Follow Us On

24

May

2019

Friday

കുഞ്ഞുങ്ങളോട് ഇങ്ങനെ ക്രൂരമായി പെരുമാറരുതേ…

കുഞ്ഞുങ്ങളോട് ഇങ്ങനെ  ക്രൂരമായി പെരുമാറരുതേ…

ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ആദ്യ നിമിഷം തന്നെ മനുഷ്യജീവനാണെന്ന് സഭയും ശാസ്ത്രവും പഠിപ്പിക്കുന്നു. സി.സി.സി 2319- ൽ ”ഗർഭധാരണ നിമിഷം മുതൽ മരണംവരെ ഓരോ മനുഷ്യ ജീവനും പാവനമാണ്. കാരണം ജീവിക്കുന്നവനും പരിശുദ്ധനുമായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും, മനുഷ്യവ്യക്തി അവനുവേണ്ടി തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു”. സി.സി.സി 2258-ൽ ”മനുഷ്യ ജീവൻ അതിന്റെ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതു കൊണ്ടും അതിന്റെ ഏകലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷബന്ധത്തിൽ എന്നും നിലനിൽക്കുന്നതുകൊണ്ടും പാവനമാണ്. ദൈവം മാത്രമാണ് ജീവന്റെ ആരംഭം മുതൽ അവസാനം വരെ അതിന്റെ ഉടയവൻ”.
”മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു” (ജറെ.1:5). മതബോധന ഗ്രന്ഥമായ യു കാറ്റിൽ (280)ൽ – ”ഓരോ വ്യക്തിക്കും ഗർഭപാത്രത്തിൽ ജീവിതം ആരംഭിക്കുന്ന ആദ്യ നിമിഷം മുതൽ അലംഘനീയമായ മഹത്വമുണ്ട്. അണ്ഡബീജസങ്കലന നിമിഷം മുതൽ മനുഷ്യജീവൻ പ്രത്യേകമായി ആദരിക്കപ്പെടേണ്ടതാണ്. കാരണം അത് ദൈവഛായ വഹിക്കുന്ന വ്യക്തിയാണ”് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യുഎന്നിന്റെ ജനീവ കോൺഫ്രൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ”അണ്ഡബീജ സങ്കലന നിമിഷം തന്നെ 46 ക്രോമോസോമുള്ള മനുഷ്യജീവൻ ആരംഭിച്ചു കഴിഞ്ഞു” എന്നു സമർത്ഥിക്കുന്നു. ഈ പഠനങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് ഇത്ര പാവനവും പരിശുദ്ധവും ദൈവമഹത്വം നിറഞ്ഞതുമായ ഗർഭസ്ഥ ശിശുവിനോട് പലരും കാണിക്കുന്ന അനാദരവ് ശ്രദ്ധയിൽപെടുത്തട്ടെ. ഗർഭസ്ഥശിശു ദൈവികപദ്ധതിയിൽ അനാദിയിലേ രൂപപ്പെട്ടിരുന്നതാണെന്നും സമയമായപ്പോൾ ദൈവഹിതപ്രകാരം അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവായതാണെന്നും സഭ പഠിപ്പിക്കുന്നു. അങ്ങനെയെങ്കിൽ സ്വാഭാവികമായി പ്രസവിക്കാതെ ഗർഭം അലസിപ്പോകുന്ന കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളെ ആദരവോടെ കാണേണ്ടതല്ലേ? ഇന്ന് നഷ്ടപ്പെട്ടു പോകുന്ന കുഞ്ഞുങ്ങളെ ആശുപത്രിയിലെ മാലിന്യം മറവുചെയ്യുന്നതിനൊപ്പം മറവുചെയ്യുകയല്ലേ ചെയ്യുന്നത്. ഗർഭത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യവ്യക്തിയുടെ മഹത്വം ഉൾക്കൊള്ളുന്ന വ്യക്തി എന്നു സഭ പഠിപ്പിക്കുന്ന ശിശുവിനെ മറവുചെയ്യാൻ പ്രത്യേക ക്രമീകരണം ഇല്ലാത്തത് മനുഷ്യജീവനോട് കാട്ടുന്ന അനാദരവല്ലേ? പല രാഷ്ട്രങ്ങളുടെയും നിയമ സംഹിതകളിൽ ഗർഭസ്ഥ ശിശുക്കൾക്ക് അവകാശം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രനിയമങ്ങളോടൊപ്പം ദൈവപദ്ധതിയിൽ മഹത്വമാർന്ന കുഞ്ഞിന്റെ ആത്മീയ അവകാശങ്ങൾ നാം നിഷേധിക്കരുത്.
ഈ അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ 22 ആഴ്ച പ്രായത്തിൽ ഇരട്ടക്കുട്ടികളെ അമ്മ പ്രസവിക്കുകയുണ്ടായി. അവിടെയുണ്ടായിരുന്ന കത്തോലിക്ക നഴ്‌സുമാർ കുഞ്ഞുങ്ങളുടെ നെറ്റിയിൽ കുരിശു വരച്ചാണ് എടുത്തതെന്നാണറിഞ്ഞത്. ഉണ്ടായപ്പോൾ ആ ആൺകുട്ടികൾ കരഞ്ഞു. എന്നാൽ പ്രസവിച്ച് നാലു മണിക്കൂറിനുശേഷം കുട്ടികൾ മരണമടഞ്ഞു. ഇടവകയിൽ മൃതസംസ്‌കാരം നടത്തണമെന്ന് കുട്ടികളുടെ അപ്പൻ അഗ്രഹിച്ചെങ്കിലും കൂടെയുണ്ടായിരുന്നവർ എതിർത്തതിനാൽ മെഡിക്കൽ കോളേജിൽ മറവു ചെയ്യാൻ ഏല്പിച്ചു. പിന്നീട് ആ സഹോദരൻ അതിൽ വേദനയുണ്ടെന്ന് പറയുകയുണ്ടായി.
സഭ എന്തുകൊണ്ട് ഇത്തരത്തിൽ ദൈവികപദ്ധതിയിൽ രൂപം കൊണ്ട കുഞ്ഞുങ്ങളെ മാന്യമായി ക്രൈസ്തവമായ രീതിയിൽ സെമിത്തേരിയിൽ ലളിതമായ രീതിയിൽ മറവു ചെയ്യാൻ തയാറാകുന്നില്ല?
സഭയുടെ കാനോൻ നിയമത്തിൽ CCEO Canon 876/2 ൽ”പ്രസവശേഷം കുഞ്ഞിന് മാമ്മോദീസാ നൽകാൻ ആഗ്രഹിച്ചിരുന്ന മാതാപിതാക്കളുടെ കുഞ്ഞ്, മാമ്മോദീസാ ലഭിയ്ക്കാതെ ഗർഭത്തിൽ വച്ചോ മറ്റോ മരിക്കാൻ ഇടയായാൽ ആ കുഞ്ഞിന് പ്രാദേശികസഭാധികാരികളുടെ തീരുമാനപ്രകാരം മൃതസംസ്‌കാരം നൽകാവുന്നതാണെന്ന്”പ്രത്യകമായി രേഖപ്പെടുത്തിയിരിക്കുന്നു.
ലോകത്ത് പല സ്ഥലത്തും കത്തോലിക്കാ ദൈവാലയങ്ങളിലെ സെമിത്തേരിയിൽ ഇത്തരത്തിൽ ഗർഭം അലസിപ്പോയ miscarriage) കുഞ്ഞുങ്ങളെ സംസ്‌കരിക്കാൻ പ്രത്യേക കല്ലറ സംവിധാനമുണ്ട്. 20 ആഴ്ച കഴിഞ്ഞ കുഞ്ഞിനെ ഭ്രൂണം ആയി കരുതാതെ ജനിച്ച കുഞ്ഞായി കാണുന്നു. ഇവർക്ക് സെമിത്തേരിയിൽ കുട്ടികൾക്കായി നീക്കിവച്ചിരിക്കുന്ന പ്രദേശത്ത് മൃതസംസ്‌കാരം നടത്തികൊടുക്കണം എന്നും നിർദ്ദേശമുണ്ട് .കേരളത്തിൽ താമരശേരി കത്തീഡ്രലിൽ ഇതിനുള്ള സംവിധാനം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
മരിച്ചവരെ സംസ്‌കരിക്കുന്നത് കരുണയുടെ ഒരു വലിയ കർമ്മമായി കണ്ടുകൊണ്ടാകണം ഈ കുഞ്ഞുങ്ങളുടെയും മൃതസംസ്‌കാരം നടത്തേണ്ടത്. എല്ലാ കത്തോലിക്കാ സിമിത്തേരിയിലും അത്തരത്തിലുള്ള വിഭാഗങ്ങൾ ഉണ്ടായിരിക്കണം. ഇത് ഒരു കരുണയുടെ സേവനമായി കണ്ടുകൊണ്ട് സൗജന്യമായി നടത്തികൊടുക്കണം. ഇത് വളരെ ഗൗരവത്തോടെ സഭ ശ്രദ്ധിക്കുകയും എല്ലാ ഇടവക സെമിത്തേരികളിലും ഇതിനായി ചെറിയ സ്ഥലം മാറ്റി വയ്ക്കുകയും ചെയ്യണം. അതോടൊപ്പം സഭയുടെ ആശുപത്രികളിൽ കിിീരലിെേ ഏമൃറലി എന്ന പേരിൽ ഒരു സ്ഥലം നീക്കിവച്ച് ഈ നിഷ്‌കളങ്കരും നിസ്സഹായരുമായ കുഞ്ഞുങ്ങളെ വൈദികർ മറവു ചെയ്യാൻ നിർദ്ദേശം നൽകേണ്ടതാണ്. വിവാഹ ഒരുക്ക സെമിനാറിൽ ഈ വിവരം വിവാഹാർത്ഥികളെ അറിയിക്കുകയും ചെയ്യണം.
എബ്രഹാം പുത്തൻകുളം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?