Follow Us On

09

August

2020

Sunday

ഈ കരങ്ങളിൽ അഭയമുണ്ട്… പ്രതിദിനം 850 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്ന സിബിൻ എന്ന യുവാവ്

ഈ കരങ്ങളിൽ  അഭയമുണ്ട്… പ്രതിദിനം 850 പേർക്ക്  സൗജന്യ ഭക്ഷണം നൽകുന്ന സിബിൻ എന്ന യുവാവ്

ലിയ ഷർട്ടും പഴയ പാന്റും ധരിച്ച് ചെരിപ്പിടാതെ നടക്കുന്ന ആ 25 വയസുകാരൻ കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് അന്നദാതാവാണ്. മലമൂത്രത്തിൽ കുളിച്ചവരെ വൃത്തിയാക്കുമ്പോൾ, അവരുടെ മുറിവുകൾ സ്‌നേഹത്തോടെ പരിചരിക്കുമ്പോൾ അവൻ അവർക്ക് മകനാണ്. പണമില്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടികൾക്ക് ഫീസ് നൽകാൻ തട്ടുകടയിൽ പാത്രം കഴുകുമ്പോൾ അവൻ അവർക്ക് ഉത്തരവാദിത്തബോധമുള്ള സഹോദരനാണ്. ചുരുക്കത്തിൽ ആരുമല്ലാത്തവർക്ക് കൈനകരിക്കാരൻ സിബിൻ ജോസഫ് എല്ലാമാണ്.
ഏഴ് വർഷം മുമ്പാണ് ജന്മ നിയോഗം പോലെ കായലിൽപറമ്പിൽ ചെറിയാൻ ജോസഫിന്റെയും സൂസമ്മയുടേയും മകൻ സിബിൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് ‘ഒളിച്ചോടുന്നത്’. അന്ന് പകൽ മുഴുവൻ രോഗികളെ ശുശ്രൂഷിച്ച് രാത്രിയിൽ ആശുപത്രി വരാന്തയിൽ തലചായ്ച്ച അതേ സിബിനാണ് ഇന്ന് പ്രതിദിനം 850 പേർക്ക് സൗജന്യഭക്ഷണം നൽകുന്നത്. അന്നത്തെ മീശമുളയ്ക്കാത്ത പതിനെട്ടുവയസുകാരനാണ് ഇന്ന് ‘അഭയ’ത്തിലൂടെ പാവപ്പെട്ട കാൻസർ – വൃക്ക രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യതാമസമൊരുക്കുന്നത്.
പ്ലസ്ടു പഠനകാലം വരെ സിബിനും മറ്റുകുട്ടികളെ പോലെയായിരുന്നു. അടിച്ചുപൊളിച്ചും അൽപ്പം ഉഴപ്പിയും നടക്കുന്ന പ്രകൃതം. എന്നാൽ ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ കയറാൻ നിൽക്കുന്ന സമയം, അവിചാരിതമായാണ് ആ ദൃശ്യം അവന്റെ കണ്ണിൽ പെട്ടത്. ബേക്കറിക്ക് സമീപമിരുന്ന് നെയ്യപ്പം കഴിക്കുന്ന ഒരാളുടെ നേരെ ഒരു തെരുവുകുട്ടി കൈ നീട്ടുന്നു. ഇതിലെന്താണിത്ര പുതുമയെന്നോർത്ത് കണ്ണ് പിൻവലിച്ച സിബിൻ പിന്നെ കേട്ടത് പ്‌ടോങ് എന്നൊരു ശബ്ദമായിരുന്നു. ഞെട്ടിത്തരിച്ച് നോക്കിയപ്പോഴാണ് ആ പെൺകുട്ടി കരണക്കുറ്റിക്കടിയേറ്റ് നിലത്തു വീണുകിടക്കുന്നതവൻ കണ്ടത്. അന്ന് ആ കുഞ്ഞിനെ സഹായിക്കാനാകാതിരുന്നത് സിബിന്റെ മനസിൽ ഒരു നൊമ്പരമായി ശേഷിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഇവർക്കുവേണ്ടി എന്തുചെയ്യാനാകുമെന്നായി സിബിന്റെ ചിന്ത. തുടർന്ന് പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് സാന്ത്വനമായും സഹായമായും അവനെത്തി. ശനിയും ഞായറും ക്ലാസില്ലാത്ത എല്ലാ ദിവസങ്ങളിലും സിബിൻ ശാന്തി ഭവനിലുണ്ടാകും. അവരെ കുളിപ്പിക്കാനും മലമൂത്രങ്ങൾ പുരണ്ട നാറുന്ന വസ്ത്രങ്ങൾ യാതൊരുമടിയുമില്ലാതെ അലക്കാനും അവരെ ഷേവ് ചെയ്ത് കുട്ടപ്പന്മാരാക്കാനും ഓരോ ദിവസവും സിബിനെത്തി. ഭക്ഷണം സ്വയം എടുത്ത് കഴിക്കാനാകാത്തവർക്ക് സിബിൻ ഭക്ഷണം വാരിക്കൊടുത്തു.

മെഡിക്കൽ കോളജിലേക്ക് ഒരു ‘ഒളിച്ചോട്ടം’!
2009 ലാണ് സിബിന്റെ ജീവിതഗതിമാറ്റിയ ആ സംഭവം. രോഗിയായ തന്റെ ബന്ധുവിനെ കാണാനാണ് അന്ന് ആ 17 കാരൻ കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.
ബന്ധുവിനെ കണ്ട് തിരിച്ചിറങ്ങും വഴി അവിചാരിതമായി അവൻ ഓർത്തോ വാർഡിലെത്തി. ഒരുതവണ മാത്രമേ ആ വാർഡിലേക്ക് അവന് നോക്കാനായുള്ളൂ. അത്ര വൃത്തിഹീനമായിരുന്നു കാഴ്ച്ചകൾ. ആരുമില്ലാത്ത രോഗികൾ മലത്തിൽ കുളിച്ചുകിടക്കുന്നു. മൂക്ക് പൊത്തിയാലും മൂത്രത്തിന്റെ രൂക്ഷഗന്ധം സഹിക്കാൻ വയ്യ. ചലത്തിന്റെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും അസഹ്യഗന്ധം വേറെ. എന്നാൽ ആരുമില്ലാത്ത അവരോട് അവനറപ്പ് തോന്നിയില്ല. മൂക്കിലേക്കടിച്ച ചലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധത്തെ കൈകൊണ്ട് തട്ടിമാറ്റി ശോ! എന്നവൻ പരിഭവിച്ചില്ല. പകരം ഒരു തീരുമാനമെടുത്തു. ഇവർക്കായി ജീവിക്കണം. മടങ്ങുമ്പോൾ അവന്റെ മനസിൽ ഇതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആലപ്പുഴയിലെ ഒരു െ്രെപവറ്റ് കോളജിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ സിബിൻ ജോലി ലഭിച്ചെന്ന് വീട്ടിൽ കള്ളം പറഞ്ഞാണ് കോട്ടയത്തേക്ക് വണ്ടി കയറുന്നത്. തന്റെ ഉദ്ദേശ്യമറിഞ്ഞാൽ വീട്ടുകാർ സമ്മതിക്കില്ലെന്ന് അവനുറപ്പായിരുന്നു. മെഡിക്കൽ കോളജിലെത്തിയ സിബിൻ അധികൃതരെ കണ്ട് തനിക്ക് രോഗികളെ ശുശ്രൂഷിക്കാൻ താത്പര്യമുണ്ടെന്നറിയിച്ചു. അവന്റെ മനസിലെ കാരുണ്യവും ദൃഢനിശ്ചയവും മനസിലാക്കിയ സൂപ്രണ്ട് അവന്റെ ആഗ്രഹത്തിന് പിന്തുണയേകി. രോഗികളെ ശുശ്രൂഷിക്കാൻ ഏതുസമയവും ആശുപത്രിയിൽ പ്രവേശിക്കാൻ അദ്ദേഹം സിബിനെ അനുവദിച്ചു.
ഒന്നനങ്ങാൻ പോലും ആവതില്ലാത്തിനാൽ കിടക്കയിൽ തന്നെ മലമൂത്രവിസർജനം ചെയ്തവരായിരുന്നു അവരിൽ ഭൂരിഭാഗവും. അവരിൽ പലരെയും അവൻ തന്റെ കൈകളിൽ താങ്ങിയെടുത്ത് കുളിപ്പിച്ചു. സ്വന്തം കീശയിൽ നിന്ന് പണം മുടക്കി അവർക്ക് ഭക്ഷണം വാങ്ങിനൽകി.
കാൻസറും വൃക്കരോഗവും ബാധിച്ച് ആരോഗ്യത്തോടൊപ്പം സമ്പാദ്യവും നശിച്ച നിരവധി മുഖങ്ങൾ അവൻ അവിടെ കണ്ടു. അവർക്ക് തങ്ങളുടെ രോഗത്തേക്കാളും ആധി മക്കളുടെ പഠനകാര്യങ്ങളിലായിരുന്നു. ഭീമമായ ചികിത്സാച്ചെലവ് മൂലം പലരുടേയും മക്കളുടെ പഠനം പാതിവഴിയിൽ നിലച്ചിരുന്നു. എന്നാൽ അവയൊന്നും കണ്ടില്ലെന്ന് നടിക്കാൻ അവനാകുമായിരുന്നില്ല. അവരെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്ന് അവൻ തീരുമാനിച്ചു. എന്നാൽ പണമെവിടെ? ആ ചോദ്യത്തിനുള്ള ഉത്തരം സുഹൃത്തുക്കളായും പരിചയക്കാരായും അവന്റെ മനസിൽ തെളിഞ്ഞു.
അങ്ങനെയാണ് അവർക്കായി അവൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയത്. ഒന്നും ദാനമായി വേണ്ട, കടമായി മാത്രം. അവൻ അവരോട് പറഞ്ഞു. തുടർന്ന്, ചെറുതും വലുതുമായ കോഴ്‌സുകൾക്ക് പഠിക്കുന്ന നാൽപ്പത് കുട്ടികൾക്കാണ് അവൻ ഭാവി തിരിച്ചു നൽകിയത്. പിതാവിന്റെ വൃക്കരോഗം മൂലം ബി.എ പഠനം ഒന്നാം വർഷം അവസാനിപ്പിക്കേണ്ടി വന്ന വിദ്യാർത്ഥി മുതൽ എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ നിലച്ച വിദ്യാർത്ഥി വരെ സിബിന്റെ സഹായം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കി. കടം വാങ്ങിയ പണം തിരികെ നൽകാൻ രാത്രി തട്ടുകടയിൽ ജോലിക്കുപോകുമ്പോഴും അവരുടെ ചിരിക്കുന്ന മുഖമായിരുന്നു അവന്റെ മനസുനിറയെ.
2011-ലാണ് പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള സിബിനോട് ഡിഗ്രി ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസം അവന്റെ ഭാവി സുരക്ഷിതമാക്കുമെന്നവർ കരുതി. അങ്ങനെയാണ് കോട്ടയത്തെ ഗ്രാൻഡ് കോളജിൽ െ്രെപവറ്റായി ഡിഗ്രി പഠിക്കാൻ സിബിൻ ചേരുന്നത്. പ്രിൻസിപ്പലിനെ കണ്ട് തന്റെ അവസ്ഥകൾ വിവരിച്ചതോടെ സിബിന് മുന്നിൽ വീണ്ടും വിദ്യാഭ്യാസത്തിന്റെ വാതിൽ തുറന്നു. സിബിന് സൗജന്യമായി പഠിക്കാനുള്ള ക്രമീകരണം അദ്ദേഹം ചെയ്തതോടെ ഗ്രാൻഡ് കോളജിൽ സിബിൻ ബി.കോം വിദ്യാർത്ഥിയായി. എന്നാൽ ക്ലാസുകഴിഞ്ഞ് തിരിച്ചെത്തുന്ന സിബിൻ വീണ്ടും ആശുപത്രിയിൽ സജീവമാകും.
അപ്പോഴും ഒരു പ്രശ്‌നം, സ്വന്തമായി വീടോ മുറിയോ ഇല്ലാത്തതിനാൽ ആശുപത്രി വരാന്തയിലും വാർഡുകളിലും വയ്ക്കുന്ന പഠനോപകരണങ്ങൾ കാണാനില്ല. കൂടാതെ പാവപ്പെട്ട രോഗികൾക്ക് നൽകാനായി പലരും ഏൽപ്പിച്ച വസ്ത്രങ്ങൾ സൂക്ഷിക്കാനും സിബിന് സ്ഥലമുണ്ടായിരുന്നില്ല. അങ്ങനെയാണ് പുസ്തകങ്ങളും വസ്ത്രങ്ങളും സൂക്ഷിക്കാനായി ഒരു പെട്ടിക്കടയ്ക്കായുള്ള അന്വേഷണം സിബിൻ തുടങ്ങിയത്. അന്വേഷണം ചെന്നെത്തിയതാകട്ടെ കാൻസർ വാർഡിന് സമീപമുള്ള ഒരു പെട്ടിക്കടയിലും. എന്നാൽ, പെട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ലിസമ്മ എന്ന സ്ത്രീയോട് പെട്ടിക്കടയുടെ വാടക ചോദിച്ചതാണ് സിബിന് അനുഗ്രഹമായത്. എന്തിനാണെന്ന അവരുടെ ചോദ്യത്തിന് പുസ്തകവും വസ്ത്രവും സൂക്ഷിക്കാനും രാത്രിയിൽ തലചായ്ക്കാനുമാണെന്ന് സിബിൻ മറുപടി നൽകി. എന്നാൽ തന്റെ വീട്ടിൽ താമസിച്ചോളൂ എന്നവരും പറഞ്ഞു.

‘അഭയ’മൊരുങ്ങി
ഒരിക്കലും തന്റെ പ്രവർത്തനങ്ങൾ ഒരു ട്രസ്റ്റിന് കീഴിൽ നടത്തുന്നതിനെപ്പറ്റി സിബിൻ ചിന്തിച്ചിരുന്നില്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനായിരുന്നു അവന് താത്പര്യം. ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിച്ച് തീരേണ്ട താമസം, സിബിൻ മറ്റുള്ള അഗതിമന്ദിരങ്ങളിലും നവജീവനിലും ഓടിയെത്തും. പിന്നെ അവരിലൊരുവനായി അവിടെയുള്ള അന്തേവാസികളെ സഹായിക്കും. എന്നാൽ, ലിസമ്മയുടെ ചേച്ചിയുടെ മകൻ ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സി.എ ക്കാരനായ അദ്ദേഹമാണ് ഒരു ട്രസ്റ്റ് രൂപികരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സിബിനോട് പറഞ്ഞത്. തുടർന്ന് താൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ അധികാരിയോട് കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം സിബിന് സൗജന്യമായി ട്രസ്റ്റ് രൂപീകരിച്ചു നൽകി. അങ്ങനെയാണ് 2015-ൽ ‘അഭയം’ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്.
ആ നാളുകളിലാണ് മെഡിക്കൽ കോളജിൽ ദൂരെ നിന്നും റേഡിയേഷനായി എത്തുന്ന കാൻസർ രോഗികൾക്കും ഡയാലിസിസിനായി എത്തുന്ന വൃക്കരോഗികൾക്കും സൗജന്യതാമസം നൽകുന്നതിനെപ്പറ്റി സിബിൻ ചിന്തിച്ചത്. കൂടുതലും രാത്രിയിലാണ് റേഡിയേഷനും ഡയാലിസിസും നടക്കുക. അത്തരം സന്ദർഭങ്ങളിൽ രോഗികൾക്ക് ഭീമമായ തുക നൽകി താമസസൗകര്യം ക്രമീകരിക്കേണ്ടിവരും. ഈ ചെലവ് പലപ്പോഴും പാവപ്പെട്ട രോഗികൾക്ക് താങ്ങാനാകില്ല. അങ്ങനെയാണ് കടമുറിയുടെ തൊട്ടരികിലുള്ള ഹോട്ടൽ മുറി ഉപയോഗിച്ചോട്ടെ എന്ന് സിബിൻ തനിക്ക് സഹായം നൽകുന്ന ലിസമ്മയോട് ചോദിക്കുന്നത്. അന്ന് ജീർണ്ണാവസ്ഥയിലായിരുന്നു കെട്ടിടം. ആ സമയത്താണ് കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ദിലീപ് സിബിന് സഹായവുമായെത്തിയത്. കെട്ടിടത്തിന്റെ മേൽക്കൂര മാറ്റാൻ 50,000 രൂപ ഡോക്ടർ നൽകിയതോടെ രോഗികൾക്ക് താമസിക്കാൻ ഡോർമെട്രി തയ്യാറായി. നിലവിൽ അഞ്ചുരോഗികളും അഞ്ചുകൂട്ടിരിപ്പുകാരുമാണ് തീർത്തും സൗജന്യമായി ഇവിടെ താമസിക്കുന്നത്. ഒരു വർഷത്തിനിടെ 45 രോഗികളാണ് ഇവിടെ താമസിച്ചു മടങ്ങിയത്.
മെഡിക്കൽ കോളജിൽ ചൊവ്വ മുതൽ വെള്ളി വരെ എണ്ണൂറ്റമ്പതോളം പേർക്ക് മൂന്ന് നേരം സിബിൻ സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. തോരനും സാമ്പാറും അച്ചാറുമാണ് പ്രധാന കറികൾ. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും സിബിൻ തന്നെ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാത്രവുമായി വന്ന് ഭക്ഷണം വാങ്ങാം. സിബിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ കോട്ടയത്തെ വ്യാപാരികളാണ് അരിയും പലചരക്ക് സാധനങ്ങളും സൗജന്യമായി നൽകുന്നത്. സിബിന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ പലരും പാത്രങ്ങളും മറ്റുപകരണങ്ങളും അവന് വാങ്ങി നൽകി. രണ്ട് വർഷമായി പ്രതിദിനം അമ്പത് കിലോ അരിയുടെ ചോറാണ് സിബിൻ രോഗികൾക്ക് നൽകുന്നത്.
മെഡിക്കൽ കോളജിന് സമീപം പ്രവർത്തിച്ചിരുന്ന ചില ഹോട്ടലുടമകളുടെ ഭീഷണി ആദ്യനാളുകളിൽ ഉണ്ടായിരുന്നു. സിബിൻ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് കച്ചവടം കുറക്കുന്നു എന്നായിരുന്നു അവരുടെ പരാതി. ആ സമയത്താണ് ഗാന്ധി നഗർ എസ്.ഐ അരുൺ സിബിന്റെ സഹായത്തിനെത്തുന്നത്. സിബിന്റെ കൂടെ ഭക്ഷണം വിതരണം ചെയ്യാൻ പൊലീസുകാരും സന്നദ്ധരായതോടെ പിന്നെ ഭീഷണി ഉണ്ടായില്ല. ഭക്ഷണത്തിന് പണമില്ലാതാകുന്ന അവസരങ്ങളിലൊക്കെ സഹായവുമായി സിബിന്റെ കൂടെ അരുണുമുണ്ടാകും.
നാല് വർഷം മുൻപ് തുടങ്ങിയ ആട് ഫാമിൽ നിന്നാണ് സിബിൻ തന്റെ ജീവിതച്ചെലവ് കണ്ടെത്തുന്നത്. തുടങ്ങിയപ്പോൾ മൂന്ന് ആടുകളുണ്ടായിരുന്ന ഫാമിൽ ഇപ്പോൾ ഇരുപത്തെട്ട് ആടുകളുണ്ട്. അവയുടെ പാല് കൊടുത്തും കുഞ്ഞുങ്ങളെ വിറ്റും അവൻ തന്റെ അന്നന്നത്തെ അപ്പം കണ്ടെത്തുന്നു. വിവാഹത്തെപ്പറ്റി ഒരു സ്വപ്‌നം സിബിനില്ല. മറ്റുള്ളവരെ സേവിച്ച് ഒന്നും സമ്പാദിക്കാതെ ഇങ്ങനെ ജീവിക്കണം. അതാണ് അവന്റെ സ്വപ്‌നം. കഴിഞ്ഞ വർഷം സ്വാത്രന്ത്യദിനത്തിൽ ഏറ്റവും മികച്ച നിശബ്ദ സാമൂഹ്യപ്രവർത്തകനുള്ള കോട്ടയത്തെ സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പുരസ്‌കാരം സിബിനെ തേടിയെത്തി. അഭയത്തിന്റെ ഒന്നാം വാർഷികത്തിൽ എം.പി ജോസ്.കെ മാണി പങ്കെടുക്കുകയും എം. പി ഫണ്ടിൽ നിന്ന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഷിൻസ് ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?