Follow Us On

19

January

2019

Saturday

ചില പ്രളയക്കാഴ്ചകള്‍…

ചില പ്രളയക്കാഴ്ചകള്‍…

ജലപ്രളയനാളുകളില്‍ നിരവധി ദിവസങ്ങളില്‍ അനേകം മണിക്കൂറുകള്‍ ഞാന്‍ ടെലിവിഷന്റെ മുമ്പില്‍ ഇരുന്നു. വിവിധ ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ കണ്ടു. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ വരുത്തിയ ഒന്നാമത്തെ കാര്യം അനേകം മനുഷ്യരുടെയും മൃഗങ്ങളുടെയും സഹനമാണ്. രണ്ടാമത്തെ കാര്യം ഈ സഹനത്തെ നേരിട്ട വ്യക്തികള്‍ കാണിച്ച ചില മനോഹരമായ പെരുമാറ്റരീതികളാണ്. മൂന്നാമത്തെ കാര്യം പ്രളയബാധിതരെ സഹായിക്കുവാന്‍ അനേകം മനുഷ്യര്‍ ജീവന്‍ പണയംവച്ച് നടത്തിയ പരിശ്രമങ്ങള്‍ ആണ്. നാലാമത്തെ കാര്യം ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരും കാണിച്ച സ്‌നേഹവും സാഹോദര്യവും പരിഗണനയുമൊക്കെയാണ്. അഞ്ചാമത്തെ കാര്യം എല്ലാം നഷ്ടപ്പെട്ടവരെ ചൂഷണം ചെയ്യുകയും വികൃതമായ തമാശകള്‍ ഉണ്ടാക്കി പങ്കുവയ്ക്കുകയും ചെയ്ത കുറേ മനുഷ്യരുടെ മനുഷ്യത്വമില്ലായ്മയാണ്.

പ്രളയത്തില്‍പെട്ട് സര്‍വതും നഷ്ടപ്പെടുകയും ജീവന്‍പോലും തിരിച്ചുകിട്ടുമോ എന്ന് സംശയിക്കുകയും ചെയ്ത മനുഷ്യര്‍ കാണിച്ച ക്ഷമ, ശാന്തത അത്ഭുതകരമായിരുന്നു. അവരില്‍ പലരും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മാറ്റിയുടുക്കാന്‍ തുണിയും ടോയ്‌ലറ്റ് സൗകര്യവും ഇല്ലാതെ വെള്ളത്തില്‍ നിന്നു. രക്ഷ കിട്ടാതെ അവര്‍ നില്‍ക്കുന്നതിന്റെയും രക്ഷപെട്ടു വന്നതിന്റെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതിന്റെയുമെല്ലാം നിരവധി ദൃശ്യങ്ങള്‍ ടെലവിഷനില്‍ കണ്ടു.

ആ ജനങ്ങള്‍ കാണിച്ച പക്വത, ശാന്തത, പ്രതീക്ഷ അത്ഭുതാവഹമായിരിക്കുന്നു. എല്ലാ നിയന്ത്രണങ്ങളും വിടേണ്ട സമയത്തും അവര്‍ അസാമാന്യ ശാന്തത പുലര്‍ത്തി. കരഞ്ഞവര്‍ ഇല്ലെന്നല്ല, വേദന പങ്കുവച്ചവര്‍ ഇല്ലെന്നല്ല, പരാതികളും ആവശ്യങ്ങളും പറഞ്ഞവര്‍ ഇല്ലെന്നല്ല. പക്ഷേ അവര്‍ പറഞ്ഞതെല്ലാം അവരുടെ അവസ്ഥകളായിരുന്നു. എന്നിട്ടും എത്ര പക്വതയോടുകൂടിയാണ് അവര്‍ സംസാരിച്ചത്. ഇത്രയും വലിയ ദുരന്തം ഏറ്റുവാങ്ങി, എല്ലാം നഷ്ടപ്പെട്ട്, ജീവന്റെയും മരണത്തിന്റെയും നടുക്ക് എങ്ങോട്ടായിരിക്കും താന്‍ പോവുക എന്നറിയാതെ നില്‍ക്കുന്ന ആ സഹോദരങ്ങള്‍ കാണിച്ച ശാന്തത, പക്വത, പ്രതീക്ഷ വളരെ വലുതാണ്. ഒന്നുമില്ല, എല്ലാം പോയി, ഇനി എന്തു ചെയ്യണമെന്നറിയില്ല എന്ന് പലരും പറയുമ്പോള്‍പോലും ഈ നന്മകള്‍ അവരുടെ മുഖത്ത് പ്രത്യക്ഷമായിരുന്നു. ഇതിനെക്കാള്‍ എത്രയോ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊട്ടിക്കരയുകയും സങ്കടപ്പെടുകയും ആവലാതി പറയുകയും ചീത്ത വിളിക്കുകയും ആത്മഹത്യ ചെയ്യുകയുമൊക്കെ ചെയ്യുന്ന മനുഷ്യരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. അങ്ങനെയുള്ളവര്‍ക്ക് ഈ സഹോദരങ്ങള്‍ മാതൃകയും പ്രചോദനവും ആകട്ടെ.

ദുരിതത്തില്‍പെട്ടവരെ, മരണത്തോട് മല്ലടിച്ചവരെ രക്ഷിക്കുവാന്‍, അതില്‍ പങ്കെടുത്തവര്‍ കാണിച്ച ത്യാഗം എത്ര വലുതാണ്. അവര്‍ എത്ര സഹിച്ചു. പക്ഷേ, പരാതിയില്ല, ആവശ്യങ്ങള്‍ ഇല്ല. അവരുടെ മുഖത്ത് ചാരിതാര്‍ത്ഥ്യം മാത്രം. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട കുറെ പേര്‍ അതിനായി മേലധികാരികളാല്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ സ്വമനസാ ഇതിനായി ഇറങ്ങിത്തിരിച്ചവര്‍ ആണ്. ഇവരുടെയെല്ലാവരുടെയും ത്യാഗവും കഷ്ടപ്പാടും പരാതിയില്ലാത്ത സേവനവും നമ്മെയെല്ലാവരെയും കൂടുതല്‍ നല്ലവരും പരോപകാരികളുമാക്കാന്‍ പ്രചോദിപ്പിക്കണം.

അപ്രതീക്ഷിതമായ ഈ ദുരന്തം ഉണ്ടായപ്പോള്‍ അതിനെ നേരിടുന്നതിന് നമ്മുടെ അധികാരികള്‍ കാണിച്ച ആത്മസംയമനവും നമുക്ക് ഒരു പ്രചോദനമാകണം. മുഖ്യമന്ത്രി, കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ എത്ര സംയമനത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തു. ദുരന്തനിവാരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥരും മറ്റും എത്ര ആത്മസംയമനത്തോടെ സംസാരിച്ചു. എത്രയോ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്ഷമ നശിച്ച്, അസ്വസ്ഥരായി പെരുമാറുന്ന അനേകര്‍ക്ക് ഇവരുടെ ഈ പെരുമാറ്റം ഒരു മാതൃകയാണ്.

ഈ ദുരന്തനാളുകളില്‍ നടന്ന മറ്റൊരു അത്ഭുതമുണ്ട്. അത് അനേകം മനുഷ്യര്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ പ്രാര്‍ത്ഥനയാണ്. വ്യക്തികള്‍ തനിച്ചും കുടുംബത്തിലും ദൈവാലയങ്ങളിലും ആശ്രമങ്ങളിലും കോണ്‍വെന്റുകളിലുമെല്ലാമിരുന്ന് മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥനയൊക്കെയായിരിക്കാം ഇത്രമാത്രം സഹിക്കാനും ശാന്തതയും സംയമനം പുലര്‍ത്താനും ദുരന്തത്തിന് വിധേയപ്പെട്ടവരെ ശക്തിപ്പെടുത്തിയതും ദുരന്തബാധിതരെ ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സഹായിക്കുവാന്‍ അനേകരെ പ്രചോദിപ്പിച്ചതും. ഈ പ്രാര്‍ത്ഥന തുടരട്ടെ എന്നാഗ്രഹിക്കുന്നു.

ദുരന്തത്തിന് ഇരയായവരും മുഴുവന്‍ കേരളീയരും ഗവണ്‍മെന്റും ഈ പ്രതിസന്ധിയില്‍ വച്ചുപുലര്‍ത്തുന്ന വലിയ പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ് നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ദൈവം വീണ്ടും മനുഷ്യര്‍ക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും നല്‍കുന്നു. ജനങ്ങള്‍ അതിനോട് സഹകരിക്കുകയാണ്. ഐക്യരാഷ്ട്രസഭയും മറ്റ് വിദേശരാജ്യങ്ങളുമൊക്കെ ഇങ്ങോട്ട് വാഗ്ദാനം ചെയ്ത സഹായങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് കഷ്ടമാണ്. ഇവിടെ ഇനിയും നികുതി കൂട്ടിയും സര്‍ചാര്‍ജ് ചുമത്തിയുമൊക്കെ പ്രളയബാധിതര്‍ ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് കിട്ടുന്ന സഹായങ്ങള്‍ വാങ്ങി വേഗത്തില്‍ നാടിനെ പുനര്‍നിര്‍മിക്കുന്നത്; അതും ജനത്തെ അധികം കഷ്ടപ്പെടുത്താതെ. അങ്ങനെ സഹായങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ട് ഇത്ര വലിയ ദുരന്തമുണ്ടായ ഒരു രാജ്യത്തിന്റെ അന്തസ് തകരുകയില്ല. നിയമങ്ങളും പാരമ്പര്യവുമാണ് തടസമെങ്കില്‍ അത് പരിഹരിക്കുവാന്‍ വഴികള്‍ ഉണ്ടല്ലോ.

റോമാനഗരം കത്തിയപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ച് രസിച്ചു എന്ന് കേട്ടിട്ടുണ്ടല്ലോ. ഇത്തരം ചില മനുഷ്യര്‍ എല്ലാ കാലത്തും ഉണ്ട്. ദുരന്തവുമായി എല്ലാവരും മല്ലടിക്കുമ്പോള്‍ അതിനിടെ വിലകുറഞ്ഞ തമാശകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നവരും ഷെയര്‍ ചെയ്യുന്നവരും കാണിക്കുന്നത് നീറോ ചക്രവര്‍ത്തി കാണിച്ചതുപോലുള്ള ക്രൂരമായ പ്രവൃത്തിയാണ്. അത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതെയിരിക്കാനെങ്കിലും നമുക്ക് കഴിയണം.

റ്റുഗതര്‍ വി കാന്‍! നമുക്ക് ഒന്നിച്ചു നില്‍ക്കാം. ദൈവം അനുഗ്രഹിക്കും. നമ്മള്‍ അതിജീവിക്കും.


ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?