Follow Us On

18

April

2024

Thursday

റെയിൽവേ സ്റ്റേഷനിലെ ജപമാല

റെയിൽവേ സ്റ്റേഷനിലെ ജപമാല

കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഏതാനും മാസങ്ങൾക്കുമുമ്പ് രാത്രിയിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു. ട്രെയിൻ വരാൻ നേരെമേറെ ഉണ്ടായിരുന്നതിനാൽ ഫ്‌ളാറ്റ് ഫോമിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഫ്‌ളാറ്റ്‌ഫോമിന്റെ മധ്യഭാഗത്തായി രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും കൂട്ടത്തിൽ മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ബെഞ്ചിലിരുന്ന് ഉറക്കെ ജപമാല ചൊല്ലുന്നത് കാണാനിടയായി. കുറെസമയം ഞാൻ അവരെത്തന്നെ നോക്കി അടുത്ത ബെഞ്ചിലിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് പരസ്പരം സ്തുതി നൽകിയതിനുശേഷം വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ എടുത്ത് ആ അമ്മ എല്ലാവർക്കും കൊടുത്തു. കൊന്ത കഴിഞ്ഞ് അവരെ പരിചയപ്പെടാമെന്നിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പ് തുടങ്ങിയത്. അതിനാൽ അൽപംകൂടി കഴിയട്ടെ എന്ന് വിചാരിച്ചു. സമയം ഉണ്ടായിരുന്നതിനാൽ കുറെക്കൂടെ മുമ്പോട്ടും പുറകോട്ടുമെല്ലാം നടന്നു.
തിരിച്ചുവന്നപ്പോൾ അവർ ഭക്ഷണം കഴിക്കുകയായിരുന്നു. അതിനാൽ രണ്ടാമത്തെ പ്രാവശ്യവും കുറച്ചുകൂടി മുമ്പോട്ട് നടന്നു. എന്നാൽ തിരിച്ച് വന്നപ്പോൾ അവരെ കണ്ടില്ല. ഇതിനിടയ്ക്ക് വന്ന ഏതെങ്കിലും ട്രെയിനിൽ ആ കുടുംബം യാത്രയായതായിരിക്കാം.
കേരളത്തിൽനിന്നുള്ള ട്രെയിൻയാത്ര 1990-ൽ തുടങ്ങിയതാണ്. ഇന്ത്യയിൽ ഒട്ടുമിക്കയിടങ്ങളിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു കാഴ്ച ആദ്യമായിട്ടാണ്. അതും ആയിരങ്ങൾ വന്നുപോകുന്ന ഒരു പൊതുസ്ഥലത്ത്. അവർ ഏത് ട്രെയിനിൽ കയറി എവിടേക്ക് പോയെന്ന് ഇപ്പോഴുമെനിക്ക് അറിയില്ല. ജീവിതം വിശ്വാസവും പ്രാർത്ഥനയും സമന്വയിച്ച് പോകുന്നതാകണം.
വിശ്വാസത്തിന്റെ തെളിവുകൾ
പൂർവികർ പകർന്നുതന്ന വിശ്വാസത്തിന്റെ ഉത്തമോദാഹരണമാണ് ക്രൈസ്തവ കുടുംബങ്ങളിൽ രാത്രിതോറും കേട്ടിരുന്ന സമൂഹപ്രാർത്ഥനകൾ. കാട്ടാറുകളോടും കുറുനരികളോടും മലമ്പനി തുടങ്ങിയ ജീവനപഹരിച്ചിരുന്ന മാറാരോഗങ്ങളോടും മല്ലിട്ട്, മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കർഷകൻ പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുത്ത് സന്ധ്യയ്ക്ക് വീട്ടിൽ കയറിവരുമ്പോൾ തീർച്ചയായും ക്ഷീണിതനായിരിക്കും. എന്നിട്ടും അവൻ തന്റെ കുഞ്ഞുങ്ങളെ അടുത്തിരുത്തി കുരിശുവരച്ച്, സ്തുതി പറയാതെ നാമമാത്രമായ അത്താഴം കഴിച്ചിരുന്നില്ല. ആ പൈതൃകപാരമ്പര്യം കൈമുതലായിരുന്ന ക്രിസ്ത്യാനിയുടെ ഇന്നത്തെ പ്രാർത്ഥനാജീവിതം എങ്ങനെയാണ്?
മക്കളുടെ ഉന്നതവും ശോഭനവുമായ ഭാവി മുമ്പിൽ കണ്ട്, ആവശ്യങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള വകയൊരുക്കലിന്റെ നെട്ടോട്ടത്തിനിടയ്ക്ക് പലർക്കും വിശ്വാസം കൈമോശം വന്നു. വാർധക്യത്തിന്റെ ഏകാന്തതയിൽ ഓർമിക്കുമ്പോഴേക്കും സമയവും കാലവും അതിവേഗം ബഹുദൂരം മുമ്പോട്ട് പോയിരിക്കും. അതിനാൽ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചുള്ള ആധ്യാത്മികതയിൽ മക്കളെ വളർത്തിയേ മതിയാകൂ.
ഇങ്ങനെ വളർത്തപ്പെടാത്ത മക്കൾ, വൃദ്ധമാതാപിതാക്കളെയും ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാക്കാം. ഇതിന്റെ കാനേഷുമാരി വൃദ്ധസദനങ്ങളിൽനിന്ന് അനായാസമായി തിട്ടപ്പെടുത്താം.
മക്കളുടെ വിജയത്തിന് മാതാപിതാക്കളുടെ നെട്ടോട്ടം അത്യാവശ്യമാണ്. എന്നാൽ ഈ നെട്ടോട്ടത്തെക്കാളും പരക്കംപാച്ചിലിനെക്കാളും ജീവിതമൂല്യങ്ങൾ പകർന്നുകൊടുത്താൽ മക്കൾ അവരുടെ ജീവിതം വിജയപ്രദമാക്കും.
കാഴ്ചകൾ മനോഹരമാകാൻ
ഇന്നത്തെ സമൂഹത്തിൽ ഒരു പരിധിവരെ മക്കൾ വളരുകയാണ് – വളർത്തപ്പെടുന്നില്ലായെന്ന് പറയാം. വളർത്തപ്പെടുന്നത് മാതാപിതാക്കളുടെ തണലിലും സംരക്ഷണത്തിലും ആണെങ്കിൽപ്പോലും വളരുന്നവരും വളർത്തപ്പെടുന്നവരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ആധ്യാത്മിക തലത്തിലും ഭൗതികതലത്തിലും ഒരേപോലെ മക്കൾ വളർത്തപ്പെടണം. വളരുന്ന മക്കളിൽ ആധ്യാത്മിക തലത്തിന് അധികം പ്രാധാന്യം ഉണ്ടാകില്ല. കാരണം മാതൃകകൾ ചുരുങ്ങുകയണ്. ഭൗതികതലത്തിലുള്ള വളർച്ചയ്ക്കാണ് ഊന്നൽ കൊടുക്കുന്നത്. ഇതും അപകടസാധ്യത നൽകുന്ന സൂചനയാണ്.
ഇവിടെയാണ് ആധ്യാത്മികതയിലൂന്നിയ, വിശ്വാസാധിഷ്ഠിതമായ ജീവിതമൂല്യങ്ങൾ മക്കൾക്ക് നൽകേണ്ടതിന്റെ ആവശ്യകത. പ്രാർത്ഥനാജീവിതം കുഞ്ഞുനാൾമുതലേ അഭ്യസിപ്പിച്ചെടുക്കേണ്ടതാണ്. രാവിലെ ഉറക്കമുണരുന്ന പിഞ്ചുപൈതലിനെ ഈശോയുടെ തിരുഹൃദയരൂപത്തിന്റെ മുൻപിൽ കൊണ്ടുവന്ന് ആ കുഞ്ഞിന്റെ കൈകൊണ്ട് രൂപത്തെ തൊട്ടുമുത്തിച്ച്, ഈശോയെ ഇന്നത്തെ ദിവസം കാത്തുകൊള്ളണേയെന്ന് പ്രാർത്ഥിപ്പിച്ചിരുന്ന മാതാപിതാക്കളുടെ രൂപം ഇപ്പോഴും കൺമുൻപിൽ മായാതെ നിൽക്കുന്നു. ഇന്ന് നിസാരകാര്യങ്ങൾക്കുപോലും സന്ധ്യാപ്രാർത്ഥനകൾ ഉപേക്ഷിക്കുന്ന കുടുംബങ്ങൾ ധാരാളമല്ലേ. റെയിൽവേ സ്റ്റേഷനിൽ കണ്ട ആ നയനമനോഹരമായ കാഴ്ച ആയിരങ്ങളുടെ ഇടയിൽ പരസ്യമായി കൊന്തയുടെ അഞ്ച് രഹസ്യങ്ങളും ലുത്തിനിയയും മറ്റ് പ്രാർത്ഥനകളും ചൊല്ലി സ്തുതി പറഞ്ഞശേഷം ഒരുമിച്ച് അത്താഴം കഴിക്കുന്ന ആ കുടുംബത്തിലെ മക്കൾ ഒരേസമയം വളരുകയും വളർത്തപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് മനസിലാക്കി മക്കളെ വളർത്തുമ്പോൾ അവർ വളരും. നയനമനോഹരമായിരിക്കും ആ വളർച്ച.
ഫാ. റെജി ക്ലീറ്റസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?