Follow Us On

01

December

2020

Tuesday

മരിയ വിയാനിയുടെ സ്വരം സ്വര്‍ഗത്തിന് സുപരിചിതമായിരുന്നു

മരിയ വിയാനിയുടെ സ്വരം  സ്വര്‍ഗത്തിന് സുപരിചിതമായിരുന്നു

ആര്‍സ് ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകനായിരുന്നു ലൂയി സാഫന്‍ഗോ. വയലില്‍ ജോലിക്ക് പോകുമ്പോള്‍ ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹം ലഭിക്കുമെന്ന് ഇടവകവികാരി വിയാനിയച്ചന്‍ പറഞ്ഞത് അയാളെ ആഴത്തില്‍ സ്വാധീനിച്ചു. അടുത്ത ദിവസം ദൈവാലയത്തില്‍ കയറിയ അയാള്‍ കണ്ട കാഴ്ച മദ്ബഹായില്‍ മുട്ടുകുത്തി കുരിശിലേക്ക് നോക്കി കുഞ്ഞിനെപ്പോലെ കരയുന്ന വികാരിയച്ചനെയായിരുന്നു. അതുകണ്ടതോടെ പിന്നീടെന്നും ലൂയി ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ പത്തുമിനിട്ട്. സമയം കിട്ടിയാല്‍ ഒരു മണിക്കൂര്‍വരെ നീളും. വിയാനിയച്ചന്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ”ലൂയീ, നീ എന്നും എന്താണ് പ്രാര്‍ത്ഥിക്കുന്നത്?” അച്ചന്റെ ചോദ്യത്തിന് മുന്നില്‍ വളരെ നിഷ്‌കളങ്കമായി അയാള്‍ മറുപടി നല്‍കി: ”ഞാന്‍ ഈശോയെ നോക്കുന്നു, ഈശോ എന്നെയും നോക്കുന്നു.”

സൂക്ഷ്മമായ ആലോചനയില്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ആത്മീയതക്ക് പ്രധാനമായും രണ്ടു തലങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഒന്ന്: പ്രാര്‍ത്ഥനയിലൂടെ ലഭിച്ച ആഴമേറിയ ദൈവബന്ധം. രണ്ട്: ആത്മാക്കള്‍ക്കായുള്ള തീക്ഷ്ണമായ ആഗ്രഹം. സ്വര്‍ഗത്തിലേക്കുള്ള ലളിതമായ നോട്ടം എന്നാണ് പ്രാര്‍ത്ഥനയെ ചെറുപുഷ്പം നിര്‍വചിക്കുന്നത്. വളരെ ചെറുപ്പംമുതല്‍ ജോണ്‍ വിശ്രമം കിട്ടുമ്പോഴെല്ലാം പ്രാര്‍ത്ഥനാമുറിയില്‍ മുട്ടുകുത്തി കണ്ണുകളും ഹൃദയവും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുമായിരുന്നു. നിഷ്‌കളങ്കമായ ആ നെടുവീര്‍പ്പുകള്‍ മുഴുവന്‍ സ്വര്‍ഗം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

അനേകര്‍ക്ക് പ്രാര്‍ത്ഥന ഭാരം നിറഞ്ഞ അഭ്യാസമാണെങ്കില്‍ മരിയ വിയാനിക്കത് ആനന്ദം നിറഞ്ഞ അനുഭവമായിരുന്നു. ബാല്യം മുതല്‍ എല്ലാ കാര്യങ്ങളും ഈശോയോട് പങ്കുവയ്ക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ ഒരു ബന്ധം വളര്‍ത്തിയാല്‍ പ്രാര്‍ത്ഥന നമുക്കും എളുപ്പമാകും.
ദൈവത്തോട് സംസാരിക്കാനും ദൈവം പറയുന്നത് കേള്‍ക്കാനും തുടങ്ങിയതോടെ വിയാനിയുടെ സ്വരം ദൈവത്തിനും ദൈവസ്വരം വിയാനിക്കും ചിരപരിചിതമായി. ഇതുതന്നെയാണ് വിശുദ്ധന്റെ പ്രാര്‍ത്ഥനാജീവിതത്തിന്റെ ആധാരശിലയും. ദൈവത്തോടുള്ള ആത്മബന്ധത്തില്‍ വളരുന്നതനുസരിച്ചാണ് ആത്മാവില്‍ ആന്തരികാനന്ദം നിറയുന്നത്. ”അങ്ങ് എനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു. അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്. അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്” (സങ്കീര്‍. 16:11).

സ്വരം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ശ്രദ്ധേയഘടകമാണ്. മക്കളുടെ സ്വരം അപ്പനും അമ്മയുടെ സ്വരം കുഞ്ഞും പെട്ടെന്ന് തിരിച്ചറിയും. കുഞ്ഞിന്റെ അകലെനിന്നുള്ള തേങ്ങലുകള്‍പോലും അമ്മയുടെ ഹൃദയം ഒപ്പിയെടുക്കുമല്ലോ. നമ്മുടെ സ്വരം ദൈവം തിരിച്ചറിയണമെങ്കില്‍ നാം ദൈവത്തോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം. ”എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക” (മത്താ. 6:6).

മുറി ഹൃദയവും കതക് പഞ്ചേന്ദ്രിയങ്ങളുമാണ്. ഇതു ചെയ്താലും പരിധിക്ക് പുറത്തുനില്‍ക്കുന്ന അനുഭവമുണ്ടാകാം. പ്രാര്‍ത്ഥനയ്ക്കുമുമ്പായി, ജീവിതത്തിലുണ്ടായ വീഴ്ചകളോര്‍ത്ത് അനുതപിക്കുകയും മുറിഞ്ഞുപോയ സ്‌നേഹബന്ധങ്ങള്‍ നേരെയാക്കുകയും ചെയ്യുന്നതോടെ സംഭാഷണം എളുപ്പമാകും.സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍ പഠനത്തില്‍ വളരെ പിന്നിലായിരുന്നു. ഒരു പരീക്ഷയ്ക്കും ജയിക്കാറില്ല. എങ്കിലും എന്നും പലവുരു പ്രാര്‍ത്ഥിക്കും: ”സ്‌നേഹനാഥനായ ഈശോ, ബുദ്ധിഹീനനായ എന്നെ ഒരു വൈദികനാക്കണമേ.” വൈദികനാകാനുള്ള തീവ്രമായ ആഗ്രഹത്താല്‍ പട്ടാളക്യാമ്പില്‍നിന്നും ഒളിച്ചോടിയ ജോണ്‍ വിശന്നു തളര്‍ന്നപ്പോള്‍ ഒരു മരത്തണലില്‍ മുട്ടുകുത്തി കരങ്ങള്‍ വിരിച്ച് കൊന്ത ചൊല്ലി. ആത്മാവില്‍ നിറഞ്ഞ ഉണര്‍വ് ശരീരത്തിലും ഉന്മേഷമായി മാറി. അങ്ങനെ നൊയെസ് ഗ്രാമത്തിലെത്തുവാനും സെമിനാരിപഠനം ആരംഭിക്കുവാനും ഇടയായി.

തിടുക്കം കാട്ടാതെ ശാന്തമായിരുന്നാല്‍ ആര്‍ക്കും ദൈവസ്വരം കേള്‍ക്കാന്‍ കഴിയും. ഒപ്പം നിരന്തരം ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം. വചനം ദൈവസ്വരം തന്നെയാണ്. ഇരുതലവാളിനെക്കാള്‍ അതിന് മൂര്‍ച്ചയുണ്ട്. ”കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതെ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതെ മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു” (സങ്കീ. 29:3).ദൈവം മനുഷ്യനോട് എപ്പോഴും സംസാരിച്ചുകൊണ്ടാണിരിക്കുന്നത്. മനുഷ്യനോടുള്ള സംസാരം കുറച്ചാലേ ദൈവത്തോട് സംസാരിക്കാന്‍ കഴിയൂ. രണ്ടു ദിവസത്തേക്ക് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഏകാന്തതയില്‍ ശാന്തമായിരുന്നാല്‍ നിങ്ങള്‍ക്ക് ദൈവസ്വരം കേള്‍ക്കാന്‍ കഴിയും. അതുവഴി നിങ്ങളിലെ പാപാസക്തികള്‍ കുറയുകയും ചെയ്യും.

ദൈവം ഉള്ളില്‍ നിറഞ്ഞപ്പോള്‍ ദൈവത്തിനായി ജീവിക്കാനുള്ള ആവേശം വിയാനിയില്‍ ശക്തമായിരുന്നു. അത് ആത്മാക്കള്‍ക്കായുള്ള ദാഹമായി മാറി. തീക്ഷ്ണത ജ്വലിച്ചതോടെ ശരീരത്തിന്റെ കാര്യങ്ങള്‍ മറന്നു. ജീവിക്കാന്‍വേണ്ടി മാത്രം ഭക്ഷിച്ചു. ആത്മീയ പിതാവ് ഫാ. ബയ്‌ലി സമ്മാനമായി നല്‍കിയ മുള്ളരഞ്ഞാണം അരയില്‍ ചുറ്റി. തന്റെ ഇടവകയിലെ യുവജനങ്ങള്‍ നിശാക്ലബുകളില്‍ അഴിഞ്ഞാടിയപ്പോള്‍ വിയാനിയച്ചന്‍ മദ്ബഹായില്‍ മുട്ടിന്മേല്‍ നില്‍ക്കുകയായിരുന്നു. ശരീരത്തില്‍ സുഖിക്കുന്ന ഇടവകമക്കള്‍ക്ക് വിടുതല്‍ കിട്ടാന്‍ ശരീരത്തില്‍ സഹനങ്ങള്‍ അദേഹം ഏറ്റെടുത്തു.

”തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍” (റോമ 12:11) എന്ന ദൈവവചനം അച്ചന്റെ ഹൃദയത്തില്‍ നിരന്തരം അലയടിച്ചു. തന്റെ പ്രാര്‍ത്ഥനയുടെ കുറവുകൊണ്ടാണ് ആര്‍സിലെ മക്കള്‍ മാനസാന്തരപ്പെടാത്തത് എന്ന ചിന്തയാല്‍ പ്രേരിതനായി വിയാനിയച്ചന്‍ ആര്‍സില്‍നിന്നും ഒരിക്കല്‍ ഒളിച്ചോടുവാന്‍ തീരുമാനിച്ചു എന്ന ചിന്ത പുതിയ കാലത്തെ വൈദികര്‍ ആലോചനക്ക് വിഷയമാക്കേണ്ടതാണ്.

നമ്മുടെ പ്രാര്‍ത്ഥനയുടെ ഒന്നാം നിയോഗം പാപികളുടെ മാനസാന്തരവും ആത്മാക്കളുടെ രക്ഷയും ലോകസുവിശേഷവല്‍ക്കരണവുമായി മാറണം. നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും കുറച്ചുമാത്രം ചിന്തിക്കുകയും ആത്മാക്കളെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുവാന്‍ തുടങ്ങുന്നതോടെ പ്രാര്‍ത്ഥനയും പരിത്യാഗവും എളുപ്പമുള്ളതായി മാറും. ആത്മഭാരം നിറയുന്നതനുസരിച്ച് ഭക്ഷണം, ഉറക്കം തുടങ്ങിയ ശരീരത്തിന്റെ സ്വാഭാവികപ്രവണതകളെ വരുതിയിലാക്കാനുമാവും. പ്രാര്‍ത്ഥനയും പരിത്യാഗവും ശക്തിപ്പെട്ടതോടെ വിയാനിയച്ചന്‍ പിശാചിന്റെ കണ്ണിലെ കരടായി മാറി. ഭയപ്പെടുത്താനും ശരീരത്തെ പീഡിപ്പിക്കാനും മുറിയിലെ കട്ടില്‍ കത്തിക്കാനുമൊക്കെ സാത്താന്‍ ശ്രമങ്ങള്‍ നടത്തി. ഉള്ളിലെരിഞ്ഞ പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ അതിനെയെല്ലാം കെടുത്താന്‍ മരിയ വിയാനിക്ക് കഴിഞ്ഞു.

എത്ര ശ്രമിച്ചിട്ടും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടും പ്രാര്‍ത്ഥനാജീവിതത്തില്‍ വളരാന്‍ കഴിയാത്തവര്‍ ആഗസ്റ്റ് നാലിന് വിശുദ്ധ മരിയ വിയാനിയുടെ മാധ്യസ്ഥം യാചിച്ച് വിശുദ്ധിയോടെ ബലിയര്‍പ്പിച്ചാല്‍ വിജയം ഉറപ്പ്.


 ഫാ. ജോസ് പൂത്തൃക്കയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?