Follow Us On

19

February

2019

Tuesday

രക്ഷാദൗത്യം: വീണ്ടും വീണ്ടും അമ്പരപ്പിച്ച് ‘കേരള സൈന്യം’

രക്ഷാദൗത്യം: വീണ്ടും വീണ്ടും അമ്പരപ്പിച്ച് ‘കേരള സൈന്യം’

തിരുവനന്തപുരം: നാവികസേനയ്ക്കുപോലും കടന്നുചെല്ലാൻ സാധിക്കാത്ത ഇടങ്ങളിൽ കടന്നുചെന്ന് ആയിരക്കണക്കിനാളുകളെ രക്ഷപ്പെടുത്തിയ മത്‌സ്യത്തൊഴിലാളികളായിരുന്നു ദുരന്ത നിവാരണത്തിലെ യഥാർത്ഥ ഹീറോ. മറ്റുള്ളവരെ രക്ഷിക്കാൻ സ്വജീവൻവരെ പണയപ്പെടുത്താൻ തയാറായതിലൂടെ കേരള സമൂഹത്തെ ഒന്നടങ്കം അമ്പരപ്പിച്ച മത്‌സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രിവരെ വിശേഷിപ്പിച്ചത് വെറുതെയല്ല. പട്ടിണിയും പരിവട്ടവും ആവോളമുണ്ടെങ്കിലും യഥാർത്ഥ ഹീറോസ് അമ്പരപ്പിക്കൽ തുടരുകയാണ്. അതിലൊന്നാണ്, ഫോർട്ടുകൊച്ചിയിൽനിന്നെത്തി രക്ഷാപ്രവർത്തനത്തിൽ ആദ്യാവസാനം മുന്നിൽനിന്ന ഖായിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മഹാപ്രളയത്തിൽനിന്നു കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ലെന്ന മത്സ്യത്തൊഴിലാളിയുടെ വീഡിയോ തരംഗമാവുകയാണ്. കേരളത്തിന്റെ സൈന്യം മൽസ്യത്തൊഴിലാളികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തകർന്ന ബോട്ടുകൾ നന്നാക്കി നൽകാമെന്ന വാഗ്ദാനത്തിനൊപ്പം രക്ഷാപ്രവർത്തനത്തിനെത്തിയ മൽസ്യത്തൊഴിലാളികൾക്കും പണവും വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഖായിസിന്റെ വീഡിയോ സന്ദേശം.
ഫിഷറീസ് വകുപ്പും മത്സ്യഫെഡും 15 മുതൽ ഇന്നലെ വരെ സംയുക്തമായി നടത്തിയ രക്ഷാദൗത്യത്തിന്റെ ഔദ്യോഗിക കണക്കു പ്രകാരം, പ്രളയദുരിതബാധിതരെ രക്ഷിക്കാൻ 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളുമാണ് രംഗത്തിറങ്ങിയത്. ഇതിനു പുറമെ സ്വന്തം നിലയിലും മത്സ്യത്തൊഴിലാളികളും വള്ളങ്ങളും രംഗത്തിറങ്ങിയിരുന്നു. തിരുവനന്തപുരം അതിരൂപതയിൽനിന്നുമാത്രം 500ൽപ്പരം മത്‌സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലെത്തിയത്.

ഓഖി ദുരന്തത്തിൽനിന്ന് കരകയറാൻ അണിചേർന്ന കേരള ജനതയ്ക്ക് പ്രത്യുപകാരം എന്ന നിലയിലായിരുന്നു പ്രളയഭൂമിയിൽ മത്‌സ്യത്തൊഴിലാളികളുടെ ഇടപെടൽ. ഖായിസിന്റെ വീഡിയോ സന്ദേശത്തിലൂടെ സത്യത്തിൽ മുഴങ്ങിയത് കേരള തീരം സംരക്ഷിക്കുന്ന മത്‌സ്യത്തൊഴിലാളി സൈന്യഗണത്തിന്റെ വാക്കുകളാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോർട്ട് കൊച്ചിയിലാണ്. ഞാനൊരു മൽസ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.
ഞാനും എന്റെ മൽസ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി പോയിരുന്നു. അതിൽ പങ്കെടുത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാൻ കേട്ടിരുന്നു, സാർ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മൽസ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാൽ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയ മൽസ്യത്തൊഴിലാളികൾക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിനു കാശ് ഞങ്ങൾക്കു വേണ്ട.
സാർ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങൾക്ക് മറ്റ് ഉപജീവന മാർഗങ്ങൾ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങൾക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാൻ നിർത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

Don’t want to skip an update or a post?