Follow Us On

19

February

2019

Tuesday

ഏറ്റവും മികച്ചതിലേക്കുള്ള ദൂരം

ഏറ്റവും  മികച്ചതിലേക്കുള്ള ദൂരം

അങ്ങ് നിർമിച്ചതിൽ ഏറ്റവും മനോഹരമായ ശില്പം ഏതാണ്? ഡെൻമാർക്കിലെ പ്രശസ്ത ശില്പിയായ ബെർട്ടർ തൊർവാൽസ്ഡനോടായിരുന്നു ചോദ്യം. എന്റെ അടുത്ത ചിത്രം എന്നായിരുന്നു മറുപടി. ചോദ്യം ഉന്നയിക്കുമ്പോൾ ചോദ്യകർത്താവിന്റെ മനസിൽ ചില ഉത്തരങ്ങൾ ഉണ്ടായിരുന്നിരിക്കാം. അവയിൽ ഏതെങ്കിലും ഒന്നിന്റെ പേരു പറയുമെന്നായിരിക്കും സ്വഭാവികമായിട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകുക. സാധാരണഗതിയിൽ കൂടുതൽ ആത്മസംതൃപ്തി ലഭിച്ച ഏതെങ്കിലും ഒന്നിന്റെ പേരായിരിക്കും. എന്നാൽ അതിൽനിന്നെല്ലാം ഭിന്നമായിരുന്നു ആ മറുപടി. ഇന്നലെകളിൽ കൈവരിച്ച നേട്ടങ്ങളിൽ മതിമറന്ന് അറിവും കഴിവും ഊർജവും പാഴാക്കുന്ന അനേകരുണ്ട്. അധ്വാനത്തിൽനിന്നും ഒളിച്ചോടാനുള്ള കുറുക്കുവഴികളായി പഴയ നേട്ടങ്ങളെ കാണുന്നവരും കുറവല്ല. ഏതെങ്കിലുമൊക്കെ പ്രധാന കാര്യങ്ങൾ നിർവഹിച്ചിട്ട് ഇനി കുറെക്കാലം വെറുതെയിരിക്കാം എന്നു കരുതുന്നവരാണ് മറ്റുചിലർ. ഇന്നലെകളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിൽ മതിമറന്നു സ്വന്തം കഴിവുകൾ പാഴാക്കുന്ന വിധത്തിലേക്ക് മാറരുത്. ഇനിയും കൂടുതൽ പ്രവർത്തിക്കുവാനുണ്ടെന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കണം.
ഇന്നലകളിലെ അനുഭവപാഠങ്ങളെ നാളെകളിലേക്കുള്ള ഊർജമായിമാറ്റുമ്പോൾ അത്ഭുതാവകമായ വിധത്തിലുള്ള പുരോഗതി കൈവരിക്കാനാകും. കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുമ്പോൾ പൊതുവേ പ്രവർത്തനപരിചയം ചോദിക്കാറുണ്ട്. അവരുടെ കഴിവുകൾ സ്ഥാപനത്തിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പുള്ളതിനാലാണ് അധികം ശമ്പളം നൽകേണ്ടിവരുമെങ്കിലും അങ്ങനെ ചെയ്യുന്നത്. ഇതിന് അനുദിനജീവിതത്തിലും പ്രാധാന്യമുണ്ട്. എനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് ആരും ചിന്തിക്കരുത്. അറിവുകളും അനുഭവങ്ങളും മറ്റുള്ളവള്ളവരുമായി പങ്കുവയ്ക്കാൻ മാത്രം കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിയാൽപ്പോലും മറ്റനേകരുടെ ജീവിതത്തിന് മുതൽക്കൂട്ടായി മാറും. അങ്ങനെ ചെയ്യുന്നവരുടെ ജീവിതത്തെയും അതു കൂടുതൽ പ്രകാശമാനമാക്കിമാറ്റും. കാരണം, ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നശിപ്പിക്കുന്നതിൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വലിയ പങ്കുവഹിക്കുന്നുണ്ട്. പലരും ജീവിതത്തിൽ പരാജയപ്പെടുന്നതിന്റെ മറ്റൊരു കാരണം, മികച്ചതിനുവേണ്ടി കാത്തിരിക്കാനുള്ള മനസ് ഇല്ലാത്തതിനാലാണ്. നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ തിരസ്‌ക്കരണങ്ങളുടെ അനുഭവങ്ങൾ ഇല്ലാതിരിക്കില്ല. പേരെടുത്ത സാഹിത്യകാരന്മാരെ നോക്കുക. അവരിൽ പലരും അറിയപ്പെടാൻ തുടങ്ങിയത് ഏതെങ്കിലും മികച്ച സൃഷ്ടികളുടെ പേരിലായിരിക്കും. പേരെടുത്ത രചന നടത്തിയത് എത്രയോ വർഷങ്ങൾക്കുശേഷമായിരിക്കും. അതിനിടയിൽ എഴുത്തുകാരന്റെ മനസിന് സംതൃപ്തി പകർന്ന ധാരാളം രചനകൾ നടത്തിയിട്ടുണ്ടാകും. എന്നാൽ, സഹൃദയലോകത്തിന് ഇഷ്ടപ്പെട്ടത് അതായിരുന്നില്ല. തന്റെ കഴിവിന്റെ പരമാവധിയായി എന്നു കരുതിയിരുന്നെങ്കിൽ ഏറ്റവും മികച്ചത് പുറത്തുവരില്ലായിരുന്നു.
അമിതമായ ജീവിതവ്യഗ്രത ഉണ്ടാകണമെന്നല്ല. വെട്ടിപ്പിടിക്കണമെന്ന മനോഭാവവും പാടില്ല. അതു ഗുണത്തേക്കാൾ ദോഷംചെയ്യും. അതിനുപകരം പോസിറ്റീവായ മനോഭാവമാണ് വളരേണ്ടത്. എന്റെ ജീവിതംകൊണ്ട് സമൂഹത്തിന് നന്മ ഉണ്ടാകണമെന്ന ചിന്ത രൂപപ്പെടണം. വളർച്ച ജീവന്റെ അടയാളമാണ്. ജീവനുള്ള ഏതൊരു വസ്തുവും വളർന്നുകൊണ്ടിരിക്കും. യഥാർത്തിൽ ശാരീരികമായി മാത്രം സംഭവിക്കേണ്ട പ്രതിഭാസമാകരുത് വളർച്ച. ജീവിതത്തിൽ നമുക്ക് എപ്പോഴും ലക്ഷ്യങ്ങൾ ഉണ്ടാകണം. നിരാശ കീഴടക്കുന്നത് ലക്ഷ്യങ്ങൾ കൈമോശം വരുമ്പോഴാണ്. അല്ലെങ്കിൽ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായി സംഭവിക്കുമ്പോൾ. പ്രതീക്ഷകൾ തകരുമ്പോൾ മനസുപതറുന്നത് സ്വഭാവികമാണ്. എന്നാൽ, ആ സാഹചര്യങ്ങളിലാണ് ബെർട്ടർ തൊർവാൽസ്ഡൻ പറഞ്ഞ മറുപടിയിലേക്ക് മനസ് എത്തേണ്ടത്.
പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന ചിന്തക്കുപകരം ചെയ്തതിനെക്കാൾ കൂടുതൽ ഇനിയും അവശേഷിക്കുകയാണെന്ന് മനസിനെ പഠിപ്പിക്കാൻ കഴിഞ്ഞാൽ തകർച്ചകൾ വളർച്ചയിലേക്കുള്ള ചവിട്ടുപടികളായി മാറും. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയവർക്ക് പറയാനുള്ളത് പരാജയത്തിന്റെ കഥകളായിരിക്കും. എന്നാൽ, ആ പരാജയങ്ങളിൽ തളർന്നുപോയില്ല എന്നതാണ് അവരെ വ്യത്യസ്ഥരാക്കുന്ന ഘടകം. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള നേട്ടങ്ങൾ സ്വന്തമായിക്കഴിഞ്ഞാൽ എല്ലാം നേടിക്കഴിഞ്ഞു എന്നുള്ള ചിന്ത ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനിയും എനിക്ക് ഒരുപാട് മുമ്പോട്ടുപോകാനുണ്ടെന്ന ചിന്തിക്കണം. അങ്ങനെ വരുമ്പോൾ സമൂഹത്തിന് അനുഗ്രഹമാകുന്ന വിധത്തിൽ ജീവിതങ്ങൾ മാറിമറിയും.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?