Follow Us On

28

March

2024

Thursday

അമ്മത്തണലില്‍……….

അമ്മത്തണലില്‍……….

രിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ആ ദൈവാലയത്തില്‍ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതില്‍ എന്റെ ഇടവക ദൈവാലയത്തിന് അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായമാതാവിന്റെ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയില്‍ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും ആ ‘അമ്മത്തണല്‍’ എനിക്ക് അഭയമരുളുന്നു.

ചെറുപ്പം മുതലേ പരിശുദ്ധ മാതാവിനോട് ഭക്തിയും താല്‍പര്യവും എന്നില്‍ രൂഢമൂലമായിരുന്നു. എന്റെ അപ്പനും അമ്മയും ഞങ്ങളുടെ വൈകാരികവും ബുദ്ധിപരവും ആത്മീയവുമായ കാര്യങ്ങളില്‍ കരുതലും ശ്രദ്ധയും ഉള്ളവരായിരുന്നു എന്ന സത്യം ഞാന്‍ ഇന്നും ഓര്‍മിക്കുന്നു. സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോഴും വിശുദ്ധ കുര്‍ബാനയും നൊവേനയും ഞാന്‍ മുടക്കിയിരുന്നില്ല. ഏതെങ്കിലും കാരണവശാല്‍ അത് മുടങ്ങുന്നതായി തോന്നുമ്പോള്‍ ഹൃദയത്തില്‍ വലിയ ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നത്.

ഞങ്ങളുടെ ഭവനത്തിലും എല്ലാവര്‍ക്കും പരിശുദ്ധ കന്യകാമറിയത്തോട് ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു. എന്തു സാഹചര്യം വന്നാലും ഒരിക്കലും മുടക്കാത്ത ജപമാല അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. എന്റെ അമ്മയും മാതൃഭക്തിയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. അമ്മയുടെ മരണശേഷം എന്നില്‍ രൂപപ്പെട്ട ഏകാന്തതയും വിഷമങ്ങളും പരിഹരിക്കാന്‍ ഞാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ചു: ”അമ്മേ മാതാവേ, ഈ ഭൂമുഖത്ത് ഇനി എനിക്ക് അമ്മയില്ല. അവിടുന്ന് ഇനിമുതല്‍ എന്റെ അമ്മയായിരിക്കണമേ… എന്നെ കാത്തുപരിപാലിക്കണമേ.” ഈ പ്രാര്‍ത്ഥന ശ്വാസോഛ്വാസംപോലെ തുടര്‍ന്നുകൊണ്ടിരുന്നു. അതായിരിക്കാം എന്റെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പരിശുദ്ധ മറിയത്തിന്റെ കരവലയത്തിനുള്ളിലാണ് ഞാനെന്ന തോന്നല്‍ എന്നെ നയിച്ചത്.

സഭയില്‍ ദൈവം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ എന്നെ ഭരമേല്പിച്ചു. സാധാരണ മനുഷ്യനെന്നനിലയില്‍ പലതും അവയില്‍ പലതും എന്റെ കഴിവുകള്‍ക്ക് അപ്പുറമായിരുന്നു. അതിപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഞാന്‍ ഓടിയെത്തുന്നത് ദിവ്യകാരുണ്യ സന്നിധിയിലേക്കാണ്. അവിടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും. ജീവിതത്തില്‍ ഇന്നുവരെ എടുത്ത തീരുമാനങ്ങളെയും സ്വീകരിച്ച നിലപാടുകളെയും ഓര്‍ത്ത് ദുഃഖിക്കാന്‍ പരിശുദ്ധ അമ്മ എന്നെ അനുവദിച്ചിട്ടില്ല.

കത്തോലിക്കാ കുടുംബങ്ങളിലെ ജീവനാഡിയാണ് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ജപമാലയും. കാരണം, ഈശോയുമായി നമ്മെ അടുപ്പിക്കുന്ന വാല്‍വാണ് പരിശുദ്ധ കന്യകാമറിയം. മാതൃഭക്തിയിലുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മനോഹരമായ ദൈവിക ഇടപെടലുകളെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അതെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും ഇന്ന് വലിയ സാധ്യതകള്‍ സഭയിലുണ്ട്. ഏതൊരു ക്രൈസ്തവന്റെയും ആത്മീയജീവിതം പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലൂടെ മാത്രമേ പരിപൂര്‍ണതയിലേക്ക് വളരുകയുള്ളൂ.

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
(സി.ബി.സി.ഐ പ്രസിഡന്റ്)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?