Follow Us On

24

May

2019

Friday

നാടിനുവേണ്ടി പ്രാർത്ഥനകൾ ഉയരട്ടെ!

നാടിനുവേണ്ടി പ്രാർത്ഥനകൾ ഉയരട്ടെ!

റഷ്യയിലെ ക്രംലിനിൽ പരിശുദ്ധ മാതാവിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. ഇബെരിയൻ നാഥ എന്ന പേരിലാണ് ചിത്രം അറിയപ്പെടുന്നത്. ഗ്രീസിലെ മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസികൾ വരച്ചതാണ് ഈ ചിത്രം. 1648-ൽ സാർ അലക്‌സി എന്ന റഷ്യൻ ചക്രവർത്തി മോസ്‌കോയിലെ ഓർത്തഡോക്‌സ് സഭയുടെ കൗൺസിൽ വിളിച്ചുകൂട്ടി. അതിൽ പങ്കെടുക്കുന്നതിനായി എത്തിയ മൗണ്ട് ആതോസിലെ സന്യാസിമാർ പരിശുദ്ധ മാതാവിന്റെ ചിത്രം ആഘോഷപൂർവം കൊണ്ടുവന്ന് സാർ ചക്രവർത്തിക്കു സമ്മാനിക്കുകയായിരുന്നു. ചക്രവർത്തി തന്റെ സ്വകാര്യ കപ്പേളയിൽ അതു സ്ഥാപിക്കുകയും ചെയ്തു. കുറെ വർഷങ്ങൾക്കു ശേഷം റഷ്യയിൽ ഒരു സാക്രമിക രോഗബാധ ഉണ്ടായി. മരണാസന്നനായ ചക്രവർത്തി മാതൃസ്വരൂപം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. രൂപം ചക്രവർത്തിയുടെ രോഗശയ്യക്ക് സമീപം കൊണ്ടുവന്ന ഉടനെ അദ്ദേഹം അത്ഭുതകരമായി സൗഖ്യംപ്രാപിച്ചു. നന്ദിസൂചകമായി ക്രംലിനിൽ ചാപ്പൽ നിർമിച്ച് അവിടെ രൂപം സ്ഥാപിച്ചു. 1917-ൽ കമ്മ്യൂണിസ്റ്റു വിപ്ലവത്തെ തുടർന്ന് എല്ലാ ദൈവാലയങ്ങളും നശിപ്പിച്ചതിനൊപ്പം അതും തകർക്കപ്പെട്ടു. അവരുടെ കൂടെ ഉണ്ടായിരുന്ന കലാസ്‌നേഹിയായിരുന്ന ഒരാൾ മഹാത്തായ കലാസൃഷ്ടിയാണ് അത് എന്ന് തോന്നിയതിനാൽ മതവിരുദ്ധ കലാശാലയിൽ വച്ചു. ആ ചിത്രമാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം അവിടെ സ്ഥാപിക്കപ്പെട്ടത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രശസ്തമായ തീർത്ഥാടനകേന്ദ്രങ്ങൾക്കും ദൈവാലയങ്ങൾക്കും സമാനമായ കഥകൾ പറയാനുണ്ടാകും. പല തിരുനാളുകളുടെയും ചരിത്രം പരിശോധിച്ചാലും അതിന്റെ പിന്നിലും ഇത്തരം സാഹചര്യങ്ങളുണ്ട്. അത്ഭുതകരമായ രീതിയിൽ ദൈവം ഇടപെട്ടതിന്റെ നന്ദിസൂചകമായി തുടങ്ങിയ അനേകം ആഘോഷങ്ങളുണ്ട്. നിപ്പ വൈറസ് സമൂഹത്തിൽ ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിൽ ഉള്ളവർപോലും പകച്ചുപോകുന്ന സാഹചര്യം. അറിവും കഴിവും ഉണ്ടെങ്കിലും മനുഷ്യർ നിസഹായരാകുകയാണ് ഇത്തരം അവസരങ്ങളിൽ. കഴിഞ്ഞ തലമുറ പകർച്ച വ്യാധികളെയും രോഗങ്ങളെയും നേരിട്ട വിശ്വാസത്തിന്റെ അനുഭവങ്ങളിലേക്ക് മനസുകൊണ്ടൊന്നു തിരിച്ചു നടന്നാൽ ഭയം തനിയെ അകലും. കുടിയേറ്റ കാലത്ത് മലമ്പനിയും കോളറയുമൊക്കെ നാട്ടിൽ ഭീതിവിതച്ചപ്പോൾ അതിനെ കീഴടക്കിയത് വിശ്വാസത്തിലായിരുന്നു. അന്ന് വീടുകളിൽ ഉണ്ടായിരുന്ന പ്രതിരോധ വസ്തുക്കൾ ഹന്നാൻവെള്ളവും കുരിശുരൂപങ്ങളുമൊക്കെയായിരുന്നു. വിശുദ്ധന്മാരുടെ മാധ്യസ്ഥ്യമായിരുന്നു ശക്തി. ചുറ്റുപാടും മനുഷ്യർ മരിച്ചുവീഴുന്നതു കണ്ട് മക്കളെ ചേർത്തുപിടിച്ചു പ്രാർത്ഥിച്ച അനുഭവങ്ങൾ പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കണം. മനുഷ്യന്റെ നിസഹായതകളിൽ നമ്മൾ നടത്തുന്ന പ്രാർത്ഥനകൾ സമൂഹത്തിന് നൽകുന്ന ആശ്വാസവും സമാധാനവുമൊക്കെ വലുതായിരിക്കും!
ശാസ്ത്രം ഇത്രയും വളർന്ന സാഹചര്യത്തിൽ അതിനെ ആശ്രയിക്കാതെ പ്രാർത്ഥിച്ചാൽ മതിയോ, എങ്കിൽ ആശുപത്രികൾ എന്തിനാണെന്ന സംശയം ചിലർക്ക് എങ്കിലും ഉണ്ടാകാം. ആശുപത്രികളിൽനിന്നും മുഖംതിരിക്കണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യാനും പാടില്ല. എല്ലാത്തിനും മുകളിൽ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ദൈവത്തിന്റെ പക്കലേക്ക് കണ്ണുകൾ ഉയർത്താൻ കഴിയണം. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. പ്രാർത്ഥനകൾ ഉയരുമ്പോൾ ദൈവം പലവിധത്തിലായിരിക്കും അതിന് ഉത്തരം നൽകുന്നത്. ചിലപ്പോൾ മരുന്നിന്റെ രൂപത്തിലാകാം, അല്ലെങ്കിൽ രോഗത്തെ നിയന്ത്രിച്ചാകാം. എന്തുതന്നെയാണെങ്കിലും ആരോഗ്യ മേഖല അവരുടെ ദൗത്യം നിർവഹിക്കുമ്പോൾ സമൂഹം അവരെ പ്രാർത്ഥിച്ചു ശക്തിപ്പെടുത്തണം. ലോകത്തിലെ അതിപ്രശസ്തരായ പല ശാസ്ത്രജ്ഞന്മാരും പ്രാർത്ഥനയുടെ മനുഷ്യരായിരുന്നു എന്നത് ചരിത്രം. ആ കണ്ടുപിടുത്തങ്ങൾക്ക് അവർ ദൈവത്തിന് നന്ദി പറഞ്ഞിരുന്നു. എന്നാൽ, അതിന്റെ സൗകര്യം അനുഭവിക്കുന്ന നാം അതുമൂലം ദൈവത്തിൽനിന്ന് അകലാൻ കാരണമാകരുത്.
രോഗത്തെപ്പറ്റിയുള്ള വാർത്തകൾ പലരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പല പകർച്ച വ്യാധികളുടെയും മാരക രോഗങ്ങളുടെയും നടുവിൽ സ്വന്തം ജീവൻ തൃണവല്ക്കരിച്ചു പ്രവർത്തിച്ച അനേകം മിഷനറിമാർ കത്തോലിക്കാ സഭയിലുണ്ട്; വിശുദ്ധരുടെ ഗണത്തിൽ പേരു ചേർക്കപ്പെട്ടവരും അല്ലാത്തവരുമായി. അതിനിടയിൽ രോഗം ബാധിച്ചു മരിച്ചവരും കുറവല്ല. അവരുടെ ഇടപെടലുകളായിരുന്നു കൂട്ടമരണങ്ങൾ ഒഴിവാക്കിയത്. ആ ത്യാഗങ്ങൾ എത്ര വലുതായിരുന്നു എന്ന് ഈ സാഹചര്യത്തിൽ കൂടുതൽ ബോധ്യമാകും. നാടിനെ ബാധിച്ചിരിക്കുന്ന രോഗങ്ങളെ ദൈവസന്നിധിയിൽ ഉയർത്തി ഇടവക ദൈവാലയങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലുമൊക്കെ പ്രാർത്ഥനകൾ ഉയരണം. മനുഷ്യൻ പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ദൈവം പ്രവർത്തിക്കാൻ ആരംഭിക്കുമെന്നത് തീർച്ച.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?