Follow Us On

19

January

2019

Saturday

കൃപയുടെ വഴികളിലൂടെ നടന്നപ്പോൾ…

കൃപയുടെ വഴികളിലൂടെ നടന്നപ്പോൾ…

ദൈവാലയത്തിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി ദൈവാലയത്തിന് പുറത്തും ചായക്കടകളിലും സമയം ചെലവഴിച്ചൊരു കൗമാരകാലമുണ്ട്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് കുമ്പസാരിച്ചതായി ഓർക്കുന്നില്ല. ദൂരെ എവിടെയോ ഇരിക്കുന്ന ദൈവത്തെ അനുസരിക്കേണ്ട ആവശ്യമില്ലല്ലോ. അധ്യാപകരോടുള്ള അനുസരണക്കേടിനാൽ ക്ലാസിൽനിന്നും പുറത്താക്കപ്പെട്ടു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും അതാവർത്തിക്കപ്പെട്ടു.
അങ്ങനെ സ്‌കൂൾകാലം വിദ്യാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിലേക്കുള്ള പുറപ്പാടിന്റെ കാലമായിരുന്നു. അധ്യാപകരുടെയും ഗുരുഭൂതരുടെയും ശാപവാക്കുകളേറെ കേട്ടു. അവയൊന്നും എന്നെ നല്ലവനാക്കിയില്ല. ആരെയും കൂസാതെ ജീവിച്ചു. കോളജിലെ ആദ്യദിവസം ആദ്യമണിക്കൂറിൽതന്നെ എന്നെ പുറത്താക്കിയിട്ടുണ്ട്. അന്നുമുതൽ നാലുമാസം ക്ലാസിൽ കയറിയിട്ടില്ല. എന്റെ സ്വഭാവം എങ്ങനെയായിരുന്നുവെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ആലപ്പുഴയിലെ മനോഹരമായ കായലുകളും വഞ്ചിവീടുകളിലെ യാത്രയും താമസവും ഇഷ്ടപ്പെടാത്തവരില്ല. അവർക്ക് ഗൈഡായി ഞാനും കൂടി. അപ്പോൾ ഭക്ഷണവും മദ്യപാനവും അല്ലലില്ലാതെ നടക്കും. അച്ഛൻ വിദേശത്താണ്. വി.എസ്.എസ്.സിയിൽനിന്നും രാജിവച്ച് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ അമ്മ എന്റെ ഈ വീരകൃത്യങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല.
ആലപ്പുഴ സനാതന ധർമ കോളജിലെ (എസ്.ഡി കോളജ്) സനാതന മൂല്യങ്ങളും ധർമങ്ങളുമൊന്നും ഞാൻ അന്വേഷിച്ചതുമില്ല. നീയെന്തേ ജോസഫേ ഇങ്ങനെ എന്നു ചോദിക്കാൻ അന്നാരും ധൈര്യപ്പെട്ടുമില്ല. അന്ന് ഇന്നത്തെപ്പോലെ വാർത്താവിനിമയോപാധികൾ സാധാരണമല്ലാത്തതിനാൽ കോളജിൽ പോകാത്തത് വീട്ടുകാർ അറിഞ്ഞില്ല. എന്നും പതിവുപോലെ രാവിലെ വീട്ടിൽനിന്നിറങ്ങുന്നതിനാൽ അവർക്കും സംശയം തോന്നിയില്ല.
എന്റെ സഹോദരൻ ജോൺ ഡി. ഈ കോളജിൽതന്നെ പ്രശസ്ത വിജയം കരസ്ഥമാക്കിയിരുന്നു. ചില കൂട്ടുകാരും അധ്യാപകരും എന്റെ സഹോദരനെ അറിയുന്നവരും വീട്ടിലെ ഫോൺനമ്പർ സംഘടിപ്പിച്ചു. വിവരം അമ്മയെ ധരിപ്പിച്ചു. അമ്മ കോളജിലെത്തി. കോളജ് തുറന്ന് ഒന്നാം മണിക്കൂർ മുതൽ നാലുമാസം ക്ലാസിൽ കയറാത്ത വ്യക്തി കോളജിന്റെ ചരിത്രത്തിൽ ഉണ്ടാകാൻ ഇടയില്ല. അങ്ങനെ വീണ്ടും കോളജിലേക്ക്. അന്ന് എന്റെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം ഉണ്ടായി എന്നാരും ചിന്തിക്കരുതേ.
അക്കാലത്ത് കൊല്ലത്ത് അറിയപ്പെടുന്നൊരു വചനപ്രഘോഷകനുണ്ടായിരുന്നു. നിരവധി പേർ അദേഹത്തെ തേടി എത്തുമായിരുന്നു. എന്റെ സഹോദരൻ ജോണിന്റെ സുഹൃത്ത് എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഇദേഹത്തോട്് പറഞ്ഞു. കഴുത്തറ്റം മുടി വളർത്തി കോളജിലെ മരത്തിനടിയിൽ മലർന്നു കിടന്ന് സിഗരറ്റ് വലിക്കുന്ന എന്നെ ആ വചനപ്രഘോഷകൻ ദർശനത്തിൽ കണ്ടുവത്രേ.
വീട്ടിൽവച്ച് ജോൺ ഡി. ഇക്കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു. അതിന് ഞാനെന്തുവേണം എന്നായിരുന്നു എന്റെ മറുപടി. എന്തായാലും എന്നെ ഒരിക്കലും കാണാത്ത ഒരാൾ എന്റെ രൂപഭാവങ്ങൾ വിവരിച്ചത് ശരിയാണല്ലോ. അദ്ദേഹത്തെ ഒന്നു കാണണമെന്ന മോഹം ഉള്ളിൽ തോന്നി. അങ്ങനെ കൊല്ലത്ത് അദേഹത്തെ കാണാൻ വേണ്ടിപോയി.
കരിസ്മാറ്റിക് പ്രാർത്ഥന കണ്ടിട്ടില്ലാത്ത, എനിക്ക് ആളുകളുടെ കൈകൊട്ടും ഹല്ലേലൂയ്യാ വിളികളും കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്. പ്രാർത്ഥനയുടെ സമയത്ത് ഊമയായ പെൺകുട്ടി സംസാരിക്കുന്നത് നേരിട്ട് കണ്ടത് ഉള്ളിന്റെയുള്ളിൽ ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്ന ബോധ്യത്തിലേക്ക് നയിച്ചു.
മൂന്നുതവണ കൊല്ലത്ത് പ്രാർത്ഥിക്കാൻ പോയത് ജീവിതത്തിലെ വഴിത്തിരിവും വഴിവിളക്കുമായി. ആ സമയത്ത് പ്രശസ്ത ധ്യാനഗുരു ജയിംസ് മഞ്ഞാക്കൽ അച്ചന്റെ ധ്യാനം ആലപ്പുഴയിൽ വന്നു.
ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും ഞാൻ കണ്ടു. എന്റെതന്നെ കൂട്ടുകാരുടെ പേരും മേൽവിലാസവും സഹിതമാണ് മഞ്ഞാക്കലച്ചൻ പറയുന്നത്. അതെന്നിലെ വിശ്വാസം വർധിപ്പിച്ചു. ഇന്നലെകളിൽ ദൈവത്തെ അറിയാത്തതുമൂലം സംഭവിച്ച തെറ്റുകളോട് വിടപറഞ്ഞു. തിന്മയുടെ പാതകളും കൂട്ടുകെട്ടുകളും അതുവഴി ലഭിക്കുന്ന ക്ഷണികമായ ആനന്ദവും കർത്താവിനെപ്രതി ഉപേക്ഷിച്ചു.
നിന്റെ ആത്മാവ് ഒരിക്കലും നഷ്ടപ്പെടാൻ ഇടയാക്കില്ല എന്ന് അമ്മ എപ്പോഴും പറയുകയും നിരന്തരം എനിക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ പ്രാർത്ഥനയുടെ പുണ്യമാണ്, ഞാനിന്ന് അനുഭവിക്കുന്നത്, മറ്റുള്ളവർക്ക് പകർന്നു നൽകുന്നത്. ഇപ്പോൾ 17 മുതൽ 35 വയസുവരെയുള്ളവർക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്നു. വിവിധ ഇടവകകളിൽ ധ്യാനം നടത്തുന്നു. ഇവരെ ധ്യാനത്തിന് വിളിക്കുന്ന പാരീഷ് കൗൺസിലിനും ബി.സി.സിക്കും ട്രെയിനിങ്ങ് കൊടുക്കുന്നതാണ് ആദ്യപടി. തുടർന്ന് മാതാപിതാക്കൾക്ക് ധ്യാനം നൽകും. അവർ മക്കളെ/യുവജനങ്ങളെ ധ്യാനത്തിന് കൂട്ടിക്കൊണ്ടുവരും. മൂന്നുമാസം ആഴ്ചയിൽ ഒരു ദിവസം യുവാക്കളോടൊപ്പമുണ്ടാകും. അവരുടെ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്കുവേണ്ട സഹായവും വളർച്ചയെ തടസപ്പെടുത്തുന്ന ഘടകങ്ങൾക്ക് പരിഹാരവും നൽകും. ഫാ. ബിനോയിലീൻ കപ്പൂച്ചിൻ ആണ് ആത്മീയ ഉപദേഷ്ടാവ്.
കോർപറേറ്റ് ട്രെയിനർ ആയി ബിസിനസ് ചെയ്യുന്നു. 2002-ലാണ് വിവാഹിതനായത്. ഭാര്യ ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ അധ്യാപിക ജീവാ ജോസഫ്. മകൻ മൂന്നു വയസുള്ള അന്റോണിയോ. ആലപ്പുഴ വാടയ്ക്കൽ ദൈവജന മാതാ ഇടവകാംഗമാണ്. ഭാര്യ ജീവയും ആത്മീയ കാര്യങ്ങളിൽ കരുത്തു പകരുന്നു. കർത്തൻ ടാക്കീസ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വിശ്വാസ കാര്യങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യാറുണ്ട്. ഈശോ പറയുന്ന സ്ഥലങ്ങളിലൊക്കെ ദൈവവചനവുമായി പോകുന്നു.
ജോസഫ് ദാസൻ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?