Follow Us On

26

March

2019

Tuesday

കടലാസിനെ സ്‌നേഹിച്ചവര്‍ക്ക് …

കടലാസിനെ സ്‌നേഹിച്ചവര്‍ക്ക് …

പഴയ കടലാസ് പേജ് ആരോ ഹാക്ക് ചെയ്ത് നമ്മളെ സ്‌നേഹിച്ചു. കടലാസിന്റെ ഇന്‍സ്റ്റാഗ്രാം-ഉം ഹാക്ക് ചെയ്തു. ഏകദേശം മൂന്ന് ലക്ഷത്തി ഇരുപതിനായിരം ലൈക്കുകള്‍ പേജിന് ഉണ്ടായിരുന്നു….
ഈ നാലു വര്‍ഷകാലമായിരിക്കണം അതിന്റെ വിധി.
എങ്കിലും പുറകോട്ടില്ല…മുമ്പോട്ട് തന്നെ..
ഇത് പുതിയ പേജാണ്… കടലാസിനെ അറിഞ്ഞവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും പുതിയ കൂട്ടുകാര്‍ക്കും സ്വാഗതം…. :
സ്‌നേഹാപൂര്‍വ്വം ബിബിന്‍
കടലാസ് എന്ന ഫേസ് ബുക്ക് പേജ് ഹാക്ക്
ചെയ്തവരോട് അതിന്റെ ഉടമയുടെ പ്രതികരണം
ഇങ്ങനെയായിരുന്നു. നടപടിയെടുക്കും കേസുകൊടുക്കും പ്രതികാരം ചെയ്യും എന്നെല്ലാം കേട്ടുകൊണ്ടിരുന്ന സോഷ്യല്‍ മീഡിയ ഈ പ്രതികരണം കേട്ട് അമ്പരന്നു…
അതെ, കടലാസ് വേറിട്ട പേജായി വായനക്കാര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് അതിന്റെ ഈ ലാളിത്യം കൊണ്ടും വിനയം കൊണ്ടും മാത്രമാണ്. അഡ്മിന്റെ തളരാത്ത മനസും.
‘കടലാസിന് കടലായുസുണ്ടാവട്ടെ’ എന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഉണ്ണി ആര്‍. രണ്ടുവര്‍ഷം മുമ്പ് കുറിച്ചപ്പോള്‍ ‘കടലാസ്’ എന്ന ഫെയ്‌സ്ബുക്ക് പേജ് അനേകരുടെ ഹൃദയം കവര്‍ന്നിരുന്നു.
എന്നാല്‍ അതുകഴിഞ്ഞ് വെറുമൊരു വര്‍ഷം കൊണ്ട്, ഒരു പ്രമോഷനുമില്ലാതെ രണ്ടര ലക്ഷത്തിലധികം ഓണ്‍ലൈന്‍ വായനക്കാരുടെ ആസ്വാദന മേശകളിലും കടലാസിന്റെ അക്ഷരക്കൂട്ടുകള്‍ എത്തിച്ചേര്‍ന്നു. മൂന്ന് ലക്ഷത്തി ഇരുപതിനായിരം കടന്നപ്പോഴാണ് അഡ്മിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതിനെ ആരോ സ്‌നേഹിച്ച് ഇല്ലാതാക്കിയത്.
ഏറെക്കുറെ സമാനസ്വഭാവമുള്ള പേജുകള്‍ നിരവധിയുണ്ടായിട്ടും ഇത്രത്തോളം ആസ്വാദകരുടെ മനംകവരാന്‍ എന്താണ് ഈ കടലാസിന്റെ രസക്കൂട്ട്? ആരാണ് ഈ കടലാസിന് പിന്നില്‍?
‘കടലാസ്’ എന്നത് 2014 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പിറവിയെടുത്ത ഫെയ്‌സ്ബുക്ക് പേജാണ്. ആഴമുള്ള ചിന്തകള്‍ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി, ഉചിതമായ ചിത്രങ്ങള്‍ക്കൊപ്പം അവതരിപ്പിക്കുന്ന പേജാണിത്. സമകാലീന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നിലപാടുകള്‍ക്കൊപ്പം മതം, ശാസ്ത്രം, ധാര്‍മ്മികത, പരിസ്ഥിതി, മൂല്യങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങി കാലിക പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി, നന്മയും ക്രിയാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്ന നുറുങ്ങു ചിന്തകള്‍ നര്‍മ്മത്തില്‍ ചാലിച്ച്, കുറിക്കു കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുന്ന പേജാണിത്. ട്രോളുകള്‍ അരങ്ങു തകര്‍ക്കുന്ന അതിവേഗതയുടെ സമൂഹമാധ്യമ സംസ്‌കാരത്തില്‍ സ്‌ക്രോള്‍ ചെയ്തു പോകും വഴി കണ്ണിലുടക്കാനും പിന്നെ ഉള്ളിലുടക്കാനും പാകത്തിനാണ് ‘കടലാസി’ലെ വിരുന്ന്.
ഹൃദയം നിറയ്ക്കാതെ പോവില്ല വിഭവങ്ങളൊന്നും! ‘ഒളിച്ചുവയ്ക്കാനുള്ളതല്ല, വിളിച്ചു പറയാനുള്ളതാണ് കല. കടലാസ് അതു പറയും.’ അതാണു കടലാസിന്റെ ഹാഷ് ടാഗ്! കടലാസിനെന്താ കൊമ്പുണ്ടോ? കടലാസിന് ഇല്ലാത്തത് ഈ കൊമ്പാണ്.
കടലാസ് ആരെയും മുറിവേല്‍പ്പിക്കാനുള്ളതല്ല. ആരേയും കുറ്റപ്പെടുത്താനും വിമര്‍ശിക്കാനുമുള്ളതല്ല. നന്മയെ പിന്തുണയ്ക്കാനുളള ആത്മാര്‍ത്ഥമായ പരിശ്രമം. ഓരോ വരിയിലും വരയിലും അതു തെളിഞ്ഞു കാണാം.
ആദ്യ വായനയില്‍ ചിരിയും രണ്ടാം വായനയില്‍ ചിന്തയും മൂന്നാം വായനയില്‍ ഒരു ചെറു നൊമ്പരവും ഒക്കെ ഉണര്‍ത്താന്‍ പര്യാപ്തമാണ് വാക്കുകള്‍. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ പോലെ ഹ്രസ്വവും മധുരതരവുമാണ് കടലാസിലെ പ്രാസഭംഗിയുള്ള രചനകള്‍. പറയാനുള്ളത് മുഷിപ്പിക്കാതെ പറയാനറിയാം.
‘അമ്മ മക്കളെ തലോടുന്നു, മക്കള്‍ അമ്മയെ തല്ലി ഓടുന്നു’ എന്നെഴുതിയത് ഫഹീമാണ്. ‘തലകറങ്ങുമ്പോള്‍ പുറമമര്‍ത്തിയില്ലെങ്കില്‍ ഛര്‍ദ്ദിക്കുമെന്ന് മിക്‌സി’ എന്ന ഫലിതം കുറിച്ചിരിക്കുന്നത് സുഹാസാണ്. സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ പോലെ മൂര്‍ച്ചയുള്ള ഫലിതങ്ങളാല്‍ സമൃദ്ധമാണ് കടലാസ്.
നോട്ടുക്ഷാമം വന്ന സമയത്ത് ഇങ്ങനെയൊരു പോസ്റ്റു കണ്ടു: ‘നോട്ടുള്ളവന്‍ നോട്ടപ്പുള്ളിയായി. ചില്ലറയുള്ളവന്‍ ചില്ലറക്കാരനല്ലാതായി’ (അജിത്കുമാര്‍).
സൂര്‍ജിത്തിന്റെ കുറിപ്പിങ്ങനെ: ‘ഇസ്തിരിപ്പെട്ടി ഹൃദയത്തില്‍ കനലെരിച്ചാണ് ഞാന്‍ നിങ്ങളെ വടിവൊത്തവരാക്കിയത്. എന്നിട്ടും ഒന്നു പൊള്ളിയാലോ ചുളുങ്ങിയാലോ കുത്തുവാക്കും ശാപവും.’ വായനയെ പെയിന്റിംഗ് ആസ്വദിക്കുന്നതു പോലെ ലളിതമാക്കുകയാണ് കടലാസ് ചെയ്യുന്നത്.
ആരാണിതിന് പിന്നില്‍? അതാണ് ഏറ്റവും രസകരം. പേജ് ആരംഭിച്ച് രണ്ടു വര്‍ഷം ഇതിന്റെ ശില്‍പ്പിയെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലായിരുന്നു.
എന്നാല്‍ 2016 നവംബര്‍ 26 ന് ഈ പേജിന്റെ അഡ്മിന്‍ പ്രൊഫൈലില്‍ ഒരു സ്റ്റാറ്റസ് ഇങ്ങനെ പ്രത്യക്ഷപ്പെട്ടു. ‘എല്ലാവര്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍. ചിലതിനൊക്കെ ചിറകു മുളയ്ക്കും. ചിലതൊക്കെ മാഞ്ഞു പോകും! എന്റെ ഏറ്റവും വലിയ സ്വപ്‌നം ഈ ഡിസംബര്‍ 28ന് യാഥാര്‍ത്ഥ്യമാവുകയാണ്. ഞാന്‍ ഒരു പുരോഹിതനാവുകയാണ്.
എന്റെ സ്വപ്‌നത്തിലേക്ക് നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. വരണം. അനുഗ്രഹിക്കണം.’ അദ്ഭുതാദരവുകളോടെയാണ് വായനക്കാര്‍ ഈ വാക്കുകള്‍ സ്വാഗതം ചെയതത്. ഇത്രയും നാള്‍ തങ്ങള്‍ക്കു മുന്നില്‍ വാക്കുകളും വരകളും വരികളും കൊണ്ട് വിസ്മയം തീര്‍ത്തിരുന്നത് ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്നുവെന്നത് അവര്‍ക്കു വിശ്വസിക്കാനായില്ല. ബിബിന്‍ ഏഴുപ്ലാക്കന്‍ എന്ന പേരുള്ള പെരുമ്പാവൂരുകാരന്‍.
കടലാസിന്റെ ഒറ്റയാള്‍ ശില്‍പ്പി. ഇപ്പോള്‍ ദിവ്യകാരുണ്യ മിഷനറി സഭയില്‍ വൈദികന്‍.
പ്രായഭേദമെന്യേ വായനക്കാരുടെ പങ്കാളിത്തത്തോടെയാണ് കടലാസ് ഒരുങ്ങുന്നത്. കടലാസില്‍ നമുക്ക് എന്തും എഴുതാം. വ്യക്തമായി അവതരിപ്പിക്കാം. മനസില്‍ തോന്നുന്ന നല്ല ചിന്തകളെന്തും ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായെഴുതി വായനക്കാര്‍ക്ക് കടലാസിലേക്കയക്കാം. ലളിതമായതും ഹ്രസ്വമായതും എന്നാല്‍ ആഴമുള്ളതുമായ കുറിപ്പുകള്‍ ഫാ. ബിബിന്‍ തന്നെ ഡിസൈന്‍ ചെയ്ത്, എഴുതിയ ആളിന്റെ പേരുള്‍പ്പടെ കടലാസില്‍ പ്രസിദ്ധീകരിക്കും.
ഉള്ളിലുള്ള നന്മയെ നല്ല എഴുത്തിലൂടെ ലോകത്തോടു പങ്കുവയ്ക്കാനുള്ള അവസരമാണ് കടലാസ് മുന്നോട്ടു വയ്ക്കുന്നത്. നന്മ നിറഞ്ഞ എഴുത്തിനെ പ്രോത്സാഹിപ്പിക്കുക.സമൂഹമാധ്യമങ്ങളിലൂടെ സംവേദനം ചെയ്യാന്‍ കഴിയുന്ന നന്മയുടെ പ്രകടമായ ഉദാഹരണമാണിത്.
അതോടൊപ്പം തിരക്കിട്ട് സഞ്ചരിക്കുന്ന സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ മറന്നു പോകാന്‍ പാടില്ലാത്ത ചില ചോദ്യങ്ങളുയര്‍ത്തുകയാണ് കടലാസ്. വായനയും പ്രതികരണവും ചിന്തയുമെല്ലാം ഓണ്‍ലൈനാക്കിയ പുതുതലമുറയിലേക്ക് ചില മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാനും സ്വാധീനിക്കാനും കടലാസ് ശ്രമിക്കുന്നു.
കടലാസ് കൂടുതല്‍ ജനകീയമാവണം. കടലാസിന്റെ ഒന്നാം പിറന്നാളിന് പൂനയിലെ തെരുവിലലയുന്ന അഗതികള്‍ക്ക് ഭക്ഷണം നല്‍കിയാണ് കടലാസ് അത് ആഘോഷിച്ചത്.
ഷെയര്‍ ചാറ്റ് അവരുടെ ടീ ഷര്‍ട്ടുകളില്‍ ഉപയോഗിച്ചത് കടലാസിന്റെ വാചകങ്ങളാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇടം നല്‍കണം. പ്രമുഖ എഴുത്തുകാരുടെ പിന്തുണയും പ്രോത്സാഹനവുമുണ്ട്. വായന മരിക്കരുത്. സാധാരണക്കാരിലെത്തണം. വായനയ്ക്ക് പുതിയ ദിശാബോധമുണ്ടാവട്ടെ. കഴിയുന്നിടത്തോളം നന്മ പങ്കുവയ്ക്കണം. അങ്ങനെ പോകുന്നു കടലാസിന്റെ മോഹങ്ങള്‍! ധൈര്യമായി പിന്‍തുടര്‍ന്നോളൂ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?