Follow Us On

26

March

2019

Tuesday

പെയ്തിറങ്ങിയത് സ്‌നേഹമഴ

പെയ്തിറങ്ങിയത് സ്‌നേഹമഴ

പ്രളയ ദുരിതത്തില്‍ കേരളമെങ്ങും കേഴുമ്പോഴും ചില നന്മമരങ്ങള്‍ നമ്മുടെ നാട്ടില്‍ പടര്‍ന്ന് നില്‍പ്പുണ്ട്. ഈയിടെ കണ്ടതും കേട്ടതുമെല്ലാം പൂത്തുലഞ്ഞ ഈ വൃക്ഷങ്ങളുടെ മനോഹാരിതയായിരുന്നു. ഈ അനുഭവങ്ങളൊന്ന് നിശബ്ദമായി ധ്യാനിക്കണേ. നമ്മുടെ നാട്ടില്‍ നിന്നും നന്മ വറ്റിപ്പോയെന്ന് ഇനിയാരും പറയില്ല.

ദുരിതമേഖലയിലൂടെ കയ്യുംമെയ്യും മറന്ന് ഓടിയ ഒരു രക്ഷാപ്രവര്‍ത്തകന്റെ സങ്കടം കലര്‍ന്ന വാക്കുകളിങ്ങനെയായിരുന്നു. ”ദുരിതബാധിതരെ തേടിയുള്ള യാത്ര വല്ലാത്തൊരു വേദനയാണ് മനസില്‍ ഉണ്ടാക്കിയത്. ഒരു സ്ഥലത്തുനിന്നും അടുത്ത സ്ഥലത്തേക്ക് പോകുമ്പോള്‍ അവിടെ ഇത്രയും ദുരിതം ഉണ്ടാകില്ലെന്നാണ് കരുതുക..എന്നാല്‍ അവിടെയെത്തുമ്പോള്‍ അതിനേക്കാള്‍ ദുരിതം കലര്‍ന്നൊരു കഥയാവും അവര്‍ക്ക് പറയാനുണ്ടാവുക. പലരും സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലുളളവരുള്ളവരായിരുന്നു. എന്നാല്‍ മനസ് ക്ലേശിക്കുന്ന ദുരിതത്തിലൂടെയാണവര്‍ കടന്നുപോകുന്നതെന്ന് വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ മനസിനെ പൊള്ളിക്കുന്ന മറ്റൊരു കാഴ്ചയും അദേഹം കണ്ടു. മൂവായിരത്തോളം സ്‌ക്വയര്‍ഫീറ്റ് വരുന്ന വലിയൊരു വീട്. അതിന് മുന്നില്‍ വെള്ളം കയറിയ നിലയില്‍ രണ്ട് കാറുകള്‍. ഉള്‍വശം നിറയെ ചെളിയാണ്. ആ വീടിനുളളില്‍ നിന്നും ഒരു സ്ത്രീ പതിയെ ഇറങ്ങിവന്നു. അവര്‍ ക്ഷീണിതയായികാണപ്പെട്ടു. എന്നോട് ഒരു നൈറ്റി തരുമോ എന്ന് അവര്‍ പതിയെ ചോദിച്ചു. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന നൈറ്റികള്‍ അതിനോടകം പലര്‍ക്കും കൊടുത്തുകഴിഞ്ഞിരുന്നു. ഒരു വല്ലാത്ത വേദനയാണ് മനസില്‍ തോന്നിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരു അമ്മച്ചി പറയുകയാണ്. ”മക്കളേ, എല്ലാവര്‍ക്കും ഇവിടെ നിന്ന് കൊടുത്തിട്ടേയുളളൂ. കൊടുത്ത് മാത്രമേ ഞങ്ങള്‍ക്ക് ശീലമുള്ളൂ. ആദ്യമായിട്ടാണ് ഇങ്ങനെ ചോദിക്കേണ്ടതായൊരു അവസ്ഥ വന്നത്. ”

ഹൃദയത്തിലുണ്ടാക്കിയ നൊമ്പരം വാക്കുകളില്‍ പറയാന്‍ പറ്റുന്നതല്ല. യാത്രക്കിടയില്‍ അച്ചൂരുനിന്നും ആറാംമൈലില്‍ എത്തിയപ്പോള്‍ ഒരുപാട് ചെളിയല്‍ കുടുങ്ങിപ്പോയ വീടുകള്‍ കാണാനിടയായി. ഞങ്ങളവിടെ കൊണ്ടുപോയി കുറച്ച് ഭക്ഷണസാധനങ്ങള്‍ കൊടുത്തപ്പോള്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചൊരു സ്ത്രീയെ കണ്ടു. അവരുടെ കണ്ണില്‍ വിശപ്പ് നിറഞ്ഞുനില്‍ക്കുന്നത് കാണാം. അവരോട് ഞങ്ങള്‍ സംസാരിച്ചു. ആവശ്യമായ സാധനങ്ങള്‍ മടിക്കാതെ വാങ്ങിക്കൊളാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞൊരു വാക്കുണ്ട്. ”മക്കളേ, ദാരിദ്ര്യവും കഷ്ടപ്പാടും ആവോളം ഉണ്ട്. പക്ഷേ ഒരു സാധനവും ഞങ്ങള്‍ക്ക് വേണ്ട. അത്യാവശ്യം കുറച്ച് സാധനങ്ങള്‍ ഇപ്പോള്‍ വീട്ടിലുണ്ട്. എന്റെ വീടിനകത്ത് വെള്ളം കയറിയിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ഒരുപാട് പേര്‍ അടുത്തുതന്നെയുണ്ട്.” അവര്‍ ചൂണ്ടിക്കാട്ടിയ വീട്ടിലേക്ക് നോക്കിയ ഞങ്ങള്‍ പിന്നെയും ഞെട്ടി. എല്ലാംവലിയ വീടുകള്‍. ”അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ടാവും. നിങ്ങളവരെ സഹായിക്കണം. കാരണം ഞങ്ങള്‍ ദാരിദ്ര്യം അനുഭവിച്ച് തന്നെയാണ് വളര്‍ന്നത്. അതുകൊണ്ട് ഇതൊന്നും ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല..”

ഇത്രയേറെ മനസിനെ കുളിര്‍കോരിയിട്ട മറ്റൊരുവാക്കും ഞാനിതേവരെ കേട്ടിട്ടില്ല. വെറും ടിന്‍ഷീറ്റുകൊണ്ട് നിര്‍മ്മിച്ച വീട്ടിലെ ഒരു അമ്മച്ചിയാണ് ഇതു പറയുന്നതെന്ന് ഓര്‍ക്കണം. കണ്ണുനിറയാതെ ഞാന്‍ പാടുപെടുകയായിരുന്നു. സ്വന്തം ദാരിദ്ര്യത്തില്‍ പോലും മറ്റുള്ളവരെ സഹായിക്കാന്‍ മനസുകാട്ടുന്ന ഇത്തരം ചില സുകൃതമനസുകളെ കാട്ടിതന്നത് പ്രളയമാണ്.

പ്രളയം തീര്‍ത്ത ദുരിതക്കയങ്ങളില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കാന്‍ വെമ്പുന്ന മനസായിരുന്നു, അവര്‍ക്ക്. സ്‌നേഹം പൊതിഞ്ഞു നല്‍കിയ ഓണക്കിറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്‌കളങ്കമായ ചിരിയോടെ തങ്ങള്‍ക്കു ലഭിച്ച സമ്മാനം അവര്‍ നെഞ്ചോടുചേര്‍ത്തു.

വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങളില്‍ സഹായമെത്തിച്ച ആഹ്ലാദത്തിലാണ് പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കുളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും. ഓരോ കുടുംബത്തിനുമായി തയാറാക്കിയ കിറ്റുകളില്‍ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളുമുണ്ടായിരുന്നു.

വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം, ചക്കിട്ട, കമ്പത്തുംകുന്ന്, ഊരാളിപ്പാടിക്കുന്ന്, അമ്മാനി, പാറവയല്‍, അടിയ, ഓണിവയല്‍, നഞ്ചറമൂല, കൊട്ടവയല്‍ ആദിവാസികോളനികളിലാണ് കിറ്റുകള്‍ എത്തിച്ചത്.

പൗരോഹിത്യത്തില്‍ നാലുവര്‍ഷമേ പിന്നിട്ടുള്ളൂവെങ്കിലും ഫാ. ആന്റോ പുതുവ ഇന്ന് മഹാരാഷ്ട്രയിലെ ലോനന്ദ് എന്ന ചെറിയ സ്ഥലത്ത് ഏറെ ജനപ്രിയനാണ്. ഇവിടുത്തെ സെന്റ് ജോസഫ് ഇടവകയുടെ വികാരിയും സെന്റ് അല്‍ഫോന്‍സാ സ്‌കൂളിന്റെ ചുമതലയുമായി അദേഹം മുന്നോട്ട് പോകുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് നാട്ടുകാര്‍ക്കിടയില്‍ പ്രിയപ്പെട്ടവനായി അച്ചന്‍ മാറി. തമിഴ്‌നാട്ടിലും വൊക്കേഷന്‍ പ്രമോട്ടര്‍ ആയി കേരളത്തിലുമെല്ലാം അച്ചന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചു.

കേരളത്തില്‍ പ്രളയം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന സന്ദേശം കിട്ടിയപ്പോള്‍ അച്ചന് പ്രയാസമായി. എന്താണ് ചെയ്യുക?.

ജനം ദുരിതത്തിലായിരിക്കുമ്പോള്‍ പള്ളിമുറിയിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയോ? പ്രാര്‍ത്ഥനയൊടൊപ്പം പ്രവര്‍ത്തനവും വേണം. പക്ഷേ അന്യനാട്ടില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും?

ഏതായാലും അടുത്തുവന്നവരോട് കേരളജനത പ്രളയം മൂലം നേരിടുന്ന ബുദ്ധിമുട്ട് അച്ചന്‍ വിവരിച്ചു. അവരത് കണ്ണീരോടെ കേട്ടു. ഞങ്ങളെന്താണ് ചെയ്യേണ്ടത്? അവര്‍ ചോദിച്ചു. സാധാരണക്കാരാണ് എല്ലാവരും, കൂലിപ്പണി ചെയ്തും ചെറുകിട കച്ചവടം നടത്തിയും ഉപജീവനം നടത്താന്‍ പാടുപെടുന്നര്‍. അവരോട് എങ്ങനെ സാമ്പത്തിക സഹായം ചോദിക്കും? ‘എതായാലും നിങ്ങളാല്‍ കഴിയുന്നത് തരിക.’അങ്ങനെയാണ്അച്ചന്‍ പറഞ്ഞത്.

പത്തോ അമ്പതോ കിലോ വരുന്ന ഒരു ചെറിയ ലോഡ് നാട്ടിലേക്ക് കൊടുത്തു വിടാം. അത്രയും പോലും ഈ ഗ്രാമീണ ജനതയില്‍നിന്ന് കൂടുതല്‍ കിട്ടുമെന്ന് അച്ചന് തെല്ലും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ജനം വെറുതെയിരുന്നില്ല. അവര്‍ വീടുകള്‍ തോറും കയറിയിറങ്ങി. ആവശ്യമായ സാധനങ്ങളൊഴുകി. എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ഒരുമിച്ച് കൈകോര്‍ത്തു. രണ്ട് വലിയ ലോറി നിറയെ അവശ്യവസ്തുക്കളുമായി മുംബൈയിലെ സത്താറയില്‍നിന്നും വാഹനങ്ങള്‍ പുറപ്പെട്ടു. പ്രതികരണമെന്നോണം അച്ചന്‍ നിറകണ്ണുകളോടെ പറയുന്നു. ‘എല്ലാത്തിനും ദൈവത്തിന് നന്ദി!’

ലൈഫ് ബോട്ടില്‍ കയറാനാകാതെ വിഷമിച്ചവര്‍ക്കു മുന്നില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടന്നു ജീവനിലേക്കുള്ള കരുതല്‍ പടിയായ യുവാവിന് കേരള ജനത ആദരവുകൊണ്ട് മൂടി. മലപ്പുറം ജില്ലയിലെ താനൂരില്‍ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസലാണ് ട്രോമാ കെയര്‍ യൂണിറ്റിനോടൊപ്പം എത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുതിയ അര്‍ത്ഥതലം നല്‍കിയത്. ജൈസലിന്റെ മുതുകിലൂടെ ചവിട്ടി ലൈഫ് ബോട്ടില്‍ കയറുന്ന അനേകരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വെള്ളം കയറി കെയ്‌റോസിന്റെ ഓഫീസ് മുങ്ങിയെങ്കിലും പ്രത്യാശവിടാതെ പ്രവര്‍ത്തകര്‍. ജീസസ് യൂത്ത് മാസികയായ കെയ്‌റോസിന്റെ ഓഫീസ് പ്രവര്‍ത്തിച്ചത് എറണാകുളത്ത് കളമശേരി തോഷിബയ്ക്ക് അടുത്ത് പള്ളിങ്കര റോഡിലുള്ള രണ്ട് നിലകെട്ടിടത്തിന്റെ താഴത്തെനിലയിലായിരുന്നു. മഴയുംവെള്ളപ്പൊക്കവും മൂലം ആ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയതിനൊപ്പം അഞ്ചരയടിയോളംപൊക്കത്തില്‍ കെയ്‌റോസ് ഓഫീസിലും വെള്ളമായി. വെള്ളംവരാനുള്ള സാധൃത മുന്നില്‍ക്കണ്ട് മാസികക്കെട്ടുകളും,തറയിലിരുന്ന സാധനങ്ങളുമെല്ലാം മേശപ്പുറത്ത് കയറ്റിവച്ചെങ്കിലും അതെല്ലാം വെറുതെയായി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 1997 മുതലുള്ള മാസികകളുടെ കോപ്പികളെല്ലാം വെള്ളത്തിലലിഞ്ഞുപോയി. പ്ലൈവുഡുകൊണ്ടുള്ള മേശകള്‍, അലമാരകള്‍, കസേരകള്‍, വിവിധ രേഖകള്‍, മാസികക്കെട്ടുകള്‍, പായ്ക്കിങ്ങ് സാധനങ്ങള്‍, കമ്പൃൂട്ടറുകള്‍, പ്രിന്ററുകള്‍ ഇവയെല്ലാം ഉപയോഗശൂനൃമായി. പക്ഷേ, എല്ലാം കഴുകി വൃത്തിയാക്കി പുതുതായി തുടങ്ങാന്‍ ദൈവം നല്‍കിയ അവസരമാണിതെന്നും അടുത്ത മാസികയുടെ പ്രവര്‍ത്തനം ആരംഭിച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ചിത്തിരപുരം രണ്ടാം മൈലില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്‍ മരണമടയുന്നത്. പ്രളയത്തെ തുടര്‍ന്നു മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം തേടി നടന്ന കുടുംബത്തിന് രൂപത വികാരി ജനറല്‍ റവ. ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിന്റെ അനുമതിയോടെ വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് സെമിത്തേരിയില്‍ കല്ലറ നല്‍കുകയായിരുന്നു.

സെന്റ് ആന്‍സ് ദൈവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പില്‍ ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴാണ് സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിഞ്ഞത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന ദുഃഖം സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോടു പങ്കുവച്ചു. തുടര്‍ന്നു വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വികാരി ജനറല്‍ അനുമതിയും നല്‍കിയതോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു അന്തിമോപചാരത്തിന് ശേഷം സംസ്‌കാരം നടത്തുകയായിരുന്നു.

അയല്‍ ജില്ലയായ തൃശൂരില്‍ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ യു. വി ജോസ് ഒരു ഫേസ് ബുക് പോസ്റ്റിട്ടു. രണ്ടുമൂന്നുമണിക്കൂറിനുള്ളില്‍ കുറച്ച് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു തരണമെന്നാണ് അദേഹം ആവശ്യപ്പെട്ടത്.

ആളുകള്‍ക്ക് പെട്ടെന്ന് കഴിക്കാന്‍ സാധ്യമായ ബിസ്‌കറ്റ്, ബണ്ണ്, വെള്ളക്കുപ്പികള്‍… എന്നിങ്ങനെ ചില കാര്യങ്ങളാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം രണ്ടോ മൂന്നോ ലൈനില്‍ കുറിച്ച് കോഴിക്കോട് കളക്ടര്‍ ഫേസ് ബുക്കിലിട്ടു. സഹായിക്കാന്‍ സാധ്യതയുള്ളവര്‍ സഹായിക്കണം എന്ന് മാത്രമായിരുന്നു അദേഹം അഭ്യര്‍ത്ഥിച്ചത്. ഉദേശിച്ചതുപോലൊരു പ്രതികരണം കിട്ടില്ലെന്ന് ജോസ് സാറിനും നന്നായി അറിയാം. കാരണം കോഴിക്കോടും പ്രളയമൊന്നടങ്ങി ജനങ്ങള്‍ ശാന്തതയിലേക്ക് വരുന്നതേയുള്ളൂ. ഇപ്പോഴും 45000 ആളുകള്‍ പ്രളയദുരിതമനുഭവിക്കുകയാണ്. നിപ്പയുടെ വേദനയില്‍നിന്നും ജനം കരയറി വരുന്നതേയുളളൂ. ആ നിലക്ക് സ്വന്തം കാര്യം കഴിഞ്ഞിട്ടല്ലേ കോഴിക്കോട് ജനം മറ്റുളളവരുടെ കാര്യം ശ്രദ്ധിക്കുകയുള്ളൂ. അതിനാല്‍ സാധനങ്ങള്‍ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.

അറിഞ്ഞവര്‍ ഒരു നിമിഷം പോലും പാഴാക്കാതെ സാധനങ്ങളുമായി വന്നു. മണിക്കുറുകള്‍ക്കകം ഭക്ഷ്യസാധനങ്ങളുടെ ഒഴുക്കായി. രണ്ടു മണിക്കകം സാധനങ്ങള്‍ നിറച്ച നാലു ട്രക്കുകളാണ് ജില്ലയില്‍നിന്ന് പുറപ്പെട്ടത്. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂന്തോട്ടം തന്ന കോഴിക്കോട് ജനതയെക്കുറിച്ചോര്‍ത്തപ്പോള്‍ കളക്ടറുടെ കണ്ണുനിറയുന്നു.


തയ്യാറാക്കിയത്:
ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?