Follow Us On

29

November

2020

Sunday

സ്‌നേഹം വിതച്ച ദിനരാത്രങ്ങള്‍

സ്‌നേഹം വിതച്ച ദിനരാത്രങ്ങള്‍

ദുരിത ബാധിത പ്രദേശങ്ങള്‍ കുറെയൊക്കെ സന്ദര്‍ശിക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതം അടുത്തറിയാനും ഈ നാളുകളില്‍ കഴിഞ്ഞു. സംഭവിച്ചിരിക്കുന്ന ദുരിതങ്ങള്‍ വ്യാപകവും ഉണ്ടായിരിക്കുന്ന നഷ്ടം കനത്തതുമാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ തികച്ചും നിസ്സഹായാവസ്ഥയിലാണ്. നൂറുകണക്കിനു വീടുകള്‍ വാസയോഗ്യമല്ലാതാകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞെങ്കിലേ നഷ്ടങ്ങളുടെ കൃത്യവിവരം അറിയാനാവൂ. കടമെടുത്തും മറ്റും ചെയ്ത കൃഷിപ്പാടങ്ങള്‍ മിക്കവയും മടപൊട്ടിയും വെള്ളം നിറഞ്ഞും നശിച്ചിരിക്കുന്നു. പച്ചക്കറിത്തോട്ടങ്ങളും കരഭൂമിയിലെ മറ്റു കൃഷികളും നശിച്ചു. വളരെയേറെ വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവനാശം സംഭവിച്ചിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ മത്സ്യകൃഷിയിടങ്ങളും അപ്രത്യക്ഷമായി.

സ്ഥിതിഗതികളും അവയുടെ ഗൗരവവും മനസ്സിലാക്കി സന്നദ്ധസംഘടനകളും വ്യക്തികളുമൊക്കെ ത്യാഗബുദ്ധിയോടും ഉദാരമനസ്സോടുംകൂടി സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നു.
നമ്മുടെ ഹോസ്പിറ്റലുകളും ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ സേവനസദ്ധരായി മുന്നോട്ട് വന്നു. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ ശക്തമായും അടിയന്തിരമായും പ്രവര്‍ത്തിച്ചുഎന്നതും ശ്രദ്ധേയമാണ്. ഇനിയും ഈ രംഗത്ത് സര്‍ക്കാരും ആതുരലായങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന കാര്യം തീര്‍ച്ചയാണ്.

മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. ശുദ്ധജലക്ഷാമവും രൂക്ഷമാണ്. പലവിധ രോഗങ്ങള്‍ക്ക് ഇവയൊക്കെ കാരണമാകാം. കൊതുക് പെരുകി വര്‍ദ്ധിക്കും. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണ് കുട്ടനാടിന്റെ ഏറ്റവും രൂക്ഷമായ ഒരു പ്രശ്‌നം. സര്‍വ്വത്ര വെള്ളമാണെങ്കിലും കുടിക്കാന്‍ ഒരു തുള്ളിപോലുമില്ലാത്ത അവസ്ഥ. ഒരുപക്ഷെ, 94 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ വിഖ്യാതമായ 1099-ലെ (1924) വെള്ളപ്പൊക്കത്തിനുശേഷം കുട്ടനാടിനെ ഏറ്റവും കൂടുതല്‍ ദുരിതത്തിലാഴ്ത്തിയത് ഈ വെള്ളപ്പൊക്കമായിരിക്കണം. ഇവ രണ്ടും സംഭവിച്ചത് ജൂലൈ മാസത്തിലാണെന്നും ഓര്‍ക്കണം.

പരിഹാരവഴികള്‍

മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതോടൊപ്പം വിവിധങ്ങളായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രവാഹം നാനാതുറകളില്‍നിന്നും ഉണ്ടായി എന്നത് ഏറെ പ്രത്യാശജനകമാണ്. ഏറ്റവും ദുരിതബാധിത പ്രദേശങ്ങളെല്ലാംതന്നെ ചങ്ങനാശേരി അതിരൂപതാതിര്‍ത്തിയില്‍പ്പെട്ടവയാണ്. അതിരൂപതയിലെ സാമൂഹികസേവനവകുപ്പായ ‘ചാസി’ന്റെ നേതൃത്വത്തില്‍ ആരംഭംമുതല്‍ തന്നെ ചങ്ങനാശേരി അതിരൂപത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അരി, പയര്‍, റൊട്ടി, പാല്‍, കുടിവെള്ളം, ഏത്തക്കുല തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, തോര്‍ത്ത്, കൈലി തുടങ്ങിയ വസ്ത്രയിനങ്ങളും, ശുചീകരണസാമഗ്രികളും, രോഗപ്രതിരോധമരുന്നുകളുമൊക്കെ വിതരണം ചെയ്യുന്നു.

അതിരൂപതയിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും, സ്‌കൂളുകളും കോളജുകളും ആശുപത്രികളും, ഇടവകകളുമൊക്കെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ആവുന്നത്ര പങ്കുചേരുന്നു. വടവാതൂര്‍ സെമിനാരി വിദ്യാര്‍ത്ഥികളും അതിരൂപതയിലെ വൈദികാര്‍ത്ഥികളും സേവനനിരതരാണ്. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, പാലാ, പാലക്കാട്, തലശേരി, ഇടുക്കി, കോതമംഗലം, എറണാകുളം തുടങ്ങിയ സീറോ മലബാര്‍ രൂപതകളും മലങ്കര കത്തോലിക്കാസഭയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചത് നന്ദിയോടെ ഓര്‍ക്കുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവും, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും പത്തനംതിട്ട, മാവേലിക്കര, പാലാ രൂപതാ മെത്രാന്മാരും വിവിധ രൂപതകളിലെ വൈദികരും സാമൂഹിക സേവന പ്രവര്‍ത്തകരുമൊക്കെ ഈ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. അതെ ദൈവം കൈവിടാതെ ജനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. പ്രത്യാശയോടെ ജനം മുന്നോട്ട് പോകുകയാണ്. ഈ ജനതയെയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണേ!


ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?