Follow Us On

29

March

2024

Friday

സമ്പാദിച്ചു മുന്നേറുന്ന ലോകത്തു സമ്മാനിച്ചു മുന്നേറാനുള്ള മാർഗരേഖ

സമ്പാദിച്ചു മുന്നേറുന്ന ലോകത്തു  സമ്മാനിച്ചു മുന്നേറാനുള്ള മാർഗരേഖ

ഇതാ നിനക്കായി എന്നു പറഞ്ഞു സ്‌നേഹത്തിന്റെ അനശ്വരമായ നിർവചനത്തെ രക്തംകൊണ്ടും ജീവിതംകൊണ്ടും അടിവരയിട്ടു ഉറപ്പിച്ചിട്ടു, മാനവികതയോടു വിളിച്ചുപറയുകയാണ്, സമ്മാനിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതാണ് ജീവിതം, സമ്പാദിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതല്ല. സ്‌നേഹം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നുമാത്രം, ഒരു വ്യക്തി തന്നെത്തന്നെ ഇല്ലാതാക്കി മറ്റുള്ളവർക്ക് ജീവൻ കൊടുക്കുന്നതാണ്.
തന്റെ ജീവിതം മറ്റുള്ളവർക്ക് സമ്മാനമാക്കുന്നതാണ് സ്‌നേഹത്തിന്റെ പൊരുൾ. പഴയനിയമ പെസഹാ കടന്നു പോകലുകളുടെ ഓർമപുതുക്കലുകൾ ആയിരുന്നെങ്കിൽ പുതിയനിയമ പെസഹാ തന്റെ ജീവിതം മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്ന ഒരു പ്രാണദാനത്തിന്റെ സംസ്‌കൃതിയുടെ അടിത്തറയിടലാണ്.
വേദാന്തികൾ മനുഷ്യനെ വിശപ്പിന്റെ പ്രതിരൂപമായിട്ടാണ് കാണുക. എന്തിനോ ഏതിനോ ഒക്കെയുള്ള വിശപ്പുകൾ… കാലാന്തരങ്ങളിലെ മനുഷ്യന്റെ വിശപ്പുകൾക്കു അറുതികുറിക്കുന്ന സംതൃപ്തിയുടെ, പൂർണതയുടെ അപ്പം നൽകുന്നു. ആരും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ഒരു സംരക്ഷണത്തിന്റെ കവചമായി തന്റെ ജീവിതത്തെ നൽകുന്നു.
അൾത്താരയിൽ അഭയം തേടുന്നവർക്ക് ആശ്വാസത്തിന്റെ അഗ്‌നിയാണ് വിശുദ്ധ കുർബാനയെന്നു വിളിച്ചുപറയുന്നു. മാറിൽ ചാരിക്കിടക്കുന്നവനെയും ഒറ്റിക്കൊടുക്കാനിരുന്നവനെയും തള്ളിപ്പറയാനിരിക്കുന്നവനെയും ഓടിപ്പോകാനാരിക്കുന്നവരെയും എല്ലാം ചേർത്തുനിർത്തി ക്രിസ്തു കാട്ടിത്തരുന്നു മറ്റുള്ളവരെ അപ്പമാക്കാൻ, ആഹരിക്കാൻ ഇറങ്ങുന്ന ലോകത്തു അപ്പമായിത്തീരാൻ, ഒരു പാകമായ വീണപഴം പോലെ മറ്റുള്ളവർക്ക് എടുത്തു ഭക്ഷിക്കാൻ തന്റെ ജീവിതം സമ്മാനായി നൽകാൻ ക്രിസ്തു ആവശ്യപ്പെടുകയാണ് ഓരോരുത്തരോടും. ജീവിതം മറ്റുള്ളവർക്ക് സമ്മാനമാക്കുന്നവരാണ് ഭൂമിയുടെ നഷപെട്ടുപോയ സുകൃതങ്ങളെ തിരിച്ചുപിടിച്ചു ഭൂമിയിൽ വീണ്ടും കുടിയിരുത്തുന്നത്.
ജീവിക്കുക മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ദിശാബോധം നഷ്ടപ്പെട്ടാൽ സ്വന്തം അഭിലാഷങ്ങളുടെ കൂടാരങ്ങളിലേക്കു അവൻ ചേക്കേറും. സമ്മാനമാകേണ്ട തന്റെ ജീവിതത്തെ ശൂന്യതാബോധത്തിലും മനസികവ്യഥകളിലും നിരർത്ഥകമായ സുഖങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലിലും പരുക്കമായ മനഃസാക്ഷിയിലും കുഴിച്ചുമൂടും. തന്റെ ജീവിതം സമ്മാനമാക്കാൻ മനുഷ്യജീവിതത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളെ പറ്റി Mathew Kelly, To rediscover the Catholicism എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
എനിക്കതിൽ എന്തുകാര്യം  ഇതിൽ നിന്നും ഉയരുന്ന അരാഷ്രീയത. ആർക്കും ആരോടും ഒരു മമതയില്ലാത്ത, താല്പര്യമില്ലാത്ത, ഉത്തരവാദിത്വമില്ലാത്ത അവസ്ഥ. ഇതിൽ നിന്നും ഉയരുന്ന അവനവനിസം എന്നുള്ള ചിന്താധാര .മറ്റുള്ളവരുടെ സങ്കടങ്ങൾക്കു എനിക്കുകൂടി ഉത്തരവാദിത്വം ഉണ്ടെന്നു മറന്നുപോകുന്ന ആക്ഷേപപുഞ്ചിരി.
ഹെഡ്‌ഫോണുകൾ ചെവിയിൽ അമർത്തി മറ്റുവർക്കു നേർക്കു കണ്ണടച്ച് ഏകാന്തതയുടെ കൂട്ടാളികളായി ഒരു തലമുറ വളർന്നുവരുമ്പോൾ, ഹുവാൻ റൂൾഫോ… പെഡ്രോപരമയിൽ കാണുന്നതുപോലെ… ബന്ധങ്ങൾ ശിഥിലമാകുന്ന കൊമാലകൾ, ശവപ്പറമ്പിന്റെ നാടുകളിൽ, നരകത്തിന്റെ മക്കൾ സൃഷ്ടിക്കപ്പെടുകയാണ്.
എന്റെ ലോകം എനിക്കു മതി, ഞാനാണ് ലോകം എന്ന ഉട്ടോപ്യൻ ചിന്തയുടെ മാറാപ്പുകൾ പേറുന്നവർ ഓർക്കണം മരിച്ചമനുഷ്യത്വം ഭൂമിയെ തരിശാക്കുന്നു. അടുക്കാനും കൊടുക്കാനുമുള്ള അഭേദ്യമായ ദാഹമാണ് സ്‌നേഹത്തിന്റെ ഉരകല്ല്. അതുകൊണ്ട് എനിക്കതിൽ എന്തുകാര്യം എന്ന മിഥ്യബോധത്തെ മാറ്റി പകർന്നു കൊടുക്കുന്ന സ്‌നേഹത്തെ വാരി പ്പുണരണം. അവനനിസത്തിന്റ ഈ ചിന്താധാരയെ തച്ചുടക്കണം ക്രിസ്തുവിനെ പോലെ ജീവിതം സമ്മാനമാക്കാൻ.
ജീവിതം സമ്മാനമാകാൻ ഉള്ള രണ്ടാമത്തെ തടസം. എനിക്കിഷ്ടമുള്ളതു മാത്രം ചെയ്യുന്നു  എന്ന മനുഷ്യന്റെ ചിന്താധാരയാണ്. ശരിതെറ്റുകളെ ഞാൻ തന്നെ നിർവചിക്കുന്ന ആധുനിക ചാർവാക എപിക്യൂറിയാൻ തത്വശാസ്ത്രം. ഇഷ്ടമുള്ളതുമാത്രം ചെയ്യുന്ന new generation ട്രെൻഡുകൾ കുടുംബത്തെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നു.
മുല്യങ്ങൾക്കു വിലയില്ല. എവിടെയും sex, പൊളിറ്റിക്‌സ് ഉം അക്രമവാസനയും നിറഞ്ഞ  കുറ്റകൃത്യങ്ങൾ മാത്രം. like നും share നും വേണ്ടി ഓരോന്ന് കാണിച്ചുകൂട്ടുമ്പോൾ മൂല്യബോധങ്ങൾക്കു ഗ്രഹണം സംഭവിക്കുന്നു. പിശാചുക്കൾ തൊഴിൽ രഹിതരായി തീരുന്ന ഒരു കാലഘട്ടം (പിശാചിന്റെ ജോലി ഈ തലമുറ തന്നെ ചെയ്യുന്നു) സൃഷ്ടിക്കപ്പെടുന്നു. ഈ ചിന്താധാരയെ തച്ചുടക്കണം ക്രിസ്തുവിനെ പോലെ ജീവിതം മറ്റുള്ളർക്ക് വേണ്ടി സമ്മാനമാക്കുവാൻ.
മറ്റൊരു മാനുഷിക ചിന്തയാണ് ‘കുറച്ചുകൊടുക്കുക‘ എന്നുള്ളത്. what the least I can do for you എന്നാൽ ക്രിസ്തു കാട്ടിത്തന്നത് what the most I can do for you എന്നുള്ളതാണ്. തന്റെ ജീവിതം മറ്റുള്ളവർക്കായി നൽകി കൊണ്ട്. മറ്റുള്ളവരുടെ ചിന്തകൾക്ക് എന്തഗ്നിയാണ് ഞാൻ പകർന്നത്, മറ്റുള്ളവരുടെ ജീവിതങ്ങൾക്ക് എന്തു പ്രത്യാശ ആണ് ഞാൻ ചൊരിഞ്ഞത് ചോദിക്കണം നമ്മോടു തന്നെ. We make a living by what we get. we make a life by what we give.
ഈ മൂന്നു ചിന്താധാരകൾ മാറ്റിക്കഴിയുമ്പോൾ വിശുദ്ധ കുർബാന ജീവിക്കുന്നവരായി നമ്മളെ പാകപ്പെടുത്താൻ സാധിക്കും. ഓർക്കുക, കുർബാന വിശുദ്ധരുടെ തിരുശേഷിപ്പുപോലെ വെറുതെ കണ്ടു വണങ്ങി പോകാനുള്ളതല്ല. ജീവിക്കേണ്ട ശക്തിയാണ്, പോകേണ്ട വഴിയാണ്. തെറ്റാതെ നയിക്കുന്ന പ്രകാശത്തിന്റെ കൂദാശയാണ്.
ദൈവത്തിങ്കലേക്കു വളർത്തുന്നതും സഹോദരങ്ങളിലേക്കു പടർത്തുന്നതുമായ ഒരു ജീവിതചര്യയാണ്. അപ്പം ആഹരിച്ചവർക്കേ അപ്പമാകാനും സ്‌നേഹം ആഹരിച്ചവർക്കേ സ്‌നേഹം ആകാനും സാധിക്കുകയുള്ളൂ. കാലുവാരുന്ന സംസ്‌കൃതിയിൽ ജീവിക്കുന്ന നമുക്ക് കാലുകഴുകലിന്റെ സംസ്‌കൃതി കാട്ടിത്തന്ന ക്രിസ്തുവിനെ കൂട്ടുപിടിക്കാം. സമ്പാദിച്ചു മുന്നേറാൻ വെമ്പുന്ന ലോകത്തിൽ ജീവിതം സമ്മാനിച്ചു മുന്നേറാൻ ക്രിസ്തുവിനെ നമ്മുക്ക് മാതൃകയാക്കാം.
ഫാ. ഷെബിൻ ചീരംവേലിൽ MCBS

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?