Follow Us On

28

March

2024

Thursday

ബലിയര്‍പ്പണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു..

ബലിയര്‍പ്പണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു..

മെഡിക്കൽ ഡോക്ടറായതിനുശേഷം കത്തോലിക്കാ പുരോഹിതനായി മാറിയ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ ഹൃദയസ്പർശിയാ അനുഭവം…
‘സന്യാസത്തിന് പോകാൻ അമ്മ അനുവദിച്ചാൽ കാലിൽ കടിച്ചുപിടിച്ചിരിക്കുന്ന മുതല എന്നെ ഉപേക്ഷിച്ചുപോകും, അമ്മേ…അമ്മേ” എന്ന് കാലടിയിലെ പൂർണ്ണ നദിയിൽ അമ്മയോടൊപ്പം സ്‌നാനത്തിനിറങ്ങിയ ബാലനായ ശങ്കരൻ കരഞ്ഞപേക്ഷിച്ചപ്പോൾ വടക്കുംനാഥന് നേർച്ചകാഴ്ചകൾ അർപ്പിച്ച് ലഭിച്ച ആ കുഞ്ഞിനെ അമ്മ ഈശ്വരന് വിട്ടുകൊടുത്തു. ഇത് ആദിശങ്കരന്റെ ദൈവവിളി. ദൈവത്തെ കാണിച്ച് തന്നാൽ സന്ന്യാസം സ്വീകരിക്കാം എന്ന് ശ്രീരാമകൃഷ്ണപരമഹംസരെ വെല്ലുവിളിച്ച നരേന്ദ്രന് ഗുരുവിന്റെ ഹൃദയത്തെ സ്പർശിച്ചപ്പോൾ ഉണ്ടായ അനുഭവം സ്വാമി വിവേകാനന്ദന്റെ ദൈവവിളി. ”ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജന” മെന്ന സുവിശേഷവാക്യത്തിലൂടെ പാരീസ് സർവകലാശാലയിലെ ധിഷണാശാലിയായ പ്രഫസറും പ്രഭുകുമാരനുമായ ഫ്രാൻസിസ് സേവ്യറിന് വൈദികനാകാനുള്ള ദൈവികവിളി ലഭിച്ചു. ദൈവസ്വരം ശ്രവിച്ചപ്പോൾ കിടക്കുന്ന ശയ്യവിട്ട് സിദ്ധാർത്ഥൻ ഓടിയത് ബോധോദയത്തിന്റെ ഗിരിശ്യംഗത്തിലേക്ക്. ലോകചരിത്രത്തിൽ സമ്പൂർണ്ണ സമർപ്പണത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടിയ ഏതാനും സാധാരണക്കാരായ വ്യക്തികളുടെ ജീവിതഗ്രന്ഥത്തിലെ ആദ്യതാളുകളാണവ. കാര്യം മനസ്സിലാക്കാൻ കഴിവില്ലാതിരുന്ന പലരും, പ്രത്യേകിച്ച് നിരീശ്വരവാദികൾ, ഇത് ചിത്തഭ്രമം ബാധിച്ചവരാണെന്ന് ആദ്യം മുദ്രചാർത്തി ആഴങ്ങളിലേക്ക് പ്രവേശിച്ച് വസ്തുനിഷ്ഠമായി അന്വേഷിച്ചപ്പോൾ, ഇത് ദൈവമാകുന്ന നിത്യസനാതന സത്യത്തെ പുൽകാൻ സർവ്വവും ഉപേക്ഷിച്ചുകൊണ്ടുള്ള തീർത്ഥയാത്രയുടെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞു. പതിനായിരങ്ങളിൽ നിന്നൊ ലക്ഷങ്ങളിൽ നിന്നൊ ഒരാൾക്ക് ലഭിക്കുന്ന അപൂർവ്വ ദൈവവിളിയാണത്. ഈശ്വരനെ പ്രാപിക്കാൻ ആത്മാവിന്റെ തീക്ഷണമായ ആഗ്രഹമുള്ളവർക്ക് മാത്രമേ ഈ വിളി അതിന്റെ പൂർണ്ണ അർത്ഥത്തിൽ ജീവിച്ച് തീർക്കാനാകൂ. കാരണം ആകർഷണീയങ്ങളായ വർണ്ണപുഷ്പങ്ങൾക്കുള്ളിൽ ”മുള്ളു മുരട് മൂർഖൻ പാമ്പുകൾ” ഒളിച്ചിരിക്കുന്ന ഒരു അവസ്ഥ കൂടിയാണ് സമ്പൂർണ്ണ സമർപ്പിതമായ പൗരോഹിത്യ ജീവിതം.
മേൽപ്പറഞ്ഞതെല്ലാം വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങൾ. എന്നാൽ പൂർണ്ണ നദിയിലെ മുതല കാലിൽ പിടിച്ചുവലിക്കാൻ തുടങ്ങിയപ്പോഴാണ് സ്വന്തം ജീവിതത്തിൽ അതിന്റെ ഗൗരവം തിരിച്ചറിയാനാരംഭിച്ചത്. ബാലനായ ആദിശങ്കരനെ മുതലപിടിച്ച് വലിച്ചുകൊണ്ടുപോകാൻ ആഗ്രഹിച്ച പ്രായത്തിൽത്തന്നെയാണെന്ന് തോന്നുന്നു, യാതൊരു കാരണമോ, പ്രേരണയോ ഇല്ലാതെ പൂർണ്ണമായി ദൈവത്തോടൊപ്പമായിരിക്കണമെന്ന ചിന്ത മനസ്സിൽ മൊട്ടിടുന്നത്. പ്രൈമറി ക്ലാസുകൾ കഴിഞ്ഞപ്പോഴേക്കും കുറെക്കൂടി വ്യക്തത വന്നതിനാൽ, മാതാപിതാക്കളോടുള്ള സംഭാഷണത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി ഓർക്കുന്നു. ഇത്തരം വിഷയങ്ങൾ സംസാരിക്കാൻ അധികം കൂട്ടുകാരെ പ്രതീക്ഷിക്കാനാവില്ലല്ലൊ. പഠിപ്പ് പൂർത്തിയാക്കി നല്ല ജോലിയും ശമ്പളവും ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനാൽ പലപ്പോഴും ഹൈസ്‌കൂൾ തലത്തിലും പ്രീ ഡിഗ്രി (പ്ലസ് വൺ, പ്ലസ്ടു) തലങ്ങളിലും ഏതാണ്ടൊരു ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെട്ടിരുന്നു. പക്ഷെ അതിനിടയിലെ ഏക ആശ്വാസം പ്രാർത്ഥനയിൽ യേശുവുമായുള്ള സ്‌നേഹസംഭാഷണവും, ചിലപ്പോൾ പിടിച്ചുവലികൾക്കിടയിലെ തുറന്ന സംവാദവുമായിരുന്നു. ഏതായാലും മനസ്സിന്റെ ചലനങ്ങൾ മനസ്സിലാക്കി പ്രതികരിക്കാനും വഴി നടത്താനും പര്യാപ്തനായ യേശു എന്ന സുഹൃത്തിനെ അങ്ങനെ കണ്ടെത്താൻ കഴിഞ്ഞു. കലാലയങ്ങളിലെ ഇടനാഴികളിൽ യോഗ്യരും ആത്മാർത്ഥതയുള്ളവരുമായ പലരേയും പരിചയപ്പെടാൻ ഇടയായെങ്കിലും, അത്യപൂർവ്വമാണെങ്കിലും, ഒന്നോ രണ്ടോ പേർ ഹൃദയകവാടം തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും, ഹൃദയത്തിൽ നേരത്തെ കയറിപ്പറ്റിയ, ഞാൻ മറന്നാലും, എന്നെ മറക്കാത്ത യേശു എന്ന സുഹൃത്തിനെ ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിക്കുകയില്ല തന്നെ എന്നതിൽ ഉറച്ചു നിന്നു.
ജീവിതസംഭവങ്ങൾ അധികം വലിച്ചു നീട്ടാതെ പറഞ്ഞാൽ, ഹൃദയത്തിലിരിക്കുന്ന സുഹൃത്ത് എന്നെ വഴിനടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജിലാക്കായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ക്രാന്ത ദൃഷ്ടിയായ സുഹൃത്തിന്റെ ദൈവികകണ്ണുകൾ എനിക്ക് അദൃശ്യമായ കാഴ്ചകളുള്ളവയായിരുന്നുവെന്ന് തിരിച്ചറിയുന്നു. ചുറ്റും ആകർഷണീയങ്ങളായ വ്യക്തികളു, സംഭവങ്ങളും, സ്ഥാനങ്ങളും അതിന്റെ വശ്യത നിർവീര്യമാക്കാൻ ഉള്ളിലുള്ള എന്റെ സുഹൃത്ത് ജാഗ്രത പുലർത്തി. ഞാനും ഉള്ളു തുറന്ന് സഹകരിച്ചു. കാലം എന്റെ ശിരസ്സിൽ ഡോക്ടറുടെ ബിരുദതൊപ്പിയും, കൈകളിൽ സ്റ്റെതസ്‌കോപ്പും സമ്മാനിച്ചു. പക്ഷെ ലക്ഷ്യം എത്രയോ അകലെയാണെന്നറിയാമായിരുന്നു.
ഇതിന്നിടയിൽ തീരുമാനം മാതാപിതാക്കളേയും സഹോദരങ്ങളേയും മാത്രം അറിയിച്ചു. അവർക്ക് ഇതെല്ലാം ഉൾക്കൊള്ളുവാൻ സാധിക്കുമായിരുന്നില്ല. സുബോധത്തോടെയാണോ സംസാരിക്കുന്നത് എന്നുവരെ അവർ സംശയിച്ചു. അവരുടെ നെഞ്ചു പിളരുന്ന വാക്കുകളും കണ്ണീർപുഴയും ഞാൻ കാണാതിരുന്നില്ല. ഇത് സൃഷ്ടിക്കുന്ന വേദനയോടെതന്നെ ഡോക്ടർ ബിരുദം സ്വീകരിച്ചതിന്റെ നാലാം ദിവസം എന്റെ വൈദികപരിശീലനമാരംഭിച്ചു. പ്രായ,വിദ്യാഭ്യാസ പശ്ചാത്തലമൊന്നും എനിക്ക് അനുഭവപ്പെടാഞ്ഞതിന്റെ കാരണം എന്റെ ശക്തിയല്ല, എന്നെ വിളിച്ചവന്റെ കരുത്തും, ആ കരുത്തിലുള്ള വിശ്വാസവുമായിരുന്നു.
പ്രാർത്ഥനയുടേയും കാത്തിരിപ്പിന്റെയും ദീർഘവർഷങ്ങൾ, കൂടെയുണ്ടായിരുന്നവരിൽ ചിലർ വഴിമാറി. ചിലർ ചില ബലഹീനതകൾക്കടിമപ്പെട്ട് കൊഴിഞ്ഞ് വീണു. പക്ഷെ യാതൊന്നും എന്നെ സ്വാധീനിച്ചില്ല. എന്റെ പല സഹപാഠികളും ഇതിന്നിടയിൽ ഉയർന്ന സ്ഥാനങ്ങളിലെത്തി. അതിൽ ചിലർ എന്റെ തീരുമാനം തീർത്തും തെറ്റാണെന്നും പാഴ് വേലയാണെന്നും ഉപദേശിച്ചു. യഥാർത്ഥ ഉപദേശകനും ആശ്വാസകനും ഉള്ളിൽത്തന്നെ പ്രവർത്തനനിരതനായതിനാൽ ഞാൻ അചഞ്ചലനായിരുന്നു. കുടുംബത്തിന്റെ ശക്തമായ പ്രാർത്ഥനാസഹായം അധികം പേർ സഞ്ചരിക്കാത്ത ഈ മാർഗ്ഗത്തിൽ എനിക്ക് വഴിവിളക്കായി.
കാത്തിരുന്ന അഭിഷേകദിനം അടുത്തു വരും തോറും ഹൃദയം വല്ലാതെ തുടികൊട്ടി കൊണ്ടിരുന്നു. വികാരത്തള്ളലിൽ ചങ്കുപൊട്ടുമോ എന്ന് തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. തത്വശാസ്ത്രം, ദൈവശാസ്ത്രം, മനശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയിൽ രണ്ട് ബിരുദങ്ങൾ സമ്പാദിച്ച് മനസ്സിനെ പ്രാർത്ഥന കൊണ്ട് പരുവപ്പെടുത്താൻ തീവ്രശ്രമം നടത്തിയിരുന്നപ്പോഴും ഒരു കാര്യം ഇടക്കിടെ എന്നെ അലട്ടുമായിരുന്നു – ഇത് എനിക്കാകുമോ? അപ്പോഴെല്ലാം കുരിശുതാങ്ങി ക്ലേശിച്ച് മുമ്പോട്ട് പോകുന്ന നിത്യപുരോഹിതന്റെ ചിത്രവും അതിന് തൊട്ട് പിമ്പിൽ തീവ്ര ദു:ഖിതയെങ്കിലും ദൗത്യബോധത്തിന്റെ ഉച്ഛിയിൽ അചഞ്ചലനായി നിൽക്കുന്ന വ്യാകുലമാതാവിന്റെ രൂപവും ശക്തിപകർന്നു.
ആധുനിക കാലഘട്ടത്തിലെ പുരോഹിതർക്ക് പലകാരണങ്ങളാലും മാതൃകയായ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് അഭിഷേകം സ്വീകരിച്ചു. അഭിഷേകാനന്തരം മനസ്സിലേക്ക് ആദ്യം വന്ന ചിന്ത ഇവിടെ കുറിക്കുന്നു. ഇനി മരിച്ചാലും എനിക്കു ദു:ഖമുണ്ടാകില്ല, കാരണം കണ്ണിലെ കൃഷ്ണമണി നാളിതുവരെ കാത്തു സൂക്ഷിച്ച എന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുന്നു! ഈ ലോകത്തിലുള്ള സർവസമ്പത്തും എന്റെ മുന്നിൽ നിരത്തിയാലും ഈ ദൈവികദാനത്തോളം അതൊന്നും എനിക്ക് വിലയുള്ളതാകില്ല. അത്‌കൊണ്ട് തന്നെ ഞാൻ ഉറപ്പിച്ച് പറയും ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് വൈദിക ശുശ്രൂഷയിൽ മുഴുകണം. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാണ് പുരോഹിതൻ എന്നത്.
പൗരോഹിത്യ അഭിഷേകവേളയിലെ പ്രസംഗത്തിൽ കുണ്ടുകുളം പിതാവ് പുരോഹിതർക്ക് നൽകിയ സന്ദേശം ശ്രദ്ധേയമാണ്: ആഗ്രഹമുണ്ടെങ്കിൽ നന്മയിൽ ദൈവത്തോളം ഉയരാനും, ദുഷിച്ചാൽ ലൂസിഫറിനെപ്പോലെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെടാനും ഉപകരിക്കുന്ന കൂദാശയാണിത്. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആശയം ശ്രദ്ധേയമാകുന്നു. പുരോഹിതർ ദൈവങ്ങളല്ല, ദൈവത്തിലേക്കുള്ള ചൂണ്ടു പലക കൈയ്യിലേന്തിയ മനുഷ്യരാണ്. ലൗകിക സ്വാധീനങ്ങളുടെ സമ്മർദ്ദത്തിന് വിധേയപ്പെട്ട് അടിമകളാകാതിരിക്കാൻ പരിശുദ്ധാത്മാവിന്റെ അഭിഷേകശക്തി ഈ ബലഹീനതകൾക്കിടയിലെ ശക്തിയായി മരണം വരെ നിലകൊള്ളണം.
ചില അപജയങ്ങൾ സംഭവിക്കുന്നുവെങ്കിൽ, അത് യേശു സ്ഥാപിച്ച കൂദാശയുടെ പരാജയമല്ല. അവ വിശുദ്ധിയോടെ പരികർമ്മം ചെയ്യാൻ നിതാന്ത ജാഗ്രത പുലർത്തുന്നവർ ശ്രദ്ധിക്കേണ്ടതാണ്. കുമ്പസാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്ര വനിതാ കമ്മീഷന്റെ ശിപാർശ തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല വിശ്വാസികളെ അപമാനിക്കാൻ കൂടിയാണ്. ഒരു ക്രൈസ്തവ വിഭാഗത്തിലെ ചില പുരോഹിതന്മാർ കൂദാശയുടെ രഹസ്യസ്വഭാവത്തെ ഹനിച്ചിട്ടുണ്ടെങ്കിൽ ആ പ്രശ്‌നം തീർച്ചയായും ഗൗരവത്തോടെ പരിഹരിക്കപ്പെടണം. ക്രിസ്തുവിന്റെ പഠനങ്ങളെ ആധികാരികമായി പഠിച്ച് വിലയിരുത്താൻ യോഗ്യതയില്ലാത്തൊരു വ്യക്തിയുടെ പ്രസ്താവനയ്ക്ക് വല്ല പ്രസക്തിയുമുണ്ടോ? തലവേദനയ്ക്ക് മുറിവൈദ്യൻ തലവെട്ടാൻ നിർദ്ദേശിക്കുന്നതിന് സമമായ പരമവിഡ്ഡിത്തമല്ലേ ഇത്. പക്ഷേ ഇത്തരം പ്രസ്താവനകളുടെ പിന്നിലുള്ള അജണ്ട തിരിച്ചറിയാൻ കഴിവില്ലാത്തവരല്ല ഭാരതത്തിലെ ജനങ്ങൾ
കുമ്പസാരത്തെക്കുറിച്ച് ഔദ്യോഗികമായി തീർപ്പ് കൽപ്പിക്കാൻ അതിന്റെ ആത്മീയവും സാമൂഹികവുമായ സൂക്ഷിപ്പുകാർക്ക് മാത്രമേ ധാർമ്മിക അവകാശമുള്ളൂ. സ്വതന്ത്ര വ്യാഖ്യാനങ്ങൾ ആർക്കും നൽകാം, പക്ഷെ അവയ്‌ക്കൊന്നും ആധികാരികതയുണ്ടാകില്ലെന്ന് മാത്രം
ഒരു പുരോഹിതൻ എന്ന നിലയിൽ മാത്രമല്ല ഒരു ഡോക്ടർ എന്ന നിലയിൽ കൂടി ഞാൻ പരികർമ്മം ചെയ്യുന്ന കുമ്പസാരം എന്ന കൂദാശയ്ക്ക് ആത്മീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. ദുർബലരായ മനുഷ്യർക്ക് ചില സാഹചര്യങ്ങളിലുണ്ടാകുന്ന പോരായ്മകൾ മനസ്സിന്റെ ഭാരം വർദ്ധിപ്പിക്കുന്നു. അത് ശരീരത്തെയും ബാധിക്കുന്ന രോഗമായി മാറുന്നു. സൈക്കോ സൊമാറ്റിക് (ജടഥഇഒഛടഛങഅഠകഇ) രോഗങ്ങൾ ഒരു മതത്തിന്റെയും സൃഷ്ടിയല്ല, ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള ചികിത്സാശാഖയാണ്. ചില ഡോക്ടർമാർ ഈ രോഗത്തിനുള്ള മന:ശാസ്ത്ര പരിഹാരമായി വിശ്വാസികൾക്ക് കുമ്പസാരം നിർദ്ദേശിക്കാറുണ്ട് ( രോഗികൾക്ക് സമ്മതമാണെങ്കിൽ മാത്രം) പലർക്കും അത്ഭുതകരമായ സൗഖ്യവും ലഭിക്കുന്നു. ഇതിന്റെ രസതന്ത്രം പഠിക്കാൻ മെഡിക്കൽ വിജ്ഞാനമൊന്നും ആവശ്യമില്ല
മഹാപണ്ഡിതനായ ഫുൾട്ടൻ ജെ.ഷീൻ നിരീക്ഷിക്കുന്നതുപോലെ മൺകുടത്തിൽ സൂക്ഷിച്ചിട്ടുള്ള നിധിയാണ് വിശുദ്ധിയോടും ജാഗ്രതയോടും പരികർമ്മം ചെയ്യപ്പെടുന്നില്ലെങ്കിൽ, അത് തകർന്നടിയാൻ സാദ്ധ്യതയുണ്ടെന്ന് ആനുകാലിക സംഭവങ്ങൾ പഠിപ്പിക്കുന്നു.
വിലയേറിയ രത്‌നം ഒളിഞ്ഞിരിപ്പുള്ള നിധി സ്വന്തമാക്കാൻ, രത്‌നവ്യാപാരി തന്റെ മറ്റ് രത്‌നസഞ്ചയം വിറ്റ് നിധിയുള്ള ഭൂമി കരസ്ഥമാക്കുന്നു. സർവ്വവും ഉപേക്ഷിച്ചുകൊണ്ട്തന്നെയാണ് പ്രഭുകുമാരനായ സെന്റ് ഫ്രാൻസിസ് സേവ്യർ എന്ന വൈദികൻ വൈദികവൃത്തി സ്വീകരിച്ചത് സത്യത്തിനും നീതിക്കും വേണ്ടി രക്തസാക്ഷിയായ ആർച്ച് ബിഷപ്പ് റൊമേയ്‌റോ, പൗരോഹിത്യ ധർമ്മത്തിന്റെ വിശുദ്ധി കാക്കാൻ രക്തസാക്ഷിയായ ആധുനിക കാലഘട്ടത്തിലെ വിശുദ്ധനാണ്. സന്യാസവൈദികനായ ജോൺമെൻഡലിനെ വിസ്മരിച്ചുകൊണ്ട് ജനിതകശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാനാകുമോ? സഹതടവുകാരനെ നാസി ക്യാമ്പിലെ ചേംബറിൽ നിന്ന് രക്ഷിച്ച മാക്‌സ് മില്ല്യൺ കോൾബെ വലിയ പ്രചോദനം നൽകിയ വൈദികനാണല്ലോ. കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച ഫാദർ ഡാമിയൻ മുതൽ അധ:സ്ഥിതർക്കായി ജീവിതം സമർപ്പിച്ച രാമപുരം കുഞ്ഞച്ചൻ ഉൾപ്പെടെയുള്ളവർ ഈ പട്ടികയിൽപ്പെടുന്നു.
ദൈവത്തിനും മനുഷ്യർക്കുമിടയിൽ സ്‌നേഹശുശ്രൂഷ ചെയ്യാൻ ലോകത്തിന് വൈദികരെ ആവശ്യമുണ്ട്. മുറിവേറ്റ സഹോദരങ്ങളുടെ മുറിവുകൾ വെച്ച്‌കെട്ടുന്ന നിത്യപുരോഹിതനായ യേശുക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാണവർ, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമാകാനും സ്വയം സമർപ്പിച്ചവർ. ആ ഗണത്തിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനമെങ്കിലും ലഭിക്കാൻ വിളി ലഭിച്ച ഞാൻ എത്ര ഭാഗ്യവാൻ. കുരിശിലേക്കുള്ള വിളിയാണ് പൗരോഹിത്യമെന്ന സത്യം ഇവിടെ ശ്രദ്ധേയമാകുന്നു.
(തൃശൂർ സെന്റ് തോമസ് കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നായി ബിരുദമെടുത്ത ലേഖകൻ ആലുവ മംഗലപ്പുഴ സെമിനാരിയിലെ പൂർവവിദ്യാർത്ഥിയും തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറുമാണ്.)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?