Follow Us On

19

January

2019

Saturday

കാരുണ്യം പ്രവൃത്തികളിൽ നിറയട്ടെ!

കാരുണ്യം  പ്രവൃത്തികളിൽ  നിറയട്ടെ!

ചില അനുഭവങ്ങൾ മനസിൽനിന്നും മാഞ്ഞുപോകില്ല. ബാല്യത്തിൽ ഉണ്ടായ ചില സംഭവങ്ങൾ വാർധക്യത്തിൽപ്പോലും ഓർക്കാറുണ്ടല്ലോ. അങ്ങനെയെങ്കിൽ ഇമ്മാനുവേൽ എന്ന പത്തുവയസുകാരന് ഫ്രാൻസിസ് മാർപാപ്പയെ ഇനിയൊരിക്കലും മറക്കാൻ കഴിയില്ല. ഏതാനും ആഴ്ചകൾക്കുമുമ്പാണ് റോമിന് പ്രാന്തപ്രദേശത്തുള്ള ഇടവകയിൽ മാർപാപ്പ സന്ദർശനത്തിന് എത്തിയത്. അതിനിടയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലായിരുന്നു ഇമ്മാനുവേൽ തന്റെ സംശയവുമായി എഴുന്നേറ്റത്. തന്നെ ഏറെ അലട്ടിയിരുന്ന ചോദ്യം ചോദിക്കുവാൻപോലും കഴിയാതെ വിങ്ങിപ്പൊട്ടിനിന്ന അവനെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചിട്ട് മാർപാപ്പ പറഞ്ഞു, ”മോനെ നിന്റെ ചോദ്യം എന്റെ ചെവിയിൽ ചോദിക്കൂ.” ആ വാക്കുകൾ ഇമ്മാനുവേലിന് മാത്രമല്ല, അവിടെ കൂടിയിരുന്ന ആർക്കും മറക്കാനാവില്ല. മാർപാപ്പയുടെ വാക്കുകളും ഇമ്മാനുവേലിനെ ആശ്വസിപ്പിക്കുന്ന ചിത്രവും മാധ്യമങ്ങളിൽക്കൂടി കണ്ട എല്ലാവരുടെയും ഹൃദയങ്ങളിൽ പതിഞ്ഞുവെന്നതിന് സംശയമില്ല.
ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകാര്യതയുടെ ഗ്രാഫ് ഓരോ ദിവസവും ഉയരുന്നതിന്റെ കാരണം മറ്റൊന്നുമല്ല. കാരുണ്യം വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും നിറഞ്ഞുനിൽക്കുന്നു എന്നതാണ്. വേദനിക്കുന്ന ഒരാളെ എങ്ങനെ സമീപിക്കണമെന്ന് ഇനി മണിക്കൂറുകൾ നീളുന്ന പ്രഭാഷണങ്ങൾ ആവശ്യമില്ല. മറിച്ച്, ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും വന്ന ഈ പ്രവൃത്തി ധാരാളമാണ്.
മാതൃകകൾ പ്രവൃത്തികളിൽ എത്താതെ വാക്കുകളിൽ ഒതുങ്ങിപ്പോകുന്നു എന്നതാണ് വർത്തമാനകാലം നേരിടുന്ന പ്രതിസന്ധി. വാക്കുകളല്ല പ്രവൃത്തികളാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. ലോകം എല്ലാ മേഖലകളിലും അഭൂതപൂർവമായ വിധത്തിൽ വളർന്നിട്ടുണ്ട്. എന്നാൽ അതിലധികമായി മനുഷ്യന്റെ സംഘർഷങ്ങളും വർധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ആവശ്യമുള്ളത് മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയിലുള്ള ആശ്വസിപ്പിക്കലുകളാണ്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇടറിപ്പോയവരെ തള്ളിക്കളയുന്നതിനുപകരം സ്‌നേഹത്തോടെയുള്ള ചേർത്തുപിടിക്കലുകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ഫ്രാൻസിസ് പാപ്പയുടെ മുമ്പിൽ എഴുന്നേറ്റുനിന്നെങ്കിലും ചോദ്യം ഉന്നയിക്കാൻ കഴിയാതെനിന്ന ഇമ്മാനുവേലിനെ മറ്റുള്ളവർ കുറ്റപ്പെടുത്തിയിരുന്നെങ്കിൽ ഭാവിയിൽ ഒരു സദസിന്റെയും മുമ്പിൽ നിൽക്കാൻപോലും കഴിയാത്ത സാഹചര്യം ഉണ്ടാകാൻ സാധ്യത ഏറെയായിരുന്നു. ഇനി അവൻ എത്ര വളർന്നാലും എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്നുള്ള പാഠമാണ് ഹൃദയത്തിൽ പതിഞ്ഞത്. കുട്ടികളെ എപ്പോഴും കുട്ടികളായി കാണമെന്നും അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ടെന്നും മാർപാപ്പ ലോകത്തെ ഓർമിപ്പിക്കുകയാണ്. മാർപാപ്പയെപ്പോലെ തിരക്കുള്ള ഒരാൾ ഇമ്മാനുവേലിനെ അവഗണിച്ചിരുന്നെങ്കിലും ആരും കുറ്റം പറയില്ലായിരുന്നു. കുട്ടികൾ എന്റെ അടുക്കൽ വരുന്നത് തടയരുതെന്ന് ഓർമിപ്പിച്ച ക്രിസ്തുവിന്റെ മാതൃകയാണ് മാർപാപ്പ സ്വീകരിച്ചത്. കുട്ടികളുടെ സങ്കടങ്ങളും ഉത്ക്കണ്ഠകളും തള്ളിക്കളയരുതെന്നുള്ള സന്ദേശംകൂടിയുണ്ട് മാർപാപ്പയുടെ പ്രവൃത്തിയിൽ. കുട്ടികളിൽനിന്നും മുതിർന്നവരുടെ പെരുമാറ്റവും പ്രവൃത്തികളും പ്രതീക്ഷിക്കുന്ന മുതിർന്നവർക്കാണ് തെറ്റുന്നത്.
എത്ര തിരക്ക് ഉണ്ടെങ്കിലും അസ്വസ്ഥതകളും വേദനകളും ഉത്ക്കണ്ഠകളും അനുഭവിക്കുന്നവരിൽനിന്നും മുഖം തിരിക്കരുത്. ചെറിയൊരു ആശ്വാസവാക്കിന് ചിലപ്പോൾ ജീവന്റെ വിലയുണ്ടാകാം. കുറ്റപ്പെടുത്തിയതുകൊണ്ട് വ്യക്തികളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. വലിയ തെറ്റുകളിലേക്ക് അതുവഴി എത്തപ്പെടാം. എന്നാൽ സ്‌നേഹത്തോടെയുള്ള ആശ്വസിപ്പിക്കലുകൾ നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുവാൻ അവരെ പ്രേരിപ്പിക്കും. ഒരു കൊച്ചുകുട്ടിയുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ മാർപാപ്പക്ക് സമയം കണ്ടെത്താൻ കഴിയുമെങ്കിൽ സമൂഹത്തിലെ ദുർബലരിൽനിന്നും മുഖം തിരിക്കുന്നതിന് പറയുന്ന ന്യായീകരണങ്ങൾ ദൈവസന്നിധിയിൽ നിലനിൽക്കില്ല. ക്രിസ്തുവിന്റെ വാക്കുകൾ പിഞ്ചെല്ലുമ്പോഴാണ് നാം യഥാർത്ഥ വിശ്വാസികളായി മാറുന്നത്. അങ്ങനെയുള്ള മാതൃകകളാണ് ലോകത്തെ സ്വാധീനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?