എറണാകുളം- അങ്കമാലി അതിരൂപതയിലെ തിരുമുടിക്കുന്ന് ഇടവക. ആത്മീയ നിറവുള്ള വികാരിയച്ചന് യാത്രയയപ്പ് കഴിഞ്ഞുള്ള വിരുന്ന് ഒരുക്കിയത് അന്ന് കണ്ടംകളത്തി തറവാട്ട് വീട്ടില്‍ കുഞ്ഞിപ്പൈലോയുടെ ഭവനത്തിലായിരുന്നു. ഭക്ഷണശേഷം അച്ചന്‍ തൊട്ടിയില്‍ ഉറങ്ങുന്ന കുഞ്ഞിന്റെ നിക്കറില്‍ ഒരു മെഡല്‍ കുത്തിക്കൊടുത്തിട്ട് പറഞ്ഞു ”ഇവനൊരു വൈദികനാകും.”
‘ആ പുണ്യപുരുഷന്റെ പ്രവചനം 1998 ജനുവരി പത്തിന് നിറവേറി. ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ തീക്ഷ്ണതയോടെ ക്രിസ്തുവിന്റെ ഉറച്ച മിഷനറിയായി മാറിയ ഫാ. ജിജോ കണ്ടംകുളത്തില്‍ സി.എം.എഫ് ആയിരുന്നു ആ ശിശു. പൗരോഹിത്യം സ്വീകരിച്ച് ആദ്യംതന്നെ ഷില്ലോങ്ങില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ബാലാട്ട് എന്ന ഗ്രാമത്തിലായിരുന്നു അച്ചന് നിയമനം ലഭിച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കുടിലുകള്‍ കെട്ടി ജനങ്ങളെ അച്ചന്‍ അവിടെ ഒന്നിച്ച് കൂട്ടി. ഭക്ഷണം പാകം ചെയ്ത് ആളുകള്‍ അവിടെ താമസിച്ചു. അവരോട് അദേഹം ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു. ഗ്രാമഗ്രാമാന്തരങ്ങളില്‍ നടക്കുന്ന ഇത്തരം ശുശ്രൂഷകള്‍ അനേകരെ ദൈവസ്‌നേഹത്തിലക്ക് ചേര്‍ത്തുനിര്‍ത്തി.
ദൗത്യം ചൈനയിലേക്ക്….
ചൈനയുടെ അഡ്മിനിസ്‌ട്രേറ്റീവ് റീജിയനാണ് മക്കാവു ദ്വീപ്. നൂറോളം വര്‍ഷങ്ങളായി മക്കാവു പോര്‍ച്ചുഗലിന്റെയും ഹോങ്കോങ്ങ് ഇംഗ്ലണ്ടിന്റെയും ഭാഗമായിരുന്നു. ചൈനയുടെ പൊളിറ്റിക്കല്‍ സിസ്റ്റം അംഗീകരിക്കാനും തയ്യാറായിരുന്നില്ല. അതിനാല്‍ മക്കാവു ഇന്ന് സ്വതന്ത്രരാഷ്ട്രമാണ്. അവിടെ ക്ലരീഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ പബ്ലീഷിംഗ് സെന്ററിന്റെ ചുമതലയുമായി ബന്ധപ്പെട്ട് ഫാ. ജിജോ ചാര്‍ജെടുത്തു. തായ്‌വാനില്‍ പോയി ഒമ്പത് മാസം ചെനീസ് ഭാഷയില്‍ പഠനവും നടത്തി. ഏത് ജീവിതാവസ്ഥകളിലൂടെ കടന്ന് പോയാലും ആത്യന്തികമായി തന്റെ ശുശ്രൂഷകളില്‍ അദേഹം ഒരു വിഘ്‌നനവും വരുത്തിയില്ല. തയ്‌വാനിലും ക്രൈസ്തവ സമൂഹങ്ങളെ കണ്ടെത്തി അവര്‍ക്കായി അദേഹം ആത്മീയ ശുശ്രൂഷകള്‍ നടത്തി.
മക്കാവുവിലെ ക്ലരീഷ്യന്‍ പബ്ലീഷിങ്ങ് ഹൗസില്‍ പ്രധാനമായും ബൈബിളാണ് പ്രസിദ്ധീകരിച്ചിരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രിന്റ് ചെയ്യുന്ന പ്രസ് ചൈനയിലെ അമിറ്റി എന്ന സ്ഥലത്താണ്. ലോകത്തിലെ എല്ലാ ഭാഷകളിലേയും ബൈബിള്‍ ഇവിടെ പ്രിന്റ് ചെയ്യുന്നു. അടുത്തകാലത്ത് 500 മില്യണ്‍ ബൈബിളുകളാണ് പ്രിന്റ് ചെയ്തത്രേ. പക്ഷേ അവിടെ പ്രിന്റ് ചെയ്യുന്ന ബൈബിള്‍ ആറുമാസത്തിനകം ചൈനയില്‍ നിന്നും കൊണ്ടുപോകണമെന്നാണ് നിയമം. ഒരുകോപ്പി പോലും ചൈനക്ക് ഉള്ളില്‍ വില്‍ക്കാന്‍ അനുവാദമില്ല. ഗവണ്‍മെന്റ് നിയമിച്ച ഉദ്യോഗസ്ഥര്‍ ഇത് കൃത്യമായി ഉറപ്പാക്കും. നിയമം ലംഘിച്ചാല്‍ കഠിനശിക്ഷയാണ്.
ക്രിസ്തീയ വിശ്വാസം
ചൈനയുടെ പഴയതലസ്ഥന നഗരിയായിരുന്ന ഷിയാ എന്ന സ്ഥലത്ത് ഒരിക്കല്‍ ഫാ. ജിജോ പോയിരുന്നു. അദേഹം ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ”അവിടെ ഒരു ശിലാഫലകത്തില്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ചില കുറിപ്പുകള്‍ ഞാന്‍ കണ്ടു. ഏഴാംനൂറ്റാണ്ടില്‍ അവിടെ ധാരാളം പള്ളികള്‍ ഉണ്ടായിരുന്നു. പല രാജവംശങ്ങള്‍ മാറിമാറി അധികാരം കൈയാളിയതോടെ ക്രൈസ്തവ സമൂഹങ്ങള്‍ അവിടെനിന്നും പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു. അവരില്‍ അവശേഷിച്ച ഒരു നെസ്‌തോറിയന്‍ സന്യാസി 11-ാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പയെ കാണാന്‍ പോയതായി ചരിത്രരേഖ സൂചിപ്പിക്കുന്നു. പിന്നീട് ഇറ്റലിയിലെ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിമാരാണ് ചൈനയില്‍ വന്നത്. 13-ാം നൂറ്റാണ്ടോടുകൂടി രാജഭരണപ്രക്രിയകളിലെ വ്യതിയാനങ്ങള്‍ കൊണ്ട് ക്രൈസ്തവ സഭാസമൂഹങ്ങള്‍ക്ക് വീണ്ടും തിരോധാനം സംഭവിച്ചു. പില്‍കാലത്ത് ഈശോസഭക്കാരും ഡോമിനിക്കന്‍ സന്യാസ സമൂഹങ്ങളും എത്തിയതോടെ ക്രൈസ്തവ വിശ്വാസം ചൈനയില്‍ വലിയ ഉണര്‍വിന് കാരണമായി. 1820 തോടുകൂടി ക്ലരീഷ്യന്‍ കോണ്‍ഗ്രിഗേഷനും ചൈനയില്‍ എത്തി. പ്രവര്‍ത്തനങ്ങള്‍ ശക്തമായി നീങ്ങി.
പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ അധികം താമസിക്കാതെ കമ്മ്യൂണിറ്റ് വിപ്ലവം ചൈനയിലാകെ പടര്‍ന്നുപിടിച്ചു. ആദ്യം ക്രൈസ്തവ സഭക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും 1950 ല്‍ കമ്മ്യൂണിറ്റ് പാര്‍ട്ടി പുതിയ നയം കൊണ്ടുവന്നു. അധികാരമേറ്റ മാവോസെതൂങ്ങ് വിദേശമിഷനറിമാരെ ചൈനയില്‍ നിന്ന് പുറത്താക്കി. രൂപതകള്‍ പലതും ഒന്നിച്ചുചേര്‍ക്കപ്പെട്ടു. ക്രൈസ്തവസമൂഹങ്ങള്‍ക്ക് ആരാധാനാ സൗകര്യങ്ങളോ കൗദാശിക ശുശ്രൂഷകളോ ലഭ്യമാകാത്ത അവസ്ഥയും സംജാതമായി. വത്തിക്കാന്റെ അംഗീകാരത്തോടെയുള്ള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ചൈന അംഗീകരിക്കാതെ വന്നു. പേട്രിയോട്ടിക്ക് സഭ എന്ന രീതിയില്‍ പ്രാദേശിക സഭകള്‍ക്ക് രൂപം നല്‍കുന്ന സമീപനം അധികം വൈകാതെ ഉണ്ടായി. വത്തിക്കാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്കും അതോടെ ഉലച്ചില്‍ തട്ടി.
പേട്രിയോട്ടിക്ക് സഭ
സര്‍ക്കാരിന്റെ അംഗികാരമുള്ള ചൈനയിലെ സഭയാണ് പേട്രിയോട്ടിക്ക് സഭ. അതിന്റെ നിലപാടുകള്‍ രാഷ്ട്രീയ അധികാരത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. തുടക്കത്തില്‍ പാര്‍ട്ടി വക്താവിനായിരുന്നു ഇതിന്റെ ചുമതല. അവര്‍ ബിഷപ്പുമാരെയും വൈദികരേയും വാഴിക്കുന്ന സ്ഥിതി സംജാതമായി. വത്തിക്കാനുമായുള്ള അപ്പസ്‌തോലിക്ക് പാരമ്പര്യങ്ങള്‍ അവര്‍ ലംഘിച്ചു. റിലീജിയസ് ബ്യൂറോ വാഴിക്കുന്ന സഭാധികാരികള്‍ക്ക് വത്തിക്കാനുമായി ഒരു ബന്ധവുമില്ല. എന്നാല്‍ വത്തിക്കാന്റെ അപ്പസ്‌തോലിക്ക് പാരമ്പര്യങ്ങള്‍ ആദരിച്ച് ജീവിക്കുന്ന ചൈനയിലെ പുരാതന സഭാസമൂഹം ഇന്നും അവിടെയുണ്ട്. അവരാണ് അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചസ് എന്നറിയപ്പെടുന്ന വിഭാഗം. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് വത്തിക്കാന്‍ നേരിട്ട് നിയോഗിച്ചിട്ടുള്ള മെത്രാന്‍ന്മാരോ വൈദികരോ ആണ്. ഈ സഭയിലുള്ള മെത്രാന്‍ന്മാരും വൈദികരും വത്തിക്കാനുമായി ബന്ധം പുലര്‍ത്തി രഹസ്യമായ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ആത്മീയ ശുശ്രൂഷകള്‍ വീടുകളിലും മറ്റ് രഹസ്യസങ്കേതങ്ങളിലും നടത്തിപ്പോരുകയും ചെയ്തു.
രണ്ടുസഭ എന്നൊരവസ്ഥ അംഗീകരിക്കാനാവി ല്ലെന്നും അപ്പസ്‌തോലിക് സഭയാണ് ചൈനയിലെ അംഗീകരിക്കപ്പെട്ട സഭ എന്നും വളരെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചൈനക്ക് കത്ത് എഴുതിയതാണ്. ബെനഡിക്റ്റ ്16-മന്‍ പാപ്പയും ഇതേ നിലപാടുതന്നെയാണ് പിന്തുടര്‍ന്നത്.
ഷാവായിലെ പുതിയ മെത്രാന്‍ അദ്ദഹത്തിന്റെ അഭിഷേകച്ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികളും മറ്റ് വിശിഷ്ടാഥിതികളും ഉള്‍പ്പെടെയുള്ള വേദിയില്‍ പരസ്യമായി തന്റെ വിധേയത്വം ഏറ്റു പറഞ്ഞു. ”ഇന്നുമുതല്‍ എന്റെ കടപ്പാടും വിധേയത്വവും വത്തിക്കാനോട് ആയിരിക്കും പേട്രിയോടിക്ക് സഭയോടല്ല.” അടുത്ത ദിവസം ഒരു വണ്ടി നിറയേ പോലീസ് എത്തി അദ്ദേഹത്തെ വീട്ടു തടങ്കലില്‍ ആക്കി. ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ പുതിയ മിഷനറിമാരെ ചൈനയില്‍ പ്രവേശിപ്പിക്കേണ്ട എന്നൊരു നയവും കൂടി സ്വീകരിച്ചിട്ടുണ്ട്.
കണ്ണുനിറയുന്ന അനുഭവങ്ങള്‍
ചൈനയിലെ ക്രൈസ്തവ സമൂഹം കടുത്ത പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളുമാണ് നേരിടുന്നത്. രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന മുഖമുദ്രകള്‍ ഇന്നും അവിടെ ഉണ്ട്. അന്ന് പോലീസ് പിടിച്ച് കൊണ്ടുപോയ ഒരമ്മ തിരിച്ചെത്തിച്ചപ്പോള്‍ വിരലുകളിലെ നഖമെല്ലാം പിഴുതെടുത്ത അവസ്ഥയിലായിരുന്നു. ഇതുകണ്ട മകന്‍ പറഞ്ഞു. ”എന്റെ അമ്മ വേദനകൊണ്ട് പുളഞ്ഞ് രക്തമൊലിക്കുന്ന ഇരു കരങ്ങളും കൂപ്പിപ്പിടിച്ച് നിന്നപ്പോള്‍ ഒരു റോസാപ്പൂ വിടര്‍ന്ന് നില്‍ക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. വിശ്വാസത്തിന് വേണ്ടി അത്രമാത്രം ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ആ അമ്മയുടെ മകന്‍ ഇന്ന് ഊര്‍ജ്വസ്വലനായ മിഷനറി വൈദികനാണ്. 1952-ല്‍ ചൈനയില്‍ ക്ലരീഷ്യന്‍ സഭ നടത്തുന്ന മെഡിക്കല്‍ കോളജിലെ അവസാന ബാച്ചിലെ 25 വിദ്യാര്‍ത്ഥികളെ ബലമായി പിടിച്ച് കൊണ്ടുപോയി. നീണ്ട 25 വര്‍ഷം അവരെ തുറങ്കലിലടച്ചു.
അന്ന് പിടിക്കപ്പെട്ടവരെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഇതുപോലെ നിരവധി സംഭവങ്ങള്‍. ഇന്ന് വ്യത്യസ്ഥമായ പ്രതിരോധ നടപടികളാണ് ചൈനസ്വീകരിച്ചിരിക്കുന്നത്. മാനസികമായി വിശ്വാസികളെ അവര്‍ ഞെരുക്കുന്നു. ദൈവാലയങ്ങള്‍ നശിപ്പിക്കുക, കുരിശുകള്‍ തകര്‍ക്കുക, അരിക്ഷിതാവസ്ഥ സൃഷ്ടിച്ച് ഭീതിയില്‍ നിലനിറുത്തുക തുടങ്ങിയ തന്ത്രങ്ങളാണ് അധികൃതര്‍ പ്രയോഗിക്കുന്നത്. കത്തോലിക്കരോടുള്ള വിരോധം നിമിത്തം രണ്ടായിരത്തിലധികം കുരിശുകള്‍ തകര്‍ത്തിട്ടുണ്ട്. കുരിശുകള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ പ്രതികരണം ഭയങ്കരമായിരുന്നു. പേട്രിയോട്ടിക്ക് ചര്‍ച്ചും അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചും ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചു. ഇന്ത്യയിലെ വാട്‌സ്അപ്പ് ഗ്രൂപ്പുകള്‍ പോലെ ചൈനയിലെ വി-ചാറ്റ് ഗ്രൂപ്പുകളും ശക്തമായി പ്രതികരിച്ചു. എല്ലാ ഗ്രൂപ്പുകളിലും ധാരാളം കുരിശുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥിതിഗതികള്‍ സര്‍ക്കാരിന് ഫലപ്രലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാതെ വന്നു.
എന്തായാലും ചൈനയിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ വിശ്വാസം വളരെ തീക്ഷ്ണമാണെന്ന് ജിജോ അച്ചന്‍ ചൂണ്ടിക്കാട്ടുന്നു.പുതുവര്‍ഷത്തോടനുബന്ധിച്ച് ഒരിക്കല്‍ ഞാന്‍ വചനം പഠിപ്പിക്കാന്‍ ഒരിടത്ത് പോയി. അവിടെയുള്ളവര്‍ എന്നെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. രഹസ്യമായിട്ടായിട്ടാണ് ഞങ്ങളുടെ യാത്ര. അത്താഴം കഴിഞ്ഞ് അവര്‍ പറഞ്ഞു ”നമുക്ക് മറ്റൊരു സ്ഥലം വരെ പോകണം.” അങ്ങനെ ഞങ്ങള്‍ ഒരു അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയിലെത്തി. 200 ഓളം ക്രൈസ്തവര്‍ അവിടെ ഉണ്ട്.
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാം അവര്‍ സജീകരിച്ചിരിക്കുന്നു. അടുത്ത ദിവസം 400 ഓളം ക്രൈസ്തവരാണ് എത്തിയത്. ഇവരെല്ലാം അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ അംഗങ്ങളാണ്. ഗവണ്‍മെന്റ് നിരോധനങ്ങള്‍ വകവയ്ക്കാതെ എത്തിയവര്‍. ഗവണ്‍മെന്റ് എന്തു ചെയ്താലും വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ പോലും തയ്യാറായിട്ടാണ് ഇവരെല്ലാം ദിവ്യബലിക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ഒത്തുകൂടുന്നതെന്ന് ഓര്‍ക്കണം.
കഴിയുന്നത്ര ആളുകള്‍ക്കിടയില്‍ സുവിശേഷം എത്തണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ചൈനയുടെ മണ്ണില്‍ കാലുകുത്തിയത്. അവരുടെ അചഞ്ചലമായ വിശ്വാസത്തിന് മുമ്പില്‍ ഞാന്‍ ഒന്നുമല്ല എന്ന തിരിച്ചറിവാണ് എനിക്ക് ലഭിച്ചത്. അവര്‍ ചോദിച്ചു. ”അച്ചാ! ഞങ്ങള്‍ സഭക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്?” ആ തീക്ഷ്ണത കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയും. നമ്മുടെ വിശ്വാസക്കുറവിനേയും തീഷ്ണതയില്ലായ്മയേയും ഓര്‍ത്ത് ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തും. ചൈനയില്‍ ഏത് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്നാലും അവരുടെ വിശ്വാസസംഹിതയില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിച്ചാലും അത് നടക്കില്ല. കാരണം അത് ദൈവം വളര്‍ത്തിയെടുത്തതാണ്; ഫാ. ജിജോ കൂട്ടിചേര്‍ത്തു.
യുവജനങ്ങളും ധാര്‍മ്മികതയും
ചൈനയുടെ യുവതലമുറയുടെ ധാര്‍മ്മിക കാഴചപ്പാടുകള്‍ അല്‍പ്പം മുന്തിയ നിലവാരം പുലര്‍ത്തുന്നു എന്ന് പറയാം. നമുക്ക് അനുകരിക്കാന്‍ കഴിയുന്ന സവിശേഷതകള്‍ ഇവിടുത്തെ യുവജനങ്ങളില്‍ കാണാം. ഞാന്‍ കത്തോലിക്കനാണ് എന്ന് തുറന്ന് പറയുന്നതില്‍ ഇവിടുത്തെ യുവാക്കള്‍ക്ക് ഒരു മടിയുമില്ല.നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ഞാന്‍ കത്തോലിക്കാക്കാ വിശ്വാസിയെന്ന് പറയാന്‍ മടിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചൈനയിലെ സ്ഥിതി അതല്ല. തങ്ങളുടെ വിശ്വാസത്തെ പ്രകടമാക്കുന്നതില്‍ ഈ യുവജനങ്ങള്‍ തെല്ലും ലജ്ജിക്കുന്നില്ല. ഞാന്‍ ഹോസ്റ്റലുകളില്‍ ക്രൈസ്തവ യുവാക്കള്‍ക്ക് വേണ്ടി രഹസ്യമായി ദിവ്യബലി അര്‍പ്പിക്കാറുണ്ട്.
ജീവിക്കുന്ന വൈദിക സമൂഹം
ഞാന്‍ ഒരിക്കല്‍ ഒരു രൂപതയില്‍ ചെന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയാണവിടെ. സാധാരണ സ്‌ക്കൂളുകളിലേപ്പോലെ ചെറിയ ബെഞ്ചും ഡസ്‌ക്കും ഇരിപ്പിടം. ഉരുളക്കിഴങ്ങോ, മുള്ളങ്കിയോ കഷണമായി മുറിച്ചിട്ട് കുറച്ച് പുളിവെള്ളവും മുളക് പൊടിയും ഉപ്പും ഇട്ട് വേവിച്ചതാണ് ഭക്ഷണം. അതല്ലെങ്കില്‍ ഉണക്കപ്പയര്‍ വേവിക്കും. പച്ചക്കറികള്‍ വെള്ളമൊഴിച്ച് ഉപ്പും ഇട്ട് കഴിക്കും. ഇതിന്റെ കൂടെ ചിലപ്പോള്‍ ചോറും ഉണ്ടാകും. ഇതാണ് വൈദികര്‍ കഴിക്കുന്ന ഭക്ഷണനിലവാരം. മിക്കവരും പ്രായം ചെന്ന വൈദികര്‍. ഇന്നത്തേതുപോലെ മോഡേണ്‍ പരിശീലനങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍. എന്നാല്‍ ഇവരുടെ തീഷ്ണതയും ഒത്തൊരുമയും ആരുടെയും കണ്ണുകള്‍ തുറപ്പിക്കും.
മെത്രാന്‍ അതിരാവിലെ ചാപ്പലില്‍ എത്തി ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് മുട്ടിന്മല്‍നിന്ന് ധ്യാനിക്കും ദിവ്യബലിക്കുള്ള സമയംവരെ അതേ നില്‍പ്പ്. ബൈബിള്‍ വചനങ്ങള്‍ ഹൃദയഫലകങ്ങളില്‍ എഴുതി വയ്ക്കപ്പെട്ട സമൂഹം. ഏറ്റെടുത്ത വ്രതാനുഷ്ഠാനങ്ങള്‍ക്ക് അണുവിട മാറ്റമില്ലാത്ത സാക്ഷ്യജീവിതം. ഇത്രയും ആത്മീയ വെളിച്ചം പകരുന്ന ഈ വന്ദ്യവൈദികരെ ഞാനെന്തു പഠിപ്പിക്കും? കടുത്ത ആത്മസംഘര്‍ഷം എനിക്കനുഭവപ്പെട്ടു.. അവരുടെ മെത്രാനെ കണ്ടപ്പോള്‍ തീച്ചൂളപോലെ ജ്വലിച്ച് നില്‍ക്കുന്ന തേജോമയമായ മുഖഭാവം. ആത്മീയതയുടെ സൂഷ്മഭാവങ്ങള്‍ പോലും നിറഞ്ഞ് നില്‍ക്കുന്ന ആ കണ്ണുകളിലെ പ്രസരിപ്പും ചൈതന്യവും വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. പറഞ്ഞാല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും. അത്രയും തീഷ്ണതയും പരിശുദ്ധിയും നിറഞ്ഞ് നില്‍ക്കുന്ന ജീവിതം. വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായി മാര്‍ഗനിര്‍ദേശം നല്‍കുന്ന ഈ വൈദിക ശ്രേഷ്ഠനും വൈദികരും ചെനയിലെ സഭക്ക് എന്നും വലിയ മുതല്‍ക്കൂട്ടാണ്.
ചൈനയിലെ സഭയുടെ ഭാവി
ഇന്നത്തെ പശ്ചാത്തലത്തില്‍ കേവലം വേദപഠനമോ, സുവിശേഷവല്‍ക്കരണമോ കൊണ്ടുമാത്രം ചൈനയില്‍ പിടച്ചുനില്‍ക്കാന്‍ സഭക്ക് കഴിയില്ല. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകട്ടെ ചൈനയിലെ കത്തോലിക്കാ സഭയുടെ ഭാവി നിയന്ത്രിക്കാന്‍ തക്ക വിധം ഊര്‍ജ്ജം പകര്‍ന്ന് നല്‍കി നല്ല ഭരണപാടവമുള്ള പ്രാദേശിക മിഷനറിമാരെ ധാരാളമായി വളര്‍ത്തിയെടുക്കണം. അതുതന്നെയാണ് ചൈനയുടെ മണ്ണില്‍ എന്റെ പ്രവര്‍ത്തനലക്ഷ്യവും; ഫാ. ജിജോയുടെ കണ്ണുകളില്‍ പ്രത്യാശയുടെ വലിയ തിളക്കം.
നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്….. ഏത് ഭരണ കൂടങ്ങളും രാജവംശങ്ങളും ഒരു നിശ്ചിത കാലഘട്ടത്തിന് ശേഷം കെട്ടടങ്ങും. പക്ഷേ കര്‍ത്താവിന്റെ സഭ ലോകാവസാനത്തോളം നിലനില്‍ക്കും.
Leave a Comment
Your email address will not be published. Required fields are marked with *