Follow Us On

28

March

2024

Thursday

സഹനവഴികളിലൂടെ നിത്യതയിലേക്ക്…

സഹനവഴികളിലൂടെ നിത്യതയിലേക്ക്…

തിരുവല്ല: സെന്റ് ജോൺസ് കത്തീഡ്രൽ ഇടവകാംഗമായ കെ.കെ. മാത്യുവിനെയും ഭാര്യ റെനിത സൂസൻ കുര്യനെയും ഏവരും ഓർക്കുന്നത് മാതൃകാജീവിതം നയിച്ച, രണ്ട് പതിറ്റാണ്ടിലേറെ സഹനത്തിന്റെ കാസ കുടിച്ച ദമ്പതികളെന്ന നിലയിലാണ്.
ജീവിതനൗകയിൽ അമ്പതുവർഷം ശാന്തമായും സ്വസ്ഥമായും തുഴഞ്ഞുനീങ്ങിയ റെനിത സ്വർഗീയ തീരമണയുമ്പോൾ വിശുദ്ധ യൗസേപ്പിനെപ്പോലെ ശ്രേഷ്ഠമായ വിശ്വാസജീവിതത്തിലൂടെ ആമേൻ പറയുകയാണ് കെ.കെ. മാത്യു എന്ന സജി.
1992 മെയ് ഏഴിനാണ് സജി റെനിതയെ വിവാഹം കഴിച്ചത്. 25 വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യബന്ധത്തിൽ ആദ്യം ജനിച്ചത് ഇരട്ടക്കുട്ടികൾ-ലൈജുവും ലയയും. ആറുവർഷങ്ങൾക്കുശേഷം ലിഡിയ ജനിച്ചു. 1997-ലാണ് റെനിതയുടെ സഹനജീവിതം ആരംഭിക്കുന്നത്. ഡബിൾ വിഷൻ സിംപ്റ്റം ആയിരുന്നു തുടക്കം. മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് എന്ന രോഗമായിരുന്നു അതെന്ന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. തലച്ചോറിലെ ഞരമ്പുകളുടെയും കോശങ്ങളുടെയും പുറംചട്ട നശിക്കുന്ന രോഗം. ഞരമ്പുകോശങ്ങൾ നശിച്ച് കാലുകളുടെ സന്തുലനാവസ്ഥ നഷ്ടപ്പെടും. വിദേശത്ത് സാധാരണവും നമ്മുടെ നാട്ടിൽ വളരെ അപൂർവവുമായ ഈ രോഗം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
മരുന്നുകൾ ഒന്നും ഈ അസുഖത്തിന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ രോഗിയുടെ അവസ്ഥ സാവകാശം മോശമായിക്കൊണ്ടിരിക്കുമെന്നും കിടപ്പുരോഗിയായി മാറുമെന്നും സജിയോടും റെനിതയോടും ഡോക്ടർമാർ പറഞ്ഞിരുന്നു. ആരോഗ്യം നിലനിർത്തുവാൻ വീര്യമുള്ള മരുന്നുകളാണ് റെനിതക്ക് കൊടുത്തിരുന്നത്.
ആദ്യവർഷങ്ങളിൽ ശ്രീചിത്തിരയിൽ പോയി പരിശോധന നടത്തി വർഷത്തിൽ ഒരു തവണ കുത്തിവയ്പ് എടുത്താൽ മതിയായിരുന്നു. പിന്നീട് എല്ലാ മാസവും കുത്തിവയ്പ് എടുക്കേണ്ടിവന്നു. 2008 മുതൽ കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിലെ ഡോക്ടറും ടീമും വീട്ടിൽവന്ന് കുത്തിവയ്പ് എടുക്കാൻ തുടങ്ങി.
ഇരുപതുവർഷങ്ങളിൽ ആദ്യത്തെ എട്ടുവർഷവും വളരെ സജീവമായി എല്ലാ കാര്യങ്ങളിലും റെനിത പങ്കെടുത്തിരുന്നു. പിന്നീടുള്ള വർഷങ്ങൾ റെനിതയുടെ ലോകം സ്വന്തം മുറിയായിരുന്നു. ആ മുറിയായിരുന്നു അഞ്ചുപേരടങ്ങുന്ന കുടുംബത്തിന്റെ പ്രാർത്ഥനാ മുറിയും.
രോഗക്കിടക്കയിൽ റെനിത മാനസികമായും ശാരീരികമായും ഏറെ സഹിച്ചു. പിന്നീടുണ്ടായ ബുദ്ധിമുട്ടുകൾ അൽപം ഭയാനകമായിരുന്നു. റെനിതയുടെ കാൽപാദങ്ങളിൽ ഉറുമ്പ് പൊതിഞ്ഞിരിക്കുന്നു. എല്ലാ ദിവസവും കിടക്ക മാറ്റി വിരിച്ചിട്ടും ഇതുതന്നെ അവസ്ഥ. ഒരു പരാതിയുമില്ലാത്ത സഹനം. പിന്നീടൊരിക്കൽ റെനിതയുടെ കട്ടിലിൽ പ്രത്യേകതരം പുഴുക്കളെ കണ്ടെത്തി. അതും എവിടെനിന്ന് വന്നുവെന്ന് അറിയില്ല.
ഇങ്ങനെയുള്ള വേദനകളുടെയും അസ്വസ്ഥതകളുടെയും നടുവിലും റെനിതയുടെ മുഖത്തെ പുഞ്ചിരി, അതു മാത്രമായിരുന്നു ആ കുടുംബത്തിന്റെ സന്തോഷം.
തിരുവല്ലയിൽ തയ്യൽക്കട നടത്തുന്ന സജി, സെന്റ് ജോൺസ് കത്തീഡ്രൽ ദൈവാലയത്തിലെ ഗായകസംഘാംഗവുമാണ്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ തുടങ്ങി വെളുപ്പിന് നാലുമണിക്ക് ഉണർന്ന് ജപമാലയും കരുണക്കൊന്തയും ചൊല്ലി പ്രാർത്ഥിക്കുന്ന പതിവ് ആ ദമ്പതികൾ മുടക്കിയില്ല. പ്രാർത്ഥനയിൽ ആരംഭിച്ചിരുന്ന ദിനചര്യയിൽ ഭാര്യയുടെ കാര്യങ്ങളെല്ലാം നോക്കിനടത്തിയശേഷം സജി വിശുദ്ധ കുർബാനയ്ക്ക് പോകും. ഒരു ദിവസംപോലും വിശുദ്ധ കുർബാന സ്വീകരണം സജി മുടക്കിയിട്ടില്ല.
രോഗം മൂർച്ഛിക്കുന്ന വേളകളിൽ വൈദികർ വീട്ടിലെത്തി നല്കുന്ന വിശുദ്ധ കുർബാന റെനിതക്ക് സാന്ത്വനമേകിയിരുന്നു. ദൈവവിളി ധാരാളമുണ്ടാകണമെന്ന സജിയുടെയും റെനിതയുടെയും പ്രാർത്ഥനക്ക് ദൈവം മറുപടി നൽകിയത് ഇരട്ടമക്കളിലൊരാളെ ദൈവവേലക്കായി ക്ഷണിച്ചുകൊണ്ടായിരുന്നു. റെനിതയുടെ സഹനജീവിതത്തിലെ ഏറ്റവും വലിയ തുണയായിരുന്നു മൂത്തമകൾ സിസ്റ്റർ ഹൃദ്യ എസ്.ഐ.സിയുടെ പ്രാർത്ഥനാജീവിതവും ബഥനി സന്യാസിനിമാരുടെ ആശ്വാസവാക്കുകളും. ഇളയമകൾ ലിഡിയ അവസാന നിമിഷംവരെ പിതാവിനോടൊപ്പം അമ്മയെ ശുശ്രൂഷിച്ചു. പത്താംക്ലാസിൽ റാങ്കോടെയാണ് ലിഡിയ വിജയിച്ചത്. റെനിതയുടെ സഹോദരങ്ങൾ, ബന്ധുക്കൾ എല്ലാവരുടെയും പ്രാർത്ഥനയും കരുതലും എപ്പോഴുമുണ്ടായിരുന്നു.
2017 നവംബർ മുതൽ സഹനത്തിന്റെ ശ്രേഷ്ഠമായ പര്യവസാനങ്ങളുടെ നാൾവഴികളായിരുന്നു. വീട്ടിൽ കിടപ്പിലായിരുന്ന റെനിതയെ പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2018 ഫെബ്രുവരി 26-ന് വൈകിട്ട് ആറിന് റെനിതയുടെ രോഗം കൂടി. റെനിതക്ക് വിശുദ്ധ കുർബാന നൽകി.
ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസും വൈദികരും എത്തി അപ്പസ്‌തോലിക ആശീർവാദം നൽകി. എല്ലാവരുടെയും പ്രാർത്ഥനകൾക്കിടയിൽ റെനിതയുടെ ആത്മാവ് നിത്യതയിലേക്ക് പറന്നുയർന്നു.
സഹനത്തിലൂടെ രോഗി മാത്രമല്ല, രോഗിയെ ശുശ്രൂഷിക്കുന്നവരും ശുദ്ധീകരിക്കപ്പെടുന്നുവെന്ന സാക്ഷ്യമാണ് സജിയുടെയും മക്കളുടെയും ജീവിതം. ദൈവത്തിന്റെ ദാനമായ ജീവൻ, ദൈവം തിരികെ ചോദിക്കുന്ന അവസരത്തിൽ അതിന്റെ പൂർണതയിൽ സമർപ്പിക്കുമ്പോഴാണ് വിശ്വാസം പ്രബലപ്പെടുക. അവിടെ സങ്കടങ്ങളില്ല; പുഞ്ചിരി മാത്രം.
ജയ്‌സ് കോഴിമണ്ണിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?