തെങ്ങുകയറ്റംമുതല്‍ ബഹിരാകാശയാത്രവരെയുള്ള സകലതും ‘വളയിട്ട കൈകള്‍ക്ക്’ വഴങ്ങുമെന്നതിന് നിരവധി തെളിവുകളുണ്ട് ചൂണ്ടിക്കാട്ടാന്‍.
എന്നാല്‍ പള്ളിപ്പുറത്തെ ബേബിച്ചേച്ചിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. സംശയമുണ്ടെങ്കില്‍ അന്വേഷിക്കൂ, സെമിത്തേരിയില്‍ ശവക്കുഴിയെടുക്കുന്ന സ്ത്രീകള്‍ എവിടെയെങ്കിലുമുണ്ടോ?
വൈപ്പിന്‍കരയിലെ പള്ളിപ്പുറം മഞ്ഞുമാതാ ദൈവാലയത്തില്‍ മരണാനന്തരശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ മടങ്ങുന്നത് അമ്പരപ്പോടെയാകും. കാരണം, അവിടെ ശവക്കുഴി വെട്ടുന്നത് ആണല്ല, പെണ്ണാണ്, നാട്ടുകാര്‍ ബേബിച്ചേച്ചി എന്നു വിളിക്കുന്ന മറിയം. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കുഴിവെട്ടിയാകാന്‍ ഉറപ്പിച്ച് സെമിത്തേരിയിലെത്തിയപ്പോള്‍ പ്രായം 17. ഇപ്പോള്‍ 61. ഈ 44 വര്‍ഷത്തിനിടയില്‍ 4000-ലേറെ കുഴികള്‍ വെട്ടിയ ബേബിച്ചേച്ചി മണ്ണിനടിയില്‍ ഭീകരദൃശ്യങ്ങള്‍ പലതു കണ്ടു.
അഴുകാത്ത ശരീരം, നീണ്ടുവളര്‍ന്ന നഖവും മുടിയും… ആദ്യം പേടിച്ചോടിയെങ്കിലും വിശപ്പ് എന്ന യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ അതൊന്നും ഭീകരദൃശ്യമല്ലാതായി. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലരുടെ പരിഹാസം, ഇരട്ടപ്പേര് വിളി. പക്ഷേ, ബേബിച്ചേച്ചിക്ക് പരിഭവമില്ല. ദാരിദ്ര്യംമൂലം കൈവിട്ടുപോകുമായിരുന്ന ജീവിതം മുറുകെപ്പിടിക്കാന്‍ ശക്തയാക്കിയത് ഈ തൊഴിലാണ്.
ശവപ്പെട്ടികച്ചവടക്കാരന്റെ അവസ്ഥ തന്നെയാണ് കുഴിവെട്ടിക്കും. ജീവിക്കണമെങ്കില്‍ ആരെങ്കിലും മരിക്കണം. പക്ഷേ, ആരും മരിക്കരുതേ എന്നാണ് ബേബിയുടെ പ്രാര്‍ത്ഥന. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടിന്റെ വേദന ഒത്തിരി കണ്ടവളാണ് ബേബി. മരണത്തെ പേടിയാണെങ്കിലും മരിച്ചവരെ ബേബിക്ക് പേടിയില്ല. അതിനു ബേബി പറയുന്ന കാരണം കൗതുകകരമാണ്: ‘ജീവിക്കുന്നവരല്ലേ ദ്രാഹിക്കൂ.’ ഈ ഒരു ബോധ്യമാണ് ദുര്‍ഗന്ധം വമിക്കുന്ന, പാറ്റയും പഴുതാരയും ചെവിപ്പാമ്പുകളുമുള്ള ശവക്കുഴിയിലറങ്ങി പണിയെടുക്കാന്‍ ബേബിക്ക് കൂട്ട്.
കുഴി വെട്ടാന്‍ ആദ്യം മൂക്കറ്റം മദ്യപിക്കണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് അപവാദവുമാണ് ഇവര്‍. ഇതേക്കുറിച്ച് ചോദിച്ചാല്‍ ബേബി, തൊഴിലിന്റെ മഹത്വം ഓര്‍മപ്പെടുത്താന്‍ മറുചോദ്യം ഉന്നയിക്കും: ‘ജോലിസമയത്ത് മദ്യപിക്കുന്നത് ശരിയാണോ?’
മഞ്ഞുമാതാപള്ളിയുടെ സെമിത്തേരിയില്‍ ബേബിയുടെ അധ്വാനത്തിന്റെ വിയര്‍പ്പു വീഴാത്ത ഒരിടംപോലും ഉണ്ടാകില്ല. ഇവിടെ ഇപ്പോഴുള്ള കല്ലറകളെല്ലാം ഒരുക്കിയത് ബേബിയാണ്. 300ല്‍പ്പരം കല്ലറകളാണ് ഈ സെമിത്തേരിയിലുള്ളത്. ഇടവകാംഗങ്ങള്‍ ആരെങ്കിലും മരിച്ചെന്നറിഞ്ഞാല്‍ വീട്ടിലെ പണിയെല്ലാം ഒതുക്കി ബേബി പള്ളിയോടു ചേര്‍ന്നുള്ള സെമിത്തേരിയിലെത്തും. ദൈവാലയ അധികാരികള്‍ അടയാളപ്പെടുത്തി നല്‍കിയ കല്ലറയുടെ മേലുള്ള കല്‍ക്കെട്ടുകളും മാര്‍ബിളും പൊളിച്ച് പണി തുടങ്ങും.
ഇടംവലം നോക്കാതെയുള്ള പണി ഒന്ന്-ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കുഴിയുടെ ആഴം നാലടി കടക്കും. മുമ്പ് അടക്കം ചെയ്ത മൃതദേഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ കുഴിയില്‍നിന്ന് എടുത്തുമാറ്റി, ‘പെണ്‍ കുഴിവെട്ടി’യെ ആശ്ചര്യത്തോടെ നോക്കുന്നവരുടെ ഇടയിലൂടെ ബേബി സെമിത്തേരിക്ക് പുറത്തേക്ക്… കുഴി മൂടാന്‍ സമയമാകുമ്പോള്‍ ബേബി വീണ്ടും ഹാജര്‍. ഒരു കുഴി വെട്ടിയാല്‍ ബേബിക്ക് 1200 രൂപ കിട്ടും. (ചോദിച്ചുവാങ്ങുന്നതല്ല, ദൈവാലയ അധികാരികള്‍ നിശ്ചയിച്ചിരിക്കുന്ന കൂലിയാണത്). രോഗിയായ സഹോദരിയും അവരുടെ മകനും കുടുംബവും ഉള്‍പ്പെടുന്ന വലിയ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണിത്. ജോലി, മാസത്തില്‍ ഒരിക്കലാകാം. ചിലപ്പോള്‍ മാസത്തോളം ജോലിയില്ലാതെയുമിരിക്കാം (ആളുകള്‍ മരിക്കരുത് എന്നാഗ്രഹിക്കുന്ന ബേബിക്ക് ഇക്കാര്യത്തില്‍ സങ്കടമില്ല). തിരിഞ്ഞുനോക്കുമ്പോള്‍ ഈ ജോലി നല്‍കിയ നന്മകള്‍ നിരവധിയാണെന്ന് ബേബി പറയുന്നു. രോഗിയായ മാതാവും വിധവയായ സഹോദരിയും അവരുടെ മക്കളും ഉള്‍പ്പെടുന്ന കുടുംബത്തെ മാന്യമായി പുലര്‍ത്തി. സഹോദരിയുടെ മകളെ വിവാഹം ചെയ്തയച്ചു. ഇന്നും അല്ലലില്ലാതെ ജീവിക്കുന്നു.
വിശപ്പ്! അതാണ് ഭീകരം
വിശപ്പിന്റെ വിളിയാണ് ബേബിയെ കുഴിവെട്ടിയാക്കിയത്. സഹായിക്കാന്‍ ആരുമില്ല, സ്വന്തം അമ്മയ്ക്കും സഹോദരിക്കും അവരുടെ മക്കള്‍ക്കും മാന്യമായ ജീവിതമൊരുക്കാന്‍ ബേബിക്ക് കുഴിവെട്ടിയാകാതെ മറ്റു മാര്‍ഗമില്ലായിരുന്നു. ഈ ജോലി ബേബിയുടെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ചതാണെന്ന് പറയാം. ബേബിയുടെ മാതൃസഹോദരന്‍ ഔസേപ്പായിരുന്നു പണ്ട് കുഴിവെട്ടുകാരന്‍. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം പുലര്‍ത്താന്‍ ബേബിയുടെ അമ്മ, വിരോണി (കുഞ്ഞമ്മ) ആ ജോലി ഏറ്റെടുത്തു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ ആ ജോലി ബേബിക്ക് ഏറ്റെടുക്കേണ്ടിവന്നു.
ബേബിയുടെ ജനനത്തിനു മുമ്പേ അപ്പന്‍ മരിച്ചു. ഓര്‍മവെച്ച നാള്‍മുതല്‍ അമ്മയ്ക്കു കൂട്ടായി ബേബിയും സെമിത്തേരിയിലെത്തിയിരുന്നു. മനസുനിറയെ പേടിയായിരുന്നു കുഞ്ഞുബേബിക്ക്. അമ്മ കുഴി വെട്ടിത്തുടങ്ങിയാല്‍ പേടിച്ച്, വീട്ടില്‍ പോകാമെന്ന് ശാഠ്യം പിടിച്ച ബേബിയുടെ പേടി എപ്പോഴോ എങ്ങനെയോ ഓടിയൊളിച്ചു. ആസ്ത്മാ രോഗിയായ അമ്മയുടെ സ്ഥിതി വഷളായതോടെ 17-ാം വയസില്‍ അമ്മയെ കൂട്ടിരുത്തി ബേബി കുഴിയിലേക്കിറങ്ങി, 1973-ല്‍. അന്ന് ഏഴര രൂപയായിരുന്നു കൂലി, ഒരു കിലോ അരിക്ക് 10 പൈസയും!
മണ്ണിനടിയില്‍ ഭീകരദൃശ്യങ്ങള്‍
മൂന്നു പതിറ്റാണ്ട് പിന്നിട്ട ജോലിക്കിടയില്‍ ഉറക്കം കെടുത്തുന്ന പല കാഴ്ചകളും ബേബി കണ്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഴുകാത്ത ശരീരം, നീണ്ടുവളര്‍ന്ന തലമുടിയും നഖങ്ങളും… അങ്ങനെ നീളുന്നു ആ ദൃശ്യങ്ങള്‍. വിദേശത്തു വച്ച് മരണമടയുന്നവരെ എംബാം ചെയ്തു കൊണ്ടുവരുന്നതിനാല്‍ അഴുകാന്‍ ഏറെ കാലമെടുക്കുമെന്നാണ് ബേബി മനസിലാക്കിയ പാഠം. ഇത്തരം ഭീകരദൃശ്യങ്ങള്‍ പലപ്പോഴും ബേബിയെ പേടിപ്പിച്ചിട്ടുണ്ട്.
1977-ലായിരുന്നു അതിലൊരു സംഭവം. കുഴിയെടുത്തപ്പോള്‍ ലോഹനിര്‍മിതമായ പെട്ടിയാണ് അതിലുണ്ടായിരുന്നത്. അമ്മ കൂട്ടുവന്നിരിപ്പുണ്ട്. അത്തരം ശവപ്പെട്ടി മുമ്പ് കണ്ടിട്ടില്ലായിരുന്ന മകളെ (അമ്മയും അത് ആദ്യമായിട്ടാണ് കണ്ടത്) കുഴിയില്‍നിന്ന് കയറ്റി, അമ്മ കുഴിയിലിറങ്ങി പെട്ടി തുറന്നപ്പോള്‍ ഞെട്ടി വിറച്ചുപോയി. ശരീരം ഒട്ടും അഴുകിയിട്ടില്ല. നീണ്ടുവളര്‍ന്ന മുടിയും താടിയും നഖവും. കുഴിയില്‍നിന്ന് കയറാനാകാതെ പേടിച്ചരണ്ട അമ്മയെപോലും മറന്ന് ബേബി അലമുറയിട്ട് ഓടിപ്പോയി.
‘ഇപ്പോള്‍ ഒരു കുഴി തുറക്കാന്‍ മൂന്ന് നാല് വര്‍ഷത്തെ ഇടവേള ലഭിക്കുന്നുണ്ട്. പക്ഷേ ഇടവക വിഭജനം നടക്കാതിരുന്ന പണ്ട് ഇതല്ലായിരുന്നു സ്ഥിതി. രണ്ടു വര്‍ഷമാകുന്നതിനു മുമ്പേ കുഴി തുറക്കേണ്ടിവരുമായിരുന്നു. പൂര്‍ണമായും അഴുകാത്ത ശരീരമായിരുന്നു പലപ്പോഴും മണ്ണിനടിയില്‍ കാണാനാവുക. കാത്തിരുന്നത്. ഒരു വര്‍ഷം 75-നും 100നുമിടയില്‍ കുഴിയെടുക്കേണ്ടി വരാറുണ്ട്.’
ഈയിടെ കുഴിയില്‍ അസാധാരണമായ മറ്റൊരു ഭീകരദൃശ്യവും കാണേണ്ടിവന്നു. കുഴിയിലെ മണ്ണുമാറ്റിയപ്പോള്‍ ചുവന്നപട്ടുകൊണ്ട് വായ്മൂടിക്കെട്ടിയ ഒരു മണ്‍കുടം. മരിച്ചവര്‍ക്കെതിരെ ആരോ ചെയ്ത കൂടോത്രം! ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ചെകുത്താനെ തോല്‍പ്പിക്കുന്ന ദൈവത്തില്‍ വിശ്വാസമുള്ളതിനാല്‍ ബേബിച്ചേച്ചി തെല്ലും ഭയന്നില്ല. വികാരിയച്ചന്റെ നിര്‍ദേശപ്രകാരം അതെടുത്ത് ദൈവാലയത്തിനു മുന്നിലൂടെ ഒഴുകുന്ന പുഴയിലേക്കെറിഞ്ഞു. ‘മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെയാണ് ഭയക്കേണ്ടതെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് മനസിലായില്ലേ?’
ചങ്കില്‍ തറയ്ക്കുന്ന ചോദ്യം
കുടുംബം പുലര്‍ത്താന്‍ പെടാപ്പാടു പെടുന്ന ബേബിക്ക് കൂട്ടായി ആന്റണി പുഷ്‌ക്കിന്‍ എത്തിയത് 1977-ലാണ്. മുനമ്പത്തെ ഹൈന്ദവ കുടുംബാംഗമായ ഇദ്ദേഹം ബേബിയെ ജീവിതസഖിയാക്കാന്‍ െ്രെകസ്തവ വിശ്വാസം സ്വീകരിച്ചു. അന്യ മതക്കാരിയെ, അതും കുഴിവെട്ടുകാരിയെ സ്‌നേഹിച്ച പുഷ്‌ക്കിനെ വീട്ടുകാര്‍ പുറത്താക്കി. ദൈവാലയ അധികൃതര്‍ നല്‍കിയ രണ്ടു സെന്റ് പുരയിടത്തില്‍ ഭര്‍ത്താവിന് അവകാശമായി ലഭിച്ച പണംകൊണ്ട് നിര്‍മിച്ച വീട്ടിലാണ് താമസം. മുനമ്പം ഹാര്‍ബറില്‍ ഐ.എന്‍.ടി.യു.സി യൂണിയനില്‍ ജോലിചെയ്തിരുന്ന പുഷ്‌ക്കിന്‍ 2012ല്‍ മരണമടഞ്ഞതോടെ ബേബിച്ചേച്ചി ഒറ്റയ്ക്കായി.
നാട്ടുകാരില്‍ ചിലര്‍ ‘കുഴിവെട്ടി ബേബി’ എന്നാണ് വിളിക്കുന്നത്. നേരിട്ട് കേള്‍ക്കേ വിളിക്കില്ലെന്നു മാത്രം. അഥവാ നേരിട്ടു വിളിച്ചാലും ബേബിക്ക് വഴക്കില്ല. ‘കല്‍പ്പണി ചെയ്യുന്നയാളെ കല്‍പ്പണിക്കാരന്‍ എന്നു വിളിക്കും, ഗള്‍ഫില്‍ പോയവനെ ഗള്‍ഫുകാരന്‍ എന്നും. പിന്നെ കുഴി വെട്ടുന്നവനെ കുഴിവെട്ടിയെന്നല്ലാതെ എന്തു വിളിക്കും?’ ബേബി ചോദിക്കുന്നു.
ജനങ്ങളുടെ മറ്റോരു ചോദ്യമാണ് ബേബിയെ ഏറെ സങ്കടപ്പെടുത്തുന്നത്. ഒന്നിലധികം ആളുകള്‍ ഒരു ദിവസം മരിച്ചാല്‍ ചിലര്‍ തമാശരൂപേണ ചോദിക്കും: ‘ഇന്ന് നേര്‍ച്ചയിട്ടല്ലേ?’ ചിരിച്ചു കാട്ടുമെങ്കിലും ആ ചോദ്യം ചങ്കിലാണ് തറയ്ക്കുന്നതെന്ന് ബേബി പറയുന്നു. ഇക്കാര്യം പറയുമ്പോള്‍പോലും ആ നൊമ്പരം കണ്ണുകളില്‍ കാണാം. നാല് കുഴിവരെ വെട്ടേണ്ടിവന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്. അന്ന് ആളുകളുടെ ചോദ്യശരങ്ങളും കൂടുതലായിരിക്കും.
മാധ്യമങ്ങള്‍ക്ക് നന്ദി
ഇന്ന് ധീരവനിതയുടെ പരിവേഷമുണ്ടെങ്കിലും കുറച്ചുനാള്‍മുമ്പുവരെ ഭയപ്പെടുത്തുന്ന കഥാപാത്രമായിരുന്നു കുഴിവെട്ടി ബേബി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും അച്ചടക്കമുള്ളവരാക്കാനുമെല്ലാം ഓരോ നാട്ടിലും പലവിധ ഭീകരരൂപങ്ങളുടെയും പേര് പറയാറില്ലേ. അപ്രകാരമൊരു ഇമേജാണ് പലരും ബേബിച്ചേച്ചിക്ക് കൊടുത്തിരുന്നത്. എന്നാല്‍, അതില്‍നിന്ന് ഒരു മാറ്റം കൊണ്ടുവരാന്‍ കാരണം മാധ്യമങ്ങളാണെന്ന് ബേബിച്ചേച്ചി പറയുന്നു.
‘പണ്ട് കുട്ടികള്‍ എന്നെ കാണുമ്പോള്‍ ഓടിപ്പോയിരുന്നു. എങ്ങാനും മുന്നില്‍പ്പെട്ടാല്‍ അവരുടെ മുഖത്തെ പേടി എന്നെ സങ്കടപ്പെടുത്തുമായിരുന്നു. എന്നാല്‍, ഇന്ന് കുട്ടികള്‍ അടുത്തുവരുകമാത്രമല്ല, സംസാരിക്കാറുമുണ്ട്. ആരും ഇപ്പോള്‍ പണ്ടത്തെപ്പോലെ അവരെ പേടിപ്പിക്കുന്നില്ലെന്ന് തോന്നുന്നു,’ ബേബിച്ചേച്ചിയുടെ മുഖത്ത് സന്തോഷ കണ്ണീര്‍.
പട്ടിണിയുടെ ക്രൂരമുഖം അനുഭവിച്ച കാലത്ത് അന്നം കണ്ടെത്താനുള്ള ഏകമാര്‍ഗമായിരുന്നു ശവക്കുഴിവെട്ടെങ്കില്‍, ഇന്ന് ബേബിയെ സംബന്ധിച്ചിടത്തോളം മഹത്തായ ശുശ്രൂഷയാണത്. മരിച്ചവരെ മാന്യമായി സംസ്‌ക്കരിക്കുന്നതില്‍പ്പരം പുണ്യം മറ്റൊന്നുണ്ടോ! കുഴിയിലിറങ്ങി പണിയെടുക്കാന്‍ കഴിയുന്നിടത്തോളം കാലം അത് ആത്മാര്‍ത്ഥമായി (അറപ്പും വെറുപ്പും കൂടാതെ) നിര്‍വഹിക്കണമെന്നാണ് 61 വയസുള്ള ബേബിയുടെ ആഗ്രഹം.
ആന്റണി ജോസഫ്
Leave a Comment
Your email address will not be published. Required fields are marked with *