Follow Us On

29

March

2024

Friday

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ദൈവത്തിന്റെ സമ്മാനം

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ദൈവത്തിന്റെ സമ്മാനം

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സമയത്ത് അന്നത്തെ കൊളോണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോസഫ് ഫ്രിന്‍ജ്‌സും കാതോലിക്കോസായിരുന്ന മാര്‍ ഗ്രിഗോറിയോസും തമ്മില്‍ റോമില്‍ ആരംഭിച്ച സൗഹൃദം ജര്‍മനിയിലും ഇന്ത്യയിലും ഇന്നും ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. സൗഹൃദം, ഐകദാര്‍ഡ്യം, വിവിധ മേഖലകളിലുള്ള പരസ്പരസഹകരണം എന്നിവ അവയില്‍ ചിലതാണ്. രണ്ട് രാജ്യങ്ങളിലായി വ്യത്യസ്തമായ സംസ്‌കാരവും ആരാധനാക്രമവും പിന്തുടരുന്ന വിശ്വാസികളുടെ വിശ്വാസസാക്ഷ്യവും ആഴമായ ഭക്തിയും ഇരുകൂട്ടരുടെയും കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കാനും ഈ സൗഹൃദത്തിന് ശക്തി പകരാനും കാരണമായിട്ടുണ്ട്.

ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് നയിക്കാവുന്ന ഒന്നല്ല വിശ്വാസജീവിതമെന്നും വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ആരാധനാക്രമങ്ങളും ഉണ്ടെങ്കിലും എല്ലാ ക്രൈസ്തവരുടെയും ഐക്യം ക്രിസ്തു ആഗ്രഹിക്കുന്നുണ്ടെന്നും മനസിലാക്കിയ മഹാനായ ഒരു മനുഷ്യന്റെയും ബിഷപ്പിന്റെയും ഓര്‍പ്പെരുന്നാളാണ് നാമിന്ന് ആചരിക്കുന്നത്. നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ മാര്‍ ഇവാനിയോസിനെ സഭയ്ക്ക് നല്‍കിയതിന്, ഈ ഓര്‍മ ആചരണത്തിലൂടെ നാം ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. നമുക്ക് മുമ്പേ കടന്നുപോയവരോട് നമുക്ക് പകരപ്പെട്ട വിശ്വാസത്തെപ്രതി നാം കടപ്പെട്ടിരിക്കുന്നു എന്ന് ഈ ഓര്‍മ ആചരണം നമ്മെ അനുസ്മരിപ്പിക്കുന്നു. നമുക്ക് മുമ്പേ പോയവര്‍ വിശ്വസിക്കുകയും ആ വിശ്വാസം കൈമാറുകയും ചെയ്തതുകൊണ്ടാണ് നാം ഇന്നും വിശ്വാസികളായി തുടരുന്നത്. മാതാപിതാക്കളില്‍നിന്നോ അധ്യാപകരില്‍നിന്നോ അജപാലകരില്‍നിന്നോ അവര്‍ക്ക് ലഭിച്ച വിശ്വാസം സത്യവും ജീവനും സ്‌നേഹവും നിറഞ്ഞതാണെന്ന് അവര്‍ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്തു. അങ്ങനെ, അവരും ഈ വിശ്വാസം സ്വീകരിക്കുകയും യേശുക്രിസ്തുവിനോടും പിതാവിനോടും ആഴമായ ബന്ധം പുലര്‍ത്തിക്കൊണ്ട് വിശ്വസ്തതയോടെ ജീവിക്കുകയും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിശ്വാസം പകര്‍ന്ന് നല്‍കുകയും ചെയ്തു.

നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം നമുക്ക് മുമ്പേ പോയവരാണ്. 2000 വര്‍ഷം പഴക്കമുള്ള ഒരു നീണ്ട ലൈനിന്റെ അറ്റത്താണ് നാം നില്‍ക്കുന്നത്. യേശുവിന്റെ മിഷന്‍ ആദ്യം പകര്‍ന്ന് ലഭിച്ചത് അപ്പസ്‌തോലന്മാര്‍ക്കാണ്. അന്നത്തെ യൂദയായില്‍നിന്ന് കിഴക്ക് ഇന്ത്യയിലേക്കും പടിഞ്ഞാറ് റോമിലേക്കും അവര്‍ സുവിശേഷവുമായി കടന്നുവന്നു. അങ്ങനെ തോമ്മാശ്ലീഹാ കേരളത്തിലേക്ക് വന്നു. രാജാക്കന്‍മാര്‍ ആദിമ ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ കൊളോണിയ അഗ്രിപ്പിനാ(ഇന്നത്തെ ജര്‍മ്മനി)യിലേക്ക് സുവിശേഷവുമായി കടന്നുവന്നത്. അന്ന് വിശ്വാസം സ്വീകരിക്കുന്നതും അത് ഏറ്റുപറയുന്നതും അപകടകരമായിരുന്നു. ഇന്നും ഇന്ത്യയില്‍ ഇത് സത്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനിയായി ജീവിക്കുന്നത് എത്രയോ അപകടകരമായ കാര്യമാണ്.

ക്രിസ്തുവിന്റെ സ്‌നേഹനിധിയായ പിതാവിനോടുള്ള വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും പരിശുദ്ധാത്മാവ് ഹൃദയങ്ങളില്‍ തുറന്ന അപ്രതീക്ഷിത സാധ്യതകളോട് പ്രത്യുത്തരിക്കുകയും ചെയ്ത പൂര്‍വികരോട് നാം നമുക്ക് ലഭിച്ച വിശ്വാസത്തിന് കടപ്പെട്ടിരിക്കുന്നു. അവരില്‍ പലരും നാല്‍ക്കവലകളില്‍ നിന്നവരാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ട സമയമായിരുന്നു അത്. സഭയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളായിരുന്ന അവരുടെ തീരുമാനം പിന്നാലെ വന്ന നിരവധി ക്രൈസ്തവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായി മാറി. കേരളത്തിലെ ക്രൈസ്തവര്‍, പ്രത്യേകിച്ചും സീറോ മലങ്കര സഭയിലെ കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസത്തിന് മാര്‍ ഇവാനിയോസിനോട് പ്രത്യേകമാം വിധം കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ ശക്തനായ സാക്ഷിയും സഭയുടെ നിര്‍ണായ വഴിത്തിരിവില്‍ ശക്തനായ നേതാവുമായിരുന്നു മാര്‍ ഇവാനിയോസ്.

90 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സഹോദര ബിഷപ്പുമാരോട് ചേര്‍ന്നുകൊണ്ട് മലങ്കര കത്തോലിക്ക സഭയെ റോമന്‍ കത്തോലിക്ക സഭയുടെ കൂട്ടായ്മയില്‍ ചേര്‍ത്തുകൊണ്ട് അദ്ദേഹം നിര്‍ണായകമായ ഒരു തീരുമാനമെടുത്തു. അന്നത്തെ എന്നതുപോലെ ഇന്നും നിരവധി ക്രൈസ്തവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തീരുമാനമായിരുന്നു അത്. അതുകൊണ്ട് മാര്‍ ഇവാനിയോസിന്റെ 65-ാം മരണത്തിരുനാള്‍ ആചരിക്കുന്ന ഈ സമയം നമ്മുടെ വിശ്വാസത്തിന് വേണ്ടിയും സഭയെ ഇന്നത്തെ നിലയില്‍ ആക്കുന്നതിന് വേണ്ടിയും ഉത്തരവാദിത്വം ഏറ്റെടുത്തവരെ അനുസ്മരിക്കുവാനുള്ള അവസരമാണ്.
സഭയില്‍ ഒരാള്‍ നേതാവാകുന്നത് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തിലല്ല. പരിശുദ്ധാത്മാവാണ് സഭാനേതാക്കന്‍മാരെ തിരഞ്ഞെടുക്കുന്നതെന്ന് വിശുദ്ധ പൗലോസ് ഉറച്ചു വിശ്വസിച്ചിരുന്നു. പരിശുദ്ധാത്മാവാണ് എന്നെ സഭയിലെ ഒരു അധികാരിയായി തിരഞ്ഞെടുത്തതെങ്കില്‍ എന്റെ ഉത്തരവാദിത്വം ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ചെയ്യുവാന്‍ അതെന്നെ കടപ്പെടുത്തുന്നു. പരിശുദ്ധാത്മാവിനായി എന്നെ തുറന്നുകൊടുക്കേണ്ടതും എല്ലാ തീരുമാനങ്ങളിലും ദൈവഹിതം അന്വേഷിക്കേണ്ടതും എന്റെ കടമയായി മാറുന്നു.

എന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ആത്യന്തികമായി ദൈവത്തിലേക്ക് അടുപ്പിക്കുന്നതാണോ അതോ ദൈവത്തില്‍നിന്ന് അകറ്റുന്നതാണോ എന്ന് ഞാന്‍ ആത്മശോധന ചെയ്യണം. ഒരു ബിഷപ്പെന്ന നിലയില്‍ ഞാന്‍ പരിശുദ്ധാത്മാവിന്റെ ഉപകരണമാണ്. എന്നാല്‍ ബിഷപ്പുമാര്‍ മാത്രമല്ല സഭാനേതാക്കള്‍. പൗലോസ് ശ്ലീഹ തന്റെ ലേഖനത്തില്‍ ‘ഹെഡ്‌മെന്‍’ എന്ന് അഭിസംബോധന ചെയ്യുന്നത് വൈദികരെയും ബിഷപ്പുമാരെയും അല്ല. നിങ്ങളില്‍ പലരും ഇടവകകളിലും ചെറുതും വലുതുമായ മറ്റ് സമൂഹങ്ങളിലും ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരാണ്. നിങ്ങള്‍ പാരിഷ് കൗണ്‍സില്‍ അംഗമോ, മാതൃവേദിയുടെ ഭാരവാഹിയോ പ്രാര്‍ഥനാ ഗ്രൂപ്പിലെയോ ഇടവക കൂട്ടായ്മയിലെയോ അംഗമോ, അല്ലെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തന ഗ്രൂപ്പിലെ അംഗമോ ആണെങ്കില്‍ വിശുദ്ധ പൗലോസ് പറയുന്ന ഈ വാക്കുകള്‍ നിങ്ങള്‍ക്കും ബാധകമാണ്. ”നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍” (അപ്പ. പ്രവ. 20:28). പരിശുദ്ധാത്മാവിനാല്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട നമുക്ക് സഭാസമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമുണ്ട്.

നമ്മുടെ ചെറിയ സമൂഹത്തിന്റെയോ ചുറ്റുപാടുകളുടെയോ ഇടവകയുടെയോ രൂപതയുടെയോ മാത്രം താല്‍പര്യങ്ങള്‍ പരിഗണിക്കുന്നവരായി മാറരുത്. ഇത്തരത്തിലുള്ള സ്വാര്‍ത്ഥത, ഒരു അള്‍സര്‍ പോലെ സമൂഹത്തെ രോഗഗ്രസ്തമാക്കും. മുഴുവന്‍ ദൈവജനത്തെയും കരുതുന്ന നേതാക്കളായി മാറുവാന്‍ വിശുദ്ധ പൗലോസ് ഉദ്‌ബോധിപ്പിക്കുന്നു. നമ്മള്‍ ചെറിയ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലും ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങള്‍ സഭയെ മുഴുവന്‍ ബാധിക്കുന്നതായി മനസിലാക്കണം.

മാര്‍ ഇവാനിയോസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇത് നമുക്ക് മനസിലാക്കാം. പിതാവ് യേശുവിന്റെ ഹിതം മനസിലാക്കിക്കൊണ്ട് സഭയെ മുഴുവന്‍ പരിഗണിച്ചു. അതുകൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സഭാസമൂഹത്ത മുഴുവനായി പരിഗണിക്കുക. ഇത് നമ്മുടെ സഭയാണെന്ന് നമുക്ക് അവകാശപ്പെടാന്‍ സാധിക്കില്ല, കാരണം ഇത് കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സഭയാണ്. പലപ്പോഴും ‘എന്റെ രൂപത’, ‘എന്റെ ഇടവക’ , ‘എന്റെ കൂട്ടായ്മ’ തുടങ്ങിയ വാക്കുകള്‍ പറയാനുള്ള പ്രലോഭനത്തില്‍ നേതാക്കള്‍ വീണു പോകാറുണ്ട്. ഈ കാര്യത്തിലും മാര്‍ ഇവാനിയോസ് നമുക്ക് ഒരു റോള്‍ മോഡലാണ്.

”നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” എന്ന പൗലോസ് ശ്ലീഹായുടെ ആഹ്വാനം ഇത്തരമൊരു ചിന്ത കൂടി നല്‍കുന്നു. ‘എന്നെത്തന്നെ നോക്കുക’- സമൂഹം മുഴുവനെയും കുറിച്ച് ജാഗരൂകത പുലര്‍ത്തുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നെക്കുറിച്ച് കരുതലുള്ളവനായിരിക്കുക എന്നുള്ളത്. എല്ലാവര്‍ക്കുമുള്ള അടിസ്ഥാന പ്രമാണമായി ക്രിസ്തു പഠിപ്പിച്ച കല്‍പ്പനയുടെ നേതാക്കള്‍ക്കുള്ള ഭാഷ്യമാണിത്. സ്വന്തം കാര്യം നോക്കാത്ത ഒരു വ്യക്തിക്ക്, തന്നെത്തന്നെ സ്‌നേഹിക്കാത്ത വ്യക്തിക്ക്, മറ്റുള്ളവരെയും നന്നായി പരിഗണിക്കുവാന്‍ സാധിക്കുകയില്ല.

വളരെ അപൂര്‍വമായാണ് വിഭാഗീയതയെ അതിജീവിച്ചുകൊണ്ട് ഐക്യവും കൂട്ടായ്മയും സ്ഥാപിക്കുന്നവര്‍ ജന്മമെടുക്കുന്നത്. അങ്ങനെയുളള മനുഷ്യര്‍ ദൈവത്തിന്റെ സമ്മാനമാണ്. മാര്‍ ഇവാനിയോസ് അപ്രകാരമുള്ള ഒരു സമ്മാനമായിരുന്നു. മാര്‍ ഇവാനിയോസ് വിഭാഗീയതയെ അതിജീവിച്ചുകൊണ്ട് ഐക്യവും കൂട്ടായ്മയും സാധ്യമാക്കി. ഐക്യം എന്നാല്‍ ഐകരൂപ്യം അല്ല, മറിച്ച് സീറോ മലങ്കര സഭ ആഗോള കത്തോലിക്ക സഭയുടെ ഭാഗമാകണം എന്നാണ് മാര്‍ ഇവാനിയോസ് ആഗ്രഹിച്ചത്.

അതുവഴി 2000 വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതസഭയുടെ സംസ്‌കാരവും പാരമ്പര്യവും ആരാധനക്രമവും നഷ്ടപ്പെടുത്തുകയോ അടിയറവയ്ക്കുകയോ ചെയ്യാതെ അപ്പസ്‌തോലിക പിന്തുടര്‍ച്ചവകാശമുള്ള വലിയൊരു നദിയുടെ ഭാഗഭാക്കാക്കുവാനാണ് മാര്‍ ഇവാനിയോസ് ആഗ്രഹിച്ചത്. തുല്യ പദവിയുള്ള സഭകളുടെ കൂട്ടായ്മ, നാനാത്വത്തിലെ ഏകത്വം എന്നിവയായിരുന്നു സഭകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹം അതില്‍ വിജയിച്ചു. വിവിധ സംസ്‌കാരങ്ങളിലുളള സഭകളുടെ വൈവിധ്യത്തെ ഔദ്യോഗികമായി അംഗീകരിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്നതിന് മുപ്പത് വര്‍ഷം മുമ്പാണ് മാര്‍ ഇവാനിയോസ് ഇതില്‍ വിജയിച്ചത്. മാര്‍ ഇവാനിയോസ് ഒറ്റയ്ക്കല്ല ഇത് സാധ്യമാക്കിയത് എന്ന ബോധ്യത്തോടുകൂടെയാണ് നാം ഇന്ന് പിതാവിന്റെ ഓര്‍മ ആചരിക്കുന്നത്. മറ്റ് ബിഷപ്പുമാരും വൈദികരും സീറോ മലങ്കര കത്തോലിക്ക സഭയിലെ മറ്റ് വിശ്വാസികളും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. ഐക്യവും കൂട്ടായ്മയും സഭാ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അവസാനമായി, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മൂല്യം നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കപ്പെടാം. അതകൊണ്ട് ഒരോ ദിവസവും നാം അതിനായി പരിശ്രമിക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?