Follow Us On

01

December

2020

Tuesday

സഹനം വിശുദ്ധം

സഹനം വിശുദ്ധം

1971 ഒക്‌ടോബര്‍ 29-ന് ക്യാര ജനിച്ചു. ഇറ്റാലിയന്‍ ബദാനോ കുടുംബത്തിന് അന്ന് ഉത്സവദിനമായിരുന്നു. ക്യാരയുടെ പിതാവ് ഭജേരയും മാതാവ് മരിയ തെരേസയുമായിരുന്നു. ക്യാര മിടുമിടുക്കിയായി വളര്‍ന്നു. കൗമാരം പിന്നിട്ട് വളര്‍ന്ന ക്യാര പഠനത്തിലും കലാകായിക കാര്യങ്ങളിലും സമര്‍ത്ഥയായിരുന്നു. മലകയറ്റം ക്യാരയുടെ ഇഷ്ടവിനോദമായിരുന്നു. ഒമ്പതാമത്തെ വയസില്‍ ക്യാര ഇറ്റാലിയന്‍ യുവജനപ്രസ്ഥാനമായ ഫോക്കലാരൊയുമായി ബന്ധപ്പെട്ടു.
എല്ലാം ഈശോയ്ക്കുവേണ്ടിയും ഈശോയോടുചേര്‍ന്നും ചെയ്യാന്‍ ക്യാര ചെറുപ്പത്തിലെ ഉത്സുകയായി. ഫോക്കലാരൊ പ്രസ്ഥാനത്തിലൂടെ ക്യാര ഒരു പുതിയ സൃഷ്ടിയായി മാറുകയായിരുന്നു. ക്യാര എപ്പോഴും സന്തോഷവതിയായിരുന്നു. വിശുദ്ധിയില്‍ വളരാന്‍ ഫോക്കലോരൊ ക്യാരയെ ഏറെ സഹായിച്ചു. പാട്ടുപാടി തെന്നിത്തെറിച്ച്, പൊട്ടിച്ചിരിച്ച് ഉല്ലസിച്ച് നടന്നിരുന്ന ക്യാരക്ക് ചില്ലറ അസുഖങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ അവള്‍ക്ക് ചിലപ്പോഴൊക്കെ ആശുപത്രിയില്‍ പോകേണ്ടിവന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നഴ്‌സുമാര്‍ ക്യാരയെ ഒരു പ്രത്യേക വാര്‍ഡിലേക്ക് കൊണ്ടുപോയി. അവിടെ മുടിപോയ പല പെണ്‍കുട്ടികളെയും ക്യാര കണ്ടു. നഴ്‌സുമാര്‍ ക്യാരയെ കിമോതെറാപ്പിക്ക് വിധേയമാക്കി. ജീവന്‍ തുടിച്ചു നില്‍ക്കുന്ന പ്രായത്തില്‍ ക്യാര ഒന്നു മനസിലാക്കി, തന്റെ ദിവസങ്ങള്‍ പരിമിതമെന്ന്.
ക്യാര ഏങ്ങലടിച്ചു കരഞ്ഞു. ആരെയും കാണാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. അമ്മയോടും ക്യാര മിണ്ടിയില്ല. തലയിണയില്‍ മുഖം അമര്‍ത്തി ക്യാര ഏങ്ങലടിച്ചു കരഞ്ഞു. കുറെ സമയം കഴിഞ്ഞപ്പോള്‍ ക്യാര തിളങ്ങുന്ന കണ്ണുകളോടെ അമ്മയെ നോക്കി പറഞ്ഞു: ”ഇത് ഈശോയുടെ സമ്മാനമാണ്.”
ജീവിതത്തിന്റെ വലിയ പ്രതിസന്ധിയില്‍ ക്യാര ഒരു വിശുദ്ധയെപ്പോലെ പ്രതികരിച്ചു. നമുക്ക് ലഭിച്ചിരിക്കുന്ന വിളി വിശുദ്ധിയിലേക്കാണ്. ”അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്” (1 തെസ. 4:7). ഈ വിളിയുടെ തനിമ യേശുവിന്റെ വചനത്തില്‍ വ്യക്തമാണ്. ജീവിതം കൈവിട്ടുപോകുമ്പോഴും നാം യേശുവിനോട് ചേര്‍ന്നുനിന്നാല്‍ നിത്യതയില്‍ തിളക്കമാര്‍ന്ന ജീവിതം നമുക്ക് ലഭിക്കും.
ഹിറ്റ്‌ലറുടെ നാസിപ്പട യൂറോപ്പിലാകമാനം ആക്രമണം നടത്തിയ കാലം. യൂദരെ നാസിപ്പട്ടാളം തിരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു. യഹൂദസ്ത്രീയായിരുന്ന ഈഡിത്ത് സ്റ്റെയിനും സഹോദരിയും നിരീശ്വരവാദികളായിരുന്നു. അവര്‍ പിന്നീട് കത്തോലിക്ക വിശ്വാസം സ്വീകരിച്ച് രണ്ടുപേരും കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. യഹൂദസ്ത്രീയായ ഈഡിത്ത് സ്റ്റെയിനെ ഹിറ്റ്‌ലറുടെ പട്ടാളം നോട്ടമിട്ടിരുന്നു. അതിനാല്‍ മഠത്തിന്റെ സുപ്പീരിയര്‍ അവരെ സ്വിസ് കോണ്‍വെന്റിലേക്ക് മാറ്റാന്‍ ശ്രമിച്ചു. പക്ഷേ ദൈവത്തിന്റെ ഇഷ്ടം മറ്റൊന്നായിരുന്നു. ജര്‍മനിയിലെ എക്റ്റ് കോണ്‍വെന്റില്‍ അവര്‍ക്ക് താമസിക്കേണ്ടിവന്നു. 1942 ആഗസ്റ്റ് രണ്ടിന് എക്റ്റിലെ കോണ്‍വെന്റില്‍നിന്ന് നാസിപട്ടാളം ഈഡിത്തിനെ അറസ്റ്റു ചെയ്തു. പിന്നീട് അവര്‍ ഔഷ്‌വിറ്റ്‌സിലേക്ക് മാറ്റപ്പെട്ടു.
ഭീകരതയും ഭയവും നിറഞ്ഞുനിന്ന കോണ്‍സെന്റെറേഷ്യന്‍ ക്യാമ്പിലേക്ക് ശാന്തതയോടെ ഈഡിത്ത് സ്റ്റെയിന്‍ നടന്നുനീങ്ങി. ഈ ശാന്തതയില്‍ മരണംവരെ അവര്‍ തുടര്‍ന്നു. മരണഗന്ധം വമിക്കുന്ന ക്യാമ്പില്‍ മറ്റുള്ളവരെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും ധൈര്യപ്പെടുത്തിയും ഈഡിത്ത് ജീവിച്ചു. ഈശോയുടെ തിരുഹൃദയത്തിന് തന്റെ ജീവിതം ഈഡിത്ത് സമര്‍പ്പിച്ചിരുന്നു. അധികം വൈകാതെ അവര്‍ കോണ്‍സെന്റെറേഷ്യന്‍ ക്യാമ്പില്‍ അടക്കപ്പെട്ടു.
മരണത്തെ മുന്നില്‍കണ്ട ഈഡിത്ത് നയിച്ച ജീവിതം ഉജ്വലമായിരുന്നു. ക്രിസ്തുവിന്റെ മണവാട്ടിക്ക് മാത്രമേ ഇത്ര വീരോചിതമായ ശാന്തി പാലിക്കാന്‍ കഴിയൂ. 1998 ഒക്‌ടോബര്‍ 11-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
വിശുദ്ധ ജീവിതത്തിന് സഹനം അനിവാര്യമാണെന്ന് ക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ”പുത്രനായിരുന്നിട്ടും സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യര്‍ത്ഥിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി” (ഹെബ്രാ. 5:8). ജീവിതസാഹചര്യങ്ങളെല്ലാം വിശുദ്ധി പ്രാപിക്കാനുള്ളതാണ്. ”തന്നെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം തന്റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്കും ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്ക് അറിയാമല്ലോ” (റോമ. 8:28). സഹനത്തില്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക. ദൈവം നിങ്ങളെ വിശുദ്ധിയുടെ ഗിരിശൃംഗങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
ജോസഫ് അരാശേരി

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?