Follow Us On

18

April

2024

Thursday

മണിമുത്തുകൾ

മണിമുത്തുകൾ

ടിക്കറ്റ് നോക്കുന്നതിന് പിന്നിൽ
ഊർജ തന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവും ആപേക്ഷിക സിദ്ധാന്ത ത്തിന്റെ ഉപജ്ഞാതാവുമായ ആൽബെർട്ട് ഐൻസ്റ്റീനെക്കുറിച്ച് അറിയാത്തവർ ചുരുങ്ങും. തികഞ്ഞ നർമ്മ ബോധമുള്ളയാളും രസികനുമായിരുന്നു അദേഹം എന്നാൽ നല്ലൊരു മറവിക്കാരനും. ഒരിക്കൽ ഐൻസ്റ്റീൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കമ്പാർട്ടുമെന്റിൽ ടിക്കറ്റ് പരിശോധകൻ വന്നു, ടിക്കറ്റ് ചോദിച്ചു.. ഐൻസ്റ്റീൻ പോക്കറ്റിൽ നോക്കി, സ്യുട്ട് കേസിൽ നോക്കി. ടിക്കറ്റ് കാണുന്നില്ല. പരിശോധകന് ആളെ അറിയാമായിരുന്നു. അയാൾ പറഞ്ഞു : ”സാരമില്ല, സർ, താങ്കൾ ടിക്കറ്റ് എടുത്തു എന്ന് എനിക്ക് ബോധ്യമായി. വിഷമിക്കേണ്ട.” അത്രയും പറഞ്ഞ് അയാൾ അടുത്ത ബോഗിയിലേക്ക് പോയി. അവിടെയുള്ള യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് മടങ്ങിവരുമ്പോഴും ഐൻസ്റ്റീൻ ടിക്കറ്റ് പരതിക്കൊണ്ടിരിക്കുയായിരുന്നു. അതുകണ്ടപ്പോൾ ടിക്കറ്റ് പരിശോധകൻ പറഞ്ഞു.
”നിങ്ങളിനി അതോർത്ത് വിഷമിക്കേണ്ട…”
എന്നാൽ ഐൻസ്റ്റീൻ പരതുന്നതിനിടയിൽ മറുപടി പറഞ്ഞു.
”നിങ്ങൾക്ക് അങ്ങനെ പറയാം. എന്നാൽ എവിടെയാണ് എനിക്കിറങ്ങേണ്ടതെന്ന് അറിയണമെങ്കിൽ ആ ടിക്കറ്റ് കണ്ടെത്തുക തന്നെ വേണം…”
പ്രഭുവും അടിമയും
ഡോ. സാമുവൽ ജോൺസണെക്കുറിച്ച് കേട്ടിട്ടുളള ഒരു കഥയുണ്ട്. ഒരിക്കലദ്ദേഹം ആംഗലേയ സാഹിത്യത്തിലെ പ്രഗത്ഭയായ കാതറീനുമായി സംസാരിക്കുകയായിരുന്നു. ചർച്ചക്കിടയിൽ മനുഷ്യർ തുല്യരാകണമെന്നും എങ്കിലേ സമൂഹത്തിൽ പുരോഗതി കരഗതമാകൂ എന്നും കാതറീൻ വാദിച്ചു. ജോൺസൺ സൗമ്യതയോടെ പറഞ്ഞു.
”വാസ്തവമാണ് മാഡം. പക്ഷേ ഇന്നതൊന്നും സാധിക്കില്ല.” കാതറീൻ പെട്ടെന്ന് രോഷാകുലയായി. അവർ പറഞ്ഞു.
”നിങ്ങളെന്താണ് ജോൺസൺ ഇങ്ങനെയൊക്കെ പറയുന്നത് ? എന്ത് കൊണ്ട് സാധിക്കില്ല.”
കാതറീൻ തുടർന്നു. ”എന്താ ദൈവം മനുഷ്യനെ മന്ത്രിയെന്നോ, അടിമയെന്നോ, പ്രഭുവെന്നോ, തോഴിയെന്നോ ഒക്കെ തിരിച്ചിട്ടുണ്ടോ? പിന്നെന്തുകൊണ്ടാണ് ഇതു സാധിക്കില്ലെന്ന് നിങ്ങൾ പറയുന്നത്. സമത്വം ഉണ്ടെങ്കിലേ ഇന്നു സമൂഹം രക്ഷപ്പെടൂ…”
ജോൺസൺ അസ്വസ്ഥത പ്രകടിപ്പിച്ച് വാച്ചിൽ നോക്കിയിട്ട് പറഞ്ഞു. ”ഓ! ക്ഷമിക്കണം മാഡം. ഞാനിപ്പോഴാണ് ഓർത്തത്. മാഡത്തിന്റെ പരിചാരകനെക്കൂടി ഈ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ട്. നമുക്ക് മൂന്നുപേർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമായിരുന്നു. ഇത്രയും നേരമായിട്ടും അവനെ കണ്ടില്ലല്ലോ.”
അതു കേട്ടപ്പോൾ കാതറീന്റെ മുഖം വിളറി വെളുത്തു. അവർ എണീറ്റുകൊണ്ട് പറഞ്ഞു. ”എന്തു മണ്ടത്തരമാണ് മിസ്റ്റർ നിങ്ങളീ കാട്ടിയത്. എന്റെ വേലക്കാരനോടൊപ്പമിരുന്ന് ഞാൻ ഭക്ഷണം കഴിക്കാനോ? എനിക്ക് പറ്റില്ല. ഞാൻ പോകുകയാണ്.”
ജോൺസൺ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഭവതീ, ഇത്രയും നേരം സമത്വം, സ്വാതന്ത്ര്യം എന്നൊക്കെപറഞ്ഞ് വാദിച്ചില്ലേ? സ്വന്തം കാര്യം വന്നപ്പോൾ എന്ത്‌കൊണ്ട് ഇങ്ങനെയായി? ജീവിതത്തിൽ കാണിച്ചുകൊടുത്തിട്ട് മറ്റുളളവരെ തിരുത്തുന്നതല്ലേ നല്ലത്.”
കാതറീന്റെ നാവിറങ്ങിപ്പോയിരുന്നു.
വിമർശനവും മുട്ടയും
പ്രശസ്തയായ ഒരു നാടക നടിയോട് സംഭാഷണ മധ്യേ ബർണാർഡ് ഷാ പറഞ്ഞു. ”നിങ്ങളുടെ അഭിനയം പോരാ കുറച്ചുകൂടി മെച്ചപ്പെടുത്തണം.” അഹങ്കാരിയായ നടിക്ക് ഷായുടെ ആ വാക്കുകൾ വളരെ അരോചകമായി തോന്നി. അവൾ പറഞ്ഞു. ”ഞാൻ നാടകത്തിലഭിനയിച്ചിട്ടുളളതുപോലെ നിങ്ങൾക്കഭിനയിക്കാൻ കഴിയുമോ?” ഷാ പുഞ്ചിരിയോടെ പറഞ്ഞു. ”മാഡം ഒരു കോഴിമുട്ട കണ്ടാൽ അത് നല്ലതോ ചീത്തയോ എന്നറിയാൻ കഴിയും. എന്നാൽ ചീത്തയാണെന്നു പറഞ്ഞാൽ എങ്കിൽ നിങ്ങൾക്കിതുപോലെ ഒരു മുട്ടയിടാൻ കഴിയുമോ എന്ന് ചോദിക്കുന്നവരോട് ഞാൻ മറുപടി പറയില്ല.”
ഐൻസ്റ്റീനും ഡ്രൈവറും
ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം കണ്ട് പിടിച്ചു അധികം നാളായില്ല. അദ്ദേഹം അമേരിക്കയിലെ പല കലാശാലകളിലും അതെക്കുറിച്ച് പ്രസംഗിച്ചു. എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്ത ഡ്രൈവർ കൂടെ ഇരിക്കുന്നുണ്ടായിരുന്നു. കുറെ പ്രസംഗങ്ങൾ കഴിഞ്ഞപ്പോൾ മടക്ക യാത്രയിൽ ഡ്രൈവർ പറഞ്ഞു. ”സർ അങ്ങയുടെ പ്രസംഗം എത്ര പ്രാവശ്യം കേട്ടു കഴിഞു. അവസരം കിട്ടിയാൽ ഒരു പക്ഷെ നിങ്ങളെപ്പോലെ അല്ലെങ്കിൽ കുറച്ചു കൂടി മെച്ചമായി എനിക്കും പ്രസംഗിക്കാൻ കഴിയും.”
ഐൻസ്റ്റീൻ പറഞ്ഞു: ”ഞാൻ അടുത്തയാഴ്ച പ്രസംഗിക്കാൻ പോകുന്ന സ്ഥലത്ത് എന്നെ ആരും തിരിച്ചറിയാൻ സാധ്യതയില്ല, എനിക്ക് പകരം താങ്കൾ പ്രസംഗിച്ചു കൊള്ളൂ.”
പതിവുപോലെ അവർ പുറപ്പെട്ടു, ഐൻസ്റ്റീന്റെ െ്രെഡവറാണ് അദേഹത്തിന് പകരമായി പ്രസംഗിച്ചത്. പ്രസംഗത്തിനു ശേഷം ഒരു ഗവേഷണ വിദ്യാർഥി എണീറ്റു. അയാളുടെ ചോദ്യത്തിന് െ്രെഡവർക്ക് ഉത്തരം മുട്ടി. എന്നാൽ വിദഗ്ദനായ ഡ്രൈവർ അതിബുദ്ധിപൂർവ്വം പറഞ്ഞു. ‘ഇതൊക്ക എത്ര നിസാരമായ ചോദ്യം. ഇതിന്റെ ഉത്തരം എന്റെ ഡ്രൈവർ പറയും. തുടർന്ന് വേദിക്ക് പിന്നിലിരുന്ന ഐൻസ്റ്റീനെ െ്രെഡവർ നോക്കി. സ്വതസിദ്ധമായ രീതിയിൽ ഐൻസ്റ്റീൻ അതിന്റെ ഉത്തരം പറയുകയും ചെയ്തു. ഇതുകേട്ട് വിദ്യാർത്ഥികളൊന്നടങ്കം ഞെട്ടി. വാക്ക് ഒരു ശാസ്ത്രമല്ല; പക്ഷേ വളരെ ശ്രദ്ധിച്ചേ അതുപയോഗിക്കാവൂ. കാരണം അസ്ത്രത്തേക്കാൾ ആഴത്തിൽ അത് ഹൃദയത്തെ കീറിമുറിക്കും. റഷ്യൻ പഴമൊഴി
ജീവന്റെ സംരക്ഷണം പടരട്ടെ
മനുഷ്യജീവനെ അതിന്റെ ഉത്ഭവനിമിഷം മുതൽ സ്വാഭാവികമരണം വരെ ബഹുമാനിക്കുവാനും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും പഠിപ്പിച്ചാൽ നമ്മുടെ നാട്ടിൽ ജീവനെ ഹനിക്കുന്ന സംഭവങ്ങളോ പീഡനകഥകളോ ഉയരുമായിരുന്നില്ല. അതിനാൽ ഇവിടെ ജന്മമെടുക്കുന്ന നന്മയുടെ കഥകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തീർച്ചയാണ്.
പെൺകുഞ്ഞിന് ജൻമം നൽകുന്ന അമ്മമാരുടെ പ്രസവച്ചെലവുകൾ സൗജന്യമാക്കി രാജ്യത്തിന് മാതൃകയാകുന്ന മീററ്റിലെ സ്വകാര്യആശുപത്രിയുടെ ശ്രമത്തെ അതുകൊണ്ട് തന്നെ ആദരണീയമായി കാണണം. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ആശുപത്രി ഈ സൗജന്യം നൽകുന്നത്. ഇവിടെ സാധാരണയായി 5000 രൂപ മുതൽ 8000രൂപ വരെയാണ് പ്രസവത്തിനുള്ളത്. എന്നാൽ ഇവിടെ ജനിക്കുന്ന പെൺകുട്ടികൾക്ക് ചികിത്സാഫീസ് ഈടാക്കുന്നില്ലെന്നു മാത്രമല്ല, കേക്ക് മുറിച്ച് അന്ന് ആഘോഷമാക്കുകയും ചെയ്യുകയാണ് ആശുപത്രിയുടെ മുഖ്യ ചുമതലക്കാരിലൊരാളായ ഡോ. ഗണേഷ് രാഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ആൺ-പെൺ വിവേചനം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് അദേഹത്തിന്റെ അഭിപ്രായം. എന്തായാലും ജീവനെ മാനിക്കുന്ന ഈ മനോഭാവം ജനങ്ങളെ ഒട്ടേറെ ആകർഷിക്കുന്നുണ്ടെന്ന് തീർച്ച.
പെൺമക്കളുടെ എണ്ണം കുറവായ ഹരിയാനയിൽ ജനത്തിന്റെ മനസ്ഥിതി മാറ്റാൻ സർക്കാർ സെൽഫി ഫോട്ടോയെടുക്കാനാണ് മാതാപിതാക്കളോട് നിർദേശിച്ചത്. ഇങ്ങനെ പെൺമക്കൾക്കൊപ്പം നിന്ന് സെൽഫി ഫോട്ടെയെടുത്ത് അധികൃതർക്ക് അയച്ചുകൊടുത്താൽ സമ്മാനവുമുണ്ട്. പെൺകുഞ്ഞുങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുവാനും പെൺഭ്രൂണഹത്യ തടയാനുമുള്ള സർക്കാരിന്റെ ശ്രമം കുറച്ചൊക്കെ ഫലമണിഞ്ഞിട്ടുണ്ടെന്നാണ് അവിടെനിന്നുളള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജസ്ഥാൻ സർക്കാരാവട്ടെ ഗർഭിണികൾ നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികളിൽ ചികിത്സ തേടണമെന്ന് നിർദേശിക്കുന്നു. അനുമതിയില്ലാത്ത ചികിത്സയും പ്രാകൃതമായ ഭ്രൂണഹത്യയും മറ്റും സ്വീകരിച്ച് ധാരാളം സ്ത്രീകൾ ഇവിടെ മരണമടയുകയുണ്ടായി. ഇതിനൊരു പരിഹാരമെന്നോണം പ്രസവത്തോടനുബന്ധിച്ച് സംഭവിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണനിരക്കു കുറയ്ക്കാനുളള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രസവത്തോടനുബന്ധിച്ച ഇങ്ങനെ സംസ്ഥാനത്ത് എവിടെയെങ്കിലും മരണം സംഭവിച്ചാൽ അധികൃതരെ ആദ്യം വിളിച്ചറിയിക്കുന്ന വ്യക്തിക്ക് മൊബൈൽ റീച്ചാർജ്ജ്കൂപ്പൺ സൗജന്യമായി സർക്കാർ നൽകുമത്രേ. പ്രസവത്തോടനുബന്ധിച്ചോ പ്രസവം നടന്ന് 42 ദിവസത്തിനുള്ളിലോ മരിക്കുന്നവരുടെ കാര്യത്തിലാണ് വിവരം നൽകേണ്ടത്. ഇത്തരം മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ പോകുന്ന അവസ്ഥ മാറ്റിയെടുക്കാനും ഇതുവഴി കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ആരോഗ്യവകുപ്പിലെ താഴേത്തട്ടിലെ ജീവനക്കാർപ്പോലും ശിക്ഷ ഭയന്ന് പലപ്പോഴും പ്രസവമരണങ്ങൾ മറച്ചുവെക്കുകയാണ് പതിവ്. മൊബൈൽ റീച്ചാർജ് കൂപ്പൺ സമ്മാനമായി കിട്ടുന്നതാണ് നാട്ടുകാർക്കിവിടെ വലിയ സമ്മാനം. അതിനാലാണ് സർക്കാർ അത്തരം പദ്ധതികൾക്ക് പച്ചക്കൊടി കാട്ടിയതും.
മഹാരാഷ്ട്രസർക്കാരും ഇതുപോലെ മാതൃകാപദ്ധതിയുമായിട്ടെത്തിയിട്ടുണ്ട്. അതിക്രമങ്ങൾ നേരിടുന്ന അവസരങ്ങളിൽ സത്രീകളെ സഹായിക്കുവാൻ മുന്നോട്ടുവരുന്നവരെ സർക്കാർ ആദരിക്കുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ നിന്ന് ധൈര്യസമേതം മുന്നോട്ടുവരുന്നവരിൽ നിന്ന് ഒരാൾക്ക് സർക്കാർ ഒരുലക്ഷം രൂപയുടെ നിർഭയപുരസ്‌ക്കാരമാണ് നൽകുന്നത്. ഹിമാചലിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറവാണ്. 1000 ആൺകുഞ്ഞുങ്ങൾക്ക് 909 സ്ത്രീകളാണ് നിലവിലുള്ളത്. അതാകട്ടെ ദേശീയ ശരാശരിയേക്കാൾ വളരെ കുറവും. ഇതിന് പരിഹാരമായി ഹിമാചലിലെ കുളുവിൽ 9892 പെൺകുട്ടികൾ ‘പെൺകുഞ്ഞുങ്ങളെ രക്ഷിക്കൂ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നൃത്തമാടിയപ്പോൾ ലോകറിക്കോർഡ് അവരുടെ പേരിലായി.
നമ്മുടെ കേരളത്തിലും പെൺകുഞ്ഞുങ്ങളുടെ പ്രസവം സൗജന്യമാക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. കാരണം പെൺകുഞ്ഞാണെങ്കിൽ നെറ്റിചുളിയുന്ന നാട്ടിൽ ഇത്തരം നല്ല രീതികളിലൂടെ ജീവന്റെ വില തിരിച്ചറിയാനാകുമെന്ന് തീർച്ച.
”പെൺകുട്ടിയെ രക്ഷിക്കൂ,…” എന്ന പേരിലുള്ള ബോധവൽക്കരണം പല സംസ്ഥാനത്തും പെൺകുരുന്നുകളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദത്തെടുക്കൽ പ്രക്രിയയും കേന്ദ്രസർക്കാർ ലളിതമാക്കിയിട്ടുണ്ട്. അസുഖം മൂലമോ അപകടം മൂലമോ മക്കളെ നഷ്ടപ്പെട്ടവർക്ക് നീണ്ട നടപടി ക്രമങ്ങൾ ഇല്ലാതെ കുട്ടികളെ ദത്തെടുക്കാൻ അവസരം നൽകുന്നുണ്ട്. പെൺ ഭ്രൂണഹത്യപെരുകുന്നതിന് പരിഹാരമായിട്ടാണ് ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.
ജയ്‌മോൻ കുമരകം
പുതിയ ചിത്രം
ചാർളീ ചാപ്ലിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത ദിവസം ഐൻസ്റ്റീനെ ചിത്രം കാണാൻ അദേഹം ക്ഷണിച്ചു. വിജയകരമായ പ്രദർശനത്തിനു ശേഷം അവർ രണ്ടു പേരും കൂടി ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. ജനക്കൂട്ടം അവരെ കണ്ടു കരഘോഷം മുഴക്കി. അപ്പോൾ ചാപ്ലിൻ പറഞ്ഞു: ”അവർ എന്നെ കാണുമ്പോൾ കയ്യടിക്കുന്നത് അവർക്ക് എന്റെ ചിത്രം മുഴുവൻ മനസ്സിലായത് കൊണ്ടാണ്, പക്ഷെ നിങ്ങളെ കണ്ടു കയ്യടിക്കുന്നത് നിങ്ങളുടെ ആപേക്ഷിക സിദ്ധാന്തം അവർക്കൊന്നും മനസ്സിലാകാത്തത് കൊണ്ടാണ്…”
ഐൻസ്റ്റീൻ പൊട്ടിച്ചിരിച്ചുപോയി.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?