Follow Us On

19

January

2019

Saturday

യുവജനങ്ങളിൽ സഭയ്ക്ക് വിശ്വാസമുണ്ട്: ഫ്രാൻസിസ് പാപ്പ

യുവജനങ്ങളിൽ സഭയ്ക്ക്  വിശ്വാസമുണ്ട്: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സഭയ്ക്ക് സഭയ്ക്കു യുവജനങ്ങളിൽ ഏറെ വിശ്വാസമുണ്ടെന്നും അതിനാൽ മറുഭാഗത്ത് യുവജനങ്ങളും സഭയോട് വിശ്വസ്തത പുലർത്തണമെന്നും ഫ്രാൻസിസ് പാപ്പ. വരുന്ന ജനുവരി 23മുതൽ 27വരെ തെക്കേ അമേരിക്കൻ പനാമ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് (ഡബ്ല്യു.വൈ.ഡി) ഒരുക്കമായി പുറപ്പെടുവിച്ച സന്ദേശത്തിലാണ്, യുവജനങ്ങളിൽ സഭയും ലോകവും എത്രമാത്രം പ്രതീക്ഷവെക്കുന്നുവെന്ന് വ്യക്തമാക്കിയത്. യുവജനങ്ങൾ ദൈവത്തിനെന്നപോലെ, സഭയ്ക്കും ലോകത്തിനും ഏറെ വിലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിനു ഒരു നിശ്ചിത പദ്ധതിയുണ്ട്. ഈ വസ്തുത ഒരു കാരണത്താലും നമ്മുടെ ജീവിത പ്രശ്‌നങ്ങളെ കുറയ്ക്കുകയോ അനിശ്ചിതത്വങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് കരുതരുത്. ദൈവകൃപ നമ്മുടെ വർത്തമാനകാല ജീവിതത്തെ സ്പർശിക്കുകയും അവയിലൂടെ തന്റെ അത്ഭുതാവഹമായ പദ്ധതികൾ വെളിപ്പെടുത്തുകയും ചെയ്യും. ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയതിനാലാണ് മറിയം ജീവിതത്തിൽ ഭയപ്പെടാതിരുന്നത്.
നിരുപാധികം നമുക്കായി ദൈവം നൽകുന്ന സ്‌നേഹമാണ് ‘കൃപ’. അത് ഒരാൾ അർഹിക്കുന്നതാകണമെന്നില്ല. ദൈവകൃപയും അവിടുത്തെ അനുഗ്രഹ സാമീപ്യവും സാന്നിധ്യവും ജീവിതദൗത്യവും കഴിവുകളും നാം എഴുതിക്കൊടുത്ത് നേടിയെടുക്കുന്നതല്ല. മറിച്ച്, അവിടുത്തെ ദയയാണ്. ദൈവദൂതൻ മറിയത്തെ അറിയിച്ചത് അവൾ ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നുവെന്നാണ്.
ഭാവിയിൽ കൃപ കണ്ടെത്തുമെന്നല്ല, ഇപ്പോൾ ദൈവകൃപ ഉള്ളവളായിരിക്കുന്നുവെന്നാണ്. ദൈവകൃപ അന്യൂനമാണെന്നും അത് താൽക്കാലികമോ കടന്നുപോകുന്നതോ അല്ലെന്നുമാണ് ദൈവദൂതന്റെ ഈ അഭിവാദ്യശൈലി വ്യക്തമാക്കുന്നത്. അത് ഒരിക്കലും അറ്റുപോകില്ല. ജീവിതത്തിന്റെ വർത്തമാനത്തിലും ഭാവിയിലും ഇരുട്ടിലും വ്യഥകളുടെ നടുവിലും ദൈവകൃപ നമ്മോടൊപ്പം ഉണ്ടാകും എന്ന് ഓർക്കുക.
ജീവിതദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കാനും അതിൽ മുന്നേറാനും ദൈവകൃപയുടെ നിറഞ്ഞ സാന്നിധ്യമാണ് നമുക്ക് സഹായകമാകുന്നത്. അതുപോലെ നമ്മുടെ ജീവിത തിരഞ്ഞടുപ്പ് അനുദിനം നവീകരിക്കപ്പെടണം. അത് ഏറെ സമർപ്പണവും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
‘ഇതാ കർത്താവിന്റെ ദാസി, അങ്ങേ ഹിതംപോലെ എന്നിൽ നിറവേറട്ടെ,’ എന്ന തിരുവചനമാണ് ‘ഡബ്ല്യു.വൈ.ഡി 2019’ന്റെ ആപ്തവാക്യം. പനാമ റിപ്പബ്ലിക്കിന്റെയും ദേശീയ കത്തോലിക്കാ മെത്രാൻ സമിതിയുടെയും ക്ഷണം സ്വീകരിച്ച് ലോക യുവജന സംഗമത്തെ അഭിസംബോധനചെയ്യാൻ ഫ്രാൻസിസ് പാപ്പ വരുമെന്ന് ഇക്കഴിഞ്ഞയാഴ്ച വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു.
1985ൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് യുവജനസംഗമത്തിന് തുടക്കം കുറിച്ചത്. രൂപതകളിൽ ആഘോഷിച്ചുതുടങ്ങിയ യുവജന സംഗമം പിന്നീടാണ് മൂന്ന് വർഷത്തിലൊരിക്കൽ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സംഗമമായത്. 16-ാമത് ലോക യുവജനസംഗമമാണ് ഇത്തവണത്തേത്.
പനാമ കത്തോലിക്കാ മെത്രാൻ സമിതിയും വത്തിക്കാന്റെ അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും ചേർന്നാണ് യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്നത്. 200ൽപ്പരം യുവജനങ്ങൾ അംഗങ്ങളായ അന്തർദേശിയ അൽമായ നിർവാഹക സമിതിയും സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Posts

Don’t want to skip an update or a post?