ക്ഷമിച്ച് സ്‌നേഹിച്ചവരൊക്കെ വലിയ അത്ഭുതങ്ങൾ ലോകത്തിന് ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാതെ നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കാൻ നമുക്ക് എളുപ്പമായിരിക്കും. എന്നാൽ, മനഃപൂർവം ദ്രോഹം ചെയ്യാൻ മുതിരുന്നവരോടു ക്ഷമിക്കുക എന്നത് അത്ര എളുപ്പമല്ല. മനഃപൂർവം ദ്രോഹിക്കുന്നവരോടും ക്ഷമിക്കാൻ തയാറാകുമ്പോൾ മാത്രമേ നമ്മുടെ ക്ഷമ പൂർണമാകുന്നുള്ളൂ. നമ്മൾ ക്ഷമിച്ചാലേ മറ്റുളളവരും നമ്മോട് ക്ഷമിക്കൂ. വളരെ പ്രശസ്തമായൊരു സംഭവം ഇതിനോട് ചേർത്ത് പറയട്ടെ.
ഇംഗ്ലണ്ടിലെ കുതിരയോട്ട മത്സര കാലം. ജയിക്കുന്നവർക്ക് ലഭിക്കുന്നത് വലിയൊരു സമ്മാനത്തുകയാണ്. അവരെ സമൂഹം ആദരിക്കും. പത്രങ്ങളും ചാനലുകളും മത്സരിച്ച് അഭിമുഖമെടുക്കും. എവിടെയും ആദരവും പ്രശസ്തിയും കിട്ടും. അതിനാൽ കുതിരയോട്ടത്തിൽ വിജയിക്കുക എന്നത് ഏവരും അഭിമാനമായി കണ്ടു. നാടിന്റെ ഏറ്റവും വലിയ ഉത്സവമായിരുന്നു കുതിരയോട്ടം.
പക്ഷേ എല്ലാ പ്രാവശ്യവും വിജയിക്കുന്നത് റോക്കി എന്നൊരു വ്യക്തിയായിരുന്നു. അയാളുടെ ടീമിൽ തന്നെയാണ് ഇന്നസെന്റ് എന്ന യുവാവും. ഇരുവരും ഒന്നിച്ചുണ്ടെങ്കിൽ ഈ ടീമിനെ മറികടക്കാൻ ആർക്കുമാവില്ല. പല നാടുകളിലും കുതിരയോട്ടത്തിൽ പ്രശസ്തി നേടിയ പലരും ഇവരൊടൊപ്പം മത്സരിക്കാൻ എത്തിയെങ്കിലും ആദ്യ ഓട്ടത്തിൽ തന്നെ തോൽവിയുടെ രുചിയറിഞ്ഞ് മടങ്ങി. അങ്ങനെ അവരിവരും അജയ്യരായി തുടർന്നു.
ഒരിക്കൽ കുതിരയോട്ട മത്സരത്തിൽ ഇരുവരും എതിർചേരികളിലിറങ്ങി. മത്സരക്കമ്പക്കാർക്ക് അതിനെക്കാൾ വലിയൊരു വാർത്തയില്ല. പത്രങ്ങൾ വലുപ്പത്തിൽ അച്ചുനിരത്തി. ”ഇന്ന് ഇടിയും മിന്നലുമൊപ്പത്തിനൊപ്പം..”
മത്സരം കാണൻ അസാധാരണ ജനത്തിരക്കായിരുന്നു. റോക്കി എന്നാൽ ജാക്‌പോട്ട് കിംഗ് എന്നാണ് നാട്ടിലെങ്ങും അറിയപ്പെടുന്നത്. അയാളുടെ ആജ്ഞാശക്തിക്ക് മുന്നിൽ കുതിര പറപറക്കും.
ഇന്നസെന്റിന്റെ അശ്വവും അങ്ങനെ തന്നെ. എങ്കിലും റോക്കിയാണ് വർഷങ്ങളായി പടയോട്ടത്തിലെ ജേതാവ് എന്നതിനാൽ എല്ലാവരും റോക്കിയെ തന്നെ ഇത്തവണയും പ്രതീക്ഷയോടെ നോക്കി.
മത്സരത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. അത്യഗാധമായ നിശബ്ദതയിൽ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ മണികളും മുഴങ്ങി. ഇനിയൊരു വെടിയൊച്ചയാണ്. അതാണ് മത്സര അടയാളം.
എല്ലാ ചെവികളും അതിന് കാതോർത്ത് നിൽക്കുന്നു. കുതിരകളും കുതിരക്കാരും സിഗ്നൽ പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നു. വിശാലമായ മൈതാനം മുഴുവൻ കടുത്ത നിശബ്ദത. പെട്ടെന്ന് വെടിമുഴങ്ങി. കുതിരകൾ പറന്നുപൊങ്ങി. പൊടി പടലങ്ങൾ ഉയർന്നു. ആർപ്പുവിളികളും കരഘോഷവും ഉയർന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ റോക്കിയുടെ കുതിര ബഹുദൂരം മുന്നിൽ കുതിക്കുകയാണ്. എന്നാൽ തൊട്ടുപിന്നിൽ ഇന്നസെന്റിന്റെ കുതിരയുമുണ്ട്. ഒരു തവണ റോക്കിയുടെ കുതിരയെവെട്ടിച്ച് ഇന്നസെന്റിന്റെ കുതിര മുന്നിൽ കയറിയെങ്കിലും റോക്കി അതിനെ അതിജീവിച്ചു. ഫിനിഷിംഗ് പോയിന്റിലേക്ക് കുതിരകൾ കുതിക്കുകയാണ്. അപ്പോഴാണ് അത്യത്ഭുതമുണ്ടായത്. മിന്നൽപോലെ ഇന്നസെന്റിന്റെ കുതിര റോക്കിയുടെ കുതിരയെ പരാജയപ്പെടുത്തി മുന്നിലെത്തി. ജനം ആഹ്ലാദത്തോടെ കയ്യടിച്ചു. എല്ലാവരും ഇന്നസെന്റിനെ തോളിലേറ്റി. പത്രക്കാർ അയാളുടെ മുന്നിൽ അണിനിരന്നു. തലേവർഷംവരെ ജോതാവായിരുന്ന റോക്കിയെ ആരും തിരിഞ്ഞ് പോലും നോക്കിയില്ല. താൻ അപമാനിതായതുപോലെ റോക്കിക്ക് തോന്നി. അയാൾ വേഗം കുതിരയോടിച്ച് പുറത്തേക്ക്‌പോയി.
മദ്യശാലയിലേക്കാണ് അയാൾ പോയത്. അവിടെയിരുന്ന് മതിയാവോളം കുടിച്ചു. മദ്യശാലയിലെത്തിയ അയാളുടെ ഒരു സേവകൻ റോക്കിയുടെ ഹൃദയത്തിലേക്ക് കൂരമ്പുകൾ ഓരോന്നായി എറിഞ്ഞുകൊടുത്തു.
”നാളെ ഇന്നസെന്റിനെ പത്രങ്ങൾ വാഴ്ത്തിപ്പാടും. ഇനി നിന്നെ ആരും വകവെക്കില്ല. കുട്ടികൾ നിന്നെ കാണുമ്പോൾ പരിഹസിക്കും..”
അതൊക്കെ കേട്ടപ്പോൾ അയാളുടെ മനസിൽ പകയുടെ കനലുകൾ അതിശക്തമായി എരിഞ്ഞു. പിറ്റേന്ന് പത്രത്തിൽ അയാൾ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. പത്രങ്ങൾ ഇന്നസെന്റിനെ വാഴ്ത്തിപ്പാടിയിരിക്കുന്നു. കുപിതനായ റോക്കി അന്നുമുതൽ ഇന്നസെന്റിനെ വകവരുത്താൻ തക്കം പാർത്തിരുന്നു.
ഒരു ദിവസം അനുചരന്മാർ ആരുമില്ലാതെ ഇന്നസെന്റ് വരുന്നത് റോക്കി കണ്ടു. ഇതു തന്നെ നല്ല അവസരം. അയാൾ മുഖം കറുത്ത തുണികൊണ്ട് മറച്ച് കയ്യിൽ കരുതിയുന്ന കഠാരകൊണ്ട് ഇന്നസെന്റിന്റെ മുന്നിലേക്ക് ചാടിവീണു. അല്പം പോലും പ്രതീക്ഷിക്കാത്ത അക്രമണമായിരുന്നു അത്. അതിനാൽ അയാൾ നിലത്തുവീണു. ഇന്നസെന്റിനെ നെഞ്ചിനെ നോക്കി റോക്കി കഠാരയിറക്കി. അതിനിടയിൽ ഇന്നസെന്റ് ഏറെ ക്ലേശിച്ച് തന്റെ പ്രതിയോഗിയുടെ മുഖംമൂടി വലിച്ചു ചീന്തി. അയാൾ ഞെട്ടിപ്പോയി. ദീർഘനാളുകൾ ഒന്നിച്ച് മത്സരത്തിൽ പങ്കെടുത്ത തന്റെ സ്‌നേഹിതനും ഗുരുനാഥനുമായ റോക്കി.
അതോടെ ചോരവാർന്ന് നിലത്തേക്ക് വീണ ഇന്നസെന്റിന്റെ അധരത്തിൽ നിന്നും ഉയർന്നത് ഒരേയൊരു ചോദ്യമായിരുന്നു. ”റോക്കീ.. നീ തന്നെയാണോ ഇത്…”
”നീയെന്നെ തോല്പിച്ചു. പക്ഷേ എനിക്ക് നിന്നെ ജയിക്കണം. അതാണ് ഞാൻ നിന്നെ കൊല്ലുന്നത്.. ”
അയാൾ അട്ടഹസിച്ചു. ഇന്നസെന്റ് കണ്ണടയും മുമ്പ് ഇങ്ങനെ പറഞ്ഞു. ”അങ്ങ് എന്നോട് ഒരുവാക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങേക്ക് വേണ്ടി തോറ്റുതരുമായിരുന്നില്ലേ?” അത്രയും പറഞ്ഞതോടെ അയാളുടെ നാവ് കുഴഞ്ഞു. കണ്ണുകൾ തുറിച്ചു. ശ്വാസവും നിലച്ചു. ഇന്നസെന്റ് മരിച്ചു എന്നറിഞ്ഞതോടെ റോക്കി ചുറ്റും നോക്കി. ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല. എത്രയും വേഗം രക്ഷപെടണം. അയാൾ ഉടൻ തന്നെ അവിടെ നിന്നും ഓടിരക്ഷപെട്ടു.
ആ മരണവാർത്ത കേട്ട് നാട് മുഴുവൻ തേങ്ങി. ഇന്നസെന്റിന്റെ അമ്മയുടെ സങ്കടം കണ്ട് എല്ലാവരും കരഞ്ഞു. ഇന്നസെന്റിനെ കൊലപ്പെടുത്തിയ റോക്കിക്കെതിരെ നാട്ടുകാരെല്ലാം സംഘടിച്ചു. ചത്തത് കീചകനായതുകൊണ്ട് കൊന്നത് ഭീമൻ തന്നെയെന്ന് അവർക്ക് മനസിലായി. അവർ അമ്മയെ കണ്ട് റോക്കിയെ തൂക്കിക്കൊല്ലാനുളള നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട നിവേദനം കൊടുത്തു. പക്ഷേ ആ മാതാവ് പറഞ്ഞു.
”എന്റെ മകൻ ഇന്നസെന്നിനെപ്പോലെ തന്നെയാണ് ഞാൻ റോക്കിയെയും കണ്ടത്. അതിനാൽ ഞാൻ അവനോട് ക്ഷമിക്കുന്നു…” ആ വാക്കുകൾക്ക് മുന്നിൽ അവർക്കൊന്നും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
ദിവസങ്ങൾ കടന്നുപോയി. റോക്കിക്കുവേണ്ടിയുള്ള തിരച്ചിൽ പോലിസ് ഊർജിതമാക്കി. ഒരു നിർണായകഘട്ടത്തിൽ പോലിസ് റോക്കിയെ പിടിക്കും എന്ന അവസ്ഥയിലെത്തി. അപ്പോൾ അയാൾ നേരെ പാഞ്ഞത് ഇന്ന സെന്റിന്റെ വീട്ടിലേക്കാണ്. അവിടെ അപ്പോൾ അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ ആ അമ്മയുടെ കാല്ക്കൽ വീണ് കെഞ്ചി, തന്നെ പോലിസിന് വിട്ടുകൊടുക്കരുതേയെന്ന് കരഞ്ഞു.
ആ അമ്മ കണ്ണീരോടെ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അവർ പറഞ്ഞു; ”എന്റെ മകനേ, ഞാനെന്നേ നിന്നോടു ക്ഷമിച്ചു കഴിഞ്ഞു. ഞാൻ നിന്നെ പോലിസിൽ ഏല്പിക്കുകയില്ല. കാരണം നീയും എന്റെ മകനാണ്..”
അവർ ഇതു പറഞ്ഞുകൊണ്ടിരിക്കെ പോലിസ് റോക്കിയെ തിരഞ്ഞ് അവരുടെ മുറ്റത്തെത്തിയിരുന്നു. പക്ഷേ, ആ അമ്മ റോക്കിയെ തന്ത്രപൂർവം തന്റെ സ്വന്തം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു. റോക്കിയെ തിരഞ്ഞുവന്ന പോലിസ് അവിടെയെല്ലാം നോക്കിയിട്ട് ഇച്ഛാഭംഗത്തോടെ തിരിച്ചുപോയി. റോക്കിയെ ആ അമ്മ അതിവിദഗ്ധമായി വിദൂരതയിലുള്ള തന്റെ സ്വന്തഗൃഹത്തിലേക്ക് മാറ്റി.
അവിടെവച്ച് അവൻ മാനസാന്തരപ്പെട്ടു. ജയിലറകളിൽകഴിയുന്നവർക്ക് ആശ്വാസം പകരുന്ന ഒരു സംഘത്തിൽ ചേർന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജനം കഥയെല്ലാം മറന്നു. എന്നാൽ അപ്പോഴും നന്മയുടെയും ക്ഷമയുടെയും കഥകളും പറഞ്ഞ് റോക്കി നാടെങ്ങും ചുറ്റിനടക്കുന്നുണ്ടായിരുന്നു.
ആ അമ്മ പകർന്ന ക്ഷമ ശത്രുവിന്റെ തലയിൽ തീകോരി ഇട്ടതുകണ്ടോ? ഇതുപോലുള്ള ക്ഷമയാണ് നാം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതും. എന്നാൽ, ആരെങ്കിലും നമ്മെ ദ്രോഹിച്ചാൽ നമ്മിലെത്രപേർ ഈ അമ്മയുടെ മാതൃക പിന്തുടരും? ഗാന്ധിജി ഒരിക്കൽ പറഞ്ഞു. ”മറ്റുള്ളവരുടെ കുറ്റങ്ങൾക്കു മാപ്പുകൊടുക്കാൻ എല്ലാവർക്കും എളുപ്പമല്ല. ആത്മശക്തിയുള്ളവർക്കു മാത്രമേ മറ്റുള്ളവരോടു ക്ഷമിക്കാൻ സാധിക്കുകയുള്ളു.”
സ്വന്തം സഹോദരങ്ങളോടു ഹൃദയപൂർവം ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്ത ഈ അമ്മയുടെ കഥ നമ്മുടെ ഓർമയിലെങ്ങും തങ്ങിനിൽക്കട്ടെ. അതോടൊപ്പം, ദൈവസഹായമുണ്ടെങ്കിൽ ആരോടും ഏതു തെറ്റും നമുക്കു ക്ഷമിക്കാനും സാധിക്കും.
ശത്രുവിന് കരുണയുടെ പരിചരണം
അർമേനിയയിലെ വിപ്ലവ കാലഘട്ടത്തിൽ നൂറുകണക്കിനാളുകളാണ് വധിക്കപ്പെട്ടത്. കലാപബാധിത പ്രദേശത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു ഒരു പെൺകുട്ടിയും അവളുടെ സഹോദരനും. പക്ഷേ, പിന്നാലെ എത്തിയൊരു സൈനികൻ അവരെ പിന്തുടർന്ന് ആ സഹോദരനെ, അവളുടെ കൺമുമ്പിൽ വച്ച് ക്രൂരമായി വധിച്ചു. വർഷങ്ങൾ കടന്നുപോയി. ആ പെൺകുട്ടി ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുമ്പോൾ, സഹോദരനെ കൊലപ്പെടുത്തിയ സൈനികനെ മാരകമുറിവുകളോടെ മറ്റു സൈനിക ആശുപത്രിയിൽ കൊണ്ടുവന്നു. അവളുടെ മനസിൽ ആദ്യം പകയുടെ കനലുകൾ തെളിഞ്ഞു. തന്റെ സഹോദരൻ ദയനീയമായി പിടഞ്ഞു മരിച്ച രംഗമാണ് അവളുടെ മനസിലേക്കോടി വന്നത്. അതിന്റെ കാരണക്കാരനിതാ മാരകമായ മുറിവേറ്റ്, തീർത്തും നി സഹായനായി തന്റെ മുന്നിലെത്തിയിരിക്കുന്നു. വളരെ എളുപ്പത്തിൽ തനിക്ക് അവനോട് പ്രതികാരം ചെയ്യാനാകും. എന്നാൽ അവളുടെ ഹൃദയത്തിലിരുന്ന് ആരോ മന്ത്രിച്ചു.
”നീ അവനോട് പ്രതികാരം ചെയ്യേണ്ടത് അവനുവേണ്ട പരമാവധി ശുശ്രൂഷകൾ നൽകിക്കൊണ്ടായിരിക്കണം. അത് അവന്റെ ഹൃദയത്തെ ചുട്ടുപൊള്ളിക്കും…”
അവൾ അതുപോലെ ചെയ്തു. നഴ്‌സായ അവളെ തിരിച്ചറിഞ്ഞതു മുതൽ ആ സൈനികനും അസ്വസ്ഥനായിരുന്നു. മാരകമായ മുറിവേറ്റു കിടക്കുന്ന തന്നെ വളരെ എളുപ്പത്തിൽ അവൾക്ക് വധിക്കാനാവും. അവളുടെ മനസിലിപ്പോഴും അന്ന് അവളുടെ സഹോദരനെ കൊലപ്പെടുത്തിയതിന്റെ നൊമ്പരം നിറഞ്ഞുനിൽപ്പുണ്ടാകണം. ഹോ.. ദൈവമേ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് താൻ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ആ സൈനികൻ അയാൾ അതീവ ആശങ്കയോടെ ദിനരാത്രങ്ങൾ തള്ളിനീക്കി.
അവനെ പരിചരിക്കുന്നതിൽ അവൾ കൂടുതൽ ശ്രദ്ധിക്കുകയും എല്ലാ ശുശ്രൂഷകളും വളരെ ശ്രദ്ധാപൂർവ്വം നൽകുകയും ചെയ്തു. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് മടങ്ങുംമുമ്പ് അയാൾ അവളോട് ചോദിച്ചു: ”ഞാൻ ആരെന്ന് നിനക്ക് മനസിലായോ?
അവൾ തന്നെ തിരിച്ചറിഞ്ഞില്ല എന്ന അഹന്തയോടെയാണ് അയാൾ ചോദിച്ചത്. പിന്നെ നെഞ്ചുവിരിച്ച് നിന്ന് അയാൾ പറഞ്ഞു. ”നിന്റെ സഹോദരനെ കൊന്ന വ്യക്തിയാണ്. ഈ ഞാൻ..” അവൾ പുഞ്ചിരിച്ചു ”്അതെ സർ… ഞാൻ നിങ്ങളെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. എനിക്ക് നിങ്ങളോട് യാതൊരു പകയുമില്ല. കാരണം ശത്രുക്കളെ സ്‌നേഹിക്കാൻ പഠിപ്പിച്ചവനാണ് എന്റെ ഗുരു. അതുകൊണ്ട് നിങ്ങൾ എനിക്ക് ഒരു കൊലപാതകിയല്ല, എന്റെ സഹോദരനാണ്.”
ആ വാക്കുകൾക്ക് മുന്നിൽ അയാളുടെ എല്ലാ അഹന്തയുടെയും ഉരുക്കുകോട്ടകൾ മെഴുക് പോലെ അലിഞ്ഞു പോയി. മനം നുറുങ്ങിപ്പോയ അയാൾ അവളുടെ പാദങ്ങളിൽ പ്രണമിച്ചു. അവളുടെ രക്ഷകനായ ഗുരുവിനെതേടി അയാളുടെ യാത്ര അന്നുമുതലാരംഭിച്ചു.
നമ്മെ വേദനിപ്പിക്കുന്നവരോടും പ്രതികാരഖഡ്ഗം വീശിയവരോടും ക്ഷമിച്ചുകൊണ്ട് പ്രതികരിക്കുക. അപ്പോൾ മുറിപ്പെടുത്തുന്നവരുടെ ഹൃദയം കൂടുതൽ വിണ്ടുകീറും. എന്നാൽ നമ്മുടെ മനസിന് കൂടുതൽ സ്വസ്ഥതയും സമാധാനവുമാണ് ലഭിക്കുക. അത് ശത്രുവിനെ ദുർബലപ്പെടുത്തും.
മറ്റുള്ളവരോട് ക്ഷമിക്കുന്നതിനൊപ്പം നമ്മുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായാൽ അത് ഏറ്റുപറയാനും തിരുത്താനും നാം തയാറാകണം. തെറ്റുപറ്റി എന്ന് അംഗീകരിക്കുന്നതുവഴി നാം വിജയത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിക്കുകയാണ് ചെയ്യുന്നത്. ”ഞാൻ പറയുന്നത് മാത്രമാണ് ശരി” എന്ന ശഠിക്കുന്നതിനപ്പുറം, മറ്റുള്ളവരുടെ ശരികളെ കേൾക്കുന്നത് ക്ഷമയുടെ പുതിയ പന്ഥാവുകൾ നമുക്ക് മുന്നിൽ തുറക്കുവാൻ വഴി തെളിക്കും.
വംശീയ മേധാവിത്വത്തിന്റെ ഇരയായി നാസി തടവറയിൽ മരണമടഞ്ഞ യഹൂദ പെൺകുട്ടി ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിക്കണം. ചെറിയ കാര്യത്തിൽ പോലും ക്ഷമയുടെ അസാധാരാണ മാതൃകയാണ് ഈ പെൺകുട്ടി കാട്ടിയത്. ഡയറയിൽ വർഷാരംഭത്തിൽ തന്നെ അവൾ ഇങ്ങനെ കുറിച്ചു.
1944 ജനുവരി രണ്ട് ഞായർ.
”ഇന്നു രാവിലെ വേറെ ഒന്നും ചെയ്യാനില്ലാതായപ്പോൾ ഞാൻ എന്റെ ഡയറിയുടെ പഴയ പേജുകളൊക്കെ ഒന്ന് മറിച്ചുനോക്കി. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അമ്മയെക്കുറിച്ച് ഞാൻ പലയിടത്തും ദേഷ്യത്തോടെ എന്തൊക്കെയാണ് കുറിച്ചിരിക്കുന്നത്. ഞാൻ സ്വയം ചോദിച്ചു: ”ആൻ നീ തന്നെയാണോ, വെറുപ്പിന്റെ ഇത്രമാത്രം കഠിനപദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്? നിനക്കിതിന് എങ്ങനെ കഴിഞ്ഞു?”
ശരിയാണ്; അമ്മയോട് പലപ്പോഴുമെനിക്ക് കടുത്ത ദേഷ്യം തോന്നിയിട്ടുണ്ട്; അത് അമ്മ എന്നെ വേണ്ടവിധത്തിൽ മനസിലാക്കാത്ത സമയങ്ങളിലാണ്. എന്നാൽ ഒന്നോർത്താൽ ഞാനും അമ്മയെ മനസിലാക്കുന്നില്ലല്ലോ. അമ്മ എന്നെ വളരെയധികം സ്‌നേഹിച്ചിട്ടുണ്ട്. തീർച്ച. ഞാൻ കാരണം അമ്മയ്ക്ക് ചില വേദനകളും നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പല പ്രശ്‌നങ്ങൾക്കുമിടയിൽ ഈ അലോസരം കൂടിയാകുമ്പോൾ അമ്മ എന്നോട് ദേഷ്യപ്പെട്ടതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, ആ നിമിഷങ്ങളിലെല്ലാം ഞാൻ അമ്മയോട് എത്ര സ്‌നേഹശൂന്യമായാണ് ഇടപെട്ടത്? അത് അമ്മയെ എത്രമാത്രം നൊമ്പരപ്പെടുത്തിയിട്ടുണ്ടാകണം? ഈ പുതുവർഷത്തിൽ വിങ്ങുന്ന ഹൃദയത്തോടെ ഞാൻ അതെക്കുറിച്ച് ഓർക്കുന്നു.”
ആൻഫ്രാങ്ക് എന്ന 13 കാരി തന്റെ അമ്മയോട് ഹൃദയപൂർവം ക്ഷമിച്ചുകൊണ്ടാണ് അവളുടെ ഡയറിയിലെ പുതുവർഷക്കുറിപ്പുകൾ തുടരുന്നത്.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ചില സംഘർഷത്തിന്റെയും നീരസത്തിന്റെയും പകയുടെയും കനലുകൾ അടിഞ്ഞിട്ടുണ്ടാകാം. ആ കനൽക്കൂമ്പാരങ്ങളും ചുമന്ന് നാം ഇനിയും മുന്നോട്ട് പോകരുത്. അവയോട് വിടചൊല്ലി നീങ്ങുക. ദൈവം അനുഗ്രഹിക്കും…
ജയ്‌മോൻ കുമരകം
ഡോക്ടറുടെ മറുപടി
തീർത്തും അലസനായി ജീവിക്കുന്ന ഒരു രോഗി ഡോ ക്ടറെ കാണാനെത്തി. രാവിലെ അയാൾ എണീറ്റാലുടൻ വീട്ടിലുണ്ടാക്കുന്ന പുലിവാലുകളെക്കുറിച്ച് അയാളുടെ ഭാര്യ നേരത്തെ തന്നെ ചില മുന്നറിയിപ്പുകൾ ഡോക്ടർക്ക് നൽകിയിരുന്നു. അതുകൊണ്ട് അയാൾ വന്ന് വിവരങ്ങൾ പറഞ്ഞപ്പോൾ ഡോക്ടർക്ക് കാര്യങ്ങൾ വ്യക്തമായി.
രോഗി: ”രാവിലെ എഴുന്നേൽക്കുമ്പോൾ എന്താണെന്നറിയില്ല ഒരു മണിക്കൂറോളം ശരീരം മുഴുവൻ അസ്വസ്ഥതയാണ്. ഒന്നും ചെയ്യാൻ തോന്നുന്നില്ല. കുട്ടികളോ ഭാര്യയോ അടുത്ത് വന്നാൽ പെട്ടെന്ന് ദേഷ്യം വരും. ആകെപ്പാടെ ആ സമയം വീടുമുഴുവൻ പ്രശ്‌നം.. ഇതിനെന്തെങ്കിലും മരുന്ന് അടിയന്തിരമായി തരണം…”
ഡോക്ടർ ആലോചനാനിമഗ്നനായതുപോലെ നടിച്ചു.
”രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ഒരു മണിക്കൂറല്ലേ പ്രശ്‌നം? ”
രോഗി: ”അതെയതെ.”
ഡോക്ടർ: അതിന് മരുന്നുവേണ്ട. നാളെ മുതൽ താൻ ആ ഒരു മണിക്കൂർ വൈകി എഴുന്നേറ്റുനോക്കൂ. മാറ്റംവരും..”
അതുശരിയാണെന്ന് രോഗിക്ക് തോന്നി. അയാൾ സന്തുഷ്ടനായി മടങ്ങി.
Leave a Comment
Your email address will not be published. Required fields are marked with *