Follow Us On

24

May

2019

Friday

പ്രാർത്ഥന സഫലം: ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ്

പ്രാർത്ഥന സഫലം: ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ്

സിംഗപ്പൂർ: ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൂടിക്കാഴ്ചയോടെ യു.എസും ഉത്തരകൊറിയയയും തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായതായും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സമാധാനം ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ചർച്ചയുടെ വിജയത്തിനായി ത്യാഗമെടുത്ത് പ്രാർത്ഥിക്കുവാൻ കൊറിയൻ കത്തോലിക്ക സഭയും ഫ്രാൻസിസ് പാപ്പയും നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
“കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്യും. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്”; ട്രംപ് പറഞ്ഞു. അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പാണ് ഈ കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പറഞ്ഞു. “ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്”; കിം പറഞ്ഞു.
ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ സമാധാനവും സമൃദ്ധിയും ലക്ഷ്യമാക്കിയാകും ബാക്കിയുള്ള ചർച്ചകളെന്ന് ട്രംപ് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. ആണവബട്ടൻ വിരൽത്തുമ്പിലുണ്ടെന്ന് ഓർക്കണമെന്നു പരസ്പരം വെല്ലുവിളിച്ചവർ സമാധാനകാംക്ഷികളായത് ഇരുരാഷ്ട്രങ്ങൾക്കുമാത്രമല്ല ലോകത്തിന് മുഴുവൻ ആശ്വാസം പകരുന്നു. കൊറിയൻ യുദ്ധത്തെ തുടർന്ന് ഉപദ്വീപിൽ നിലനിൽക്കുന്ന സംഘർഷമവസാനിപ്പിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിൽ സമാധാനഉടമ്പടി ഉണ്ടാക്കുമെന്നും ധാരണാപത്രത്തിലുണ്ട്. 1953ൽ യുദ്ധം അവസാനിച്ചെങ്കിലും ഔദ്യോഗികമായി ഒരു കരാർ ഉണ്ടായിരുന്നില്ല. പകരം വെടിനിർത്തൽ കരാറാണ് ഒപ്പിട്ടത്.
ട്രംപ്- കിം കൂടിക്കാഴ്ച മതസ്വാതന്ത്ര്യം സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കൊറിയൻ ക്രൈസ്തവസമൂഹം. വിശ്വാസം ഏറ്റുപറഞ്ഞതിനും സുവിശേഷപ്രഘോഷണം നടത്തിയതിനും അരലക്ഷത്തോളം ക്രൈസ്തവർ ഉത്തരകൊറിയയിൽ തടവിലാണ്. ട്രംപുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതോടെ തടവിലുള്ള ക്രൈസ്തവർ മോചിതരാകുമെന്നാണ് കൊറിയൻ സഭാ നേതൃത്വം കരുതുന്നത്.
ആദ്യമായാണ് അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാർക്കു സാധിക്കാത്ത സമാധാന ഉടമ്പടി സാധ്യമാക്കിയ ട്രംപിനെ ലോകം അഭിനന്ദനം കൊണ്ട് മൂടുകയാണ്. കഴിഞ്ഞ ഏപ്രിൽ 27ന് നടന്ന ദക്ഷിണ കൊറിയ- ഉത്തരകൊറിയ ചർച്ചയ്ക്കും പൂർണ്ണ ന്യൂക്ലിയർ നിരായുധീകരണം നടപ്പാക്കാൻ തീരുമാനിച്ചതിനും പിന്നിൽ ട്രംപായിരിന്നു. ചർച്ചയുടെ വിജയത്തെ തുടർന്നു അമേരിക്കൻ പ്രസിഡൻറിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പരസ്യമായി ആവശ്യപ്പെട്ടിരിന്നു. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്‌ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സ് എന്നിവർ ട്രംപിനൊപ്പവുമെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?