Follow Us On

19

January

2019

Saturday

യേശു നാമ മന്ത്രം

യേശു നാമ മന്ത്രം

യേശുനാമം സൗഖ്യദായകമാണ്: ”യേശുവേ, എന്നിൽ കനിയണമെ” എന്ന് നിലവിളിച്ചവർക്കെല്ലാം യേശു ഉത്തരമരുളി.
”ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” എന്ന് അന്ധൻ പ്രാർഥിച്ചപ്പോൾ, അവനു സൗഖ്യം കിട്ടി (മർക്കോ 10,47). അതുപോലെ യേശുവിനെ നോക്കി ”യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമെ” എന്ന് വിളിച്ചപേക്ഷിച്ച പത്തു കുഷ്ഠരോഗികൾക്കും സൗഖ്യം ലഭിച്ചു (ലൂക്ക. 17,13) ”കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും” എന്ന് വിശ്വാസപ്രഖ്യാപനം നടത്തിയവനും (മത്താ 8,3; മർക്കോ 1,40) ”കർത്താവേ, എന്റെ പുത്രനിൽ കനിയണമെ” എന്നപേക്ഷിച്ചവനും (മത്താ. 17,15) അനുഗ്രഹം കിട്ടി.
യേശുവിന്റെ പാദത്തിൽ വന്നിരുന്ന് കരഞ്ഞ പാപിനിയും സന്തോഷത്തോടെ തിരികെ പോയി (ലൂക്ക.7,36-50). കല്ലേറു കൊണ്ട് പിടഞ്ഞു മരിക്കുമെന്ന് കരുതിയവൾ യേശുവിന്റെ പക്കൽ നിന്ന് സന്തുഷ്ടയായി തിരികെപ്പോയി (യോഹ. 8,1-11). അതുപോലെ നിരവധി സംഭവങ്ങൾ സുവിശേഷത്തിൽ നാം വായിക്കുന്നു,.
തന്നെ സമീപിച്ചവർക്കെല്ലാം യേശു സൗഖ്യദാതാവായിരുന്നു: ”എന്റെ അടുത്തു വരുന്നവനെ ഞാൻ ഒരു നാളും തള്ളിക്കളയുകയില്ല” എന്ന് സ്പഷ്ടമായി അവിടുന്ന് അറിയിച്ചു.വിശ്വാസത്തോടുകൂടെ യേശുവിനെ സമീപിച്ചവരൊക്കെ സ്വീകൃതരായി, പാപവിമുക്തരായി, സൗഖ്യം പ്രാപിച്ചവരായി, അവന്റെ പിന്നാലെ പോയി.
ഇന്ന് യേശുക്രിസ്തു ആത്മാവായി, ജീവദാതാവായി, മഹത്വീകൃതനായി, കൂടുതൽ ശക്തിമാനായി, മഹോന്നതനായി, നമ്മുടെയെല്ലാം മധ്യസ്ഥനായി, പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു. ”യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെ”(എബ്രാ. 13,8). അവന് മാറ്റമില്ല. അവൻ സത്യവാനും വാഗ്ദാനങ്ങളിൽ വിശ്വസ്തനുമാണ്. അവൻ വാക്കു മാറ്റി പറയുന്നവനല്ല. അവൻ സർവശക്തനും സ്‌നേഹസമ്പന്നനും മനുഷ്യസ്‌നേഹിയും കാരുണ്യവാനും അനുകമ്പയുള്ളവനും എല്ലാം പൊറുക്കുന്നവനുമാണ്. അവിടുന്ന് നമ്മുടെ രക്ഷകനും നാഥനും നിയന്താവും നമുക്കെല്ലാം ഉപരിനന്മ കാംക്ഷിക്കുന്നവനുമാണ്.
നിങ്ങൾ ഏതു ജാതിയിൽ പെട്ട ആളായിരുന്നാലും, ഏതു മതത്തിൽ പെട്ട ആളായിരുന്നാലും, ഏതു വിഭാഗത്തിൽ പെട്ട ആളായിരുന്നാലും, ഏതു രാജ്യത്തിൽ പെട്ട ആളായിരുന്നാലും, വിശ്വാസപൂർവം യേശുവിനെ വിളിച്ചപേക്ഷിച്ചാൽ, നിശ്ചയമായും നിങ്ങൾക്ക് മറുപടി കിട്ടും. ”എനിക്ക് ഇത് ചെയ്യാൻ കഴിവുണ്ടെന്ന് നീ വിശ്വസിക്കുന്നുവോ?” എന്നാണ്, തന്നെ സമീപിച്ചവരോട് അവിടുന്ന് ആരാഞ്ഞത്. യേശു സർവശക്തനാ ണെന്നും നമ്മെ സ്‌നേഹിക്കുന്നെന്നും നമുക്ക് ഉത്തരമരുളുമെന്നും ഉറച്ചു വിശ്വസിക്കുന്നവർക്ക് യേശു സമീപസ്ഥനാണ്. എന്നിട്ട് നിങ്ങളുടെ യാചനകൾ അവിടുത്തെ സമക്ഷം സമർപ്പിച്ചുകൊള്ളൂ. നിങ്ങൾ അത്ഭുതങ്ങൾ ദർശിക്കും.
ശാരീരികമോ, മാനസ്സികമോ, ആത്മീയമോ ആയ അസ്വസ്ഥതകൾ ഉള്ളപ്പോൾ, കൈ നെഞ്ചത്ത് ചേർത്തു വച്ച് യേശുവേ എന്ന് ഈ പരിപാവനനാമം കുറേ നേരം ഉച്ചരിക്കുക. ശാന്തമായിരുന്ന് ഈ മഹോന്നതവും ശ്രേഷ്ഠവും അതുല്യവുമായ നാമം കുറേ നേരം ചൊല്ലി നോക്കുക. രോഗം വരുമ്പോൾ ആദ്യം യേശുവിനെ സമീപിക്കുക.
രോഗം യേശുവിന്റെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുക. യേശുവിനെ വിളിച്ചപേക്ഷിക്കുക. ”യേശുവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമെ,” എന്നോ, ”ദൈവപുത്രനായ യേശുവേ, പാപിയായ എന്നിൽ കനിയണമെ” എന്നോ തുടർച്ചയായി ചൊല്ലുന്നത് നല്ലതാണ്. യേശുനാമം മാത്രം ഉച്ചരിക്കുന്നതും സൗഖ്യദായമമാണ്. യേശുനാമം നമ്മെ വ്യത്യസ്ത വ്യക്തികളാക്കും. അവിടുത്തേക്ക് എന്നുമെന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ.
ഫാ. ഗീവർഗീസ് ചേടിയത്ത്
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?