Follow Us On

29

March

2024

Friday

ആരും അറിഞ്ഞില്ല നവ വൈദികന് കണ്ണുകാണില്ലെന്ന്… ജീവിതം ക്രിസ്തുവിനോട് ചേർത്ത് വച്ച ഒരു വൈദികന്റെ വേദനാജനകമായ അനുഭവം.

ആരും അറിഞ്ഞില്ല നവ വൈദികന് കണ്ണുകാണില്ലെന്ന്…   ജീവിതം ക്രിസ്തുവിനോട് ചേർത്ത് വച്ച ഒരു വൈദികന്റെ വേദനാജനകമായ അനുഭവം.

കാഴ്ചയുടെ-കാണാപ്പുറങ്ങൾ…..
ഉൾക്കണ്ണിലൂടെ മാത്രമേ ലോകത്തെ കാണാൻ ഫാ. പോൾ കള്ളിക്കാടന് കഴിയൂ എന്നിട്ടും അദേഹത്തിന്റെ മനസിനും മുഖത്തിനും തികഞ്ഞ ശാന്തത. കാണാനെത്തുന്ന വരെ വിശ്വാസദീപ്തിയിലേക്ക് നയിക്കുകയാണ് പോളച്ചനിന്ന്. മുമ്പിലുള്ള ലോകത്തെ വിശ്വാസവെളിച്ചത്തിൽ ഉത്സവമാക്കി മാറ്റിയ അദേഹത്തിന്റെ ജീവിതം അഭിഷിക്തർക്കും വിശ്വാസികൾക്കുമൊരു പാഠപുസ്തകമാണ്.
തൃശൂർ അതിരൂപതയിലെ അരിമ്പൂർ-വെളുത്തൂർ ഇടവകാംഗമായ ഫാ. പോൾ കള്ളിക്കാടൻ, മാതാപിതാക്കളുടെ മൂന്നു മക്കളിൽ രണ്ടാമനാണ്. രണ്ട് ആണും ഒരു പെണ്ണും. നാലു കിലോമീറ്റർ അകലെയായിരുന്നു പോളച്ചന്റെ ചെറുപ്പകാലത്ത് ഇടവകയായ അരിമ്പൂർ ദൈവാലയം. അതുകൊണ്ടുതന്നെ സ്ഥിരമായി ദൈവാലയത്തിൽ പോകുന്നത് ശീലമല്ലായിരുന്നു. പക്ഷേ അവധിക്കാലത്ത് അമ്മവീടിനടുത്തുള്ള ദൈവാലയത്തിൽ സ്ഥിരമായി പോയിരുന്നു.
രണ്ടായിരത്തിലധികം വീടുകളുള്ള വലിയ ഇടവകയാണ് അരിമ്പൂർ. അതുകൊണ്ടുതന്നെ സ്‌കൂൾ അവധിക്കാലത്ത് ദൈവാലയത്തിൽ ധാരാളം സെമിനാരി വിദ്യാർത്ഥികളുണ്ടായിരുന്നു. അന്ന് വലിയ ആഴ്ചയിലെ തിരുക്കർമങ്ങൾക്ക് കുർബാനയ്ക്ക് കൂടിയിരുന്നത് ബ്രദേഴ്‌സായിരുന്നു. ഇതൊക്കെ കണ്ടും കേട്ടും വളർന്നുവന്ന പോളിന്റെ മനസിൽ ഒരു വൈദികനാകണമെന്ന ആഗ്രഹം കൂടുതൽ കരുത്താർജിച്ചു. ദൈവാലയവുമായുള്ള വലയത്തിൽത്തന്നെയാണ് പോളിന്റെ ബാല്യകാലം. ആ കൂട്ടായ്മയിലാണ് പോൾ സന്തോഷിച്ചിരുന്നതും.
അങ്ങനെ വൈദികനാകാനുള്ള ആഗ്രഹത്തിൽ 2003-ൽ സെമിനാരിയിൽ ചേർന്നു. കോട്ടയം-വടവാതൂർ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം. തിയോളജി പഠനത്തിനായി മുളയം മേരിമാത മേജർ സെമിനാരിയിലെത്തി. രണ്ടാം വർഷം പഠനം കഴിയുന്നതോടെ എന്തോ ട്രാജഡി സംഭവിക്കാൻ പോകുന്നതായുള്ള ഒരനുഭവം ബ്ര. പോളിനുണ്ടായി. അദ്ദേഹം ഈ വിവരം ആധ്യാത്മിക പിതാവായ ഫാ. ടോണി നീലങ്കാവിലുമായി (ഇന്നത്തെ തൃശൂർ സഹായമെത്രാൻ) പങ്കുവച്ചു. ഒന്നും ഭയപ്പെടേണ്ട, ധൈര്യമായി മുന്നോട്ടുപോവുക എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ആ അവധിക്കാലത്ത് ഇടവകകളിൽ കുട്ടികൾക്കുള്ള ക്യാമ്പുകളൊക്കെ നടത്തി മുന്നോട്ട് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ബ്ര. പോൾ. ഒരു ദിവസം ഉണർന്നെഴുന്നേൽക്കുമ്പോൾ ബ്രദറിന്റെ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതുപോലെ. ഉറക്കമുണർന്നതുകൊണ്ട് വല്ല സ്വപ്നവുമായിരിക്കുമെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചു. എന്നാൽ അത് യാഥാർത്ഥ്യമാണെന്ന് വൈകാതെ മനസിലായി. വലത്തെ കണ്ണിന് കാഴ്ചയുള്ളതുകൊണ്ട് അന്ന് വീട്ടിലെത്തി അമ്മയെയുംകൊണ്ട് കാറോടിച്ച് ഒരു യാത്ര പോയി. എങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും അസ്വസ്ഥത മാറാതായപ്പോൾ കൂട്ടുകാരോട് വിവരം പറഞ്ഞു. അവർ കണ്ണ് നോക്കിയിട്ട് പറഞ്ഞു, ചെറിയ പാടപോലെ കാണുന്നു. തൃശൂർ ജൂബിലി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോൾ ഇടത്തെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. അവിടെ അഡ്മിറ്റായി ചികിത്സ ആരംഭിച്ചു. 2012 മെയ് 30-നാണ് ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടമായത്.
തൃശൂർ ജൂബിലിയിൽ നിന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജൂബിലിയിൽവച്ച് കണ്ടുമുട്ടിയ ഒരു സിസ്റ്റർ പറഞ്ഞതിങ്ങനെയാണ്: ‘ബ്രദറേ, പേടിക്കണ്ട. ഒരു കണ്ണില്ലെങ്കിലും ജീവിക്കാൻ കഴിയും.’ അന്ന് ഇത് സന്തോഷത്തോടെയല്ല സ്വീകരിച്ചതെങ്കിലും വൈദികനായി വീണ്ടും സിസ്റ്ററെ കണ്ടുമുട്ടിയപ്പോൾ ഫാ. പോൾ പറഞ്ഞു: ”സിസ്റ്റർ പറഞ്ഞത് ശരിയാണ്. രണ്ടു കണ്ണില്ലെങ്കിലും നമുക്ക് ജീവിക്കാൻ കഴിയും.”
മധുര കണ്ണാശുപത്രിയിലേക്കാണ് പിന്നീട് അദേഹത്തെ കൊണ്ടുപോയത്. കാഴ്ച മുഴുവനായും തിരിച്ചുകിട്ടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ മരുന്ന് കഴിക്കണമെന്നാണ് അവർ നിർദേശിച്ചത്. സെമിനാരിയിൽ മൂന്നാം വർഷ തിയോളജി പഠനം തുടങ്ങി. വളരെ പ്രധാനപ്പെട്ട വർഷം. വിശുദ്ധ കുർബാന, കുമ്പസാരം എന്നിവയെക്കുറിച്ചൊക്കെ ഗഹനമായി പഠിക്കുന്ന സമയം. ഈ വർഷത്തിന്റെ അവസാനത്തിലാണ് ഡീക്കൻപട്ടം. പത്താംക്ലാസുവരെ ഫുൾപാസ് പോലും കിട്ടാതിരുന്ന ബ്ര. പോളിന് സെമിനാരിയിലെത്തിയപ്പോൾ പഠനത്തിൽ നന്നായി മുന്നേറാനുള്ള കൃപ പരിശുദ്ധാത്മാവ് നൽകിയിരുന്നു.
ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടശേഷം നടന്ന പരീക്ഷയിൽ ബ്ര. പോൾ രണ്ടാം റാങ്ക് നേടി. കണ്ണിനെക്കുറിച്ചുള്ള ആകുലതകളൊക്കെ മാറാൻ റാങ്ക് കാരണമായി. മാത്രമല്ല, ഈ വിഷയം തുടർന്നു പഠിക്കാനുള്ള റെക്കമന്റേഷനോടുകൂടിയുള്ള റാങ്കാണ് ബ്രദറിന് ലഭിച്ചത്. ഡീക്കൻ പട്ടം ലഭിച്ചു. അതിനിടയിൽ വെളുത്തൂർ ഭാഗത്തുള്ള ഇരുന്നൂറ് വീട്ടുകാർക്ക് പുതിയ ഇടവക അനുവദിച്ചു. അതുകൊണ്ടുതന്നെ പുതിയ ഇടവകയിലെ ആദ്യത്തെ പട്ടമായിരിക്കും ബ്രദറിന്റേത് എന്ന് വ്യക്തമായി. ഇടവകയും കുടുംബങ്ങളും ബ്ര. പോളിന്റെ പട്ടത്തിനുവേണ്ടി പ്രാർത്ഥിച്ചൊരുങ്ങി.
പൗരോഹിത്യപട്ടത്തിനുശേഷം വൈകിട്ട് സഹോദരിയുടെ കുട്ടിയുടെ മാമോദീസ. പിറ്റേന്ന് ജ്യേഷ്ഠന്റെ മനഃസമ്മതം, മൂന്നാം ദിവസം കല്യാണം. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഡീക്കന്മാരുടെ ധ്യാനത്തിൽ സംബന്ധിച്ച് പ്രാർത്ഥിച്ചൊരുങ്ങി. അതിനുശേഷം സെമിനാരിയിലെ ധ്യാനം.
മുന്നിൽ കൂരിരുട്ട്
ജനുവരി ഒന്നിന് രാവിലെയായിരുന്നു പട്ടം. എന്നാൽ ഡിസംബർ 15-ന് രാവിലെ വലത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. ബ്ര. പോളിന്റെ മുന്നിൽ നിഴൽമാത്രം. മുഴുവനായി കാഴ്ച നഷ്ടപ്പെട്ടെങ്കിലും പിറ്റേന്ന് ഏറ്റിരുന്ന പ്രസംഗം മുടക്കമില്ലാതെ നടത്തി. ‘കർത്താവിന്റെ സാന്നിധ്യം എന്നും അവനോടുകൂടെയുണ്ടായിരുന്നു’ എന്ന വചനഭാഗം ആഴത്തിൽ ധ്യാനിച്ചശേഷമാണ് ബ്ര. പോൾ വചനശുശ്രൂഷക്കായി വേദിയിൽ കയറിയത്.
തിരുപ്പട്ട സ്വീകരണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബ്ര. പോളിന് വലത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഒരാഴ്ച കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടി. ഡിസംബർ 22-ന് ആശുപത്രിയിൽനിന്നും ഡിസ്ചാർജായി വീട്ടിലെത്തി. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞാണ് ഡോക്ടർമാർ മടക്കിയയച്ചത്. തപ്പിത്തടഞ്ഞ് വീട്ടിലെത്തിയ ബ്ര. പോളിനെ അമ്മ വാരിപ്പുണർന്നു. തന്റെ മകനുമാത്രം എന്തിനീ വേദനകൾ നൽകുന്നുവെന്ന് അമ്മ ദൈവത്തോട് ചോദിച്ചു. വേദനിച്ചു വീട്ടിൽ കഴിയുന്ന പിറ്റേന്ന് കൂട്ടുകാരിലൊരാൾ ഫോണിൽ വിളിച്ചു. പട്ടത്തിന് അണിയാനുള്ള കാപ്പയും തിരുവസ്ത്രങ്ങളും റെഡിയായിട്ടുണ്ട്. വാങ്ങിക്കാൻ വരുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. ബ്ര. പോളിന്റെ ഉള്ളൊന്നു പിടഞ്ഞു. കാപ്പ കൈകളിലെടുത്ത് ഉള്ളുരുകി ബ്ര. പോൾ ഈശോയോട് ചോദിച്ചു: ”എന്റെ ഈശോയെ, ഒരു പ്രാവശ്യമെങ്കിലും ഇതണിയാൻ എനിക്ക് കഴിയുമോ?”
ജപമാല ചൊല്ലി കണ്ണീരോടെ പ്രാർത്ഥിച്ചതിന് എണ്ണമില്ല. ഒരു ദിവസമെങ്കിലും വൈദികനായി ബലിയർപ്പിക്കാൻ അനുവദിക്കണേയെന്നതായിരുന്നു പോളിന്റെ ആ നാളുകളിലെ പ്രാർത്ഥന. കണ്ണിന് കാഴ്ച ലഭിച്ച് തക്‌സ കാണാൻ സാധിക്കണം. പക്ഷേ വ്യത്യാസവുമുണ്ടായില്ല. അക്കൊല്ലത്തെ ക്രിസ്മസ്ദിനം ദുഃഖവെള്ളിയുടെ അനുഭവമാണ് സമ്മാനിച്ചത്. 15 ഡീക്കന്മാരായിരുന്നു ബ്ര. പോളിന്റെ ബാച്ചിൽ. പതിനാലുപേരും വൈദികരായി. അവസാനത്തെ പട്ടമായിരുന്നു ബ്ര. പോളിന്റേത്. പട്ടം സ്വീകരിച്ച പതിനാല് നവവൈദികരും ബ്ര. പോളിന്റെ വീട്ടിലെത്തി തലയിൽ കൈവച്ച് തീക്ഷ്ണമായി പ്രാർത്ഥിച്ചു. പതിനാലുപേരുടെ പട്ടത്തിനും പോകേണ്ടതായിരുന്നു, കഴിഞ്ഞില്ല. എങ്കിലും അടുത്തുള്ള ദൈവാലയത്തിൽ നടന്ന പട്ടത്തിന് ബ്രദറിന്റെ നിർബന്ധപ്രകാരം ജ്യേഷ്ഠൻ കൊണ്ടുപോയി. കഴിഞ്ഞ വർഷം ഇതേ ദൈവാലയത്തിൽ നടന്ന മറ്റൊരു പട്ടത്തിന് ബ്ര. പോൾ അൾത്താരയിൽനിന്ന് സഹായിച്ചതാണ്. ഇന്ന് ഒന്നും കാണാനാകുന്നില്ല. ബ്ര. പോൾ കണ്ണീരോടെ സദസിലിരുന്നു.
അങ്ങനെ തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ തലേന്ന് അതായത് ഡിസംബർ 31-ന് പ്രഭാതമായി. അന്ന് ഫാ. ഷാജു ചിറയത്തും ഫാ. ജെയ്‌സൺ കൂനംപ്ലാക്കലുംകൂടി വീട്ടിലെത്തി. വിശുദ്ധ കുർബാനയുടെ പ്രാർത്ഥനകൾ കാണാപാഠം പഠിക്കാനാണ് അവർ ആവശ്യപ്പെട്ടത്. കാണാപാഠം പഠിക്കണമെങ്കിൽ കണ്ണു വേണ്ടേയെന്നായിരുന്നു ബ്ര. പോളിന്റെ ചോദ്യം. അതിന് കഴിയുമെന്ന് പറഞ്ഞ് അവർ യാത്രയായി.
അക്കാലത്ത് സഹോദരി പ്രസവം കഴിഞ്ഞ് കൊച്ചുകുഞ്ഞുമായി വീട്ടിലിരിക്കുന്ന സമയം. കുഞ്ഞിനെ ബ്ര. പോളിന്റെ അടുത്ത് കിടത്തിയിട്ടാണ് പലപ്പോഴും സഹോദരി പോവുന്നത്. കുഞ്ഞിനെ ലാളിച്ചു കിടക്കുമ്പോൾ സഹോദരി വന്ന് തക്‌സയെടുത്ത് വായിച്ച് കേൾപ്പിച്ച് പ്രാർത്ഥനകൾ പഠിപ്പിച്ചു. ജപമാലയുടെ ഓരോ രഹസ്യങ്ങൾ ചൊല്ലിയിട്ടാണ് ഓരോ പ്രാർത്ഥനകളും പഠിക്കാൻ ശ്രമിച്ചിരുന്നത്. അങ്ങനെ എല്ലാം പഠിച്ചെടുത്തു. അന്ന് രാത്രി മുഴുവനും ദിവ്യകാരുണ്യ സന്നിധിയിൽ തീക്ഷ്ണമായി പ്രാർത്ഥിച്ചു.
പുറത്ത് വർഷാവസാനത്തിന്റെ പടക്കംപൊട്ടലുകൾ. അകത്ത് ബ്ര. പോളിന്റെ നെഞ്ചിടിപ്പുകൾ അതിലും ഉയരത്തിൽ. ജനുവരി ഒന്നിന് പ്രഭാതത്തിൽ തൃശൂർ ബിഷപ്‌സ് ഹൗസിലെത്തി. ബിഷപ് മാർ റാഫേൽ തട്ടിലാണ് പട്ടം നൽകാൻ നിയുക്തനായിരിക്കുന്നത്. പ്രാർത്ഥനകൾ ചൊല്ലാനുള്ള പുസ്തകമെടുത്ത് ബ്ര. പോളിന്റെ കൈയിൽ കൊടുത്ത് ചൊല്ലാൻ പറഞ്ഞു. പേജുകളും പ്രാർത്ഥനകളും മാറിപ്പോകുന്നത് പിതാവിന് മനസിലായി. ”സാരമില്ല മകനേ, ധൈര്യമായിരിക്ക്” അദ്ദേഹം ഡീക്കനെ ആശ്വസിപ്പിച്ചു. തിരുപ്പട്ടത്തിന്റെ ശുശ്രൂഷകൾ വെളുത്തൂർ ദൈവാലയത്തിൽ ആരംഭിച്ചു. നിലവിളക്കിൽ തിരി തെളിയിക്കാനൊക്കെ പിതാവ് സഹായിച്ചു.
ബ്ര. പോളിന്റെ പട്ടം നടക്കുന്ന സമയമത്രയും പട്ടം നടക്കുന്ന മറ്റൊരു സഹോദരൻ ദിവ്യകാരുണ്യ സന്നിധിയിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കുകയായിരുന്നു. തട്ടിൽ പിതാവും ഡീക്കനുംകൂടെ വെളുത്തൂരിലേക്കുള്ള കാർയാത്രയിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചാണ് പോയത്. ഇടവക ദൈവാലയത്തിലെത്തി. ബ്ര. പോളിന്റെ വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കുമൊഴികെ ആർക്കും അറിയില്ലായിരുന്നു കണ്ണിന് കാഴ്ചയില്ലാത്ത അവസ്ഥ. അല്ലെങ്കിൽ ഇതാരെയും അറിയിക്കാൻ ദൈവം അനുവദിച്ചില്ലെന്ന് പറയുന്നതാകും കൂടുതൽ ശരി.
അച്ചൻ അന്ധനാണെന്നറിയാതെ…
ജപമാല കൈയിൽ കെട്ടിയിട്ടാണ് ബ്ര. പോൾ തിരുക്കർമങ്ങൾക്ക് അൾത്താരയിൽ കയറുന്നത്. ഒരു അന്ധനാണ് അൾത്താരയിൽ നിൽക്കുന്നതെന്ന് ദൈവജനത്തിന് തോന്നാത്ത വിധത്തിൽ ദൈവത്തിന്റെ ഇടപെടൽ അന്നവിടെ ഉണ്ടായി. കാഴ്ചയുള്ളവനായി സെമിനാരി ജീവിതം ആരംഭിക്കുകയും കാഴ്ചയില്ലാത്തവനായി പട്ടം സ്വീകരിക്കുകയും ചെയ്ത ആദ്യത്തെ കത്തോലിക്ക വൈദികനാണ് ഫാ. പോൾ കള്ളിക്കാടൻ.
പട്ടം സ്വീകരിച്ച ഫാ. പോൾ പ്രഥമ ദിവ്യബലിയാരംഭിച്ചു. പ്രാർത്ഥനകൾ തെറ്റാതിരിക്കാൻ സഹകാർമികരും പ്രാ ർത്ഥനകൾ ഉറക്കെ ചൊല്ലി. പക്ഷേ അത്ഭുതകരമായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്ല ഒഴുക്കോടെ എല്ലാ പ്രാർത്ഥനകളും കൃത്യമായി ഫാ. പോളിന്റെ മനസിൽ നൽകി. ഒരു ഘട്ടത്തിൽ ഉറക്കെ ചൊല്ലിയിരുന്ന സ ഹകാർമികരോട് സ്വരം താഴ്ത്തി ചൊല്ലാനും ആവശ്യപ്പെടേണ്ടിവന്നു.
പിറ്റേദിവസത്തെ കുർബാനയും പരസഹായമില്ലാതെ അർപ്പിച്ചു. ജപമാല അർപ്പിക്കുമ്പോൾ ഒരു ദൃശ്യം ഫാ. പോളിന് ലഭിച്ചു. പരിശുദ്ധ അമ്മ സ്വർഗത്തിലിരുന്ന് തമ്പുരാന്റെ മുന്നിൽ അലറിക്കരഞ്ഞ് ഫാ. പോളിനുവേണ്ടി മാധ്യ സ്ഥം യാചിക്കുന്ന ചിത്രം. അങ്ങനെ പരിശുദ്ധാത്മാവ് വിശുദ്ധ കുർബാനയുടെ പ്രാർത്ഥനകളെല്ലാം ഫാ. പോ ളിനെ പഠിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ ഫാ. പോൾ അർപ്പിച്ച എല്ലാ പരിശുദ്ധ കുർബാനകളും കാണാപാഠമായിരുന്നു.
മൂന്നരമാസം ഒരു ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി നിയമനവും ലഭിച്ചു. അന്നത്തെ വികാരി, കൊച്ചച്ചൻ കണ്ണു കാണാത്ത ആളാണെന്ന വിവരം ഇടവകക്കാരെ ആരെയും അറിയിച്ചുമില്ല. പിന്നീട് എട്ടരമാസം അതിരൂപത ഡീ-അഡീക്ഷൻ കേന്ദ്രമായ നെസ്റ്റിലായിരുന്നു ശുശ്രൂഷ. ചികിത്സകൾ തുടർന്നെങ്കിലും അസുഖം വായിലേക്ക് ബാധിച്ചു. വായിലെ തൊലിയെല്ലാം പോയി. പരിശുദ്ധ കുർബാനയിൽ തിരുരക്തം പാനം ചെയ്യുമ്പോൾ നീറ്റൽ സഹിക്കാനാവാതെ കരയുന്ന വൈദികൻ.
അനുഭവങ്ങൾ ലോകം അറിഞ്ഞത്
പിന്നീട് സെഹിയോൻ ധോണി ധ്യാനകേന്ദ്രത്തിൽ ഫാ. റെന്നി പുല്ലുകാലായിൽ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്യാനായിരുന്നു നിയോഗം. ആ ധ്യാനശുശ്രൂഷയിലാണ് ഫാ. പോൾ തന്റെ അനുഭവങ്ങൾ ആദ്യമായി പങ്കുവച്ചത്. നഴ്‌സിങ്ങ് കോളജിലെ കുട്ടികളാണ് ആ ക്ലാസ് കേട്ടത്. ഒരു മണിക്കൂർ പ്രഭാഷണം കഴിഞ്ഞിട്ടും ദൈവജനം മുഴുവൻ കരയുന്ന അഭിഷേകമാണ് അവിടെ സംഭവിച്ചത്.
പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ നിർദേശപ്രകാരം രൂപതയിലെ വൈദികരുടെ മാസധ്യാനം നടത്താൻ ഫാ. പോൾ കള്ളിക്കാടൻ നിയോഗിക്കപ്പെട്ടു. സീനിയറായ പല വൈദികർക്കും ഇത് വലിയൊരു അനുഭവമാക്കി മാറ്റാൻ കർത്താവ് കൃപ നൽകി. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന സന്ദേശമാണ് എല്ലാ ശുശ്രൂഷകളിലും പ്രധാനമായും പങ്കുവച്ചത്.
ചികിത്സകൾ തുടർന്നു. എല്ലാ മാസവും പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്ന അവസ്ഥ. ഒരിക്കൽ ബി.പി വല്ലാതെ കുറഞ്ഞുവന്നു. അത്യാസന്ന നിലയിലെത്തി. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഐ.സി.യുവിലെത്തി പ്രാർത്ഥിച്ചു. അച്ചൻ മരിക്കുന്ന അവസ്ഥയിലെത്തി. മാതാപിതാക്കളെ വിവരമറിയിച്ചു. ഫാ. പോൾ കള്ളിക്കാടന്റെ ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാതായി. 2016 ഫെബ്രുവരിയിലായിരുന്നു ഈ സംഭവങ്ങൾ.
ദൈവം അത്ഭുതം പ്രവർത്തിച്ചു. ഡോക്ടർ ഒരു ദിവസം വന്ന് നോക്കുമ്പോൾ ബി.പി സാധാരണ നിലയിലായിരിക്കുന്നു. അങ്ങനെ ഡിസ്ചാർജായി. വലത്തെ കണ്ണിന് ഇരുപതു ശതമാനം കാഴ്ച പിന്നീട് തിരിച്ചുകിട്ടി. ടാബ് നോക്കി വചനം വായിക്കാമെന്നായി. ഒന്നരവർഷം അങ്ങനെ ശുശ്രൂഷകൾ തുടർന്നു. അതിനുശേഷം ദൈവം ആ കാഴ്ചയും തിരിച്ചെടുത്തു. ഓരോ ദിവസവും വായിക്കേണ്ട വചനം കാണാപാഠം പഠിക്കാനുള്ള കൃപ ദൈവം നൽകി. ടാബ് നോക്കി വായിക്കാനുള്ള കൃപ വീണ്ടും അദേഹത്തിന് ലഭിച്ചു.
സുവിശേഷത്തിലെ നാലായിരത്തോളം വചനങ്ങൾ പഠിക്കാൻ ദൈവം കൃപ നൽകി. ജപമാല ചൊല്ലി വചനം വായിക്കുമ്പോൾ ഒരു വാക്കുപോലും തെറ്റാതെ വായിക്കാനുള്ള കൃപയും പരിശുദ്ധാത്മാവ് നൽകുന്നുണ്ടെന്ന് ഫാ. പോൾ പറയുന്നു. കാണാതെ കുർബാന ചൊല്ലുന്ന, കാണാതെ വചനം പറയുന്ന വൈദികൻ എന്ന വിശേഷണവും ഫാ. പോളിന് ഈ നാളുകളിൽ കിട്ടി. ‘ചലിക്കുന്ന ബൈബിൾ’ എന്ന അപരനാമവും ഇക്കഴിഞ്ഞ നാളുകളിൽ കുട്ടികൾ പോളച്ചന് ചാർത്തിക്കൊടുത്തു. അങ്ങനെ രണ്ട് കണ്ണില്ലെങ്കിലും ജീവിക്കാമെന്ന് ഫാ. പോൾ കള്ളിക്കാടൻ തന്റെ പൗരോഹിത്യ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.
എസ് ചാലിശേരി
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?