Follow Us On

19

January

2019

Saturday

ജ്ഞാനസ്‌നാനം വിശ്വാസജീവിതയാത്രയുടെ തുടക്കമാണ്

ജ്ഞാനസ്‌നാനം  വിശ്വാസജീവിതയാത്രയുടെ തുടക്കമാണ്

ഓരോ കൂദാശകളുടെയും തനിമയും ഉള്ളടക്കവും മനസിലാക്കിയാൽ മാത്രമേ അതിന്റെ കാതലായ അർത്ഥവും വ്യപ്തിയും ഉൾക്കൊള്ളാനാവൂ. കൂദാശകളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന മാമ്മോദീസാ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമാണ്. മാമ്മോദീസാ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം ആഴ്ന്നിറങ്ങുക എന്നാണ്. ഇവിടെ ശരീരമല്ല, ആത്മാവാണ് ആഴ്ന്നിറങ്ങുന്നത്. ക്രിസ്തുവിന്റെ മരണവും ഉയിർപ്പും അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവരഹസ്യങ്ങളിലേക്കാണ് മാമ്മോദീസാ ആഴ്ന്നിറങ്ങുത്. പാപംമൂലം കലുഷിതമായ പഴയ മനുഷ്യനെ നമ്മിൽനിന്ന് എടുത്ത് മാറ്റി ക്രിസ്തുവിന്റെ പുതുജീവൻ പരിശുദ്ധാന്മാവിൽ സ്വീകരിച്ച് നവജീവിതത്തിലേക്കുള്ള പ്രവേശന അടയാളമായി മാറുകയാണ് മാമ്മോദീസാ.
മാമ്മോദീസാ സ്വീകരിച്ച ദിവസം അറിയാമോ?
നിങ്ങൾ മാമ്മോദീസാ സ്വീകരിച്ച ദിവസവും തീയതിയും ഓർത്തിരിക്കുന്നുണ്ടോ? എന്ന് പാപ്പാ ബുധനാഴ്ചകളിലെ പ്രതിവാരകൂടികാഴ്ചക്കായി എത്തിചേർന്ന സദസ്സിലുള്ള എല്ലാവരോടും ചോദിച്ചു. ചിലർ ഉണ്ട് എന്നും മറ്റ് ചിലർ ഇല്ലാ എന്നും ഉത്തരം പറഞ്ഞു. ഇല്ലായെങ്കിൽ തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വീട്ടിൽ ചെല്ലുമ്പോൾ ബന്ധുമിത്രാദികളോട് ചോദിച്ച് മനസ്സിലാക്കണമെന്ന് പാപ്പാ പറഞ്ഞു. നമ്മൾ ജന്മദിനം ഓർത്തിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ ജ്ഞാനസ്‌നാനദിവസം പലരും ഓർക്കുന്നതേയില്ല. അതുകൊണ്ട് ആ തീയതി മനസിലാക്കിയതിനുശേഷം വീണ്ടും മറക്കാതിരിക്കുകയെന്നും പാപ്പാ കൂട്ടിചേർത്തു.
മാമ്മോദീസായുടെ തുടക്കത്തിൽതന്നെ കുട്ടിക്ക് എന്തു പേരിടണമെന്ന് ജ്ഞാനസ്‌നാന മാതാപിതാക്കളോട് കാർമികൻ ചോദിക്കാറുണ്ട്. അന്ന് സ്വീകരിക്കുന്ന പേര് വളരെ പ്രധാനപ്പെട്ടതാണ്. പേര് ചൊല്ലി വിളിക്കുന്നത് നമ്മുടെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ സവിശേഷ അനന്യതയെ സൂചിപ്പിക്കുന്നു. നമ്മളോരോരുത്തരും പ്രത്യേകമായ വിധത്തിൽ വ്യക്തിപരമായി ദൈവത്താൽ സ്‌നേഹിക്കപ്പെട്ടവരാണ് എന്ന് ഈ പേര് വ്യക്തമാക്കുന്നു. അനുദിനജീവിതത്തിലെ ഓരോ നിമിഷവും ആ സ്‌നേഹത്തിന് പ്രത്യുത്തരമായി ജീവിക്കേണ്ടതാണെന്നും ഈ പേര് നമ്മളെ നിരന്തരം ഓർമപ്പെടുത്തുന്നു. അതുകൊണ്ട് മാമ്മോദീസാ വ്യക്തിപരമായ പ്രത്യുത്തരമാണ്, അല്ലാതെ കമ്പ്യൂട്ടർ സ്‌ക്രീനിലെപ്പോലെ വെറും കട്ട് ആന്റ് പേസ്റ്റ് അഥവാ കോപ്പി എടുത്ത് പതിക്കലല്ല; പാപ്പ ഓർമിപ്പിച്ചു.
മാമ്മോദീസാ സ്വീകരണത്തിന് മുമ്പും പിമ്പും എന്നിങ്ങനെയുള്ള രണ്ട് അവസ്ഥകളുടെ ശക്തമായ വ്യത്യാസം ഈ കൂദാശ സ്വീകരണത്തിനുണ്ട്. മാമ്മോദീസാ നമ്മെ സഭയുടെ അംഗമാക്കി സഭാപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ മക്കളെ അവർ ജനിച്ചാലുടൻ എത്രയും പെട്ടെന്ന് മാമ്മോദീസാ നൽകണം. അവർ വളർന്ന് സ്വയം തീരുമാനിക്കട്ടെ എന്ന് ചിന്തിക്കരുത്. പരിശുദ്ധാത്മാവിൽ ആശ്രയബോധമില്ലായ്മ മൂലമാണ് അങ്ങനെ ചിന്തിക്കുന്നത്. ക്രിസ്തുവിനോട് ഒന്നുചേർന്ന് ക്രിസ്തുവിലൂടെ സഭയുമായുള്ള പങ്കാളിത്തത്തിലൂടെ ലോകത്തെ നവീകരിക്കുവാൻ സാധിക്കണം.
ഒരു വ്യക്തിയുടെ ജീവിതത്തിൽ തീവ്രമായ സ്വാധീനം മാമ്മോദീസാക്ക് ഉണ്ടാവണം. കാരണം മാമ്മോദീസാ സ്വീകരിക്കുന്ന നിമിഷം മുതൽ വിശ്വാസത്തിന്റെ യാത്ര ഒരുവൻ തുടങ്ങുകയാണ്. മാതാപിതാക്കളുടെ വിശ്വാസത്തിലേക്ക് മക്കൾ പ്രവേശിക്കുന്നു. മാമ്മോദീസാ വ്രതവാഗ്ദാനങ്ങൾ എല്ലാ വർഷവും ഈസ്റ്റർനാളുകളിൽ നാം നവീകരിക്കാറുണ്ടല്ലോ. സ്വർഗീയ ജറുസലേമിലേക്കുള്ള നമ്മുടെ യാത്രയെ ജ്ഞാനസ്‌നാന ശുദ്ധീകരണം സുഗമമാക്കുന്നു.
മാമ്മോദീസാ വിശ്വാസത്തിന്റെ അടയാളം
ജ്ഞാനസ്‌നാനം ക്രൈസ്തസ്തവവിശ്വാസത്തിന്റെ അടയാളവും മുദ്രയുമാണ്. ജ്ഞാനസ്‌നാനത്തിലുപയോഗിക്കുന്ന പദങ്ങളും പ്രതീകങ്ങളും മനസിലാക്കുന്നത് ക്രിസ്തുവിലുള്ള പുതുജീവിതം കൂടുതൽ ഫലദായകമാക്കാൻ ഉപകരിക്കും. ദൈവത്തിനൊരിക്കലും തന്റെ മക്കളെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് ഒരുവന് മാമ്മോദീസായിലൂടെ ലഭിച്ച മുദ്ര നഷ്ടപ്പെടുന്നില്ല. ദൈവസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മായാത്ത മുദ്രയാണത്. പാപം മൂലം ജ്ഞാനസ്‌നാനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ലെങ്കിലും നമ്മളോടുള്ള ദൈവസ്‌നേഹം അസ്തമിക്കുന്നില്ല. ‘ദൈവത്തിന് തന്റെ മക്കളെ ഒരിക്കലും തള്ളിക്കളയാനാവില്ല..’ എന്ന വാക്യം മാർപാപ്പാ ജനങ്ങളെക്കൊണ്ട് പല പ്രാവശ്യം ഉച്ചത്തിൽ ഏറ്റുചൊല്ലിപ്പിച്ചു.
ക്രൈസ്തവജീവിതത്തിൽ ‘വിളിയും പ്രത്യുത്തരവും’ എപ്പോഴും ഇഴചേർന്നുനിൽക്കുന്നതാണ്. ജ്ഞാനസ്‌നാനത്തിലൂടെ ആരംഭിക്കുന്ന വിശ്വാസത്തിലും വിശുദ്ധിയിലുമുള്ള യാത്രയും അതിന്റെ വളർച്ചയും നിരന്തരം തുടരേണ്ടതാണ്. മാമ്മോദീസാ സ്വീകരിക്കുന്ന ശിശുവിന്റെ നെറ്റിത്തടത്തിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാന്മാവിന്റെയും നാമത്തിൽ കുരിശടയാളം വരക്കുന്നു. തുടർന്ന് തൈലം പൂശി അഭിഷേകം നടത്തുന്നു. ഈ കുരിശുവരക്കൽ ദൈനംദിനം അനുഷ്ഠിക്കേണ്ട ജീവിതചര്യയാണ്.
മാമ്മോദീസാ ആഘോഷമാണ്
മാമ്മോദീസാ എന്നത് ക്രിസ്തുവിന്റെ സ്വന്തമായിതീർന്ന് ക്രൈസ്തവജീവിത രക്ഷാകരരഹസ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവയ്പാണ്. അതുകൊണ്ടുതന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് മോടിയായി നാം അതിലേക്ക് പ്രവേശിക്കുന്നു. അനുനിമിഷം നമ്മൾ അനുധാവനം ചെയ്യുന്ന ജീവസ്സുറ്റതും ശക്തവുമായ ജീവിതക്രമത്തിലേക്കാണ് ബന്ധുമിത്രാദികളിലൂടെയും കാർമികനിലൂടെയും ഈ ആഘോഷം നമ്മെ എത്തിക്കുന്നത്. തുടർന്ന് യേശുക്രിസ്തുവിലും അവിടുത്തെ സഭയിലുമുള്ള വിശ്വാസത്തിൽ കുഞ്ഞിനെ വളർത്തിക്കൊള്ളാമെന്ന് ജ്ഞാനസ്‌നാന മാതാപിതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ഒരുവൻ ഒറ്റക്കല്ല മാമ്മോദീസാക്ക് അണയുന്നത്. മറിച്ച് സഭ മുഴുവന്റെയും പ്രാർത്ഥനയുടെ അകമ്പടിയോടെയാണത്. സഭാമാതാവിന്റെ പ്രാർത്ഥനയുടെ സംഘബലം കൂട്ടിനുണ്ട്. വിശുദ്ധരുടെ ലുത്തിനിയായോടൊപ്പം വ്യക്തിപരമായും സംഘാത്മകവുമായ പ്രാർത്ഥനയുടെ ശക്തിയാൽ കുഞ്ഞുങ്ങളെ സംരംക്ഷണത്തിനായി ദൈവസന്നിധിയിൽ അർപ്പിക്കുന്നു. ദുഷ്ടാരൂപിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രാർത്ഥയിലൂടെ സഭാസമൂഹം മുഴുവൻ അണിചേരുന്നു. തുടർന്ന് സഭാസമൂഹം ഒന്നുചേർന്ന് എല്ലാവർക്കും വേണ്ടി മദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നു.
ജ്ഞാനസ്‌നാനം വഴി ജന്മപാപമോചനം
മാമ്മോദീസാ വിശ്വാസത്തിന്റെ കൂദാശയാണ്. പ്രത്യേകമായ വിധത്തിൽ വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനമാണ് മാമ്മോദീസായിലൂടെ സംഭവിക്കുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് ജന്മപാപത്തിൽനിന്നുള്ള മേചനം നൽകി തുടർന്നുള്ള ജീവിതം മുഴുവൻ പരിശുദ്ധാത്മാവിന്റെ വാസസ്ഥലമായി മാറുവാൻ സഹായകരമാവുന്ന വിധത്തിൽ അഭിഷേകം ചെയ്യുന്നു.
ജ്ഞാനസ്‌നാനം ഒരു മാന്ത്രികവിദ്യയല്ല. അത് ജീവിതത്തിലുടനീളം തിന്മയുടെ ദുരാത്മാവിനെതിരെ പൊരുതുവാൻ ഒരുവനെ പ്രാപ്തനാക്കുന്ന പ്രക്രിയയുടെ തുടക്കമാണ്. കാർമികൻ പിശാചിനെയും അവന്റെ പ്രവൃത്തികളെയും ഉപേക്ഷിച്ച് ജീവിക്കുവാൻ സഹായകരമായ പ്രാർത്ഥന നയിക്കുന്നു. മാമ്മോദീസായിലൂടെ ദൈവമക്കളെന്ന നിലയിൽ ക്രിസ്തുവിൽ പുനർജനനത്തിലേക്ക് നമ്മെളെത്തന്നെ ഒരുക്കുകയാണ് ചെയ്യുന്നത്. പാപത്തെ ജയിച്ച് ദൈവരാജ്യത്തിലേക്ക് പ്രവേശിച്ച് ദൈവകൃപയിലായിരിക്കാനുള്ള സഹായം പരിശുദ്ധാത്മാവ് ദാനമായി നൽകുന്നു. അനശ്വരജീവിതം ലക്ഷ്യമാക്കിയുള്ള യാത്രയായതിനാൽ സാത്താനെയും അവന്റെ കുടിലപ്രവൃത്തികളെയും ഉപേക്ഷിക്കുന്നുവെന്ന് നമ്മൾ മാമ്മോദീസായിലൂടെ ഏറ്റുപറയുന്നു.
ജ്ഞാനസ്‌നാനം ജീവന്റെ ഉറവിടം
മാമ്മോദീസായിൽ ഉപയോഗിക്കുന്ന ഓരോ പ്രതീകവും ദൈവവചനാധിഷ്ഠിതമാണ്. മാമ്മോദീസാ ജലം നമ്മളെ ഓർമിപ്പിക്കുന്നത് നാം ഓരോരുത്തരും ക്രിസ്തുവിൽ മരിച്ച് അവനോടൊപ്പം ഉയിർത്ത് നിത്യതയിൽ ജീവിക്കുന്നതാണ്. ജലോപരിതലത്തിൽ ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നു എന്ന വചനവും (ഉൽ.1.1-2), യേശുവിന്റെ ജോർദാനിലെ മാമ്മോദീസായും (മത്താ. 3. 13-17) ശിഷ്യരെ ജ്ഞാനസ്‌നാനപ്പെടുത്തുവിൻ എന്ന ആഹ്വാനവും (മത്താ. 28.19) നമ്മൾ അനുസ്മരിക്കുന്നു. ജലത്താലും പരിശുദ്ധാത്മാവിലും വീണ്ടും ജനിച്ച് നാം ദൈവമക്കളായി തീർന്ന് പിതാവായ ദൈവത്തിന്റെ അനശ്വരപുത്രനായ ക്രിസ്തുവിനോടൊപ്പം നിലനിൽക്കുന്ന ബന്ധത്തിലേക്കുള്ള ആദ്യപടിയാണിത്. നാം ദൈവാലയത്തിലേക്ക് പ്രവേശിച്ച് വിശുദ്ധ ജലത്തിൽ വിരൽ മുക്കി നെറ്റിത്തടത്തിൽ കുരിശുവരക്കുമ്പോൾ നാം സ്വീകരിച്ച മാമ്മോദീസായെ നന്ദിയോടെ ഓർക്കണം.
ജ്ഞാനസ്‌നാനം അനശ്വരജീവിതം നൽകുന്നു
മാതാപിതാക്കളിലൂടെയാണ് നമുക്ക് ശാരീരികജന്മം ലഭിക്കുന്നത്. എന്നാൽ മാമ്മോദീസായാകട്ടെ ഈ ലോകജീവിതത്തിനപ്പുറം അനശ്വര ജീവിതമാണ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ജലത്താലും ആത്മാവിനാലും ജനിച്ച് അനശ്വരജീവിതത്തിലേക്ക് കടക്കുന്ന ചുവടുവയ്പാണ് മാമ്മോദീസാ. അതുവഴി രാജകീയവും പ്രവാചകപരവുമായ പൗരോഹിത്യഗണത്തിലേക്കാണ് നാം പ്രവേശിക്കുന്നത്.
വിശ്വാസത്തിലും ഉപവിയിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ സഹായകരമായ കൃപ മാമ്മോദീസായിലൂടെ ലഭിക്കുന്നു. മാമ്മോദീസാ സമയത്ത് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതുപോലെ ദിവ്യപ്രകാശത്തിൽ ജീവിക്കുവാൻ സാധിക്കണം. പ്രാൻസിസ് പാപ്പായുടെ ”ആനന്ദിച്ച് ആഹ്‌ളാദിക്കുവിൻ” എന്ന ഏറ്റവും പുതിയ അപ്പസ്‌തോലിക ആഹ്വാനത്തിലെ മാമ്മോദീസായുമായി ബന്ധപ്പെട്ട വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള മതബോധനപരമ്പര പാപ്പാ അവസാനിപ്പിച്ചത്.
”വിശുദ്ധിയുടെ പാതയിൽ നിന്നിലെ ജ്ഞാനസ്‌നാനകൃപാവരം ഫലം ചൂടാൻ അനുവദിക്കുക. എല്ലാം ദൈവത്തിന് മുന്നിൽ തുറന്നിരിക്കട്ടെ. അതിനായി ദൈവത്തെ തിരഞ്ഞെടുക്കുക. ദൈവത്തെ പുതുമയോടെ തിരഞ്ഞെടുക്കുക. മനസ് തളരരുത്. കാരണം പരിശുദ്ധാന്മാവിന്റെ ശക്തി ഇതു ചെയ്യുവാൻ നിങ്ങളെ ശക്തരാക്കും വിശുദ്ധിയെന്നത് അടിസ്ഥാനപരമായി നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ഫലമാണ്” (ഗലാ 5. 22-13).
”അവിടുത്തെ ശിശുവാത്സല്യവും മാമ്മോദീസാ കൂടാതെ മരിക്കുന്ന ശിശുക്കൾക്ക് രക്ഷയുടെ ഒരു മാർഗമുണ്ടെന്നു പ്രതീക്ഷിക്കാൻ നമ്മെ അനുവദിക്കുന്നു. വിശുദ്ധ മാമ്മോദീസയുടെ ദാനത്തിലൂടെ ക്രിസ്തുവിലേക്കുവരുന്നതിൽ നിന്ന് കൊച്ചു കുട്ടികളെ തടയരുതെന്ന സഭയുടെ ആഹ്വാനം വളരെയേറെ അടിയന്തിരസ്വഭാവമുള്ളതാണ്.” (ആനന്ദിച്ച് ആഹ്‌ളാദിക്കുവിൻ. ഖണ്ഡിക 15)
പ്രഫ. കൊച്ചുറാണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Posts

Don’t want to skip an update or a post?