Follow Us On

28

March

2024

Thursday

അമേരിക്കയുടെ 'പൊടോമാക് ഇടപെടൽ'; സുരക്ഷിതരാകും പീഡിത ക്രൈസ്തവർ?

അമേരിക്കയുടെ 'പൊടോമാക് ഇടപെടൽ'; സുരക്ഷിതരാകും പീഡിത ക്രൈസ്തവർ?

വാഷിംഗ്ടൺ ഡി.സി: ലോകമെങ്ങും ക്രൈസ്തവപീഡനം മുറുകുമ്പോൾ മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്കൻ ഭരണകൂടത്തിന്റെ സുപ്രധാന ഇടപെടലായി വിശേഷിപ്പിക്കപ്പെടുന്ന ‘പൊടോമാക് പ്രഖ്യാപന’ത്തിന്റെ ഫലപ്രാപ്തിയിലേക്ക് ഉറ്റുനോക്കുകയാണ് ക്രൈസ്തവ ലോകം. പ്രഖ്യാപത്തിൽ 80 രാഷ്ട്രങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നത് പ്രതീക്ഷ പകരുമ്പോഴും, പങ്കെടുത്ത 80 രാജ്യങ്ങൾ (മതപീഡനം പതിവായ രാജ്യങ്ങളുമുണ്ട് ഇതിൽ) ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ, പ്രഖ്യാപനത്തോടൊപ്പം പ്രവർത്തനരേഖ ആവിഷ്‌ക്കരിച്ച നടപടി, പ്രസ്തുത വിഷയത്തിൽ അമേരിക്ക ഗൗരവമായി ഇടപെടാൻ ഒരുങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മതസ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളും മതനേതൃത്വവും സംയുക്ത പ്രഖ്യാപനങ്ങൾ ഇതിനു മുമ്പുംനടത്തിയിട്ടുണ്ടെങ്കിലും (ബഹറൈൻ പ്രഖ്യാപനം, മറാക്കേഷ് പ്രഖ്യാപനം, വാഷിംഗ്ടൺ പ്രഖ്യാപനം) ‘പൊടോമാക് പ്രഖ്യാപന’ത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടപ്പെടുന്നത് അതോടൊപ്പം അവതരിപ്പിച്ച പ്രവർത്തനരേഖയാണ്. മാത്രമല്ല, അമേരിക്ക ആദ്യമായാണ് ഔദ്യോഗിക സ്വഭാവമുള്ള ഇടപെടൽ നടത്തുന്നതും. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉന്നതതലയോഗത്തിന്റെ വേദി വാഷിംഗ്ടൺ ഡി.സിയിലെ ‘പൊടോമാക്’ നദീതീരമായിരുന്നതിനാലാണ്, പ്രസ്തുത പ്രഖ്യാപനത്തിന് ‘പൊടോമാക്’ എന്ന വിശേഷണം വന്നത്.
മതസ്വാതന്ത്ര്യം ദൈവദത്തം
ഏഴ് പതിറ്റാണ്ടുകൾക്കുമുമ്പ് ഐക്യരാഷ്ട്രസഭ സാർവത്രികമായി പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളുടെ ചുവടുപിടിച്ചാണ് ‘പൊടോമാക് പ്രഖ്യാപന’ത്തിന് അമേരിക്ക രൂപം കൊടുത്തത്. മതസ്വാതന്ത്ര്യം ദൈവദത്തമാണെന്ന് ഓർമപ്പെടുത്തുന്ന പ്രഖ്യാപനത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ രാഷ്ടത്തിന്റെയും ഉദാത്തമായ ഉത്തരവാദിത്വമാണ്. മതസ്വാതന്ത്ര്യം സാർവത്രികമായതിനാൽ, പ്രസ്തുത മനുഷ്യാവകാശത്തെ രാഷ്ട്രം ആദരിക്കുകയും സംരക്ഷിക്കുകയും വേണം. അതുവഴി സ്വതന്ത്രമായി ചിന്തിക്കാനും മനസാക്ഷിക്കനുസൃതമായി ഏതു മതവിശ്വാസം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും അവകാശമുണ്ട്. അതുപോലെ, മതമോ വിശ്വാസമോ മാറാനും അവകാശമുണ്ട്.
ഒറ്റയ്ക്കും കൂട്ടമായും സ്വകാര്യമായും പരസ്യമായും മതാനുഷ്~ാനങ്ങളിൽ പങ്കുചേരാനും പ്രാർത്ഥിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെമനസാക്ഷി അപ്രമാദിത്വമാണ്. അന്തർദേശീയ മനുഷ്യാവകാശങ്ങളിലെ പരാമർശപ്രകാരം, മതസ്വാതന്ത്ര്യത്തിന്റെ ഹൃദയമാണ് മനഃസാക്ഷി സ്വാതന്ത്ര്യത്തിനുള്ള അവകാശം. മതത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ വിവേചനം പാടില്ല. നിയമത്തിന് കീഴിലുള്ള എല്ലാ സംരക്ഷണാനുമതിക്കും ഓരോരുത്തരും അർഹരാണ്. മതവിശ്വാസത്തേയോ പൈതൃകത്തേയോ ആശ്രയിച്ചാവരുത് മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്നത്.
മാതാപിതാക്കൾക്കും നിയമപരമായ രക്ഷാകർത്താക്കൾക്കും തങ്ങളുടെ കുട്ടികളുടെ മതപരവും ധാർമികവുമായ വിദ്യാഭ്യാസം അവരുടെ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും അനുസരിച്ച് ക്രമീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. മനുഷ്യത്വത്തിന്റെ പൊതുവായ ചരിത്രത്തിലും സമൂഹങ്ങളിലും ഇന്ന് മതം ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ പൈതൃക കേന്ദ്രങ്ങളും മറ്റും ഭൂതകാല, വർത്തമാന കാല, ഭാവികാല വിശ്വാസാചാരാനുഷ്~ാനങ്ങളിൽ അനിവാര്യമായതിനാൽ അവയെല്ലാം ആദരവോടെ കാത്തുസംരക്ഷിക്കപ്പെടണം.
കർമരേഖയിൽ അഞ്ചിനം
മതസ്വാതന്ത്ര്യം സംരക്ഷിക്കുക, നിയമപരമായ പരിമിതകളെ നേരിടുക, വംശഹത്യയോടും ബഹുജന അതിക്രമങ്ങളോടും പ്രതികരിക്കുക, മതന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിക്കുക, മതസ്വാതന്ത്ര്യ ഭീഷണികളോട് പ്രതികരിക്കുക എന്നീ അഞ്ചു ഭാഗങ്ങളാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. മതപരമായ വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ശക്തമായി രംഗത്തുവരാനും കുട്ടികളുടെ മത, ധാർമിക വിദ്യാഭ്യാസം ഉറപ്പുവരുത്താൻ മാതാപിതാക്കന്മാർക്കുള്ള അവകാശങ്ങളെ ബഹുമാനിക്കാനും രാജ്യങ്ങൾ തയാറാകണമെന്നതാണ് ആദ്യ ഭാഗത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്. മതവിശ്വാസം പ്രകടിപ്പിക്കാനും ജീവിക്കാനുംവിശ്വാസവുമായി ബന്ധപ്പെട്ട് സമാധാനപരമായി സമ്മേളിക്കാനുമുള്ള അവകാശം നിഷേധിക്കാൻ വ്യാജ ആരോപണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങൾ ഉറപ്പുവരുത്തണമെന്നും ഒന്നാം ഭാഗം നിഷ്‌കർഷിക്കുന്നു.
മതപരമായ സമൂഹങ്ങൾക്ക് സ്വകാര്യ, പൊതു ഇടങ്ങളിൽ പ്രയാസങ്ങളില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണം എന്നതാണ് രണ്ടാം വിഭാഗത്തിലെ പ്രധാന നിർദേശം. മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ദുരുപയോഗിക്കുന്ന മതനിന്ദാ നിയമം പിൻവലിക്കണമെന്നും ഈ ഭാഗം നിർദേശിക്കുന്നു. വംശഹത്യ, യുദ്ധ കുറ്റകൃത്യങ്ങൾ, വംശീയ ശുദ്ധീകരണം, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിൽനിന്ന് ദുർബല ജനങ്ങളെ സംരക്ഷിക്കാൻ അനുയോജ്യമായ മാർഗങ്ങൾ ഉപയോഗിക്കാനുള്ള പദ്ധതിക്ക് രൂപംകൊടുക്കാൻ രാജ്യങ്ങൾക്കുള്ള ആഹ്വാനമാണ് മൂന്നാം വിഭാഗത്തിന്റെ പ്രധാന ഉള്ളടക്കം.
ഇറാഖിലെയും സിറിയയിലെയും പുരാതനവും മതപരവും ചരിത്രപരവുമായ പ്രദേശങ്ങൾ നശിപ്പിച്ച ഐസിസ് ആക്രമണത്തെ മുൻനിറുത്തിയാണ് കർമരേഖയിലെ നാലാം വിഭാഗംരൂപപ്പെടുത്തിയിരിക്കുന്നത്. അക്രമണത്തിനിരയാകുന്ന വിഭാഗത്തിന്റെ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാനും വീണ്ടെടുക്കാനും രാജ്യങ്ങൾ പ്രതിജ്ഞാബദ്ധത കാട്ടണമെന്നും നിഷ്‌ക്കർഷിക്കുന്നു.ലോകത്തെമ്പാടുമുള്ള മതസ്വാതന്ത്ര്യ ഭീഷണിക്ക് മറുപടിയായി, ഓഗസ്റ്റ് മതവിരുദ്ധ കലാപങ്ങൾക്ക് ഇരയായവരുടെ സമരണാ ദിനമായി ആചരിക്കണം എന്നതാണ് അഞ്ചാം വിഭാഗത്തിലെ പ്രധാന നിർദേശം. 2014ൽ ഐസിസ്തീ വ്രവാദികൾ ഇറാഖിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ആരംഭിച്ച ദിവസമായതിനാലാണ് ഓഗസ്റ്റ് മൂന്ന് തിരഞ്ഞെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?