Follow Us On

21

April

2019

Sunday

കാഴ്ചക്കുമപ്പുറം

കാഴ്ചക്കുമപ്പുറം

ക്രിസ്തു സ്‌നേഹത്തിലേക്ക്…

ഇന്ന് വൈദികരെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയുടെ ഹരമാണ്. ജീവിതത്തിന്റെ മരുഭൂമിയില്‍ അവര്‍ക്ക് ഇടര്‍ച്ചയുണ്ടാകുന്നത് സ്വഭാവികമാണ്. പക്ഷേ, നാമവരെ പ്രാര്‍ത്ഥനകൊണ്ട് ശക്തിപ്പെടുത്തണം.

പൗരോഹിത്യവും ബലിയും തമ്മിലുള്ള ബന്ധത്തിനു മാനവരാശിയോളം പഴക്കമുണ്ട്. ബലിയെപ്പറ്റി പരമ്പരാഗതമായി നിലവിലിരുന്ന കാഴ്ചപ്പാടുകള്‍ക്കു സമൂലം പരിവര്‍ത്തനം വരുത്തി, ബലിയുടെ കാതല്‍ ആത്മദാനപരമായ സ്‌നേഹമാണെന്ന് ക്രിസ്തു വെളിപ്പെടുത്തി. പുരോഹിതനെയും ബലിയെയും താദാത്മ്യപ്പെടുത്തിക്കൊണ്ടു പുരോഹിതന്‍ ആത്മാര്‍പ്പണപരമായ സ്‌നേഹത്തിന്റെ പാരമ്യമായി വിരാജിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ക്രിസ്തു ആവര്‍ത്തി ച്ച് പഠിപ്പിച്ചു. പുരോഹിതന്‍ ബലിവസ്തുവായിത്തീരുന്നിടത്തോളമെത്തുതാണു ക്രിസ്തുവിന്റെ പൗരോഹിത്യം. കാല്‍വരിയിലെ ആത്മയാഗത്തിലൂടെ ഈ സത്യം അവിടുന്നു പ്രായോഗികമാക്കി. അങ്ങനെ ബലിക്കും പൗരോഹിത്യത്തിനും നൂതനമായ അര്‍ത്ഥം ക്രിസ്തു നല്‍കി.

ഇന്നും ബലി അതുകൊണ്ടു തന്നെ അത്ഭുതങ്ങളുടെ ഉറവയായി മാറുന്നു. അവിടുന്ന് സ്‌നേഹം കൊണ്ടും കരുണകൊണ്ടും ആ ബലിവേദിയിലേക്ക് അനേകരെ ചേര്‍ത്തണയ്ക്കുന്നു.നിരീശ്വരവാദം ഉപേക്ഷിച്ച് കത്തോലിക്കാ പുരോഹിതനായ റോബര്‍ട്ട് കൃഷ്ണന്റെ ജീവിത കഥ ഇതിന് ഏറ്റവും നല്ല ഉദഹാരണമാണ്.ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരന്‍ റോബര്‍ട്ട് കൃഷ്ണന്‍ സിഡ്‌നി ബിഷപ്് അന്തോണി ഫിഷറില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചത് ഒരു വര്‍ഷം മുമ്പായിരുന്നു. ബംഗളൂരുവിലെ ഹൈന്ദവ കുടുബത്തില്‍ ജനിച്ച റോബര്‍ട്ട് കൃഷ്ണന്‍ പത്താം വയസില്‍ നിരീശ്വരവാദത്തിന്റെ പിടിയില്‍ അമര്‍ന്നു. പതിനെട്ടാം വയസില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ റോബര്‍ട്ട് കൃഷ്ണന്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ പഠനം ആരംഭിച്ചു. മൂന്നു വര്‍ഷത്തിനുശേഷം പഠനമേഖലയില്‍ വേണ്ടവിധം മുന്നേറാന്‍ തനിക്ക് സാധിക്കുന്നില്ല എന്ന തോന്നല്‍ അദേഹത്തിനുണ്ടായി.

ഇതേ സമയം കടുത്ത വിഷാദത്തിനും റോബര്‍ട്ട് അടിമയായി മാറി. ചില തത്വചിന്താപരമായ കാരണങ്ങളാണ് അദേഹത്തെ വിഷാദത്തിലേക്ക് തള്ളിവിട്ടത്. തന്റെ ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്നുളള ഒരു ചോദ്യം റോബര്‍ട്ടിന്റെ മനസിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു.അതോടൊപ്പം ഭൗതികതയിലൂന്നിയുള്ള ഈ ലോക ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്നുള്ള ചോദ്യവും റോബര്‍ട്ടിന്റെ ഉള്ളില്‍ ഉയര്‍ന്നു തുടങ്ങി. മനുഷ്യജീവിതത്തിനും ഈ ലോകത്തിനും എന്തെങ്കിലും അര്‍ത്ഥമോ മൂല്യമോ വേണമെങ്കില്‍ ഇവയ്ക്ക് മൂല്യം നല്‍കുന്ന അനശ്വരനായ ദൈവം ഉണ്ടാകണം എന്ന് റോബര്‍ട്ടിന് തോന്നി. ഇതിനായി റോബര്‍ട്ട് വിവിധ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അദേഹം ക്രിസ്തുവിനെ കണ്ടെത്തുന്നത്. ക്രിസ്തു അദേഹത്തിന്റെ ചിന്താ മണ്ഡലത്തെ വിശുദ്ധീകരിച്ചു. അതോടെ അദേഹം ആംഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്ന് ബൈബിള്‍ പഠിക്കാന്‍ തുടങ്ങി. എങ്കിലും ഒരു അപൂര്‍ണ്ണത അദേഹത്തെ ഉലച്ചുകൊണ്ടിരുന്നു. ആ നാളുകളിലാണ് കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുന്ന ഏതാനും യുവജനങ്ങളെ റോബര്‍ട്ട്, സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ കണ്ടുമുട്ടുന്നത്. ആ യുവജനങ്ങള്‍ ജപമാല ചൊല്ലുകയും ദൈവത്തെ വിളിച്ച് ഒന്നിച്ച് പ്രാര്‍ത്ഥിച്ച് മുന്നേറുകയും ചെയ്തു. അവരുടെ ജീവിത മാതൃക റോബര്‍ട്ടിന്റെ ചിന്തകളെയും കാഴ്ചപ്പാടിനെയും മാറ്റി മറിച്ചു.

അതോടെ അദേഹം കത്തോലിക്കാ സഭയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. തന്റെ ജീവിതത്തിലെ ഏറ്റവും മാധുര്യം നിറഞ്ഞ അനുഭവമായിട്ടാണ് അദേഹം ഇക്കാലങ്ങളെ കാണുന്നത്. ഡോമിനിക്കന്‍ വൈദികരുമായുള്ള അടുപ്പവും റോബര്‍ട്ടിന്റെ ചിന്തകളെ സ്വാധീനിച്ചു. അങ്ങനെ റോബര്‍ട്ട് സെമിനാരിയില്‍ ചേരാനും ഒരു ഡൊമിനിക്കന്‍ പുരോഹിതനാകാനും തീരുമാനം എടുത്തു. ദൈവജനത്തെ നയിക്കാന്‍ തന്നെ പൗരോഹിത്യ ജീവിതത്തിലേക്ക് ദൈവം വിളിച്ചതിനെക്കുറിച്ച് പറയുമ്പോഴെല്ലാം അദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.വിശുദ്ധ കൂദാശകളിലൂടെയും, ബൈബിളിലൂടെയും സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിലേക്ക് ദൈവജനത്തെ നയിക്കാന്‍ തന്റെ പരിശ്രമം തുടരുമെന്ന് അദേഹം ഓര്‍മിപ്പിക്കുന്നു.

അതിനാല്‍ നല്ല ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം വൈദികരെയും നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം. കാരണം പുരോഹിതനില്ലെങ്കില്‍ വിശുദ്ധ കുര്‍ബാനയില്ല; വിശുദ്ധ കുര്‍ബാനയില്ലെങ്കില്‍ സഭയില്ല. ദിവ്യബലിയുടെ ആധ്യാത്മികതയനുസരിച്ച് ദൈവജനത്തെ രൂപീകരിക്കാനും കുര്‍ബാനയര്‍പ്പണത്തിലൂടെ ദൈവജനത്തെ പവിത്രീകരിച്ചു നയിക്കാനുമുള്ള ശ്രേഷ്ഠമായ ധര്‍മമാണ് പുരോഹിതനുള്ളത്. ദൈവഹിതത്തോട് ചേര്‍ന്ന് മുന്നേറുന്ന വൈദികര്‍ ഇനിയുമുണ്ടാകട്ടെ. ഫാ. റോബര്‍ട്ട് അതിന് മാതൃകയാവട്ടെ!

ജീവിതം മനോഹരം

എല്ലാവരും സ്വന്തം കാര്യത്തിനും കുടുംബത്തിനും വേണ്ടി ഓടുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാനും ശുശ്രൂഷിക്കാനും ആരും തയ്യാറാകുന്നില്ല. സഹായം ആവശ്യമായ വാര്‍ധക്യത്തില്‍പോലും മക്കളുടെ സഹായമില്ലാതെ കേഴുന്നവര്‍ ഇന്ന് ധാരാളമാണല്ലോ. അപ്പോഴാണ് മറ്റുള്ളവരെ സഹായിക്കാന്‍ മാത്രം ജീവിക്കുന്ന നളിനി വ്യത്യസ്തയാകുന്നത്. പെരിന്തല്‍മണ്ണക്ക് സമീപം പാതായ്ക്കരയില്‍ താമസിക്കുന്ന നളിനീദേവി നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലുണ്ട്.

”പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഈ ചെറിയ ജീവിതംവഴി കുറച്ചാളുകളിലെങ്കിലും നന്മയുടെ പ്രകാശം പടര്‍ത്താനായതില്‍ സന്തോഷം തോന്നുന്നു. അതുമാത്രമാണ് ആത്മസംതൃപ്തി നല്‍കുന്നത്..” 57 വയസ് പിന്നിട്ട നളിനി ദേവി പറയുന്നു.പഞ്ചായത്തിലെ പെണ്‍കുട്ടികളെ സൈക്കിള്‍ പഠിപ്പിച്ചും നീന്തല്‍ പഠിപ്പിച്ചും സ്വയം പര്യാപ്തതയിലെത്തിച്ച നളിനീദേവി രണ്ടര പതിറ്റാണ്ടിലേറെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്തിട്ടുണ്ട്. ആതുരമേഖലയിലെ പരിചയംകൊണ്ട് ഇന്നും പാലിയേറ്റീവുമായി ബന്ധപ്പെട്ട ശുശ്രൂഷകളില്ലെല്ലാം അവര്‍ ഓടിയെത്തുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ച നിരവധി വൃദ്ധജനങ്ങള്‍ക്ക് അഭയമേകാന്‍ നഴ്‌സിംഗ് ശുശ്രൂഷ സഹായകരമായി.

തെങ്ങുകയറാന്‍ ആളെ കിട്ടാത്ത സാഹചര്യത്തില്‍ സ്വന്തം പുരയിടത്തിലെ തെങ്ങുകയറി നളിനി അയല്‍ക്കാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. ”ഏതു ജോലിയും മടികൂടാതെ ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും” അവരങ്ങനെ നാടിനെ പഠിപ്പിച്ചു. നാടകത്തിലും സിനിമയിലും നിരവധി റോളുകളിലും നളിനി ദേവി തിളങ്ങിയിട്ടുണ്ട്. ഇടക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പോകും. കാറും സ്‌കൂട്ടറുമൊക്കെ പഠിപ്പിക്കും. മോട്ടിവേഷന്‍ ക്ലാസ് എടുക്കാനും മുന്നിലുണ്ട്.

വെള്ളത്തില്‍ വീണ കുട്ടികള്‍ക്ക് അപകടമുണ്ടാകുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി കേട്ടപ്പോഴാണ് നളിനി ദേവി കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപെടുന്നതിനൊപ്പം നല്ലൊരു വ്യായാമമുറയാണ് നീന്തലെന്ന കാര്യം കുട്ടികളെ പഠിപ്പിക്കാമല്ലോ. ധാരാളം കുട്ടികള്‍ പഠിക്കാന്‍ താല്പര്യം കാട്ടി. മുതിര്‍ന്നവര്‍ ആവേശത്തോടെ മുന്നോട്ട് വന്നു. ഇങ്ങനെ വന്നവരുടെ എണ്ണം ദിവസവും പത്തും മുന്നൂറുമൊക്കെയായപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ഏഴുലക്ഷം രൂപ മുടക്കി നളിനിദേവി ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചു. കേള്‍ക്കുന്നവര്‍ ആരും മൂക്കത്ത് വിരല്‍ വെച്ച്‌പോകും. സ്വന്തമായുള്ള കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും പലരോടും കടംവാങ്ങിയുമൊക്കെയാണ് അവര്‍ കുളം നിര്‍മ്മിച്ചത്. കുട്ടികളില്‍ നിന്ന് ഫീസൊന്നും വാങ്ങുന്നുമില്ല. ചിലര്‍ എന്തെങ്കിലും നല്‍കിയാലായി. എന്നിട്ടും നളിനീദേവിക്ക് ഇതിലൊന്നും യാതൊരു പരാതിയുമില്ല.

”ജീവിതത്തില്‍ മറ്റുളളവരെ സഹായിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയേക്കാള്‍ മഹത്തായി എനിക്ക് മറ്റൊന്നും വേണ്ട. ഏതാനും നാളുകള്‍ക്ക് മുമ്പ് ഓട്ടിസം ബാധിച്ചൊരു കുട്ടിയുടെ മാതാപിതാക്കള്‍ കാണാന്‍ വന്നു. നീന്തല്‍ വഴി അവള്‍ സൗഖ്യം നേടി. ഇപ്പോള്‍ ഒരുവയസുള്ള കുട്ടികളെപ്പോലും മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടുവരാറുണ്ട്. ആദ്യം ഇതെക്കുറിച്ചൊന്നും അവബോധം ഇല്ലാതിരുന്ന സമൂഹം ഇന്ന് ഇക്കാര്യത്തെക്കുറിച്ചൊക്കെ ബോധവാന്മാരായിത്തുടങ്ങിയിരിക്കുന്നു. ക്രച്ചസിന്റെ സഹായത്തോടെ നടന്ന ഒരു കുട്ടിയെ മാതാപിതാക്കള്‍ നീന്തലിന് കൊണ്ടുവന്നതും അവള്‍ നന്നായി പഠിച്ചതും ഇതിന് തെളിവാണ്.” നളിനി പറയുന്നു.ശ്രീലങ്ക, ഗള്‍ഫ് നാടുകളില്‍നിന്നുള്‍പ്പെടെ ഇതിനോടകം ആറായിരത്തിലധികം പേരെ നീന്തല്‍ പഠിപ്പിക്കാന്‍ നളിനിദേവിക്ക് കഴിഞ്ഞിട്ടുണ്ട്.”കുടുംബാംഗങ്ങളുടെ പ്രോത്സാഹനമാണ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍സഹായിക്കുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

പോരാട്ടം ഒറ്റക്കാണ്

പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഈയിടെയൊരു വാര്‍ത്തവന്നു. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറുന്ന തൃശൂര്‍ സ്വദേശിനി ഹനാനായിരുന്നു അത്. നാം പാഠപുസ്തകമാക്കേണ്ട ജീവിതം. എന്നും പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുകയായി. ഒരു മണിക്കൂര്‍ പഠനം. പിന്നെ കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കി താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.
മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീന്‍ വാങ്ങിവെച്ച് മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. 9.30ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.

മൂന്നരയ്ക്ക് കോളജ് വിടും. അവിടെ ചുറ്റിയടിക്കാന്‍ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ വില്‍ക്കും.സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്‌നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് അമ്മയെ മാനസികമായി തകര്‍ത്തു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. പത്തു മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.ജീവിതത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

യേശുവിനെ കണ്ടെത്തി

മദര്‍തെരേസ തനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കുന്നത് കേള്‍ക്കു! മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ വിദേശത്തുനിന്ന് ഒരു പെണ്‍കുട്ടി വന്നു. ഞങ്ങള്‍ക്കൊരു നിയമം ഉണ്ട്. പുതുതായി ആരു വന്നാലും അവര്‍ അടുത്ത ദിവസം തന്നെ മരണത്തോട് മല്ലടിക്കുന്നവരുടെ ഭവനത്തില്‍ പോകണം. ഇക്കാര്യം ഞാനാ കുട്ടിയോട് പറഞ്ഞു. ”കുഞ്ഞേ ! നീ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പുരോഹിതനെ ശ്രദ്ധിച്ചോ ! എത്ര ശ്രദ്ധയോടും, സ്‌നേഹത്തോടും കൂടിയാണ് അദ്ദേഹം തിരുവോസ്തിയിലെ യേശുവിനെ സ്പര്‍ശിച്ചത്. അല്ലേ.?”’

‘”അതെ അമ്മേ!”അവള്‍ പറഞ്ഞു.
”അതുപോലെ തന്നെ നീയും മരണാസന്നര്‍ക്കുവേണ്ടിയുളള ഭവനത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ കാണുന്ന രോഗികളോടും വര്‍ത്തിക്കണം. കാരണം, അതേ യേശുതന്നെയാണ് ആ പാവപ്പെട്ടവരുടെ ശരീരത്തിലും.”അവള്‍ പോയി. മൂന്നാലുമണിക്കൂര്‍ കഴിഞ്ഞ് എന്നെ കാണാന്‍ വന്നു. അപ്പോള്‍ അവള്‍ മധുരമായി ചിരിക്കുന്നുണ്ടായിരുന്നു. അതുപോലെയുളള ഒരു പുഞ്ചിരി ഞാന്‍ കണ്ടിട്ടില്ല.
അവള്‍ എന്നോട് പറഞ്ഞു.”അമ്മേ ! ഞാന്‍ യേശുവിന്റെ ശരീരത്തില്‍ മൂന്നുമണിക്കൂര്‍ സ്പര്‍ശിച്ചു.
”പറയൂ… നീ എന്താണ് ചെയ്തത്?’ഞാന്‍ തിരക്കി.

”ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയ്ക്കടുത്തുകൂടി ഞാന്‍ കടന്നുപോയപ്പോള്‍ ഓടയില്‍ വീണൊരു മനുഷ്യനെ കണ്ടു. അയാളുടെ ശരീരം പഴുപ്പും, കൃമികളുംകൊണ്ട് നിറഞ്ഞിരുന്നു. ഞാന്‍ അയാളെ വലിച്ചെടുത്തു. അപ്പോള്‍ ക്രിസ്തുവിന്റെ ശരീരത്തെയാണ് സ്പര്‍ശിച്ചത് എന്ന് എനിക്കു തോന്നി..”’അവള്‍ പറഞ്ഞു.

മദര്‍ തെരേസയും മിഷനറീസ് ഓഫ് ചാരിറ്റിയും ഇന്ന് പരിഹസിക്കപ്പെടുമ്പോഴും അവര്‍ ചെയ്ത നന്മകളുടെ സുഗന്ധം കൂടുതല്‍ പ്രസരിക്കുകയാണ്.


ജയ്‌മോന്‍ കുമരകം

മദ്യപന്റെ വാക്കുകള്‍
കോടതിയുടെ വരാന്തയിലൂടെ നടന്ന മദ്യപാനി ‘ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്’ എന്ന ബോര്‍ഡ് വായിച്ചിട്ട് സ്വയം:
ഒന്നാം ക്ലാസ് വരെ പഠിച്ചവന്‍ മജിസ്‌ട്രേറ്റായി വാഴുന്നു.
അഞ്ചാം ക്ലാസ് വരെ പഠിച്ച എനിക്ക് പണിയില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?