Follow Us On

19

January

2019

Saturday

ദൈവം നടത്തിയ വഴികൾ വിസ്മയകരം…

ദൈവം നടത്തിയ വഴികൾ വിസ്മയകരം…

ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന്
സിസ്റ്റർ സുമ ജോസ് എസ്.ഡി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സൺഡേ ശാലോമിന് നൽകിയ അഭിമുഖം
ജീവിതം മുഴുവൻ അത്ഭുതങ്ങളാണ്. ജനനം മുതൽ ഈ നിമിഷം വരെ. ഭീതിയുടെ തടവറയായ തീഹാർ ജയിലിൽ ജീവിക്കുന്ന നീതി ദേവത.. സന്യാസ വഴികളിൽ സജീവ ചൈതന്യം…വചന പ്രഘോഷക…സാമൂഹിക സന്നദ്ധ സേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ ഒരുക്കുന്ന മിഷനറി…സിസ്റ്റർ സുമ ജോസ് എസ്.ഡി. ദൈവാത്ഭുതങ്ങളുടെ വേറിട്ട സാക്ഷ്യമാവുകയാണ്. ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക് (ഒഞഘച) എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഈ എസ്.ഡി. സിസ്റ്റർ സുപ്രീം കോടതിയിലും വ്യത്യസ്ത നീതിന്യായ മേഖലകളിലും തുടരുന്ന നിയമ പോരാട്ടങ്ങൾ പ്രശംസനീയമാണ്. കാലടിക്കടുത്ത് ചെങ്ങലിലുള്ള വാഴപ്പിള്ളി ദേവസ്സിക്കുട്ടി – ആനി ദമ്പതികളുടെ മകൾ ദൈവത്തിന്റെ സജീവത നിറഞ്ഞ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.
നിയമ പഠനത്തിന്റെ വഴികളിൽ ദൈവിക ഇടപെടലുകൾ ഉണ്ടായിരുന്നുവോ?
സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയുഡ് (എസ്. ഡി) സഭയിൽ സന്യാസിയായി ശുശ്രൂഷ തുടരുന്ന പ്രാരംഭ കാലത്താണ് പഠനത്തിനായി നിയോഗിക്കപ്പെടുന്നത്. സഭയുടെ ആഗ്രഹപ്രകാരം നിയമ പഠനത്തിനൊരുങ്ങിയ എനിക്കു പ്രവേശനം കിട്ടിയത് ഗുജറാത്തിലെ കോളജിലായിരുന്നു. മൂന്നു വർഷത്തെ നിയമ ബിരുദ കാലഘട്ടത്തിൽ മലയാളം മാത്രമറിയാവുന്ന ഞാൻ യാതൊന്നും തന്നെ മനസിലാവാത്ത ഗുജറാത്തി ഭാഷയിലുള്ള ക്ലാസുകളിൽ ദിവസം മുഴുവൻ ഇരുന്നിരുന്നത് പ്രാർഥനയുടെ കരുത്തിലാണ്. പലവട്ടം പഠനം നിർത്തിപ്പോരണമെന്നു കരുതി. അപ്പോഴെല്ലാം ദൈവിക പദ്ധതിക്ക് കീഴ്‌വഴങ്ങുകയായിരുന്നു.
പരീക്ഷ കാലഘട്ടത്തിൽ ആകെ ചെയ്തത് പുലർച്ചെ മൂന്നുമണിക്ക് പുസ്തകക്കെട്ടുമായി മഠത്തിലെ ചാപ്പലിൽ പ്രാർഥിക്കാനിരിക്കും. ആദ്യ സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ എല്ലാവരേക്കാളും ഉയർന്ന മാർക്ക്്. അന്നുമുതൽ ഇന്നുവരെ പുലർച്ചെ മൂന്നുമുതൽ 6.30 വരെ ദൈവാലയത്തിലിരുന്ന് പ്രാർഥിക്കുന്നത് എന്റെ ദിനചര്യയുടെ ഭാഗമാണ്.
പരീക്ഷയ്ക്കിടയിൽ വ്യക്തിപരമായ അനുഭവങ്ങൾ ഏതെങ്കിലും?
ഗുജറാത്തി ഭാഷയിൽ ടൈംടേബിൾ വായിക്കാനറിയാത്ത എന്നോട് പ്രിൻസിപ്പൽ പറഞ്ഞു ഒരു ദിവസം ഭരണഘടനാ നിയമ പരീക്ഷയാണെന്ന്; എന്നാൽ യഥാർത്ഥത്തിൽ ക്രിമിനൽ നിയമമായിരുന്നു. പരീക്ഷയ്ക്കുവന്ന ചോദ്യങ്ങൾ ഒന്നും എനിക്ക് നിശ്ചയമുള്ളവയായിരുന്നില്ല. ആകെ ഓർമയുള്ളത് ചെറുപ്പകാലത്ത് അറിഞ്ഞ ഒരു കൂട്ടക്കൊലപാതക കേസ്.
പ്രതിയായ ആളെ നേരിൽ കണ്ട് സംസാരിക്കാൻ അക്കാലത്ത് എനിക്കൊരവസരം ലഭിച്ചു. നിരപരാധിയാണ് താനെന്ന് അന്ന് അദ്ദേഹം പറഞ്ഞത് ഓർമയുണ്ടായിരുന്നു. ആ സംഭവവുമായി കേട്ടും വായിച്ചും ഓർമയിൽ നിന്നിരുന്നതെല്ലാം ഞാൻ എഴുതി. റിസൾട്ട് വന്നപ്പോൾ ഏറ്റവും ഉയർന്ന മാർക്ക് എനിക്ക്.
ഒരിക്കൽ പേപ്പർ വായിച്ചറിഞ്ഞു തിരുവനന്തപുരം ജയിലിൽ ഈ പ്രതിക്ക് വധശിക്ഷയ്ക്കുള്ള തൂക്കുകയർ ഒരുങ്ങിയതായി. ആ കേസ് പരിശോധിച്ച് തുടർ നടപടികളെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ദൈവം ഇടപെട്ടു. വധശിക്ഷയിൽ നിന്ന് നിരപരാധിയായ അദ്ദേഹത്തെ ഒഴിവാക്കി. കൂടുതൽ നിയമനടപടികളുമായി സത്യത്തെ തിരിച്ചറിയുന്ന പോരാട്ടത്തിലാണിപ്പോൾ.
ദൈവം കൂടെയുണ്ടെന്നറിഞ്ഞ പ്രവർത്തന മേഖലകൾ?
സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും ഗാസിയാബാദ് മേഖലയിലെ കീഴ്‌ക്കോടതികളിലും തീഹാർ ജയിലിലും നിയമ പോരാട്ടങ്ങൾ നടത്തിയപ്പോഴെല്ലാം കൂടെയുണ്ടായിരുന്നത് എന്റെ ദൈവമാണ്. 200 രൂപ മോഷ്ടിച്ചുവെന്ന വ്യാജ കേസിൽ ദീർഘകാലം ജയിലിലിട്ട കൗമാരക്കാരനെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളിലെല്ലാം ദൈവത്തിന്റെ കരുണയുണ്ടായിരുന്നു. ജഡ്ജി പറഞ്ഞതിപ്പോഴും ഓർമയുണ്ട്: കേസിന്റെ മെറിറ്റ് നോക്കിയല്ല, ദരിദ്ര ബാലനോട് നിങ്ങൾ കാണിക്കുന്ന കരുണ നോക്കിയാണ് ഞാനിവനെ വെറുതെ വിടുന്നത്. നിങ്ങളുടെ സേവനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
പട്ടിക ജാതിക്കാരായ 75 കുടുംബാംഗങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് ഞാനെത്തിയത് രണ്ട് കാലും തളർന്ന് മോഷണക്കേസിലെ പ്രതിയായ ഒരാളുടെ വീട് സന്ദർശിക്കാനായിരുന്നു. അവിടെയെത്തിയപ്പോൾ ഒമ്പത് ബുൾഡോസറുകൾ അവരുടെ വീട് തകർക്കാൻ തയാറായി നിൽക്കുന്നു. കൈക്കുഞ്ഞുങ്ങളെയേന്തിയ സ്ത്രീകളും നിസഹായരായ മനുഷ്യരും എന്റെ മുന്നിൽ. ബുൾഡോസറുകൾക്കു മുന്നിൽ നിന്ന് ഞാൻ അലറിപ്പറഞ്ഞു: ‘സ്റ്റോപ്പ്’. രംഗം നിശബ്ദമായി മരണമുനമ്പിൽ നീതി സംരക്ഷിക്കപ്പെട്ടു. തിരികെ നടന്നപ്പോൾ വൃദ്ധ എന്നോടു ചോദിച്ചു: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ദൈവം സ്വർഗത്തിൽനിന്നു ഇറങ്ങി വരുമെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. നിങ്ങൾ ഭഗവാനാണോ? എന്റെ ജീവന് അന്ന് വിലയിട്ടവരുടെ കയ്യിൽ നിന്നും ഇന്നും എന്നെ കാക്കുന്നത് എന്റെ ദൈവമാണ്.
ഒന്നരമണിക്കൂർ സഞ്ചരിക്കേണ്ട ചില ദൂരങ്ങൾ കണ്ണടച്ചു തുറക്കുമ്പോഴേക്കും പിന്നിടുന്നതും, ഉപദ്രവിക്കാനെത്തുന്നവർ കുഞ്ഞാടുകളായി തിരികെ നടക്കുന്നതും, സ്ത്രീ എന്ന ഭയപ്പാടില്ലാതെ സഞ്ചരിക്കാൻ എനിക്കു കരുത്തൊരുക്കുന്നതും സർവവും പരിപാലിക്കുന്ന ദൈവത്തിന്റെ ഇടപെടലുകൾ കൊണ്ടാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
മറ്റുള്ളവർക്ക് വിശ്വാസം പകരാൻ ദൈവം ഇടപെട്ട വഴിനടത്തലുകൾ?
കേരളത്തിൽ നിന്നുള്ള ഒരു മുസ്ലീം ചെറുപ്പക്കാരൻ വിദേശത്തേക്കു പോകാൻ ഡൽഹിയിലെത്തിയതാണ്. രണ്ടു ലക്ഷം രൂപവീതം ആവശ്യപ്പെട്ട ഏജന്റിനു കൂട്ടുകാർക്കൊപ്പം ഉള്ളതെല്ലാം പെറുക്കിക്കൂട്ടി സംഖ്യ നൽകി. പക്ഷേ, ചതിക്കപ്പെട്ടു. ഇംഗ്ലീഷ് അറിയാവുന്ന ഇവനെ പ്രതിയാക്കി. രക്ഷപെടാൻ വലിയ തുക കള്ളപ്പണം ആവശ്യപ്പെട്ടു. നിർവാഹമില്ലാതിരുന്ന അവൻ ജയിലിലായി. ശൗചാലയങ്ങൾ വൃത്തിയാക്കുക, തറ തുടക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കിടയിൽ മാരക രോഗം പിടിപെട്ടു. ദൈവ കൃപയാൽ അവനെ കണ്ടെത്തി നിയമ സഹായമൊരുക്കാനായി. എന്റെ ദൈവത്തിനു നന്ദി പറഞ്ഞാണ് അവൻ യാത്രയായത്.
നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശിക്ഷയ്ക്കു വിധിക്കപ്പെടാൻ സാധ്യതയുള്ള പൊലിസ് ഓഫീസർ ഉണ്ടായിരുന്നു. എന്റെ സാക്ഷ്യമൊഴിയായിരുന്നു വിധിയുടെ നിർണായക മാനദണ്ഡം. എല്ലാവരേയും വിമോചിപ്പിക്കാൻ ശ്രമിച്ചിരുന്ന ഞാൻ കാരണം ഒരാൾ തീവ്രമായി ശിക്ഷിക്കപ്പെടുന്നു എന്ന ചിന്ത ഒരു വശത്ത്. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൊലിസ് ഓഫീസർക്കെതിരെ നിർണായക വിധി സമ്പാദിക്കുക എന്ന വിജയ ചിന്ത മറുവശത്ത്.
ഞാനാകെ അസ്വസ്ഥയായി. ഒരുപാടു പ്രാർത്ഥിച്ചൊരുങ്ങി ‘ക്ഷമിക്കുക’ എന്ന അർഥത്തിൽ വചന കേന്ദ്രീകൃതമായി ഞാനൊരു മറുപടി എഴുതി സമർപ്പിച്ചു. 24 ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ വചനങ്ങൾ താളുകളിൽ നിറഞ്ഞു. സിബിഐ അന്വേഷണം നടത്തി കുറ്റവാളിയാണെന്നു കണ്ടെത്തിയ പ്രതിയെ കോടതി ചരിത്രത്തിലാദ്യമായെന്നവണ്ണം എന്റെ അപേക്ഷ സ്വീകരിച്ച് ശിക്ഷയിൽ ഇളവൊരുക്കി.
ക്ഷമിക്കുക എന്ന അർഥമുള്ള ബൈബിൾ വചന ഭാഗങ്ങൾ അതുമൂലം വായിച്ചവരേറെയായിരുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. ഒരിക്കൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു തീഹാർ ജയിലിൽ. ആസ്മ രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. കുർബാന അർപ്പിക്കാൻ വലിയ ആഗ്രഹവും. പ്രാർഥിച്ചൊരുങ്ങി കുർബാന വസ്തുക്കൾ അദ്ദേഹത്തിനെത്തിച്ചുകൊടുക്കാൻ ദൈവം ഒരുക്കിയ വഴി വർണ്ണനാതീതമാണ്.
അത്ഭുതങ്ങളാണെന്ന് ഉറച്ച് വിശ്വസിച്ച സംഭവങ്ങൾ?
എറണാകുളത്ത് ദീപുപോലുള്ളൊരിടത്ത് ഒരു സിസ്റ്ററിന്റെ വീട്ടിൽ സന്ദർശനത്തിന് പോയപ്പോഴൊരു സംഭവം ഉണ്ടായി. ഹർത്താലായതിനാൽ അന്ന് വാഹനമുണ്ടായിരുന്നില്ല. ഒരുകണക്കിന് കടവിലെത്തിയപ്പോഴേക്കും രാത്രിയായി. തുരുത്തിനക്കരെ കടക്കണമെങ്കിൽ കടവിൽ വള്ളമില്ല. മദ്യപിച്ചിരുന്ന മൂന്നു പേർ ഞങ്ങൾക്കരികിലേക്കടുത്തു. ഞങ്ങൾ കൈകോർത്ത് ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
കണ്ണു തുറന്നപ്പോൾ ഒരു കൊതുമ്പുവള്ളം തൊട്ടരികിൽ. ഒരാൾക്ക് കയറാമെന്നു തുഴക്കാരൻ പറഞ്ഞു. കൂട്ടത്തിലുള്ള സിസ്റ്ററിനോട് കയറാൻ ആവശ്യപ്പെട്ടെങ്കിലും എന്നെയും അവൾ തോണിയിലേക്ക് വലിച്ചു കയറ്റി. ഒരാൾക്ക് ഇരിക്കാവുന്ന കൊതുമ്പുവള്ളത്തിൽ മൂന്നാളുകൾ. നടുക്കായലിൽ എത്തിയപ്പോൾ കൊതുമ്പുവള്ളം വെള്ളം കൊണ്ട് നിറയാറായി.
കര അകലെയാണ്. മരണം ഉറപ്പ്. കണ്ണടച്ചു സ്തുതിച്ചു പ്രാർഥിച്ചു. കണ്ണുതുറന്നപ്പോൾ തീരത്തോടടുത്താണ്. ചാടിയിറങ്ങി തിരികെ പണം കൊടുക്കാൻ തിരിഞ്ഞപ്പോൾ തോണിയുമില്ല; തോണിക്കാരനുമില്ല. കരയ്ക്കുള്ള തോണിയിൽ വിശ്രമിച്ചിരുന്ന ആളുകളോട് വള്ളക്കാരനെകുറിച്ച് ചോദിച്ചപ്പോൾ കേട്ട മറുപടി ഞങ്ങളെ വിസ്മയിപ്പിച്ചു. ഇത്തരത്തിലൊരാൾ അടുത്തിടെയൊന്നും ഈ കയത്തിൽ തോണിയിറക്കാറില്ലെന്ന്!. സങ്കീർത്തനം 34:8 ൽ പറയുന്നതുപോലെ ‘കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ; അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ’. കരുതലുള്ള തമ്പുരാൻ ദൂതരെ അയച്ച് മരണത്തിൽ നിന്ന് ഏവരെയും രക്ഷിക്കുമെന്ന് ഉറപ്പാണ്.
‘അഗതി സേവനം നിങ്ങൾക്കൊരു ദൈവാനുഭവമാകണ’മെന്ന സ്ഥാപക പിതാവായ ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ആപ്തവാക്യം നെഞ്ചിലേറ്റി, സഭാ നിയമത്തിലെ ‘അഗതികളുടെ സഹോദരികൾ ദരിദ്രരുടെ മധ്യേ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണ’മെന്ന സന്ദേശം ശിരസാവഹിച്ച്, പദവികളും സൗകര്യങ്ങളും ലഭിക്കാവുന്ന ലൗകിക സമ്പത്തും പരിത്യജിച്ച്, നന്മയുടെ ആൾരൂപമായി ഇനിയും ക്രിസ്തുസാക്ഷ്യത്തിന്റെ അത്ഭുതങ്ങളുമായി ദൈവിക പദ്ധതികളുടെ സൂക്ഷിപ്പുകാരിയാകട്ടെ സിസ്റ്റർ സുമ ജോസ്.
ഫാ. ജോമി തോട്ട്യാൻ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?