Follow Us On

29

March

2024

Friday

വിവാദങ്ങൾക്ക് സഭാവിശ്വാസം തകർക്കാനാവില്ല: കർദിനാൾ മാർ ക്ലിമീസ് ബാവ

വിവാദങ്ങൾക്ക് സഭാവിശ്വാസം തകർക്കാനാവില്ല: കർദിനാൾ മാർ ക്ലിമീസ് ബാവ

കണക്ടിക്കട്ട്: ആരെങ്കിലും എന്തെങ്കിലും പറയുന്നതുകൊണ്ടോ മാധ്യമങ്ങളിൽ എന്തെങ്കിലും പറയുന്നതു കേട്ടോ യേശു ക്രിസ്തു ആരെന്നു ബോധ്യപ്പെട്ട സഭാവിശ്വാസികൾക്ക് സഭയിലുള്ള വിശ്വാസം നഷ്ടമാവില്ലെന്നു സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. സ്റ്റാംഫോർഡ് ഹിൽട്ടൻ ഹോട്ടലിൽ സമ്മേളിച്ച 10-ാമത് സീറോ മലങ്കര കൺവെൻഷനെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൽനിന്ന് കൂടുതൽ ലഭിച്ചിട്ടുള്ളവർ കൂടുതൽ ചുമതലാബോധമുള്ളവരാവണമെന്ന് താൻ ഉൾപ്പെട്ട സമർപ്പിതസമൂഹത്തെ ഓർമിപ്പിക്കുകയും ചെയ്തു കർദിനാൾ.
ക്രിസ്തുവിൽ അധിഷ്~ിതമായ സഭയുടെ ശരീരമാണ് നാം ഓരോരുത്തരും. വിമർശനങ്ങൾ സഭയെക്കുറിച്ചാകുമ്പോൾ അത് നമ്മെക്കുറിച്ചു കൂടിയാണെന്ന് വിശ്വാസികളായ നാം ഓരോരുത്തരും ഓർക്കണം. അതുകൊണ്ട് ഒരു യഥാർത്ഥ വിശ്വാസി സഭയുടെ വിശ്വാസത്തിൽ നിന്നു വ്യതിചലിക്കുന്നവനാകരുത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെ പരമോന്നത സ്ഥാനങ്ങളിലെ ശിശ്രുഷകളിൽ വ്യാപാരിക്കുന്നവർക്ക് ബലഹീനതകളും കുറവുകളും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതൊക്കെ തിരുത്തിപറയുകയോ ന്യായികരിക്കുകയോ ഒന്നുമല്ല ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്.
മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചില തെറ്റായ സന്ദേശങ്ങൾ കേട്ട് വ്യതിചലിക്കേണ്ടതല്ല നമ്മുടെ വിശ്വാസം. മാധ്യമങ്ങളല്ല യേശു ക്രിസ്തുവാണ് നമ്മുടെ വിശ്വാസ കേന്ദ്രം. അവനിൽ വിശ്വസിക്കുന്നവൻ അവൻ പറയുന്ന വഴികളിലൂടെ നടക്കണം. സഭാ ചരിത്രത്തിലെ വലിയ പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് തരണം ചെയ്യാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇന്നുള്ള പ്രശ്‌നങ്ങളിൽ നിന്നും സഭ അനായാസം കരകയറുമെന്ന കാര്യം ഉറപ്പാണ്.
ചിലർക്ക് ദൈവത്തെപ്പറ്റി ഒരു അറിവും ഉണ്ടാകില്ല. ദൈവത്തെ അറിയാത്ത അത്തരക്കാരെ സൂക്ഷിക്കുക. അതിനായി നാം യഥാർത്ഥ വിശ്വാസത്തിൽ നിലകൊള്ളണം. നിങ്ങൾ ശ്രവിക്കുന്ന സുവിശേഷം നൽകുന്ന പ്രത്യാശയിൽ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുകൂടെ യഥാർത്ഥ വിശ്വാസത്തിൽ നിലനിൽക്കേണ്ടിയിരിക്കുന്നു. വേദന നൽകുന്ന വഴികൾ ഹൃദയത്തിൽ നിറയുമ്പോൾ സുവിശേഷം നൽകുന്ന പ്രത്യാശയിൽ നിന്നു വ്യതിചലിക്കാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കണം. അതായിരിക്കണം നമ്മുടെ വിശ്വാസത്തിന്റെ ഉറവിടം.
ലോകത്തിന്റെ ആത്മാവ് നമ്മെ എവിടേക്കും നയിക്കും. പക്ഷെ ദൈവാത്മാവ് നയിക്കുന്ന വഴിയേ ആയിരിക്കണം നാം സഞ്ചരിക്കേണ്ടത്. പ്രയാസങ്ങൾ വരുമ്പോൾ പ്രത്യാശയിൽ വന്നില്ലെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. അങ്ങനെ വരുമ്പോൾ യേശു കൽപ്പിച്ച വഴികളിലൂടെ സഞ്ചരിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല ഒരു ക്രിസ്ത്യാനിക്ക്. വചനത്തിലൂടെ വിശ്വാസത്തിന്റെ രഹസ്യം കർത്താവ് വെളിപ്പെടുത്തിത്തന്നിട്ടുള്ളതാണ്.
പത്രോസിനുള്ള മറുപടിയായി കർത്താവു പറഞ്ഞ വചനം ഓർക്കുക: ‘യോനായുടെ പുത്രനായ ശിമയോനെ നീ പാറയാകുന്നു., അതിന്മേൽ ഞാൻ എന്റെ ആലയം പണിയും.’ പത്രോസിന്റെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് യേശു തന്റെ സഭയുടെ സിംഹാസനത്തിൽ പത്രോസിനെ ഉപവിഷ്ട്‌നാക്കിയത്.
പ്രതിസന്ധിക്കിടയിൽ നാം അവലംബിക്കുന്ന വിശ്വാസം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കണം. നമുക്ക് നൽകപ്പെട്ട ഏറ്റവും വലിയ കൃപ ദൈവത്തിന്റെ സ്വന്തം പുത്രനെ നമുക്ക് രക്ഷകനായി ലഭിച്ചു എന്നതാണ്. പ്രയാസങ്ങൾ വരുമ്പോൾ പ്രത്യാശയെക്കുറിച്ചു മറന്നുപോയാൽ അസ്വസ്ഥതയിൽ നിന്ന് അസ്വസ്ഥതകളിലേക്കു പോകാൻ സാധ്യതയുണ്ട്.
സഭയെ അക്രമിക്കുന്നവരുടെ കൂടെ നാം കൂടിയാൽ എന്ത് സംഭവിക്കും? വിശ്വാസത്തെ ആരു സംരക്ഷിക്കും? സാവൂളിനോട് യേശു പറഞ്ഞതെന്താണെന്നു മനസിലാക്കുന്നത് നല്ലതാണ്: ‘നീ പീഡിപ്പിക്കുന്ന നസ്രായനനായ യേശുവാണ് ഞാൻ.’ യേശുവിനെ സാവൂൾ എന്നെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? ഇല്ല. എന്നാൽ യേശുവിന്റെ ശരീരമാകുന്ന സഭയെയാണ് സാവൂൾ പീഡിപ്പിച്ചതെന്നാണ് യേശു അർത്ഥമാക്കുന്നത്. അതായത് സാവൂൾ സഭയെ പീഡിപ്പിച്ചപ്പോൾ യേശുവിനെത്തന്നെയാണ് പീഡിപ്പിച്ചതെന്നാണ് യേശുവിന്റെ വചനത്തിന്റെ ര്തനച്ചുരുക്കം.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് പരിശുദ്ധാത്മാവിന്റെ ശക്തി. മീൻ പിടുത്തക്കാരെവരെ സുവിശേഷകരായി രൂപാന്തരപ്പെടുത്തിയ ആ ആത്മാവിന്റെ ശക്തിയിൽ ഓരോരുത്തരും ശരണപ്പെടണം. വിശ്വാസ പരിശീലനമാണ് സഭയുടെ നിയോഗം. അതുകൊണ്ട് നിങ്ങൾ ലോകം മുഴുവനും പോയി സുവിശേഷം അറിയിക്കണം. നിങ്ങൾ കണ്ടതും കേട്ടതും സൂക്ഷിച്ചു വീക്ഷിച്ചതുമായ കാര്യങ്ങൾ പോയി ലോകത്തെ അറിയിക്കണമെന്ന ക്രിസ്തുസന്ദേശം അനുസരിക്കാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്നും മാർ ക്ലീമീസ് ഉത്‌ബോധിപ്പിച്ചു.
ഡോ. ജോർജ് കാക്കനാട്ട്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?