Follow Us On

19

February

2019

Tuesday

സഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ സജീവമാക്കണം: മാർ ആലഞ്ചേരി

സഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ സജീവമാക്കണം: മാർ ആലഞ്ചേരി

കൊച്ചി: മാറുന്ന കാലഘട്ടത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ട് സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസികളുടെ എണ്ണം വർധിപ്പിക്കുന്നതിനുമപ്പുറം വിശ്വാസത്തിൽ അടിയുറച്ച ബോധ്യങ്ങൾ അനേകരിലേക്ക് പകരുകയാണ് പ്രേഷിതപ്രവർത്തനങ്ങളുടെ കാതൽ. പ്രേഷിതവര്യനായ വിശുദ്ധ തോമാശ്ലീഹായുടെ വഴികളെ പുതിയ കാലഘട്ടത്തിൽ ഫലപ്രദമായി അടയാളപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടു കൂടുതൽ സ്‌നേഹവും കരുണയും നമുക്കുണ്ടാകണം. സഭയുടെ തലങ്ങളിൽനിന്ന് സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിലേക്ക് പ്രേഷിതചൈതന്യം വ്യാപിക്കണം. സമൂഹത്തിന്റെ സമഗ്രമായ വളർച്ചയിൽ സഭാശുശ്രൂഷകളുടെ നന്മയും പ്രതിഫലിക്കേണ്ടതുണ്ട്.
സഭ ഇന്ന് നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളിൽ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും നാം മുന്നോട്ടു പോകണം. സഭയോട് ചേർന്ന് ചിന്തികകാനും പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. വിശ്വാസത്തിലും പ്രവർത്തനങ്ങളിലും തീക്ഷ്ണത അണയാതെ സൂക്ഷിക്കണമെന്നും മേജർ ആർച്ച് ബിഷപ് ഓർമിപ്പിച്ചു.
രാവിലെ ഛാന്ദാ രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ വിജയാനന്ദ് നെടുംപുറം പതാക ഉയർത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളുമായി മേജർ ആർച്ച് ബിഷപ് ആശയവിനിമയം നടത്തി. മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ റാസ കുർബാനയിൽ സത്‌ന രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ വചനസന്ദേശം നൽകി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആർച്ച് ഡീക്കനായി.
ഉച്ചകഴിഞ്ഞ് മേജർ ആർച്ച് ബിഷപ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് മാർ ജോസഫ് കുന്നത്ത്, ബിഷപ് മാർ വിജയാനന്ദ് നെടുംപുറം, കൂരിയ ചാൻസിലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫിനാൻസ് ഓഫീസർ ഫാ. മാത്യു പുളിമൂട്ടിൽ, ജനറൽ കൺവീനർ റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഫാ. മൈക്കിൾ കാരിക്കുന്നേൽ, സിസ്റ്റർ എൽസി സേവ്യർ, ബിജു പറയന്നിലം, ഡോ. കെ.വി. റീത്താമ്മ, അഞ്ജന ട്രീസ ജോസ്, സിസ്റ്റർ പ്രവീണ എന്നിവർ പ്രസംഗിച്ചു.
പാലാ രൂപതയിലെ ഭരണങ്ങാനം, പ്ലാശനാൽ ഇടവകകളിലെയും എഫ്.സി.സി സന്യാസിനിമാരുടെ നേതൃത്വത്തിലുള്ള ഭരണങ്ങാനം എസ്.എച്ച് ഹയർ സെക്കന്ററി സ്‌കൂളിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച മാർഗം തെളിച്ച മാർത്തോമ എന്ന സംഗീതനൃത്തശില്പം ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സീറോ മലബാർ രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നും പ്രതിനിധികൾ സഭാദിനാഘോഷത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

Don’t want to skip an update or a post?