Follow Us On

19

January

2019

Saturday

പരിശുദ്ധാത്മാവ് തുറക്കുന്ന പാതകൾ

പരിശുദ്ധാത്മാവ് തുറക്കുന്ന പാതകൾ

ദൈവകൃപയുടെ നീർച്ചാലുകൾ പ്രവഹിക്കുന്ന ഉപകരണമായി, വിധേയത്വത്തോടെ പ്രവർത്തിക്കുന്നവരെയാണ് തന്റെ ദൗത്യനിർവഹണത്തിനായി ദൈവം നിയോഗിക്കുന്നത്. പഴയ നിയമകാലത്തും പുതിയ നിയമകാലത്തും മാത്രമല്ല, ഇന്നും എന്നും ദൈവം പ്രവർത്തിക്കുന്നത് എളിയവരിലൂടെയാണ്. അത്തരത്തിലായിരുന്നു ഒന്നുമല്ലാതിരുന്ന സാധാരണക്കാരിലൊരുവനായ എന്നെ ദൈവം തിരഞ്ഞെടുത്തത്. വെറുമൊരു കർഷകനായിരുന്ന എന്നെ ദൈവം കൈപിടിച്ചു നടത്തി.
1978 ഒക്‌ടോബർ മാസത്തിൽ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകയിൽ നടന്ന കരിസ്മാറ്റിക് ധ്യാനമാണ് ജീവിത വഴിത്തിരിവിലേക്ക് നയിച്ചത്. നാൽപതുമുതൽ അമ്പതുപേരെ വീതം പങ്കെടുപ്പിച്ചായിരുന്നു ധ്യാനം നയിച്ചത്. ആദ്യധ്യാനത്തിൽ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹം ലഭിച്ച സ്‌നേഹിതൻ അപ്പച്ചൻ കാനാട്ട് നിർബന്ധിച്ചതിനാലാണ് രണ്ടാമത്തെ ബാച്ച് ധ്യാനത്തിൽ പങ്കെടുക്കുന്നത്. ആദ്യദിവസവും രണ്ടാം ദിവസം ഉച്ചവരെയും ധ്യാനത്തിൽ പങ്കെടുത്തിട്ടും തൃപ്തി തോന്നിയില്ല. അതോടെ ധ്യാനം പൂർത്തിയാക്കാതെ മടങ്ങാനുള്ള തീരുമാനത്തിലായി. വിവരമറിഞ്ഞ ധ്യാനഗുരു തലയിൽ കൈകൾവച്ച് ദീർഘമായി പ്രാർത്ഥിച്ചു. അന്നത്തെ തുടർന്നുള്ള ധ്യാനം കൂടിക്കഴിഞ്ഞ് തൃപ്തികരമല്ലെങ്കിൽ നിർത്തിപ്പോകുവാനും അദ്ദേഹം സമ്മതിച്ചു. തുടർന്ന് പരിശുദ്ധാത്മാവ് പ്രകാശമായി കടന്നുവരികയും പല അസ്വാസ്ഥ്യങ്ങളും മാറ്റി സൗഖ്യം നൽകുകയും ചെയ്തു.
ഫാ. ജോസഫ് മാമ്പുഴക്കലിന്റെ കാലത്താണ് ഇടവകയിൽ വലിയ ആത്മീയ മുന്നേറ്റമുണ്ടായതും ഫാ. ഫ്‌ളോറൻസ് സി.എം.ഐയുടെ നേതൃത്വത്തിലുള്ള കരിസ്മാറ്റിക് ധ്യാനം നടത്തിയതും. ധ്യാനം കഴിഞ്ഞതോടെ എല്ലാവരുംതന്നെ കൂടുതൽ പ്രാർത്ഥനയിലേക്കും ദൈവവചന പാരായണത്തിലേക്കും വളരുകയുണ്ടായി. ആഴ്ചതോറുമുള്ള പ്രാർത്ഥനാകൂട്ടായ്മ വലിയ ദൈവാനുഭവം പകരുന്നതായിരുന്നു. വ്യക്തിപരമായ പ്രാർത്ഥനയ്ക്കും ബൈബിൾ പഠനധ്യാനത്തിനും എന്റെ ജീവിതത്തിൽ വലിയ സ്ഥാനം നൽകിയത് ധ്യാനാനുഭവത്തോടെയായിരുന്നു. അഗസ്റ്റ്യൻ തുരുത്തിമറ്റത്തിൽ അച്ചനായിരുന്നു എന്റെ ആത്മീയപിതാവ്. അദ്ദേഹം ധാരാളം ഉപദേശങ്ങൾ നൽകി. വലിയ മാർഗനിർദേശമാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്. അച്ചന്റെ പ്രാർത്ഥനയും നിർദേശങ്ങളും എനിക്കും കുടുംബത്തിനും അനുഗ്രഹമായി മാറി. പോട്ടയിൽ ധ്യാനവും രോഗശാന്തി ശുശ്രൂഷയും തുടങ്ങുന്നതിനുമുമ്പുതന്നെ കൂരാച്ചുണ്ട്, കുളത്തുവയൽ പ്രദേശത്ത് നൂറുകണക്കിന് ആളുകൾ പ്രാർത്ഥനാകൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. ഫാ. സി.ജെ. വർക്കിയും ഫാ. അഗസ്റ്റ്യൻ തുരുത്തിമറ്റവും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
1993-ൽ കൂരാച്ചുണ്ടിലെ സ്ഥലം വിറ്റു. പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തന്ന 22 അടയാളങ്ങളും ഒത്തുവന്ന തേർത്തല്ലിക്കടുത്ത കോടോപ്പള്ളിയിലെ സ്ഥലവും വീടും വാങ്ങി. അങ്ങനെ കുടുംബത്തോടൊപ്പം ഇപ്പോഴത്തെ സ്ഥലത്ത് താമസമാരംഭിച്ചു. വൈകാതെ ചെറുപുഴ കൃപാലയത്തിലും പരിയാരം മദർ ഹോമിലും ധ്യാനങ്ങളിൽ പങ്കാളിയാകാൻ ദൈവം അനുഗ്രഹിച്ചു. സിങ്കപ്പൂർ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലും വചനവുമായി പോകാനും കഴിഞ്ഞു. ഇന്ത്യയിൽ കൊൽക്കത്ത, ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയിടങ്ങളിലും വചനപ്രഘോഷണ ധ്യാനങ്ങളിലൂടെ ആയിരങ്ങളോട് ദൈവവചനം പങ്കുവയ്ക്കാൻ കഴിഞ്ഞു. മധ്യസ്ഥപ്രാർത്ഥനയിലൂടെ ആയിരങ്ങളുടെ ജീവിതത്തിൽ ദൈവാനുഗ്രഹം പകർന്നു നൽകാനായി. ദുബായിയിലെ സെന്റ് മേരീസ് ദൈവാലയത്തിലെ ബൈബിൾ കൺവൻഷൻ അവിസ്മരണീയ അനുഭവമായിരുന്നു.
1983-ൽ സി.ജെ. വർക്കിയച്ചനുമായി പരിചയപ്പെടുകയും അച്ചന്റെ പ്രാർത്ഥനാകൂട്ടായ്മയിൽ സഹായിയായി ചേരുകയും ചെയ്തു. അച്ചൻ മരിക്കുന്നതുവരെ 26 വർഷം ഇത് തുടർന്നു. സമൂഹത്തോടുചേർന്ന് പ്രാർത്ഥിക്കാനും ധ്യാനിപ്പിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും പ്രേരിപ്പിച്ചത് വർക്കിയച്ചനായിരുന്നു. പ്രാർത്ഥിച്ചുകിട്ടുന്ന കാര്യങ്ങൾ പങ്കുവക്കാനും അച്ചൻ പ്രേരിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ച് ദൈവം ബോധ്യപ്പെടുത്തുന്ന കാര്യങ്ങൾ കുറിച്ചുവച്ചു. മധ്യസ്ഥ പ്രാർത്ഥനക്ക് കൂടുതൽ പ്രാധാന്യം നൽകി. ഇപ്പോഴും അതിൽ തന്നെയാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ദൈവിക പദ്ധതികളോട് ചേർന്നുനിൽക്കുമ്പോൾ എല്ലാം നന്മയ്ക്കായി തീരുന്നു എന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നു. ദൈവത്തിന്റെ വഴികൾ എത്ര വിസ്മയനീയം?
ജോസ് കാപ്പിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?