Follow Us On

24

October

2020

Saturday

എന്നും ബാറിലേക്ക് പോകുന്ന കന്യാസ്ത്രി

എന്നും ബാറിലേക്ക് പോകുന്ന കന്യാസ്ത്രി

വിശ്വാസപരമായും തൊഴിൽപരമായും വളരെ പരമ്പരാഗതമായ തറവാട്ടിലാണ് സിസ്റ്റർ ക്ലെയറുടെ ജനനം. ആറു സഹോദരന്മാരും മൂന്നു സഹോദരിമാരും അൻപത്തിമൂവായിരം കോഴിക്കുഞ്ഞുങ്ങളും അടങ്ങുന്ന വലിയ കുടുംബം. 383 ഏക്കർ ഭൂമിയിൽ കൂട്ടുകുടുംബത്തിലെ കൃഷിക്കും മറ്റു ജോലികൾക്കും പിതാവ് ചുക്കാൻ പിടിക്കും. ചെറുപ്പത്തിലേതന്നെ പ്രാർത്ഥനയ്ക്കും ദേവാലയശുശ്രൂഷയ്ക്കും എന്നെ പറഞ്ഞയ്ക്കാൻ മാതാപിതാക്കൾക്കു താൽപര്യമായിരുന്നു. വീടുതന്നെയായിരുന്നു സ്‌കൂൾ, പ്രത്യേകിച്ചും ആദ്യ കുറച്ചുകാലം. എല്ലാ ദിവസവും ബലിയിൽ പങ്കെടുക്കാൻ പോകുകയും കുടുംബപ്രാർത്ഥനയിൽ ചേരുകയും ചെയ്തതുകൊണ്ടുതന്നെ ദൈവമൊരു ദാഹമായിരുന്നു എനിക്ക്.
കോളജിൽ ചെന്നപ്പോഴാണ് ഫെലീസിയൻ സിസ്റ്റേഴ്‌സുമായി കൂടുതൽ ബന്ധത്തിലാകുന്നത്. പിന്നെ അവർക്കൊപ്പം ജീവിക്കാമെന്നു തീരുമാനിച്ചു. ഏറെ സ്‌നേഹവും സൗഹൃദവും സ്വീകാര്യതയും കിട്ടിയ കുടുംബാന്തരീക്ഷത്തിൽനിന്ന് ഒരുപാടു സ്‌നേഹവും നന്മയും ആഗ്രഹിച്ചുകൊണ്ട് ഞാൻ സന്യാസജീവിതത്തിലേക്കു നീങ്ങി. നഷ്ടപ്പെടുത്തിയതിനെക്കുറിച്ചല്ല എന്റെ ചിന്ത, നേടിയെടുത്തതിനെക്കുറിച്ചാണ്. യേശുവിനോടുള്ള സ്‌നേഹത്തിൽ നേടുന്നതിനാണ് നഷ്ടങ്ങളെക്കാൾ എന്നും ഭംഗിയുള്ളത്. ക്രിസ്തുവിന്റെ മണവാട്ടിയെന്നത് അവർണനീയമായ പദവിയും ആനുകൂല്യവുമാണ്. മറ്റൊന്നുകൊണ്ടും അതു വാങ്ങാനോ വിൽക്കാ നോ കഴിയില്ല.
യുവാവായ ക്രിസ്തുവിനെ ഏറ്റവും അധികം ആവശ്യമുള്ളത് യുവതീയുവാക്കൾക്കാണ് എന്നു ഞാൻ കരുതുന്നു. അവരുടെ നിശബ്ദതയിൽ, താളഭംഗങ്ങളിൽ… എല്ലാം ക്രിസ്തുവിനെ ആവശ്യമുണ്ട്. ലാഭേച്ഛയില്ലാത്ത ഞങ്ങളുടെ ശുശ്രൂഷയ്ക്ക് ‘വാഗ്ദാനം’ (ദി പ്രോമിസ്) എന്നു പേരിട്ടു. കുറ്റവാളികളായി ജയിലിലും വീടുകളിലും കഴിയുന്നവരിലേക്കു ഞങ്ങൾ ക്രിസ്തുവുമായി യാത്രയാകും.
ബാറിലും പബ്ബിലും അധികസമയം ചിലവിടുന്ന യുവതീയുവാക്കളിലേക്കു ദൈവശാസ്ത്ര ചിന്തകൾകൊണ്ടെത്തിക്കണം എന്ന ചിന്തയിലാണ് ‘കന്യാസ്ത്രീ ബാറിൽ’ എന്ന വിഷയം ചിലർ പങ്കുവച്ചത്. എന്റെ ആത്മീയഗുരുവുമായി ഇതു പങ്കുവയ്ക്കുകയും പ്രാർത്ഥിക്കുകയും ആലോചിക്കുകയും ചെയ്തശേഷമാണ് ഇത്തരമൊരു ശുശ്രൂഷയ്ക്ക് തയാറായത്. സ്വന്തം കൂടുവിട്ടിറങ്ങാതെ സുവിശേഷ ശുശ്രൂഷ ക്ലേശകരമെന്ന് ഞാനറിഞ്ഞു. പ്രത്യേകിച്ചും വ്യക്തിസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന അമേരിക്കയിൽ. പലപ്പോഴും അവർ ആശ്രമത്തിന്റെയോ ദേവാലയത്തിന്റെയോ വാതിലിൽ മുട്ടി കാത്തുനിന്നു എന്നുവരില്ല. സമൂഹ ആരാധനകളിൽ താൽപര്യം കാണിക്കാത്തവരാണ് പലരും. പക്ഷേ, ഒട്ടേറെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും താൽപര്യമുള്ളവർ. ഒരുപാട് ആർജ്ജവവും ശക്തിയുമുള്ളവർ. ഇവരിലേക്കു ഞാനിറങ്ങാൻ തുടങ്ങി.
പ്രെയർ ഗ്രൂപ്പുകളിൽ സജീവമായി. ചർച്ചകളിൽ പങ്കെടുത്തു. വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമന്റെ പ്രവർത്തനശൈലിയാണ് എ നിക്ക് ആകർഷണീയമായി തോന്നുന്നത്. കൂടുവിട്ട് ഇറങ്ങിക്കൊണ്ട് അലയുന്ന യുവാക്കളെ തേടുക ഹരമായി. ‘ദാഹത്തിന്റെ വ്യാഴാഴ്ച’കളിലെ തിരുമണിക്കൂറിനുശേഷം കൂട്ടുകാരുമൊത്ത് ജയിലുകളിലേക്കു പോകാനും അവർക്കായി പ്രാർത്ഥിക്കാനും തുടങ്ങി. നല്ല മനസുള്ള ഒട്ടേറെപ്പേർ എ ന്നോടു ചേർന്നു. സാവധാനം യാത്രകൾ നിശാപബ്ബുകളിലേക്കായി. അതും ബന്ധിക്കപ്പെട്ടവർക്ക് മോചനം നൽകുക എന്ന ലക്ഷ്യവുമായി. അവരെ നേടാൻ ഞാനെന്റെ വിശ്വാസയാത്രകളെക്കുറിച്ച് അവരോടു പറഞ്ഞു. എന്തിന് ഈ വിധം ജീവിക്കണമെന്നത്; ക്രിസ്തു എന്നെ ആകർഷിച്ചത് എങ്ങനെയെന്ന്, അവനിൽ ഞാൻ ആശ്രയം കണ്ടെത്തുന്നത് എങ്ങനെയെന്ന് എല്ലാം.
എവിടെ ഒത്തുചേരുമെന്നും ദൈവശാസ്ത്രചർച്ചകൾ നടക്കുമെന്നും ഫേസ്ബുക്കിലും ചർച്ച് ബുള്ളറ്റിനിലും പരസ്യം കൊടുക്കും. ഒരു രസത്തിനായി ഒത്തുചേരുന്നവർപോലും പിന്നീടുള്ള വ്യാഴാഴ്ചകളിൽ ഫെലിസിയൻ കോളജിന്റെ ചാപ്പലിലെത്തും എന്നതാണ് വിസ്മയകരമായ യാ ഥാർത്ഥ്യം. ഒരു യുവതിയെന്ന നിലയിൽ എനിക്കൊപ്പം ഇടപെടുക എളുപ്പമാണ്. രണ്ടുകൂട്ടർക്കും ഏതാണ്ട് ഒരേ പ്രശ്‌നങ്ങൾ, ഒരേ നന്മകൾ, ഒരേ ദൗർബല്യങ്ങൾ. ഞാൻ അവരിലൊരുവളാകും. അഭിഷേകത്തിന്റെ കനിവിൽ ചർച്ച നടത്തുന്ന സമയങ്ങളിൽ, ലഹരിയുടെ ഉന്മാദത്തിൽ ചുറ്റും കഴിയുന്നവരും ഞങ്ങളെ ശ്രദ്ധിക്കും. അവരുടെ ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും കൂട്ടായ്മയെ ശക്തിപ്പെടുത്തും.
ഇന്നേവരെ വിപരീത അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, ഈ മേഖലയിൽ. ഞങ്ങളുടെ ചർച്ചയ്ക്കിടയിൽ ഒരു യുവതി പറഞ്ഞു: ‘സിസ്റ്ററിന്റെ ജീവിതത്തിലെ ദൈവിക ഇടപെടൽ എനിക്കേറെ ഇഷ്ടപ്പെട്ടു. പരസ്പരം പങ്കുവയ്ക്കുന്നത് കൂടുതൽ സ്‌നേഹിക്കാൻ അനുവദിക്കുന്നു, ദൈവത്തെയും മനുഷ്യരെയും. ഓരോ വ്യക്തിയിൽ നിന്നും എത്രമാത്രമാണ് പഠിക്കാനുള്ളത്! തീർച്ചയായും, നിങ്ങളുടെ ജീവിതത്തിലെ ദൈവിക ഇടപെടൽ ഞങ്ങൾക്കും ആവശ്യമുണ്ട്.’ അന്നുമുതൽക്കേ, ഈവിധമുള്ള കൂട്ടായ്മകളിൽ മനുഷ്യനല്ല, ദൈവാത്മാവാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
നമ്മുടെ വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇതു ജീവിക്കുക എളുപ്പമാണെന്ന് പറയേണ്ടതുമില്ല. യുവജനങ്ങൾ വെല്ലുവിളികൾ ഏറ്റുവാങ്ങുന്നവരാണ്. വെല്ലുവിളികളില്ലാത്ത ആത്മീയതയ്ക്കും വിശ്വാസത്തിന് ദീർഘായുസില്ലെന്നുതന്നെ നാം പറയുകയും ബോധ്യപ്പെടുത്തുകയും ചെയ്യണം. നമ്മുടെ വിശ്വാസത്തെ എവിടെയും ധീരതയോടെ പങ്കുവയ്ക്കുക, പ്രത്യേകിച്ചും യുവതലമുറക്കിടയിൽ. അവർ നമ്മെത്തേടി എത്തില്ല, നാം അവരെത്തേടി ഇറങ്ങണം. ജീർണിച്ച ഒരു സംസ്‌കാരത്തെ ശുദ്ധി ചെയ്യുകയാണ് പ്രധാനം. നാം ആ ജീർണതയ്ക്കു അടിമപ്പെടുകയല്ല വേണ്ടത്. വചനവും ആത്മാവും മാറ്റം വരുത്തും; നാമിറങ്ങിയാൽ മാത്രം മതി.
മദർ തെരേസ പറഞ്ഞതുപോലെ ഭക്ഷണത്തിനുള്ള ദാരിദ്ര്യമല്ല ഏറ്റവും വലിയ ദാരിദ്ര്യം. സ്‌നേഹത്തിന്റെ ദാരിദ്ര്യമാണ് ഏറ്റവും ശോചനീയം. നിരന്തരം പബ്ബുകളിലും ബാറുകളിലും ദാഹിക്കുന്ന യുവജനം, സ്‌നേഹത്തിനും അംഗീകാരത്തിനും അതിലുപരി ദൈവത്തിനുമായി ദാഹിക്കുന്നവർ ധാരാളം. ലോകാവസാനത്തോളം നിങ്ങളോടൊത്തുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തവൻ നമുക്കൊപ്പമുണ്ടെങ്കിൽ നാം അധൈര്യരാകരുത്. എന്റെ കൊച്ചുപ്രവൃത്തി, അപ്പം വർധിപ്പിച്ചതുപോലെ ക്രിസ്തു വർധിപ്പിച്ചു. സഭാപരമായ ഔദ്യോഗിക പ്രാർത്ഥനകൾക്കു പുറമേ, രണ്ടു മണിക്കൂറോളം ഞാൻ ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരിക്കും. അതാണ് എന്റെ ശക്തി. കരുണയുടെ ജപമാലയും ഉപവാസവും എന്റെ ജീവിതക്രമത്തിന്റെ തന്നെ ഭാഗമാണിന്ന്.
പബ്ബുകളിൽ ആടിത്തിമിർക്കുന്നവർക്കും നിശയുടെ ശാന്തതയിൽ ലഹരിയിൽ മുഴുകുന്നവർക്കും യേശുവിനെ ആവശ്യമുണ്ടെന്ന് നാം മറക്കരുത്. ആശ്രമത്തിന്റെ ആവൃതിയിൽ രൂപപ്പെടുത്തുന്ന ആത്മീയതയ്ക്ക് അതിനു പുറത്തു കഴിയുന്നവരെ ചേർത്തുപിടിക്കാനുള്ള ധൈര്യവും ഉത്സാഹവും ഉണ്ടാകണം. യേശു ഉയർത്തുന്ന വെല്ലുവിളികൾ നാം അവർക്കുനേരെ നീട്ടണം. അതവരെ തൊടുകതന്നെ ചെയ്യും.
സിറ്റി സംസ്‌കാരത്തിന്റെ സന്തതികൾ ദേവാലയങ്ങൾ തേടി എത്തണമെന്നില്ല. അതിനവർ തുനിയുമോ എന്നുമറിയില്ല. എല്ലാം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു വിശാലചന്തയായി നമ്മുടെ ദേശങ്ങളും സിറ്റികളും പരിണമിക്കുമ്പോൾ, ഒരു പുതിയ പ്രാർത്ഥനാസംസ്‌കാരവും ആരാധനാസംസ്‌കാരവും നമുക്കു കൂടിയേ തീരൂ ദേവാലയങ്ങൾ മനുഷ്യരെ തേടിയിറങ്ങണം, ഇനിമുതൽ. അഗാധമായ പ്രാർത്ഥനയിലും അനുധ്യാനത്തിലും നിന്നും ഉയിർക്കൊള്ളുന്ന ആന്തരികബലത്തിൽ, വൈദികനും കന്യാസ്ത്രീയും വിശ്വാസിയും പൊതുവെ മോശമായി ഗണിക്കുന്ന സിറ്റികളുടെ അരാചകത്വഭൂമിയിൽ പ്രവേശിക്കണം. അതു ദേവാലയമാക്കി മാറ്റാൻ.കുറെക്കാലം അവർ നമ്മെത്തേടി ആരാധനാലയങ്ങളിലെത്തി. ഇനി പതുക്കെപ്പതുക്കെ നമുക്കവരിലേക്കു യാത്രയാകാം. അന്വേഷിച്ചിറങ്ങുക കണ്ടെത്തുക തന്നെ ചെയ്യും.
റോയി പാലാട്ടി സി.എം.ഐ
ജെഫ് ഷോൺ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?