Follow Us On

28

March

2024

Thursday

ചരിത്രത്തെ ആർക്ക് ഒളിപ്പിക്കാൻ കഴിയും?

ചരിത്രത്തെ ആർക്ക് ഒളിപ്പിക്കാൻ കഴിയും?

ക്രിസ്ത്യാനികൾ മതമർദ്ദനത്തിന് ഇരയായ ദേശങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം തഴച്ചുവളർന്നിട്ടുണ്ടെന്നതാണ് ചരിത്രം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധ്യമാകുമോ എന്ന ചിന്ത പലരുടെയും മനസുകളിലുണ്ട്. എങ്ങനെ നോക്കിയാലും എതിരാളികൾ ശക്തരാണ്-സമ്പത്തും ആയുധശക്തിയുമുണ്ട്. വിശ്വാസം എന്നേക്കുമായി ആ ദേശങ്ങളിൽനിന്ന് ഇല്ലാതാകാനുള്ള സാധ്യതയല്ലേ കൂടുതൽ എന്ന ചിന്ത സ്വഭാവികമായി ഉണ്ടാകാം. യുക്തി കൊണ്ട് ചിന്തിച്ചാൽ അതു ശരിയാണ്. എന്നാൽ, ദൈവത്തിന്റെ ഇടപെടലുകൾ മനുഷ്യബുദ്ധിക്ക് അതീതമാണ്.
ഒഡീഷയിലെ കാണ്ടമാലിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്നത് അതിക്രൂരമായ പീഡനങ്ങളായിരുന്നു.അതിന്റെ കഷ്ടനഷ്ടങ്ങൾ അനേകർ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, വിശ്വാസികളെ ദ്രോഹിക്കാൻ കഴിഞ്ഞതിനപ്പുറം വിശ്വാസത്തിന് പോറലുപോലും ഏല്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ സാക്ഷ്യങ്ങളാണ് അവിടെനിന്നും കേൾക്കുന്നത്. ഒഡീഷയിൽ ഏറ്റവും കൂടുതൽ ക്രി സ്തീയ പുരോഹിതന്മാർ ഇപ്പോഴുള്ളത് കാണ്ടമാൽ ജില്ലയിലാണ്. ഈയിടെ പട്ടം സ്വീകരിച്ചവരിൽ ഒരാളുടെ കുടുംബം കാണ്ടമാൽ കലാപത്തിൽ അക്രമിക്കപ്പെട്ടിരുന്നു.
ക്രൈസ്തവർ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. ക്രിസ്ത്യാനികൾ മറ്റ് വിശ്വാസങ്ങളുടെ നേർക്ക് ഒരു ഉപദ്രവും ചെയ്യാത്തപ്പോഴും നാം ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അവർ നമ്മെ ഭയപ്പെടുന്നു എന്നാണർത്ഥം. തന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായി നിൽക്കുന്നത് ക്രൈസ്തവ വിശ്വാസമാണെന്ന് തിന്മയ്ക്ക് നിശ്ചയമുണ്ട്. അതുകൊണ്ടാണ് ക്രിസ്തീയതയെ തകർക്കാൻ അവൻ പല മാർഗങ്ങൾ തേടുന്നത്. അതിന് പലരെയും ഉപകരണങ്ങളാക്കുന്നു എന്നുമാത്രം. ക്രൈസ്തവ വിശ്വാസം തളരുമ്പോൾ തിന്മയുടെ ആധിപത്യമായിരിക്കും ഉണ്ടാകാൻ പോകുന്നത്. വിശ്വാസത്തിന്റെ സ്ഥാനത്ത് മനുഷ്യനെ ആകർഷിക്കുന്നതിനായി മറ്റുപലതും കൊണ്ടുവരും. അവിടെ ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളോ വേലിക്കെട്ടുകളോ ഉണ്ടാകില്ല. എല്ലാം മ നുഷ്യന്റെ സ്വാതന്ത്ര്യമായി ഉയർത്തിക്കാട്ടും.
അവിടേക്ക് സമൂഹം അതിവേഗം ആകർഷിക്കപ്പെടും. എന്നാൽ, മനുഷ്യനെ നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഈയാംപാറ്റകളുടെ അവസ്ഥയായിരിക്കും സംഭവിക്കുന്നത്. അതിന് ജീവിക്കുന്ന ഒരുപാട് തെളിവുകൾ നമ്മുടെ മുമ്പിലുണ്ട്. ക്രിസ്തീയ വിശ്വാസത്തിന് തളർച്ച സംഭവിച്ച പാശ്ചാത്യ നാടുകളിലെ സ്ഥിതി പരിശോധിച്ചാൽ മതി. അവിടങ്ങളിൽ കുടുംബങ്ങൾ ശിഥിലമായിരിക്കുന്നു. വിവാഹമാണോ വിവാഹമോചനമാണോ കൂടുതലെന്ന് സംശയം ഉളവാക്കുന്ന വിധത്തിലാണ് ഭാര്യ-ഭർത്താക്കന്മാരുടെ വേർപിരിയലുകൾ. ക്രിസ്തീയതയുടെ തളർച്ച വിശ്വാസത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ക്രിസ്തീയ വിശ്വാസം ഈ ലോകത്തെ താങ്ങിനിർത്തുന്ന തൂണാണ്. അടിത്തറയിൽ വിള്ളലുകൾ ഉണ്ടായാൽ കോട്ട എത്ര ശക്തമാണെങ്കിലും തകർന്നുവീഴും. അതിനാലാണ് ക്രിസ്തീയതയെ തകർക്കാൻ തിന്മ പലവിധത്തിൽ ശ്രമിക്കുന്നത്. ലോകത്തെ തന്റെ വരുതിയിൽ കൊണ്ടുവരാൻ പിന്നെ ബുദ്ധിമുട്ടില്ലെന്ന് അവന് നിശ്ചയമുണ്ട്.
പ്രതിസന്ധികളുടെ മുമ്പിൽ തകർന്നുപോകുന്നതായിരുന്നു വിശ്വാസമെങ്കിൽ ഈ ഭൂമുഖത്ത് അധികം ഇടങ്ങളിലൊന്നും ഇപ്പോൾ ക്രൈസ്തവർ ഉണ്ടാകുമായിരുന്നില്ല. പ്രതിബന്ധങ്ങളുടെ മുമ്പിൽ അതിവേഗം വളരുന്നതാണ് ക്രിസ്തീയതയുടെ എക്കാലത്തെയും പൊതുസ്വഭാവം. കാണ്ടമാലിൽനിന്നും കേൾക്കുന്ന വിശ്വാസ സാക്ഷ്യങ്ങൾ അതിന് ഒരിക്കൽക്കൂടി അടിവരയിടുന്നു. അതിന്റെ ജീവിക്കുന്ന തെളിവുകളാണ് കാണ്ടമാലിലെ പൗരോഹിത്യസ്വീകരണങ്ങൾ. വിശ്വാസം തഴച്ചുവളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് സമർപ്പിത ദൈവവിളികൾ.
ക്രിസ്തുവിനെ ആർക്കും അധികകാലം മറച്ചുപിടിക്കാൻ കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. വൈദികരെ തട്ടികൊണ്ടുപോകുന്നു. വിശ്വാസികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതെല്ലാം യാഥാർത്ഥ്യങ്ങളാണ്. അതിനർത്ഥം അവിടങ്ങളിൽനിന്നെല്ലാം ക്രൈസ്തവ വിശ്വാസം എന്നന്നേക്കുമായി അസ്തമിക്കുന്നു എന്നല്ല. ലോകം പലപ്പോഴും അങ്ങനെയുള്ള ഒരു ചിത്രമായിരിക്കും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുക. പീഡിപ്പിക്കപ്പെടുമ്പോൾ, ഇനി ക്രൈസ്തവർക്ക് രക്ഷയില്ല, വിശ്വാസത്തെ തള്ളിപ്പറയുന്നതായിരിക്കും ബുദ്ധി എന്ന രീതിയിലുള്ള ചിന്തകളിലൂടെ വിശ്വാസികളുടെ മനസുകളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കും. ചില ഭയചിന്തകൾ മനസിലേക്കു കൊണ്ടുവരാനും സാധ്യതയുണ്ട്. ഇതെല്ലാം വിശ്വാസത്തെ തകർക്കാൻ തിന്മ ഒരുക്കുന്ന കെണികളാണ്.
കേവലം എട്ട് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കൺമുമ്പിൽ എന്നപോലെയാണ് കാണ്ടമാലിൽ ക്രൈസ്തവ പീഡനങ്ങൾ അരങ്ങേറിയത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ അവിടെ വിശ്വാസം ശക്തിപ്പെടുന്നതാണ് കാണുന്നത്. ഇത് സ്വർഗം നൽകുന്ന അടയാളങ്ങളാണ്. ഒരു ശക്തിക്കും പ്രതിസന്ധിക്കും ക്രിസ്തീയ വിശ്വാസത്തെ തകർക്കാൻ കഴിയില്ലെന്ന ഉറപ്പ്. വരും കാലങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള പീഡനങ്ങൾ വർധിച്ചുവരും. പീഡനങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ ആന്തരിക നേത്രങ്ങൾ തുറക്കണം. അവിടങ്ങളിൽ വിശ്വാസം ശക്തിയാർജിക്കാൻ പോകുന്നു എന്നതിന്റെ അടയാളമായിട്ട് അവയെ കാണണം. ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസം ആളിപ്പടരുമെന്നത് ആദിമ നൂറ്റാണ്ടുകളിൽ മാത്രം സംഭവിച്ച ഒന്നല്ല. വർത്തമാനകാലത്തും നിറവേറികൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്. വരുന്ന നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹങ്ങളിലൊന്നായിരിക്കും കാണ്ടമാലിലേത് എന്നതിൽ സംശയം വേണ്ട.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?