Follow Us On

20

March

2023

Monday

ഫ്രാൻസിൽനിന്നൊരു വെള്ളരിപ്രാവ്

ഫ്രാൻസിൽനിന്നൊരു വെള്ളരിപ്രാവ്

ചില പൂച്ചെടികൾ അങ്ങനെയാണ്. അതിൽ പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾ മാത്രം മതി, ഒരു മലർവാടിയെ മനോഹരമാക്കാൻ. അല്ലെങ്കിൽ അതിൽ വിരിഞ്ഞ ഒരൊറ്റ പൂവ് മാത്രം മതി, അതിൽ മൊട്ടിടാതെപോയ ഒരായിരം പൂക്കൾക്ക് പകരമാകാൻ!
കേരളസഭയും അങ്ങനെതന്നെ. ഇവിടെ ദൈവവിളികൾ കുറഞ്ഞുവരുന്നു, സഭ പ്രതിസന്ധിയിലാകും എന്ന് കരുതുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് തെറ്റി. വിശുദ്ധരുടെ വിളനിലമാണ് കേരളസഭയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ദൈവവിളിയാൽ സമ്പന്നമായ കേരളസഭയെ നോക്കിക്കൊണ്ടാണ്. വിശുദ്ധിയുടെ പരിമളം പരത്തി കേരളസഭയെ മനോഹരിയാക്കുന്ന ഒട്ടനവധി വിശുദ്ധർ ഇനിയും പ്രഖ്യാപിക്കപ്പെടാനുണ്ട്. ഈ സത്യത്തിന് സാക്ഷ്യമേകുന്ന അനേക സമർപ്പിത ജീവിതങ്ങൾ നമ്മുടെയിടയിലുണ്ട്. നിത്യജീവന്റെ നീരുറവതേടി ഇപ്പോൾ ഒരു വിദേശവനിതയും കേരളസഭയിലെത്തിയിരിക്കുന്നു! ഒരുപക്ഷേ, ഇങ്ങനെയൊരു സംഭവം ഇതാദ്യമായിട്ടായിരിക്കാം. സിസ്റ്റർ മറി വിക്ട്‌വ (മരിയ വിക്‌ടോർ) എന്ന ഫ്രഞ്ച് യുവതിയുടെ ജീവിതത്തിലെ കൗതുകകരമായ ചില സംഭവങ്ങൾ ഇവിടെ കുറിക്കുന്നു.
ഫ്രാൻസിലെ റിയൂണിയൻ ഐലന്റിലെ മേൽത്തരം കുടുംബത്തിൽ ജീവിതത്തിന്റെ സുഖമധുരമെല്ലാം നുകർന്ന് പാറിപ്പറന്ന ഒരു യൗവനകാലം. 1974-ൽ ആയിരുന്നു ജനനം. ചെറുപ്പത്തിലേ പിതാവ് ലൂയിസ് മരിച്ചുപോയി. ഏക സഹോദരി എലിസബത്ത് ഭർത്താവിനോടും അഞ്ചുമക്കളോടുമൊപ്പം ഫ്രാൻസിൽ താമസിക്കുന്നു. പത്തൊൻപതാമത്തെ വയസിൽ മറി തന്റെ ഉന്നതവിദ്യാഭ്യാസത്തിനായി പാരീസിൽ എത്തി. രോഗിയായ അമ്മ സൂസന്റെ മരണം അന്ന് യുവതിയായ മറിയുടെ ജീവിതത്തെ പിടിച്ചുകുലുക്കി. അങ്ങനെ അവൾ മാതൃസഹോദരന്റെ സംരക്ഷണത്തിലായി.
അക്കാലത്ത് കൂടുതൽ അറിയുവാൻ ഇടയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം മറിയെ ഏറെ സ്വാധീനിച്ചു. ഒരു കർമലീത്ത സന്യാസിനിയാകാനുള്ള ഉൾവിളി അവൾ തിരിച്ചറിഞ്ഞു. പക്ഷേ ഒരു മിണ്ടാമഠത്തിന്റെ ചൈതന്യം ഉൾക്കൊള്ളുവാൻ അപ്പോഴും അവൾക്ക് കഴിഞ്ഞില്ല. ആയതിനാൽ അവൾ പാവപ്പെട്ടവരുടെയും അവശരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. എങ്കിലും അവളുടെ ഉള്ളിലെ ദൈവസ്വരത്തിന് കാതോർത്തപ്പോൾ തന്റെ യഥാർത്ഥ ദൈവവിളി അവൾ തിരിച്ചറിഞ്ഞു. അത് തന്റെ ആത്മീയ ഉപദേഷ്ടാവുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രോത്സാഹനം തന്റെ തീരുമാനത്തെ കൂടുതൽ ദൃഢതയുള്ളതാക്കി. വിശുദ്ധ മദർ തെരേസയുടെ മധ്യസ്ഥവും കൂടുതൽ ശക്തിയേകി. അങ്ങനെ മറി വിക്ട്‌വ ഫ്രാൻസിലെ കർമ്മലീത്ത മിണ്ടാമഠത്തിൽ ചേർന്നു.
കേരളസഭയിലേക്കുള്ള വഴിത്തിരിവ്
ഫ്രാൻസിലെ സിസ്റ്റർ മറി വിക്ട്‌വ സീറോ മലബാർ സഭയിലെ മലയാറ്റൂർ മിണ്ടാമഠത്തിലെത്തിയ സംഭവം കൗതുകമേറിയതായിരുന്നു. ഒരിക്കൽ സിസ്റ്റർ മറി ഫ്രാൻസിലെ ഒരു ദൈവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി പോയി. പതിവിന് വിപരീതമായി അന്ന് ഒട്ടും മനസിലാകാത്ത ഭാഷയിലുള്ള വിശുദ്ധ കുർബാനയായിരുന്നു അവിടെ. കാർമികനും അൾത്താരശുശ്രൂഷകരും ഗായകസംഘവും വിശ്വാസികളും ഒരുപോലെ ഭക്തിനിർഭരമായി ഒത്തൊരുമിച്ച് അർപ്പിക്കുന്ന ആ ദിവ്യബലി സിസ്റ്റർ മറിയെ വല്ലാതെ ആകർഷിച്ചു. പിന്നീട് അന്വേഷിച്ചറിഞ്ഞപ്പോൾ അത് സീറോ മലബാർ റീത്തിലെ മലയാളം കുർബാനയായിരുന്നുവെന്ന് മനസിലായി. ഉടനെ തന്റെ സഭാധികാരികളുടെ അനുവാദത്തോടെ മലയാറ്റൂർ കാർമലിലേക്ക് കത്തെഴുതി. എങ്കിലും ഒട്ടേറെ തടസങ്ങൾ സിസ്റ്ററിന് നേരിടേണ്ടി വന്നു. ആദ്യം ആറുമാസത്തേക്ക് ടൂറിസ്റ്റ് വിസയിൽ ഇവിടെയെത്തി. പിന്നീട് ഫ്രാൻസിൽ തിരിച്ചെത്തി പെർമനന്റ് വിസക്ക് അപേക്ഷിച്ച് കാത്തിരുന്നു.
സിസ്റ്റർ മറിയുടെ മലയാറ്റൂർ കാർമലിലെ അംഗത്വത്തെപ്പറ്റിയും ഏറെ ആശങ്കയുണ്ടായിരുന്നു അധികാരികൾക്ക് അവർ ഇതെക്കുറിച്ച് പറയുന്നതിങ്ങനെ: ”ആദ്യമായിട്ടാണ് ഇങ്ങനെയൊരു അപേക്ഷ ഞങ്ങൾക്ക് ലഭിക്കുന്നത്. ഫ്രാൻസിൽ ജനിച്ചുവളർന്ന ഒരു യുവതി. ഫാഷൻ നഗരമായ പാരീസിൽ പഠനം. അവളുടെ ശീലങ്ങളും സംസ്‌കാരവും കാഴ്ചപ്പാടുകളുമൊക്കെ ഞങ്ങളുടെ രീതിക്ക് യോജിച്ചതാവുകയില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. അങ്ങനെയൊരു പശ്ചാത്തലത്തിൽനിന്നും ഇവിടെ എത്തുമ്പോൾ ഇവിടുത്തെ രീതികളൊക്കെ അവൾക്കും ശരിയാവുകയില്ല. ഭാഷ അറിയില്ല, കാലാവസ്ഥ, ഭക്ഷണശീലങ്ങൾ, പ്രാർത്ഥനരീതികൾ, ഇവിടുത്തെ അച്ചടക്കവും മറ്റു കാര്യങ്ങളുമൊക്കെയായി പൊരുത്തപ്പെടാൻ ആ പെൺകുട്ടിക്ക് എങ്ങനെ സാധിക്കും? അതുകൊണ്ട് അപേക്ഷ കിട്ടിയിട്ടും ഒരു തീരുമാനമെടുക്കാനായി ഏറെ പ്രാർത്ഥിച്ചു കാത്തിരുന്നു. അവസാനം പരിശുദ്ധാത്മാവന്റെ പ്രേരണമൂലമാണ് അവളോട് ‘യെസ്’ പറയുവാൻ സാധിച്ചത്.
സിസ്റ്റർ മറിക്കുണ്ടായിരുന്ന തീവ്രമായ ആഗ്രഹവും തീക്ഷ്ണമായ പ്രാർത്ഥനയും നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാം ഞങ്ങളെ ഏറെ ആകർഷിച്ചു. തന്റെ ഗുരുനാഥയായ വിശുദ്ധ അമ്മത്രേസ്യായുടെ ആത്മീയ ചൈതന്യവും തനിക്കുവേണ്ടി ബലിയായിത്തീർന്ന ക്രൂശിതന്റെ തിരുമുമ്പിൽ മനസുരുകിയ പ്രാർത്ഥനയുമായി അവൾ മുന്നോട്ട് പോയി.
തന്റെ പ്രാണനാഥനെ തേടിയുള്ള നീണ്ട പ്രയാണത്തിൽ സ്വന്തം നാടും വീടും ഭാഷയും ഭക്ഷണവുമെല്ലാം ഉപേക്ഷിക്കാൻ സിസ്റ്റർ മറിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. കൂടാതെ തന്റെ നാവിന് വഴങ്ങാത്ത മലയാളം ഭാഷ ഏറെക്കുറെ കൈകാര്യം ചെയ്യാനും പഠിച്ചു. ദിവ്യബലിഗാനങ്ങളും പ്രാർത്ഥനകളും പഠിച്ചുവരുന്നു. ഇവിടുത്തെ കപ്പയും ചക്കയുമെല്ലാം നാവിൽ രുചിയായി മാറിക്കൊണ്ടിരിക്കുന്നു. ഏതാനും ദിവസംമുമ്പ് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിൽനിന്നും സഭാവസ്ത്രം സ്വീകരിച്ച് മലയാറ്റൂർ കാർമൽ മിണ്ടാമഠത്തിലെ സന്യാസിനിയായി സിസ്റ്റർ മാറി.
തദവസരത്തിൽ സീറോ മലബാർ റീത്തിലെ വിശുദ്ധ കുർബാനയും ഗാനങ്ങളും വേണമെന്ന് സിസ്റ്ററിന് നിർബന്ധമായിരുന്നു. ഈ തിരുക്കർമങ്ങൾ ഭൂമിയിലെ മനുഷ്യഹൃദയങ്ങളെ സ്വർഗീയാനുഭൂതിയിലെത്തിക്കാനും തന്റെ നിത്യമണവാളനായ യേശുനാഥനെ വിശുദ്ധ കുർബാനയിൽ ദർശിക്കാനും ഏറെ സഹായിക്കുന്നുവെന്നതാണ് സിസ്റ്റർ മറിയുടെ അനുഭവം. ലോക മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ, കാർമൽ മിണ്ടാമഠത്തിന്റെ ദൈവിക നിശബ്ദതയിൽ ലോകത്തിനുവേണ്ടി സക്രാരിയിലെ തമ്പുരാന്റെ മുന്നിൽ കൈവിരിച്ച് നിരന്തരം പ്രാർത്ഥിക്കാനും പരിത്യാഗ പ്രവൃത്തികളിലൂടെ സ്വയം ശൂന്യവൽക്കരിച്ച് വിശുദ്ധിയുടെ ഗിരിശൃംഗത്തിലെത്താനും സിസ്റ്റർ മറി വിക്ട്‌വ ഇപ്പോൾ തിടുക്കം കൂട്ടുകയാണ്.
ദൈവവിളി ക്യാമ്പുകൾ നടന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ സിസ്റ്റർ മറിയുടെ വിശ്വാസ തീക്ഷ്ണതയും മിഷൻചൈതന്യവും നമുക്കും വലിയ പ്രചോദനമാവട്ടെ. സിസ്റ്റർ മറിക്ക് നമ്മുടെ പ്രാർത്ഥനാശംസകൾ!
ജോൺ തെങ്ങുംപള്ളിൽ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?