തെ ഗൗരവമായി എടുക്കാൻ തുടങ്ങിയത്. ഒപ്പം പഠനവും തുടർന്നു. ഓക്‌റിഡ്ജിലെ പോസ്റ്റ് ഡോക്ടറൽ കാലം വരെയുള്ള പിന്നീടുളള കാലത്തെ ദൈവത്തിന്റെ കരുണയുടെ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാണ് സോണിയച്ചൻ ഇഷ്ടപ്പെടുന്നത്.
ബി.ടെക്കിനു പഠിക്കുമ്പോൾ കൊച്ചുത്രേസ്യ പുണ്യവതിയുടെ പുസ്തകമാണ് ആദ്യമായി വായിച്ച ആത്മീയഗ്രന്ഥം. അതുവരെ നോവലുകളൊക്കെ വായിക്കാൻ താത്പര്യമായിരുന്നു. കൊച്ചുത്രേസ്യായെ വായിച്ചതോടെ ആ താത്പര്യം അവസാനിച്ചു. പിന്നെ വിശുദ്ധരെഴുതിയ കൃതികൾ- അമ്മത്രേ്യസ്യയുടെയും ജോൺ ഓഫ് ദ ക്രോസ് തുടങ്ങി വലിയ വിശുദ്ധർ എഴുതിയ കൃതികളാണ് കൂടുതലും വായിച്ചിരുന്നത്.
കൂട്ടുകാരൊക്കെ അടിച്ചുപൊളിച്ചു നടക്കുമ്പോൾ ഒരാളിങ്ങനെ ആത്മീയ പുസ്തകങ്ങൾ വായിച്ചും പ്രാർത്ഥിച്ചുമൊക്കെയിരുന്നാൽ സ്വാഭാവികമായി അവരങ്ങനെയല്ലേ വിളിക്കൂ… ഫാദർ സോണി! അതായിരുന്നു അന്നത്തെ കളിപ്പേര്. എന്നാലും അവർക്ക് തന്നോട് ഒരു ബഹുമാനം ഉണ്ടായിരുന്നുവെന്ന് സോണിയച്ചൻ ഓർക്കുന്നു.
പിന്നീട് അമേരിക്കയിലായിരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെതെന്നയാണ് മുന്നോട്ടുപോയത്. ”സമ്പത്തിന്റെയും സുഖസൗകര്യങ്ങളുടെയും നടുവിൽ ജീവിക്കുന്ന ആ മനുഷ്യരുടെയിടയിലും ആത്മീയതയിൽ ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. ഗവേഷണത്തിനിടയിൽ അവരുടെ പ്രാർത്ഥനാ ഗ്രൂപ്പുകളുമായുള്ള സൗഹൃദം, കൂട്ടായ്മകൾ എല്ലാം ദൈവം ഒരുക്കിത്തന്നു.
കൂടാതെ അവിടെവച്ച് നല്ലൊരു ആത്മീയ ഗുരുവിനെയും ലഭിച്ചു. സിസ്റ്റർ സൂസൻ പൈപ്പർ. ഫിലോസഫിയും തിയോളജിയുമൊക്കെ പഠിച്ചയാളാണ്. അവരുടെ ആത്മീയ ശീക്ഷണം പൗരോഹിത്യത്തിലേക്കുള്ള നല്ലൊരു പ്രേരണയായിരുന്നു. അതോടൊപ്പം തന്നെ ഗവേഷണകാലത്ത് അനുഭവപ്പെട്ട പരീക്ഷണങ്ങൾ, നിസ്സഹായത, ഏകാന്തത ഇതൊക്കെ ദൈവത്തെ കൂടുതൽ അശ്രയിക്കാനുള്ള പ്രേരണയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് ഏതാണ്ട് 40,000 വിദ്യാർത്ഥികൾ ഉള്ള കാമ്പസ് ആണ്. അവിടെ ന്യൂമാൻ സെന്റർ എന്നൊരു സ്ഥാപനമുണ്ട്. അതിലൊരു ചാപ്പലും. അവിടെ ഒരച്ചനുണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ പി.ജി വിദ്യാർത്ഥികൾക്കായി ദൈവശാസ്ത്ര ക്ലാസുകൾ അദ്ദേഹം നടത്തുമായിരുന്നു. അവിടെ വച്ച് ഒരു കാര്യം എനിക്കു കൂടുതൽ ബോധ്യമായി.
ഏതു രാജ്യത്തുള്ളവരായാലും ഏതു സംസ്‌കാരത്തിലുള്ളവരായാലും അടിസ്ഥാനപരമായി മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്നുണ്ട്. അമേരിക്കക്കാരെക്കുറിച്ചുള്ള എന്റെ മുൻവിധികളാകെ മാറിപ്പോയ അനുഭവങ്ങളായിരുന്നു അവിടെ. നമ്മളെക്കാൾ പത്തിരട്ടി തീക്ഷ്ണതയിൽ ജീവിക്കുന്ന അല്മായർ അവിടെയുണ്ട്. അവിടെനിന്നുതന്നെ കംപ്യൂട്ടർ സയൻസിൻ മാസ്റ്റേഴ്‌സ് കഴിഞ്ഞ് സെമിനാരിയിൽ ചേരുന്ന ചെറുപ്പക്കാരും ധാരാളമുണ്ട്.”
പോസ്റ്റ് ഡോക്ടറലിന് മറ്റൊരു ഗവേഷണശാലയിൽ നിന്ന് കുറേക്കൂടി ഉയർന്ന ശമ്പളത്തിൽ ഓഫർ വന്നിട്ടും അതു വേണ്ടെന്നു വച്ചത് ഓക്‌റിഡ്ജ് ഗവേഷണകേന്ദ്രം തന്നെ തിരഞ്ഞെടുക്കാൻ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒരു നിത്യാരാധന ചാപ്പൽ ഉണ്ടായിരുന്നു. ലോസ് അലാമോസ് നാഷണൽ ലാബിൽ നിന്നുള്ള ആദ്യത്തെ ആ ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ വർഷത്തിൽ 24 ലക്ഷം രൂപ കൂടുതൽ നേടാമായിരുന്നു.
പക്ഷേ, ദൈവത്തെക്കാൾ മീതെയല്ല ഒന്നും എന്നും കണ്ടെത്തിക്കഴിഞ്ഞ ഒരാൾക്ക് സമ്പത്ത് ഒരിക്കലും പ്രലോഭനമാകില്ലല്ലോ. പക്ഷേ, ആ ത്യാഗത്തിന് ദൈവം വലിയൊരു സമ്മാനം കരുതിവച്ചിട്ടുണ്ടായിരുന്നു. അങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തിയതുകൊണ്ടാണ് ഒരു ശാസ്ത്രജ്ഞനു കിട്ടാവുന്ന ഏറ്റ വും വലിയ ആ ഭാഗ്യം- സയൻസ് മാഗസിനിൽ- ഡോ. സോണിയുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനിടയായ സാഹചര്യങ്ങൾ ഒരുങ്ങിയത്.
കാർബൺ നാനോട്യൂബുകൾ ഉപയോഗിച്ച് DNA seqencing ചെയ്യാൻ സഹായകമാകുന്ന Computer simulations ശാസ്ത്രലോകത്തിനു നൽകാൻ ഇടയായത് അങ്ങനെയാണ്. ആ പഠനപ്രബന്ധമാണ് സയ ൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്. ഡോ. സോണിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പഠനങ്ങളിലെ കണ്ടെത്തലുകൾ 2000 ത്തോളം ഗവേഷണപ്രബന്ധങ്ങളിൽ ഇതിനകം പരാമർശിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ യുവശാസ്ത്രജ്ഞന്റെ മികവിനെ ശാസ്ത്രലോകം എന്തുമാത്രം മാനിക്കുന്നുണ്ടെന്ന് മനസിലാകുന്നത്.
പോസ്റ്റ് ഡോക്ടറൽ ചെയ്യുന്നതിനുമുമ്പു തന്നെ വൈദികനാകാൻ തീരുമാനിക്കാനുള്ള കാരണം സോണിയച്ചൻ ഇങ്ങനെ വിശദീകരിക്കുന്നു: പി.എച്ച്.ഡി ചെയ്തുകൊണ്ടിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് എന്നാൽ, അമേരിക്കയിലെ അഞ്ചാം റാങ്കിലുള്ള യൂണിവേഴ്‌സിറ്റിയാണ്. വളരെ ടോപ് ലെവലിലുള്ള പ്രൊഫസേഴ്‌സും. അവിടെ നല്ല കാത്തലിക്‌സ് ഒക്കെയുണ്ടെങ്കിലും പലരുടെയും ജീവിതം വളരെ പ്രശ്‌നം നിറഞ്ഞതാണെന്ന് മനസിലായി. എന്തെക്കെയുണ്ടായാലും ജീവിതം പോയിട്ട് എന്തുകാര്യം?
ലോകം മുഴുവൻ നേടിയാലും ആത്മാവു നഷ്ടമായാൽ എന്തു പ്രയോജനം എന്നു പറയുന്നതുപോലെ. മനുഷ്യനിൽ ആത്മീയ ജീവിതം എന്നൊരു ഘടകം ഉണ്ട്. ദൈവത്തിലേ മനുഷ്യന് ആനന്ദം കണ്ടെത്താനാകൂ. ആ ബോധ്യം എന്നിൽ കൂടതൽ ആഴത്തിലായി.
പക്ഷേ, എത്രയോ മനുഷ്യരിങ്ങനെ പേരിനുവേണ്ടി, പ്രശസ്തിക്കു വേണ്ടി, പണത്തിനുവേണ്ടി ഓടിനടക്കുന്നു. ഞായറാഴ്ച പോലും ജോലി ചെയ്യുന്നു. ഒരു പക്ഷേ, അവരെ കേൾക്കാൻ ആളുകൾ ഓടിക്കൂടുന്നുണ്ടാകാം. വലിയ അവാർഡുകൾ കിട്ടുന്നുണ്ടാകാം… പക്ഷേ, അവരുടെ സ്വകാര്യ ജീവിതം പ്രശ്‌നഭരിതമാണെങ്കിൽ എന്തു പ്രയോജനം? ഇതൊക്കെ എന്നെ ചിന്തിപ്പിച്ചു.
ഇത്തരം അനുഭവങ്ങളൊക്കെ ദൈവത്തിലാണ് യഥാർത്ഥ ജീവിതം എന്ന ബോധ്യത്തിൽ എത്തിച്ചു. പിന്നെ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന സയൻസിൽ, ഒരാൾക്കു ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം എനിക്കു കിട്ടി. അതിലപ്പുറം ഒന്നുമില്ല. ശാസ്ത്രത്തിന്റെ മേഖലയിൽ ചെയ്യാവുന്നതൊക്കെ ചെയ്തു. ഇനി എന്തെങ്കിലും ചെയ്യണമെന്ന ഒരാഗ്രഹംപോലും ബാക്കിയില്ല. ഇനി ചെയ്താൽത്തന്നെ കുറച്ച് പേപ്പേഴ്‌സ് ചെയ്യാം, പണമുണ്ടാക്കാം. എന്നല്ലാതെ ഒന്നുമില്ല. കുറേ കയ്യടി കിട്ടുമായിരിക്കും. അതിലൊരു കഥയുമില്ല. അതുകൊണ്ടുതന്നെ എല്ലാം ഇട്ടിട്ടുപോരാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.
എന്നാൽ, ക്രിസ്തു ഒരു യഥാർത്ഥ്യമാണ് – ദൈവമാണ്. അവിടുന്ന് ഇന്നും ജീവിക്കുന്നു. അവിടുന്നിലാണ് രക്ഷ. ആ ഈശോയെ എനിക്കു പ്രഘോഷിക്കണം. ഇതൊന്നും എഴുതാൻ മാത്രമുള്ള കാര്യങ്ങളില്ല എന്നു മുഖവുരയോടെ മടിച്ചു മടിച്ച്, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവസാനിപ്പിച്ച് ഡോക്ടർ സോണിയെന്ന ഫാ. സോണി തിടുക്കത്തിൽ എഴുന്നേറ്റ് പോയത് മലയാറ്റൂർ മലകേറാൻ.
2011-ൽ തൃക്കാക്കര സെമിനാരിയിൽ ചേർന്ന ഡോ. സോണി മംഗലപ്പുഴ സെമിനാരിയിലാണ് വൈദികപഠനം പൂർത്തിയാക്കിയത്. മൈക്രോസ്‌കോപ്പിലൂടെ കാണാനാകാത്ത പദാർത്ഥങ്ങൾകൊണ്ട് ശാസ്ത്രലോകത്തിനാവശ്യമായ ഉപകരണങ്ങൾ തയ്യാറാക്കുന്ന സാങ്കേതിക വിദ്യ സൂപ്പർ കംപ്യൂട്ടറുകൾ വഴി ചെയ്തിരുന്ന ഈ ശാസ്ത്രജ്ഞന്റെ കരങ്ങളിൽ ഇനി വിശ്വാസത്തിന്റെ കണ്ണുകൾക്കു മാത്രം കാണാൻ കഴിയുന്ന പ്രപഞ്ചനാഥൻ അനുസരണയോടെ ഒതുങ്ങിനില്ക്കും.
പ്രപഞ്ചത്തിലെ നിഗൂഢതകളെക്കുറിച്ചുള്ള വിസ്മയത്തിലാണ് ഞങ്ങളുടെ സംഭാഷണം അവസാനിപ്പിച്ചത്. സോണിയച്ചൻ അതിങ്ങനെ പൂർത്തിയാക്കി: അതിനെക്കാൾ വലിയ വിസ്മയമല്ലേ ദൈവത്തിന്റെ രക്ഷ എന്നത്! അതെ അതുതന്നെയാണ് ഏറ്റവും വലിയ വിസ്മയം ഏതൊരു ശാസ്ത്രവും ഒടുവിൽ കണ്ടെത്തേണ്ട സത്യവും.
സിസ്റ്റർ ശോഭ സി.എസ്.എൻ
 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?