Follow Us On

21

September

2019

Saturday

റേയ് കെല്ലി അച്ചൻ സൂപ്പറാ!!! ടാലന്റ് ഷോയിൽ താരമായി ഐറിഷ് വൈദികൻ

റേയ് കെല്ലി അച്ചൻ സൂപ്പറാ!!! ടാലന്റ് ഷോയിൽ താരമായി ഐറിഷ് വൈദികൻ

അയർലൻഡ് : ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ്’ എന്ന ടെലിവിഷൻ ടാലന്റ് ഷോയിൽ കഴിവ് പ്രകടിപ്പിക്കാൻ എത്തിയത് ഒരു പ്രത്യേക വ്യക്തിത്വമാണ്. തന്റെ സ്വതസിദ്ധമായ ശബ്ദത്തിൽ അദ്ദേഹം ആലപിച്ച ഗാനം കേട്ട് കാണികൾ മാത്രമല്ല വിധികർത്താക്കളും നിർത്താതെ കൈയ്യടിച്ചു. എന്തിനേറെ, പാട്ട് ഏറ്റവും മികച്ച രീതിയിൽ പാടി തീർത്തതിന്റെ സന്തോഷത്തിൽ അദ്ദേഹം പോലും അറിയാതെ കണ്ണുനീർ പൊഴിച്ചു. ഏറ്റവുമൊടുവിൽ പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളായ സൈമൺ ഫിലിപ്പ് കോവൽ, ‘ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡാണ്’ എന്നു കൂടി പറഞ്ഞപ്പോൾ അദ്ദേഹം കൃതാർത്ഥനായി. പറഞ്ഞു വരുന്നത് ഫാ. റേയ് കെല്ലി എന്ന വൈദികനെ കുറിച്ചാണ്.
അയർലൻഡിലെ കൗണ്ടി മിയേത്തിലെ ഓൾഡ് കാസിൽ പ്രദേശത്തെ സെന്റ് മേരീസ് ഇടവകയിലും, സെന്റ് ബ്രിഡ്ജസ് ഇടവകയിലും വൈദികനായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. റേയ് കെല്ലി ചെറുപ്പം മുതലേ പാട്ടുകൾ പാടുമായിരുന്നു. എപ്പോഴും ദൈവത്തെ കുറിച്ചും അവിടുത്തെ സൗഖ്യം പകരുന്ന വചനത്തെക്കുറിച്ചും ധ്യാനിച്ചിരുന്ന അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചശേഷവും തന്റെ ഒഴിവു സമയങ്ങൾ പാട്ടുകൾ പാടാൻ ന്നതിനായി മാറ്റിവച്ചു.
പലപ്പോഴും സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും മുന്നിൽ മാത്രം പുറത്തെടുത്തിരുന്ന തന്റെ ഈ കഴിവ് ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ്’ വരെ എത്തുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലോകത്തിനു മുമ്പിൽ തന്റെ കഴിവുകൾ മറച്ചു വയ്ക്കുന്നതിന് പകരം അത് ആയിരകണക്കിന് ആളുകളുമായി പങ്കുവയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ‘എവരിബഡി ഹേർട്ട്‌സ്’ എന്ന ഗാനമാണ്.
അദ്ദേഹം പാടാൻ തുടങ്ങിയപ്പോൾ ആളുകൾ കൈയ്യടികളാൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ കാണികൾക്കിടയിൽ പരിപൂർണ്ണ നിശബ്ദത പടർന്നു. എല്ലാവരും വൈദികന്റെ ശബ്ദത്തിലും ആലാപന രീതിയിലും അറിയാതെ മുഴുകി ഇരുന്നു പോയി. അത്രത്തോളം പ്രത്യേക നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം.
പാട്ട് കഴിഞ്ഞതും, വിധികർത്താക്കളിൽ ഒരാളായ സൈമൺ കോവൽ എഴുന്നേറ്റ് നിന്നു കൈയ്യടിച്ചു. ടാലന്റ് ഷോയിൽ പങ്കെടുക്കാൻ ആദ്യമായി എത്തിയ വൈദികന്റെ ശബ്ദത്തെയും പാടാനായി തിരഞ്ഞെടുത്ത ഗാനത്തെയും അദ്ദേഹം പുകഴ്ത്തി. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ ഫാ. കെല്ലിയുടെ എപ്പിസോഡ് ഇന്ന് അനേകരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?